പരനേ! തിരുമുഖശോഭയിന്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

        രൂപകതാളം
           പല്ലവി
 പരനേ തിരുമുഖശോഭയിന്‍
 കതിരെന്നുടെ ഹൃദയേ
 നിറവാന്‍ കൃപയരുളേണമീ-
 ദിവസാരംഭ സമയേ
       ചരണങ്ങള്‍
1.ഇരുളിന്‍ ബലമഖിലം മമ
  നികടേ നിന്നങ്ങൊഴിവാന്‍
  പരമാനന്ദ ജയ കാന്തിയെന്‍
  മനതാരിങ്കല്‍ പൊഴിവാന്‍-........... പരനേ

2.പുതുജീവനിന്‍ വഴിയേ മമ
  ചരണങ്ങളിന്നുറപ്പാന്‍
  അതിശോഭിത കരുണാഘന-
  മഹിമാം വഴി നടത്താന്‍-............ പരനേ

3.ഹൃദയേ തിരുകരമേകിയ
  പരമാമൃത ജീവന്‍
  പ്രതിവാസരം വളര്‍ന്നേറ്റവും
  ബലയുക്തമായ് ഭവിപ്പാന്‍-......... പരനേ

4.പരമാവിയിന്‍ തിരുജീവന്റെ
  മുളയീയെന്നില്‍ വളര്‍ന്നി-
  ട്ടരി സഞ്ചയനടുവില്‍ നിന്റെ
  ഗുണശക്തികള്‍ വിളങ്ങാന്‍-........ പരനേ

5.മരണം വരെ സമരാങ്കണ-
  മതില്‍ ഞാന്‍ നിലനിന്നി-
  ട്ടമര്‍ ചെയ്തെന്റെ നില കാക്കുവാന്‍
  തവ സക്ഷിയായിരിപ്പാന്‍-......... പരനേ

6.അമിതാനന്ദ സുഖശോഭന
  നിലയേ വന്നങ്ങണവാന്‍
  അവിടെന്നുടെ പ്രിയനോടൊത്തു
  യുഗകാലങ്ങള്‍ വസിപ്പാന്‍-....... പരനേ