എത്ര എത്ര ശ്രേഷ്ഠം സ്വര്‍ഗ്ഗ സീയോന്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

           പല്ലവി
എത്ര എത്ര ശ്രേഷ്ഠം! സ്വര്‍ഗ്ഗസീയോന്‍
എത്ര എത്ര ശ്രേഷ്ഠം!

          അനുപല്ലവി
കര്‍ത്തന്‍ വാണീടും സിംഹാസനവും നല്ല
കീര്‍ത്തനങ്ങള്‍ പാടും ദൂതരിന്‍ വീണയും
സ്തോത്ര ഗീതങ്ങള്‍ പാടുന്നവര്‍ നാദവും-...എത്ര എത്ര ശ്രേഷ്ഠം!

           ചരണങ്ങള്‍

1. പന്ത്രണ്ടു വാതിലുകള്‍-ക്കടുത്തൊഴു-കുന്നു പളുങ്കു നദി
    മിന്നും നവരത്നം പോല്‍ വീഥിയെല്ലാം മിന്നി തിളങ്ങീടുന്നു
    മുത്തുഗോപുരങ്ങള്‍ ശ്രേഷ്ടമാകുംവണ്ണം
    ശുദ്ധപൊന്നിന്‍ തെരുവീഥി മഹാചിത്രം
    ചൊല്ലിക്കൂടാതുള്ള തേജ്ജസ്സുദിക്കുന്നവല്ലഭന്‍ പട്ടണം നീ
    കാണും നേരം അല്ലലെല്ലാമൊഴിയും..................എത്ര എത്ര ശ്രേഷ്ഠം!

2. ജീവനദിസ്വഛമായ്-ഒഴുകുന്നു -സിംഹാസനത്തിന്നുമുന്നില്‍
    ജീവവൃക്ഷം തഴച്ചീ-രാറുവിധ ജീവഫലം തരുന്നു
    സ്വര്‍ഗ്ഗ സീയോന്‍ തന്നില്‍ സൂര്യചന്ദ്രന്മാരും
    ശോഭയേറും നല്ലദീപങ്ങളും വേണ്ട
    ദൈവതേജ്ജസ്സതിനെ-പ്രകാശ്ശിപ്പിച്ചുകുഞ്ഞാടതിന്‍ വിളക്കു
    ദിവ്യകാന്തിയെങ്ങും വിളങ്ങിടുന്നു........................എത്ര എത്ര ശ്രേഷ്ഠം!

3. ദൂതര്‍ ചുഴന്നു നില്‍ക്കേ-ആസനത്തില്‍ ദൈവമക്കളിരിക്കെ
    ദൈവമക്കള്‍ നടുവില്‍ തേജ്ജസ്സോടെ ദൈവകുഞ്ഞാടിരിക്കെ
    ക്രോബകള്‍ സ്രാഫകള്‍-പത്രങ്ങളാല്‍ പറ-
    ന്നത്യുന്നതന്മുന്‍ അലങ്കാരമായ് സ്തുതി
    നിത്യം ചെയ്യുന്നതുമായുള്ള കാഴ്ചകള്‍-
    എത്ര എത്ര ഇമ്പം! മനോഹരം എത്ര എത്ര ശ്രേഷ്ഠം!...എത്ര എത്ര ശ്രേഷ്ഠം!

4. ഹല്ലേലുയ്യാ ഗീതം പാടിയാടും-ദൂതന്മാര്‍ കോടാ കോടി
    വല്ലഭനേ സ്തുതിച്ചു വന്ദിച്ചീടും-സ്രാഫഗണം വളരെ
    ശുദ്ധന്‍ ശുദ്ധന്‍ പരിശുദ്ധന്‍-മാ കുഞ്ഞാടു
    നിത്യം സ്തുതി നിനക്കെന്നുമാ- ശബ്ദമായ്
    ഒത്തുപാടുംദൈവദൂതര്‍ കോടാകോടി കിന്നര നാദമോടും
    പലതര ഗീതങ്ങള്‍ പാടീടുന്നു- ...എത്ര എത്ര ശ്രേഷ്ഠം!