മൂലതത്ത്വം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

ദുഃഖമൊടുക്കുന്ന തമ്പുരാനേ - കൃഷ്ണ
തൃക്കഴല്‍ ഞാനിതാ കുമ്പിടുന്നേന്‍.

ദുഃഖമെടുത്തതിനെന്തേ മൂലം? - കൃഷ്ണ
ദുഃഖമെടുത്തതു ജന്മമൂലം.

ജന്മമെടുത്തതിനെന്തേ മൂലം? - കൃഷ്ണ
ജന്മമെടുത്തതു കര്‍മ്മമൂലം.

കര്‍മ്മമെടുത്തതിനെന്തേ മൂലം? - കൃഷ്ണ
കര്‍മ്മമെടുത്തതു രാഗമൂലം.

രാഗമെടുത്തതിനെന്തേ മൂലം? - കൃഷ്ണ
രാഗമെടുത്തതു മാനം മൂലം

മാനമെടുത്തതിനെന്തേ മൂലം? - കൃഷ്ണ
തന്നെ നിനയായ്കമാനം മൂലം.

തന്നെ നിനയായ്‌വാനെന്തേ മൂലം? - കൃഷ്ണ
അജ്ഞാനമാമവിവേകം മൂലം.

അജ്ഞാനം പോവതിനെന്തേ ചെയ്‌വൂ - കൃഷ്ണ
അജ്ഞാനം പോവതു ജ്ഞാനംകൊണ്ടേ.

ജ്ഞാനമുണ്ടാവതിനെന്തേ ചെയ്‌വൂ? - കൃഷ്ണ
ഞാനമുണ്ടാവതു ഭക്തികൊണ്ടേ.

ഭക്തിയുണ്ടാവതിനെന്തേ ചെയ്‌വൂ? - കൃഷ്ണ
ഭക്തിയുണ്ടാവൂ വിരക്തികൊണ്ടേ.

സക്തിപോയീടുവാനെന്തു ചെയ്‌വൂ? - കൃഷ്ണ
ചിത്തത്തില്‍ നല്ലൊരു ശുദ്ധികൊണ്ടേ.

ചിത്തശുദ്ധിക്കു ഞാനെന്തു ചെയ്‌വൂ? - കൃഷ്ണ
നല്ല വഴിക്കുള്ള ശ്രദ്ധ ചെയ്‌വൂ.

ശ്രദ്ധയുണ്ടാവതിനെന്തു ചെയ്‌വൂ? - കൃഷ്ണ
പുണ്യകഥകളെ കേട്ടുകൊള്‍വൂ.

സത്കഥ കേള്‍പ്പതിനെന്തു ചെയ്‌വൂ? - കൃഷ്ണ
സജ്ജനസംഗതി ചെയ്തുകൊള്‍വൂ.

സജ്ജനസംഗതിക്കെന്തു ചെയ്‌വൂ? - കൃഷ്ണ
വാമപുരേശനെസ്സേവചെയ്‌വൂ.

വാമഗേഹാധിപ! വാസുദേവ! - കൃഷ്ണ
ബാലഗോപാലക! പാലയമാം.

കൃഷ്ണ ഹരേ! ജയ കൃഷ്ണ ഹരേ! ജയ
കൃഷ്ണ ഹരേ! ജയ കൃഷ്ണ ഹരേ..

"http://ml.wikisource.org/wiki/%E0%B4%AE%E0%B5%82%E0%B4%B2%E0%B4%A4%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B5%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്