ജീവനായകനാകുമേശുവേ

മുഖാരി- ആദിതാളം

ജീവനായകനാകുമേശുവേ- പാപിയാകുമെന്‍ യാചന
കോപിയാതെ നീ കേട്ടരുളുക- ദാവീദു രാജന്റെ നന്ദനാ!-

ആദരവറ്റ പാപി ഞാനേശു-നാഥനേ എന്‍ സങ്കേതമേ!-
ഭൂതലത്തിങ്കല്‍ നീഅല്ലാതെനി-ക്കാദരവായിട്ടാരുള്ളൂ?

അപ്പനേ! പാപി വീണു കൂകുന്നു- തൃപ്പാദം തുണയെന്നയ്യോ!
ഇപ്പാതകന്റെ സങ്കടം കേള്‍ക്കാതപ്പുറം തിരിഞ്ഞീടല്ലേ!-

പാപിയെന്നെന്നെചൊല്ലുകില്‍ നീയും- പാപിയെതേടിയല്ലയോ
ഭൂവില്‍ വന്നു നിന്‍ ജീവന്‍ വിട്ടതു പാപികളിന്‍ സങ്കേതമേ

ഉള്ളം നീറിവരുന്ന പാപിയെ-തള്ളുമോ കൃപാക്കണ്ണനേ!
ഉള്ളങ്ങളറിഞ്ഞീടുന്നോനെയെന്നുള്ളുനീറ്റലെ കാണുക

തള്ളതാന്‍ മറന്നീടുമോ ചെറു -പിള്ളയെ കനിവുള്ളോനേ!
തള്ളയെന്നെ മറക്കിലും -പൊന്നു തള്ളയാം -നീ മറക്കുമോ?

പാദത്തില്‍ വീണപാപിയെ തീയമ്പു-ഏറ്റവും ചൊരിയുന്നതാല്‍
പാദത്തില്‍ വീണപാപിയാം സ്ത്രീക്കു മോദത്തെ കൊടുത്തില്ലയോ?

സാത്താനായവനുള്ളില്‍ തീയമ്പു-ഏറ്റവും ചൊരിയുന്നതാല്‍
ഏറ്റവും തളര്‍ന്നീടുന്നേ നിതാ-ഏറ്റവും കനിവുള്ളോനെ.