എന്റെ ദൈവം സ്വര്‍ഗ്ഗസിംഹാസനം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്


എന്റെ ദൈവം സ്വര്‍ഗ്ഗസിംഹാസനം (ക്രിസ്തീയ കീര്‍ത്തനം)
രചന:സാധു കൊച്ചുകുഞ്ഞുപദേശി

എന്റെ ദൈവം സ്വര്‍ഗ്ഗസിംഹാസനം തന്നില്‍
എന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തിടുന്നു


മാതാപിതാക്കളും വീടും ധനങ്ങളും
വസ്തു സുഖങ്ങളും കര്‍ത്താവത്രെ
പൈതല്‍പ്രായം മുതല്‍ക്കിന്നേവരേയെന്നെ
പോറ്റിപ്പുലര്‍ത്തിയ ദൈവം മതി

ആരുംസഹായമില്ലെല്ലാവരും പാരില്‍
കണ്ടും കാണാതെയും പോകുന്നവര്‍
എന്നാലെനിക്കൊരു സഹായകന്‍ വാനില്‍
ഉണ്ടെന്നറിഞ്ഞതിലുല്ലാസമേ

നല്ലോരുതാതന്‍ പിതാവില്ലാത്തോര്‍ക്കവന്‍
പെറ്റമ്മയെക്കവിഞ്ഞാര്‍ദ്രവാനും
വിധവയ്ക്കു നാഥനും സാധുവിന്നപ്പവും
എല്ലാര്‍ക്കുമെല്ലാമെന്‍ കര്‍ത്താവത്രെ!

കരയുന്ന കാക്കയ്ക്കും വയലിലെ റോസയ്ക്കും
ഭക്ഷ്യവും ഭംഗിയും നല്‍കുന്നവന്‍
കാട്ടിലെമൃഗങ്ങളാറ്റിലെ മത്സ്യങ്ങ-
ളെല്ലാം സര്‍വ്വേശനെ നോക്കിടുന്നു!

കോടാകോടിഗോളമെല്ലാം പടച്ചവ-
നെല്ലാറ്റിനും വേണ്ടതെല്ലാം നല്‍കി
സൃഷ്ടികള്‍ക്കൊക്കെയുമാനന്ദദായകന്‍
ദുഷ്ടന്മാര്‍ക്കേറ്റവും ഭീതികരന്‍!

കല്യാണശാലയിലെന്നെ വിളിച്ചെന്റെ
സന്താപമൊക്കെയും തീര്‍ത്തീടും നാള്‍
ശീഘ്രം വരുന്നെന്റെ കാന്തന്‍ വരുന്നെന്നി-
ലുല്ലാസമായ് ബഹുകാലംവാഴാന്‍

ലോകം വെടിഞ്ഞെന്റെ സ്വര്‍ഗ്ഗീയ നാടിനെ
കാണ്മാന്‍ കൊതിച്ചുഞാന്‍ പാര്‍ത്തീടുന്നു
അന്യന്‍പരദേശി എന്നെന്റെമേലെഴു-
ത്തെന്നാല്‍ സര്‍വ്വസ്വവും എന്റെതത്രെ