നരനായിങ്ങനെ
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

പൂന്താനം നമ്പൂതിരിയുടെ വളരേ പ്രസിദ്ധമായൊരു കൃതിയാണ് വൈക്കത്തപ്പനെ പ്രകീര്‍ത്തിക്കുന്ന ഈ സ്തോത്രം.

നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍
നരകവാരിധി നടുവില്‍ ഞാന്‍
നരകത്തില്‍ നിന്നു കരകേറ്റീടേണം[ക]
തിരുവൈക്കം വാഴും ശിവശംഭോ!

മരണകാലത്തെ ഭയത്തെ ചിന്തിച്ചാല്‍
മതിമറന്നുപോം മനമെല്ലാം
മനതാരില്‍ വന്നു വിളയാടീടേണം
തിരുവൈക്കം വാഴും ശിവശംഭോ!

ശിവ!ശിവ! ഒന്നും പറയാവതല്ല
മഹാമായ തന്റെ പ്രകൃതികള്‍
മഹാ മായ നീക്കീട്ടരുളേണം നാഥാ!
തിരുവൈക്കം വാഴും ശിവശംഭോ!

വലിയൊരു കാട്ടിലകപ്പെട്ടേനഹം[ഖ]
വഴിയും കാണാതെ ഉഴലുമ്പോള്‍
വഴിയില്‍ നേര്‍വഴിയരുളേണം നാഥാ!
തിരുവൈക്കം വാഴും ശിവശംഭോ!

എളുപ്പമായുള്ള വഴിയെക്കാണുമ്പോള്‍[ഗ]
ഇടയ്ക്കിടെയാറു പടിയുണ്ട്
പടിയാറും കടന്നവിടെച്ചെല്ലുമ്പോള്‍
ശിവനെക്കാണാകും ശിവശംഭോ![ഘ]

ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ!
ശിവ ശംഭോ ശംഭോ ശിവ ശംഭോ!

പാഠഭേദം

ക. ^  നരകത്തീന്നെന്നെ കര കേറ്റീടേണം

ഖ. ^  വലിയോരു കാട്ടിലകപ്പെട്ടേന്‍ സ്വാമി!

ഗ. ^  എളുപ്പമായുള്ള വഴിയെ ചിന്തിച്ചാല്‍

ഗ. ^  ശിവപാദം കാണാം ശിവ ശംഭോ!

"http://ml.wikisource.org/wiki/%E0%B4%A8%E0%B4%B0%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B4%A8%E0%B5%86" എന്ന താളില്‍നിന്നു ശേഖരിച്ചത്