കണികാണും നേരം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

കണികാണും നേരം കമലനേത്രനെ
നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തി
കനകക്കിങ്ങിണി വളകള്‍ മോതിര-
മണിഞ്ഞുകാണേണം... ഭഗവാനേ!

നരകവൈരിയാം അരവിന്ദാക്ഷന്റെ
ചെറിയനാളത്തെ കളികളും
തിരുമെയ് ശോഭയും കരുതി കൂപ്പുന്നേന്‍
അടുത്തുവാ ഉണ്ണീ... കണികാണ്മാന്‍.

മലര്‍‌‍മാതിന്‍ കാന്തന്‍, വസുദേവാത്മജന്‍
പുലര്‍കാലേ പാടി കുഴലൂതി
ചിലുചിലെയെന്നു കിലുങ്ങും കാഞ്ചന-
ച്ചിലമ്പിട്ടോടിവാ... കണികാണ്മാന്‍.

ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളെ മേച്ചു നടക്കുമ്പോള്‍
വിശക്കുമ്പോള്‍ വെണ്ണ കവര്‍‌‍ന്നുണ്ണും കൃഷ്ണാ
അടുത്തുവാ ഉണ്ണീ... കണികാണ്മാന്‍.

ബാലസ്ത്രീകടെ തുകിലും വാരിക്കൊ-
ണ്ടരയാലിന്‍ കൊമ്പത്തിരുന്നോരോ
ശീലക്കേടുകള്‍ പറഞ്ഞും ഭാവിച്ചും
നീലക്കാര്‍വര്‍ണാ... കണികാണ്മാന്‍.

എതിരെ ഗോവിന്ദനരികെ വന്നോരോ
പുതുമയായുള്ള വചനങ്ങള്‍
മധുരമാം വണ്ണം പറഞ്ഞും താന്‍ മന്ദ-
സ്മിതവും തൂകി വാ... കണികാണ്മാന്‍.