കേരളപാണിനീയം - വചനപ്രകരണം

നാം എന്തെങ്കിലും ഒരു വസ്തുവിനെപ്പററി സംസാരിക്കുമ്പോള്‍ ആ വസ്തു ഒന്നോ അതിലധികമോ എന്നു കാണിക്കുന്നതിനായി അതിനെപ്പറയുന്ന ശബ്ദത്തിനു ചെയ്യുന്ന രൂപഭേദമാകുന്നു വചനം. സംസ്കൃതത്തില്‍ ഏകവചനം, ദ്വിവചനം, ബഹുവചനം ഇങ്ങനെ മൂന്നു വചനങ്ങളുണ്ടു്. ദ്രാവിഡശാഖയ്ക്കുതന്നെ ദ്വിവചനമില്ല. ഒന്നിനെക്കുറിക്കുന്നതു് ഏകവചനം: അതിലധികത്തെക്കുറിക്കുന്നതു് ബഹുവചനം. ഇതാണു വചനങ്ങളുടെ സ്വഭാവം.

സ്വം രൂപമേകവചനം; സലിംഗാലിംഗപൂജകം എന്നു മുന്നു ബഹുത്വത്തി- ലിരട്ടിച്ചിട്ടുമാമിതു്.

ശബ്ദത്തിന്റെ സ്വന്തരൂപംതന്നെ ഏകവചനത്തെ കാണിക്കുന്നു. എന്നാല്‍ ലിംഗപ്രത്യയം ഉള്ളേടത്തു് ആ പ്രത്യയം ചേര്‍ന്ന ശബ്ദരൂപവും അതില്ലാത്തിടത്തു സ്വതേ ഉള്ള ശബ്ദരൂപവും ഏകവചനത്തെക്കുറിക്കുന്നു എന്നര്‍ത്ഥം. ഏകവചനത്തെക്കുറിപ്പാന്‍ വേറെ പ്രത്യയമില്ലെന്നു സാരം.

ഉദാ: രാമന്‍, സീത, കാടു്.

ബഹുവചനം മൂന്നുവിധത്തിലുണ്ടു്. സലിംഗബഹുവചനം, അലിംഗബഹുവചനം, പൂജകബഹുവചനം. ഒരു ശബ്ദത്തില്‍ത്തന്നെ ഇൗ ബഹുവചനങ്ങള്‍ ഒന്നിലധികം ചേര്‍ന്നിട്ടും വരാം. സ്ത്രീപുരുഷനപുംസകങ്ങളില്‍ ഏതെങ്കിലും ഒന്നിന്റെ മാത്രം ബഹുത്വത്തെക്കുറിക്കുന്നതു് സലിംഗബഹുവചനം; രണ്ടുംകൂടി കലര്‍ന്നുണ്ടാകുന്ന ബഹുത്വത്തെക്കുറിക്കുന്നതു് അലിംഗബഹുവചനം; ഒരു വ്യക്തിക്കുതന്നെ ബഹുമാനത്തിന്നുവേണ്ടി ചെയ്യുന്നതു് പൂജകബഹുവചനം.

ഇനി ഇൗ ബഹുവചനപ്രത്യയങ്ങളെ വിധിക്കുന്നു:

അരെന്നലിംഗപുംസ്ത്രീകള്‍ ക്കവയ്ക്കേ മാര്‍ സലിംഗമാം; ക്ലീബത്തില്‍ കള്‍ ചേര്‍ച്ചപോലെ; പൂജകത്തിന്നു മൂന്നുമാം. അ എന്നു സര്‍വ്വനാമത്തില്‍ നപുംസകബഹുക്കുറി.

പുരുഷന്മാരും സ്ത്രീകളുംകൂടിയുണ്ടാകുന്ന ബഹുത്വത്തെക്കുറിപ്പാനുള്ള അലിംഗബഹുവചനപ്രത്യയം "അര്‍' എന്നാകുന്നു.

ഉദാ: മിടുക്കന്‍- മിടുക്കന്മാര്‍ }

മിടുക്കര്‍ ശൂദ്രന്‍-ശൂദ്രന്മാര്‍ }

ശൂദ്രര്‍ മിടുക്കത്തി-മിടുക്കത്തിമാര്‍ ശൂദ്രത്തി-ശൂദ്രത്തിമാര്‍

വേലക്കാരന്‍-വേലക്കാരന്മാര്‍

} വേലക്കാരര്‍ വേലക്കാരത്തി-വേലക്കാരത്തിമാര്‍

പുരുഷന്മാരോ സ്ത്രീകളോ വെവ്വേറെ ചേര്‍ന്നുണ്ടാകുന്ന ബഹുത്വത്തെക്കുറിക്കുന്ന സലിംഗബഹുവചനപ്രത്യയം സാമാന്യമായി "മാര്‍' എന്നാണു്.

ഉദാ:

രാമന്‍-രാമന്മാര്‍, നമ്പൂരി-നമ്പൂരിമാര്‍, തട്ടാന്‍-തട്ടാന്മാര്‍ അമ്മ-അമ്മമാര്‍, ഭാര്യ-ഭാര്യമാര്‍ തള്ള-തള്ളമാര്‍.

നപുംസകവസ്തുക്കള്‍ ചേര്‍ന്നുണ്ടാകുന്ന ബഹുത്വത്തെക്കുറിക്കുന്നതു് "കള്‍' എന്ന പ്രത്യയമാണ്:

ഉദാ: മല-മലകള്‍, ആന-ആനകള്‍, മരം-മരങ്ങള്‍.

ഉണ്ണികള്‍, കുട്ടികള്‍, വേലക്കാരത്തികള്‍ മുതലായവയില്‍ "കള്‍' എന്ന പ്രത്യയം ചേര്‍ത്തു കാണുന്നതു് ബാല്യംമുതലായ നിമിത്തങ്ങളാല്‍ ചേതനധര്‍മ്മം പൂര്‍ണ്ണമായിട്ടില്ലാത്ത നിലയില്‍ അനാദരംവഴിക്കു് നപുംസകധര്‍മ്മമായ ജഡത്വത്തെക്കുടി പരാമര്‍ശിച്ചുംകൊണ്ടുള്ള പ്രയോഗമാകയാലാകുന്നു. പൂജയെക്കുറിക്കുന്നതിനു മേല്ക്കാണിച്ച മൂന്നു ബഹുവചനപ്രത്യയങ്ങളെയും യുക്തംപോലെ ഉപയോഗിക്കാം.

ഉദാ: ഭട്ടന്‍ ഭട്ടര്‍ (പൂജ്യനായ ഭട്ടന്‍) നീ നിങ്ങള്‍ മാരാന്‍ മാരാര്‍ തട്ടാന്‍ തട്ടാര്‍ തമ്പുരാന്‍ തമ്പുരാക്കള്‍-തമ്പുരാക്കന്മാര്‍ രാജാവു് രാജാക്കള്‍-രാജാക്കന്മാര്‍ പിതാവു് പിതാക്കള്‍-പിതാക്കന്മാര്‍

"അ', "ഇ', "എ' മുതലായ സര്‍വ്വനാമങ്ങള്‍ക്കു് ബഹുവചനത്തില്‍ "അ' എന്നു് പ്രത്യയം.

ഉദാ: അ+ അ= അവ ഇ+ അ= ഇവ എ+ അ= എവ ചില പല അനന്തരം വചനപ്രത്യയംചേരുമ്പോള്‍ ഉണ്ടാകുന്ന വിശേഷപ്രക്രിയകളെ കാണിക്കുന്നു:

(1) രലോപമര്‍-കള്‍ ചേരുമ്പോള്‍ കാണും ശിഷ്യകളെന്നപോല്‍; (2) പെങ്ങളാങ്ങളയെന്നെല്ലാ- മേകത്തില്‍ ബഹുരൂപമാം; (3) ഒാഷ്ഠ്യസ്വരം മുന്‍പിരുന്നാല്‍ കള്‍കകാരമിരട്ടിയാം. (4) സംഖ്യാവിശേഷണം ചേര്‍ന്നാല്‍ ക്ലീബേ വേണ്ട ബഹുക്കുറി; ജഡമപ്രാണിയെന്നുള്ള വിശേഷങ്ങളുമോര്‍ക്കണം.

(1) "അര്‍', "കള്‍' എന്ന രണ്ടു പ്രത്യയങ്ങള്‍ ചേര്‍ന്നു വരുന്നിടത്തു് "അര്‍' എന്നതിലെ രേഫം പഴയകാലത്തു് ലോപിച്ചിരുന്നു:

ഉദാ: ബഹുവചനം രേഫലോപം വന്ന രൂപം ശിഷ്യര്‍കള്‍ ശിഷ്യകള്‍ ഭട്ടര്‍കള്‍ ഭട്ടകള്‍

(2) പെങ്ങള്‍, ആങ്ങള (ആങ്ങള്‍) ഇത്യാദി ശബ്ദങ്ങള്‍ സഹോദരി, സഹോദരന്‍ എന്ന ഒാരോ വ്യക്തിയെ മാത്രം കാണിക്കുന്നവയും ഏകവചനം വേണ്ടുന്നിടത്തു് അതിനു വ്യത്യസ്തമായി ബഹുവചനം ചേര്‍ത്തു പ്രയോഗിച്ചിട്ടുള്ളവയും ആയ വിശേഷരുപങ്ങള്‍ ആണു്. ഇൗവക ശബ്ദങ്ങള്‍ ബഹുത്വം വിവക്ഷിക്കുമ്പോള്‍ "പെങ്ങന്മാര്‍', "ആങ്ങളമാര്‍' എന്നു് "മാര്‍' പ്രത്യയം ചേര്‍ന്നുതന്നെ വരുകയും ചെയ്യും.

(3) "കള്‍' എന്ന പ്രത്യയത്തിന്റെ മുമ്പിലുള്ള വര്‍ണ്ണം ഒാഷ്ഠ്യസ്വരമാകുന്നിടത്തെല്ലാം അതിലെ ("കള്‍' എന്നതിലെ) കകാരം ഇരട്ടിക്കും.

ഉദാഹരണം: ഭ്രാതാക്കള്‍, രാജാക്കള്‍, ഗുരുക്കള്‍, പൂക്കള്‍, ഗോക്കള്‍.

(4) സംഖ്യാവാചകമായ ഒരു വിശേഷണപദം ഉള്ള ഇടത്തു് നപുംസകലിംഗശബ്ദങ്ങളില്‍ ബഹുത്വത്തിലും ബഹുവചനപ്രത്യയം ചേര്‍ക്കേണ്ടതില്ല.

ഉദാഹരണം: "പത്തു രൂപാ', "ആയിരം തേങ്ങാ', "എട്ടു ദിക്ക്'.

ഇങ്ങനെയല്ലാതെ, "പത്തു രൂപകള്‍', "ആയിരം തേങ്ങകള്‍' എന്നെല്ലാം ഉപയോഗിക്കുന്നതു് ഭാഷാസ്വഭാവത്തിനു യോജിക്കുന്നതുമല്ല. നപുംസകമല്ലെങ്കില്‍ "നാലു ബ്രാഹ്മണര്‍', "അഞ്ചു സ്ത്രീകള്‍' എന്നു് ബഹുവചനം ചേര്‍ന്നുതന്നെവരും. നപുംസകലിംഗത്തിലും ഒാരോ വ്യക്തിയെയും പ്രതേ്യകം പരാമര്‍ശിക്കുന്ന സ്ഥലങ്ങളില്‍,

""ശംഖം ചക്രം ഗദാ പങ്കജമിവ വിലസും നാലു തൃക്കെകളോടും

ഇങ്ങനെ ബഹുവചനം ചേര്‍ത്തു് പ്രയോഗം കാണുന്നുണ്ടു്. അതു കൂടാതെ നപുംസകത്തില്‍ത്തന്നെ വിശേഷബുദ്ധിയില്ലാത്ത മൃഗങ്ങളേയും മറ്റും കുറിക്കുന്ന ശബ്ദങ്ങള്‍ക്കും ജീവനില്ലാത്ത കല്ലു മുതലായതിനെ കുറിക്കുന്ന ശബ്ദങ്ങള്‍ക്കും തമ്മില്‍ത്തന്നെ ഇൗ സംഗതിയില്‍ വ്യത്യാസം ഉണ്ടു്. ജീവികളാണെങ്കില്‍ "പത്തു പശുക്കള്‍'; ആയിരം തേനീച്ചകള്‍ എന്നു് ബഹുവചനം ചേര്‍ക്കുന്നതിനും, "പത്തു പശു', "ആയിരം തേനീച്ച' എന്നു് ചേര്‍ക്കാതിരിക്കുന്നതിനും വിരോധം ഇല്ല. "പത്തു കല്ലുകള്‍', "നൂറു നൂലുകള്‍' എന്നുള്ളതു ഭാഷയ്ക്കു തീരെ യോജിക്കുന്നതല്ല.

ഇനി സര്‍വ്വനാമങ്ങള്‍ക്കുള്ള വിശേഷവിധികളെ പറയുന്നു:

എനേന്‍ യാന്‍ നാന്‍ ക്രമാല്‍ ഞാനായ്; നീ, താന്‍, ദീര്‍ഘിച്ചു വന്നതാം; ഉദ്ദേശികാപ്രത്യയത്തില്‍ സ്വരയോഗം സുഖാര്‍ത്ഥമായ്; തനിക്കെനിക്കികാരത്താല്‍, അകാരത്താല്‍ നിനക്കുമായു്.

"എന്‍' എന്നാണു് ഉത്തമസര്‍വ്വനാമത്തിന്റെ പ്രകൃതി. അതു് നിര്‍ദ്ദേശികാവിഭക്തിയില്‍ ബലത്തിനുവേണ്ടി ദീര്‍ഘിച്ചു് ആദ്യം "ഏന്‍' എന്നായി; ഇൗ രുപം ഇന്നും അപരിഷ്കൃതഭാഷയില്‍ ഉപയോഗിച്ചുവരുന്നുണ്ടു്. പിന്നീടു് സ്വരാദിശബ്ദങ്ങളില്‍ "യ' ചേര്‍ക്കുന്ന തമിഴു് സമ്പ്രദായമനുസരിച്ചു് ഏന്‍യാന്‍ എന്നു മാറി. അതിനുശേഷം യകാരസ്ഥാനത്തു് നകാരം (യമന്‍=നമന്‍) തമിഴില്‍ ധാരാളമാകയാല്‍ "യാന്‍' എന്നതു് നാന്‍ എന്ന രൂപം ഗ്രഹിച്ചു. ഇതാണു് തമിഴില്‍ ഇന്നും നടപ്പു്. പിന്നീടു് "നെരുക്കം' എന്നതു് "ഞെരുക്കം' ആകുമ്പോലെ "നാന്‍' എന്നതു "ഞാന്‍' എന്നായി. എന്‍=ഏന്‍=യാന്‍=നാന്‍=ഞാന്‍.

നിര്‍ദ്ദേശികയൊഴികെയുള്ള വിഭക്തികളിലെല്ലാം "എന്‍' എന്നുതന്നെ ഏകവചനം. "നിന്‍' എന്ന മധ്യമവും "തന്‍' എന്ന സ്വവാചിയും "നീ', "താന്‍' എന്നു് നിര്‍ദ്ദേശികയില്‍ ദീര്‍ഘിച്ചതേ ഉള്ളു. ഉദ്ദേശികാപ്രത്യയത്തില്‍ ഉച്ചാരണസുഖത്തിനുവേണ്ടി "എന്‍', "തന്‍' എന്ന രണ്ടിനും ഇകാരവും നിന്‍ എന്നതിനു് അകാരവും (സ്വരം) ചേര്‍ക്കുന്നു: "എനിക്ക്', "തനിക്ക്', "നിനക്ക്', ഇതു് മലയാളത്തിലെ വിശേഷപ്രക്രിയയാണു്. തമിഴില്‍ "എനക്കു', "തനക്കു', "നിനക്കു' എന്നു് ഒന്നുപോലെ അകാരംതന്നെയാണു്.

ഇതെല്ലാം ഏകവചനത്തെപ്പറ്റിയുള്ളതാകുന്നു. ഇനി ഇവയ്ക്കു് ബഹുവചനത്തിലെ വിശേഷങ്ങളാവിത്;

(1) (എ) എന്‍+ കള്‍= എന്‍കള്‍= എങ്കള്‍= എങ്ങള്‍. (ബി) ഞാന്‍+ കള്‍= (ഹ്രസ്വം വന്ന്)= ഞന്‍കള്‍= ഞങ്കള്‍= ഞങ്ങള്‍.

ഇതു രണ്ടിനും അര്‍ത്ഥം ഒന്നുതന്നെ; അതാവിത്: "ഞാനും അവനും' എന്ന പ്രഥമോത്തമങ്ങള്‍ ചേര്‍ന്ന ബഹുവചനം. ഇതില്‍ "എങ്ങള്‍' എന്നതു് നികൃഷ്ടഭാഷ; "ഞങ്ങള്‍' എന്നതു് ഉല്‍ക്കൃഷ്ടഭാഷ-എന്നു് ഉപയോഗത്തില്‍ ഭേദം. ഇതില്‍ രണ്ടിലും "ന്‍' എന്ന ചില്ലു് "അന്‍' എന്ന ഏകവചനത്തിന്റെ അവശേഷമായി ഗണിക്കപ്പെട്ടിരിക്കുന്നു. ഇൗ സര്‍വ്വനാമങ്ങളില്‍ കാരം ഏകവചനവും, മകാരം ബഹുനചനവും ആകുന്നു. അതിനാല്‍ "നാന്‍' എന്ന പ്രാചീനരൂപത്തില്‍നിന്നു്,

(സി) നാമ്= നാം എന്നൊരു ബഹുവചനം.

ഇതു് അധികാരത്തെയും മറ്റും കാണിക്കുന്ന പൂജകബഹുവചനമാണു് ഇതിനെ "നോം' എന്നും ചില ദേശക്കാര്‍ മാറ്റാറുണ്ടു്. അംഗരൂപത്തില്‍ ഇതു് "ഞങ്ങള്‍' എന്നതിലെപ്പോലെ ഹ്രസ്വം വന്നു് "നമ്മ്' എന്നാകും; "നോം' എന്നതു് അപ്പോള്‍ "നുമ്മ്' എന്നുമാകും. "നമ്മെ', "നുമ്മെ' "നമുക്ക്', "നുമുക്ക്' (ഇതില്‍ ളകാരസ്വരത്തിന്റെ യോഗം) നമ്മില്‍, നുമ്മില്‍ ഇത്യാദി. ഇനി "നമ്മ്' എന്നതില്‍ "കള്‍' കൂടി ചേര്‍ത്തു് കകാരത്തിനു് പൂര്‍വ്വസവര്‍ണ്ണാത്മകമായ ലയവും ചെയ്തിട്ടു്,

(ഡി) നമ്+ കള്‍= നമ്മള്‍ ഇരട്ടബഹുവചനം.

ഇതു് "ഞാന്‍', "നീ', "അവന്‍' എന്നു മൂന്നു പുരുഷരെയും ക്രാഡീകരിക്കുന്നു എന്നു് അര്‍ത്ഥത്തില്‍ വിശേഷം.

(2) തന്‍ എന്ന സ്വവാചിക്കും ഇതുപോലെതന്നെ (എ) തങ്ങള്‍, (ബി) താങ്കള്‍, (സി) തമ്മള്‍, (ഡി) താം (തോം) എന്നു രൂപങ്ങള്‍. ഇതില്‍ "താങ്കള്‍' എന്നു് സവര്‍ണ്ണനം ചെയ്യാത്ത രൂപം പുതിയതും മധ്യമപുരുഷനെ കുറിക്കുവാനുള്ള പൂജകബഹുവചനവും ആണു്. "താം' (തോം) എന്ന നിര്‍ദ്ദേശികാരൂപം ഇപ്പോള്‍ നടപ്പില്ല; ശേഷമെല്ലാം പര്യായരൂപങ്ങളെന്നേ ഉള്ളു; അര്‍ത്ഥഭേദമില്ല.

(3) "നീ' എന്ന നിര്‍ദ്ദേശികയുടെ ഏകവചനത്തില്‍ "ന്‍' എന്ന ഏകവചനപ്രത്യയം ഇല്ലെങ്കിലും, ശേഷം വിഭക്തികളിലെല്ലാം "ന്‍' ചേര്‍ന്നു് "നിന്നെ', "നിന്നാല്‍' ഇത്യാദിയായിട്ടുതന്നെ രൂപങ്ങള്‍. ബഹുവചനത്തില്‍ "നിങ്ങള്‍' എന്നു് ഒരു രൂപമേ നടപ്പുള്ളു. അതു് ഏകവചനരൂപത്തില്‍ത്തന്നെ "കള്‍' എന്ന പ്രത്യയം ചേര്‍ത്തു് ("ഞങ്ങള്‍' എന്നതുപോലെ) മുറയ്ക്കുള്ള രൂപമെന്നു സ്പഷ്ടമാകുന്നു. "നിന്‍' എന്ന ഏകവചന കാരത്തിനു് ബഹുവചനമായ മകാരം ചെയ്താലും രൂപം ശരിതന്നെ. കര്‍ണ്ണാടകത്തില്‍ "നീം' എന്നു് മുറയ്ക്കുള്ള രൂപം കാണുന്നതിനാല്‍ "നിമ്+കള്‍= "നിങ്ങള്‍' എന്നുതന്നെ പ്രക്രിയ കല്പിക്കുക നന്നു്.

ഇൗ മുന്നു സര്‍വ്വനാമങ്ങളും എല്ലാ ദ്രാവിഡങ്ങള്‍ക്കും പൊതുസ്വത്തായിട്ടുള്ളതാണു്. ഇതുകളുടെ ശരിയായ പ്രാചീനരൂപം ഇന്നതെന്നു് ഇനിയും തീരുമാനിക്കപ്പെട്ടിട്ടില്ല. "എന്‍' എന്ന രൂപമോ "യാന്‍' എന്നുള്ളതോ ചരിത്രപ്രകാരം പ്രാചീനതരം എന്നു് കാല്‍ഡെ്വല്‍ വളരെ സന്ദേഹിക്കുന്നു. ഇവിടെ കാണിച്ച ആഗമക്രമം മലയാളത്തെ സംബന്ധിച്ചിടത്തോളം ശരി എന്നേ ഉള്ളു. അതിനു് ഗുണ്ടര്‍ട്ടിന്റെ സമ്മതവും മിക്കതുമുണ്ടു്. "നീ', "നാന്‍' എന്ന രണ്ടിലെയും നകാരം ആഖ്യാതരൂപങ്ങളില്‍ കാണാത്തതിനാല്‍ പ്രകൃതിയുടെ അംശമല്ല, പിന്നീടു ചേര്‍ന്നതായിരിക്കണമെന്നാണു് ഒരു ഉൗഹം. അപ്പോള്‍ "ആ', "ഇൗ' എന്നാണു് മുറയ്ക്കു് ഉത്തമ മദ്യമസര്‍വ്വനാമങ്ങളുടെ പ്രകൃതികള്‍ എന്നു വരും. അങ്ങനെയാണെങ്കില്‍ അതുകള്‍ ചുട്ടെഴുത്തുകളുടെതന്നെ വേഷഭേദമാണെന്നു സ്പഷ്ടമാകുന്നു. എന്നാല്‍ "ആ' എന്ന ചുട്ടെഴുത്തു് ദൂരപരാമര്‍ശകവും, "ഇൗ' എന്നതു് ആസന്നപരാമര്‍ശവും ആണു്. നേരേമറിച്ചായിരുന്നെങ്കിലേ "ഞാന്‍', "നീ' എന്ന സര്‍വ്വനാമങ്ങളുടെ അര്‍ത്ഥം യോജിക്കുകയും ഉള്ളു. ഇജ്ജനം', "ഇയ്യാള്‍' എന്നെല്ലാം ഉത്തമപുരുഷനെയല്ലേ പറയുന്നത്; "അങ്ങ്', "അവിടുന്ന്' എന്നു് അതുപോലെതന്നെ മധ്യമപുരുഷനേയും കുറിക്കാറുണ്ടു്. അതുകൊണ്ടു് ഇൗ സംഗതിയില്‍ തീര്‍ച്ചവന്നിട്ടില്ല.

ഇൗ പ്രകരണം അവസാനിക്കുംമുമ്പു് മറ്റു സര്‍വ്വനാമങ്ങളെപ്പറ്റിയും രണ്ടുവാക്കു പറഞ്ഞുകൊള്ളുന്നു:

(1) ചുട്ടെഴുത്ത്: "അ', "ഇ' "ഉ', "എ' എന്ന മൂലസ്വരങ്ങള്‍തന്നെയാണു് ചുട്ടെഴുത്തുകള്‍. "ചൂണ്ടുന്ന എഴുത്ത്' (അക്ഷരം) എന്ന അര്‍ത്ഥം പ്രമാണിച്ചു് തമിഴര്‍ ഇതുകള്‍ക്കു് ഇൗ പേര്‍ കല്പിച്ചു. ഇവയില്‍ "അ' ദൂരത്തിരിക്കുന്നതിനെയും, "ഇ' അടുത്തതിനെയും "ഉ' മധേ്യ ഉള്ളതിനെയും കുറിക്കുന്നു. "എ' ചോദ്യംചെയ്യുന്നതാണു്. ഇങ്ങനെ മൂലസ്വരങ്ങളെത്തന്നെ അര്‍ത്ഥച്ചേര്‍ച്ചനോക്കി സര്‍വ്വനാമങ്ങളാക്കിച്ചമച്ചതിന്റെ സ്വാരസ്യം വാചാമഗോചരമായിരിക്കുന്നു. "ഇത്ര രസികത്വവും സൗകര്യവും ലാഘവവും യോജിപ്പും എല്ലാമുള്ള ഒരു ഏര്‍പ്പാടു് വേറെ ഒരു ഭാഷാശാഖയിലും ഇല്ലെന്നുള്ള സംഗതി ദ്രാവിഡശാഖയ്ക്കു് ന്യായമായ അഭിമാനത്തിനു കാരണമായ ഒരു വലിയ മെച്ചമാകുന്നു' എന്നു് എല്ലാ ഭാഷാശാസ്ത്രകാരന്മാരും സമ്മതിച്ചിട്ടുണ്ടു്. ഇക്കൂട്ടത്തില്‍ "ഉ' തമിഴില്‍ അപൂര്‍വ്വമാണു്. മലയാളത്തിലാകട്ടെ ലുപ്തമായി എന്നുതന്നെ പറയാം. ലോപിച്ചുപോകുവാനുള്ള കാരണവും ദൂരത്തേടാനില്ല. അടുത്തുള്ളതിനെയും അകന്നുള്ളതിനെയുംപോലെ നടുക്കുള്ളതിനെപ്പറ്റി പറയുവാനുള്ള ആവശ്യം വരുകയില്ലല്ലോ. "എ' എന്ന ചോദ്യസര്‍വ്വാമത്തിനു് "ഏ' എന്നു ദീര്‍ഘിച്ചിട്ടും, യകാരം ചേര്‍ന്നു് "യാ' എന്നും രണ്ടുരൂപങ്ങള്‍കൂടിയുണ്ടു്. കാല്‍ഡെ്വല്ലിന്റെ അഭിപ്രായം, ആദ്യമായിരുന്നതു് "യാ' ആണെന്നും അതു് പിന്നീടു് "ഏ' എന്നും, "എ' എന്നും ചുരുങ്ങിയതായിരിക്കണമെന്നും ആകുന്നു. രൂപം മാറിയതോടുകൂടി അര്‍ത്ഥത്തിലും അല്പാല്പഭേദങ്ങള്‍ വന്നിട്ടുണ്ടു്. സംസ്കൃതത്തിന്റെ അധികാരം മലയാളത്തില്‍ ബലപ്പെട്ടപ്പോള്‍ ആ ഭാഷയിലെ വ്യപേക്ഷക (ഞലഹമശേ്ല) സര്‍വ്വനാമമായ യച്ഛബ്ദത്തിനു് മലയാളത്തില്‍ ഒരു പരിഭാഷ പറയുന്നതു് ആവശ്യമായിത്തീര്‍ന്നു. അതുമുതല്‍ "എ' എന്നും "യാ' എന്നും ഉള്ള രൂപങ്ങള്‍ യച്ഛബ്ദസ്ഥാനം വഹിച്ചു് വ്യപേക്ഷക സര്‍വ്വനാമളായിത്തീര്‍ന്നിട്ടുണ്ടു്.

(2) എന്ത്: ഇതു് "എ' എന്ന ചുട്ടെഴുത്തിന്റെ അനുനാസികം ചേര്‍ന്ന നപുംസകമരൂപമാകുന്നു എ(ന്‍)+തു= എന്തു, തമിഴില്‍ "എതു' എന്നാണു് നാമരൂപം. എങ്കിലും, "എ' എന്ന ഭേദകരുപവും ഉണ്ടു്. "എന്ത്' ചെയ്തു-ചെയ്ത എന്നതുപോലെ പേരെച്ചപ്രക്രിയാപ്രകാരം "എന്തു' "എന്ത' എന്നു് ഉണ്ടായതാണു്. "എന്ത' പോലെ തമിഴില്‍ "അന്ത'"ഉന്ത' "ഇന്ത' എന്നു് എല്ലാ ചുട്ടെഴുത്തുകളില്‍നിന്നും ഭേദകരൂപം കാണുന്നുണ്ടു്. ഇതിനുപുറമേ, തമിഴില്‍ "ഏന്‍' എന്നും തെലുങ്കില്‍ "ഏമി' എന്നും "എന്തു' എന്ന അര്‍ത്ഥത്തില്‍ രൂപങ്ങള്‍ ഉണ്ടു്. ഇതില്‍നിന്നും ചുട്ടെഴുത്തുകളില്‍ നകാരമോ മകാരമോ ചേര്‍ന്നു ചില രൂപങ്ങള്‍ ഉത്ഭവിച്ചിട്ടുണ്ടെന്നു തെളിയുന്നു. ഇൗ സ്ഥിതിക്കു് "അന്‍' "അമ്' എന്നുള്ള നാമങ്ങളുടെ ലിംഗവചനപ്രത്യയങ്ങളും ഇൗവിധം ഉത്ഭവിച്ചതാണെന്നു കല്പിക്കുവാന്‍ വഴികിട്ടുന്നു. ലിംഗപ്രകരണത്തില്‍ ചെയ്തിട്ടുള്ള വിമര്‍ശവും നോക്കുക. ഇൗവിധം കിട്ടുന്ന "അന്‍', "അം' എന്ന രണ്ടിനും ലിംഗവചനങ്ങളെ കുറിക്കുവാനുള്ള അര്‍ത്ഥച്ചേര്‍ച്ച ഒട്ടുംതന്നെ പോരാ. "ഇന്‍' എന്ന അംഗപ്രത്യയമാകട്ടെ, അര്‍ത്ഥമില്ലാത്തതാകയാല്‍ ഇൗവിധം ഉത്ഭവിച്ചതെന്നു സ്വീകരിക്കുവാന്‍ ഒരു വിരോധവും ഇല്ല. "അതുങ്കല്‍', "കൂവളത്തും വേര്' ഇത്യാദികളില്‍ "ഇന്‍' എന്നതിനുപകരം "ഉന്‍' ആണെന്നുകൂടി സമ്മതിച്ചേക്കാം. പക്ഷേ ഇകാരഉകാരങ്ങള്‍ക്കു വിനിമയം പതിവുള്ളതിനാല്‍ ഇതുകൂടാതെയും ആവക രൂപങ്ങള്‍ക്കു ഉപപത്തി പറയാം. "എന്തു' നപുംസകരൂപമായാലും ഭേദകരൂപമായി ഉപയോഗിക്കുമ്പോള്‍ "എന്തു മനുഷ്യര്‍?', "എന്തു കള്ളി?' എന്നു സ്ത്രീപുരുഷന്മാരെയും വിശേഷിപ്പിക്കും.

(3) ഇ: ഇതും "ഇ' എന്നതില്‍നിന്നും വന്നതാണു്. ഇ+ന്‍+അ=ഇ നപുംസകബഹുവചനരൂപം വിശേഷണദശയില്‍ അവിവക്ഷിതം.

(4) ആര്‍: ഇതു് പുംസ്ത്രീസാധാരണമായ അലിംഗബഹുവചനരൂപമാണ്; വേറെ രൂപങ്ങളില്‍ പ്രയോഗം ഇല്ലാത്തതിനാല്‍ ഖിലമാകുന്നു. "ഇന്ന' എന്നതിനു കാണിച്ചതുപോലെ ബഹുവചനം രൂപത്തില്‍ മാത്രമേ ഉള്ളു; അര്‍ത്ഥത്തില്‍ ഏകവചനവുമാകാം: ഇവന്‍ ആര്‍?, ഇവള്‍ ആര്‍?

(5) ചില, പല: ഇതു രണ്ടും നപുംസകബഹുവചനരൂപമാണു്. പുംസ്ത്രീകളിലെ അലിംഗബഹുവചനത്തില്‍ "ചിലര്‍', "പലര്‍' എന്നു് ശരിയായ രൂപം. അര്‍ത്ഥസ്വഭാവംകൊണ്ടു് ഇതുകള്‍ക്കു് ഏകവചനത്തിനു് അവകാശം ഇല്ല. വിശേഷണദശയില്‍, "ചില ആളുകള്‍', "പല ജനങ്ങള്‍' എന്നു് നപുംസകരൂപം ഉപയോഗിച്ചുവരുന്നു.

(6) വല്ല: "ചില', "പല' എന്നിവ പോലെതന്നെ.

(7) എല്ലാ: "എല്ലാവും', "എല്ലാം' എന്നു് "ഉം'ചേര്‍ന്നാണു വിശേഷ്യദശയില്‍ ഇതിനു പ്രയോഗം. വിശേഷണമാകുമ്പോള്‍ 'എല്ലാ ജനങ്ങള്‍' എന്നു തന്നെ മതി.

(8) ഒരു: ഇതു് "ഒന്ന്' എന്ന സംഖ്യാനാമത്തിന്റെ പ്രകൃതിയാണെങ്കിലും രൂപഗതിയും പ്രയോഗസമ്പ്രദായവും പ്രമാണിച്ചു് സര്‍വ്വനാമങ്ങളുടെ കൂട്ടത്തില്‍ ഗണിക്കപ്പെട്ടിരിക്കുന്നു. ഒന്‍രു= ഒന്‍റു= ഒന്നു്. മലയാളത്തില്‍ ഇതിനു ചുട്ടെഴുത്തിന്റെ സ്ഥാനത്തുകൂടി പ്രയോഗം ഉണ്ടു്. "ചെന്നൊരു നേരത്ത്'= "ചെന്നനേരത്ത്' ഇൗ വിനിയോഗത്തില്‍ ഇതു ബഹുവചനത്തേയും വിശേഷിപ്പിക്കും: ""മറ്റൊരു പരിഷകള്‍ എന്ന ഭാരതപ്രയോഗം നോക്കുക.

(9) മിക്ക, മറ്റ: ഇതുകളെയും മുന്‍പറഞ്ഞതുപോലെ സര്‍വ്വനാമങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കാറുണ്ടു്. പേരെച്ചങ്ങളാകയാല്‍ സര്‍വ്വനാമതുല്യമായ രൂപാവലി ഇതിനു് അല്ലെങ്കിലും ഉള്ളതുതന്നെ.

ലിംഗസംഖ്യാകൃതം ഭേദ-

മാദ്യത്തില്‍ ചുട്ടെഴുത്തിന്

ജനിച്ചിരിക്കണമതിന്‍-

വ്യാപ്തിതാന്‍ ശേഷമുള്ളതില്‍.

ലിംഗഭേദം കാണിക്കുന്ന "അന്‍' തുടങ്ങിയ പ്രത്യയങ്ങളും സംഖ്യാഭേദം കാണിക്കുന്ന "അര്‍' മുതലായ പ്രത്യയങ്ങളും ആദികാലത്തില്‍ ചുട്ടെഴുത്തുകളായ "അ' "ഇ' "എ' എന്ന ശബ്ദങ്ങളോടുമാത്രമാണു് ചേര്‍ത്തുപ്രയോഗിച്ചിരുന്നതെന്നും പില്ക്കാലങ്ങളില്‍ ആ വക പ്രത്യയങ്ങള്‍തന്നെ മറ്റു ശബ്ദങ്ങളോടും യോജിപ്പുപോലെ പ്രയോഗിച്ചു വന്നു എന്നും ഉൗഹിക്കാവുന്നതാണു്. എന്തുകൊണ്ടെന്നാല്‍ ചുട്ടെഴുത്തുകളിലാണു് നിയമേനയും മേല്ക്കുമേലായിട്ടും ഇൗ പ്രത്യയങ്ങള്‍ ചേര്‍ന്നിട്ടുള്ള രൂപങ്ങളില്‍ അധികവും കാണുന്നതു്. "അവ', "അവറ്റ' "അവറ്റകള്‍' ഇൗ ശബ്ദങ്ങള്‍തന്നെ നോക്കുക:

അ+അ= അവ; അ+അ+അര്‍+അ= അവറ്റ;

അ+അ+അര്‍+അ+കള്‍= അവറ്റകള്‍.

ഇതിന്നും പുറമേ, വ്യവഹാരത്തില്‍ അധികവും സര്‍വ്വനാമശബ്ദങ്ങള്‍ക്കാണു് ലിംഗസംഖ്യാഭേദം കാണിക്കുവാന്‍ പ്രസക്തി വരുന്നതെന്നുള്ളതും ആ വക ശബ്ദങ്ങളിലാണു് ആദ്യത്തില്‍ ലിംഗവചനപ്രത്യയങ്ങള്‍ ചേര്‍ത്തിരുന്നതെന്നൂഹിപ്പാന്‍ മതിയായ കാരണമാകുന്നുണ്ടു്.

എെന്ദ്യയൗരോപഭാഷകള്‍ "ലിംഗത്തിനു വേറെ പ്രത്യയം; വിഭക്തികളില്‍ ഒാരോ വചനത്തിനും വേറെ വേറെ പ്രത്യയം' എന്നു പ്രത്യയസംഖ്യ അനാവശ്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ടു്. ദ്രാവിഡഭാഷകളിലാകട്ടെ, നേരെമറിച്ചു് അത്യാവശ്യത്തിനു മാത്രമേ പ്രത്യയം ഉപയോഗിക്കയുള്ളു. ലിംഗം, വചനം, വിഭക്തി എന്നു മുറയ്ക്കു് ഒാരോന്നിനും ഒാരോ പ്രത്യയം. പക്ഷേ, മേല്ക്കുമേല്‍ പ്രത്യയംവന്നു രൂപം നീളുന്നു. എന്നാല്‍ ഇതിനും പ്രതിവിധി ചെയ്തിട്ടുണ്ടു്. "ഏകവചനം സ്വതഃസിദ്ധമാകയാല്‍ അതിനു പ്രത്യയം വേണ്ടാ' എന്നു് ഒന്നു ചുരുക്കാം; അല്ലെങ്കില്‍ ലിംഗവചനങ്ങള്‍ രണ്ടും കുറിക്കാന്‍ പ്രത്യയം ഒന്ന്; ഇങ്ങനെയാണു് ദ്രാവിഡ ഭാഷകളുടെ പോക്കു്. ഇൗ യുക്തിപ്രകാരം നാമങ്ങള്‍ക്കു ലിംഗവചനങ്ങള്‍ അത്യാവശ്യമില്ല. നാമത്തിന്റെ വാച്യമായ വസ്തു സ്ത്രീയോ പുരുഷനോ ജഡവസ്തുവോ ആയിക്കൊള്ളട്ടെ. ആ ഭേദം കാണിക്കുവാന്‍ നാമപദത്തില്‍ രൂപഭേദം എന്തിനു ചെയ്യുന്നു? "തള്ള',"തന്ത' രണ്ടും രൂപത്തില്‍ ഒന്നുപോലെ; അര്‍ത്ഥംകൊണ്ടു സ്ത്രീപുരുഷഭേദം അറിഞ്ഞുകൊള്ളാം. "സ്ത്രീ' എന്നോ "പുരുഷന്‍' എന്നോ നെറ്റിയില്‍ എഴുതിപ്പതിക്കുന്നതെന്തിന്? സര്‍വ്വനാമത്തിന്റെ സ്ഥിതി ഇങ്ങനെയല്ല. പല വസ്തുക്കളെപ്പറ്റി സംസാരിക്കുമ്പോള്‍ അതിലോരോന്നിനെ പരാമര്‍ശിക്കുവാനാണു് സര്‍വ്വനാമങ്ങള്‍ ഉപയോഗിക്കുന്നതു്. അപ്പോള്‍ എല്ലാം ഒരേ രൂപത്തില്‍ പ്രയോഗിച്ചാല്‍ തിരിച്ചറിയുവാന്‍ പ്രയാസം. സ്ത്രീപുംനപുംസകഭേദം കുറിക്കുവാന്‍ രൂപഭേദം ചെയ്താലേ സൗകര്യമുള്ളു; ഇതുപോലെതന്നെ വചനത്തിന്റെ സംഗതിയിലും അതിനാല്‍ ലിംഗവചനഭേദം സര്‍വ്വനാമങ്ങള്‍ക്കാവശ്യപ്പെടുകയാല്‍ അതുകള്‍ക്കു് ആദ്യം ഏര്‍പ്പെട്ടു. പിന്നീടു് ഇൗ സര്‍വ്വനാമങ്ങളെ വാക്യത്തിന്റെ ആദിയില്‍ കര്‍ത്താവായിട്ടു ചേര്‍ക്കുന്നതിനു പകരം ആഖ്യാതങ്ങളുടെ ഒടുവില്‍ ചേര്‍ത്തുതുടങ്ങിയിരിക്കണം. "ഏന്‍(= ഞാന്‍ഃ വന്തു' എന്നു പറയുന്നതിനു പകരം, "വന്തു ഏന്‍' എന്നു മറിച്ചിടാമല്ലോ. "വന്നു' (വന്തു) എന്ന സംഗതി ആദ്യം പറയുക; പിന്നീടു് ഇന്നാരെന്നുള്ള വിവേചനം. "വന്തു', "ഏന്‍' കൂടിച്ചേര്‍ന്നു് "വന്തേന്‍' എന്നായി. സംസാരിക്കുന്ന ഭാഷയില്‍ "നാന്‍ വന്തേന്‍'; "നീ വന്തായ്'; "അവന്‍ വന്താന്‍' എന്നു്. കര്‍ത്താവായ സര്‍വ്വനാമങ്ങളെ അധികം ഉപയോഗിക്കുവാന്‍ ഇടയാകുകയില്ല. ""എങ്കെ ഇരുന്തു വരുകിറായ്?, ""ഉൗരിലെ ഇരുന്തു വരുകിറേന്‍ എന്ന മട്ടിലാണല്ലോ ചോദേ്യാത്തരങ്ങളുടെ ഗതി. അനന്തരം ക്രിയാപദം ദൂരത്തില്‍ ഒടുവില്‍ വരുന്നതുവരെ കര്‍ത്താവിനെ തെളിയിക്കാതിരിപ്പാന്‍ മടിച്ചു് ആദിയില്‍ത്തന്നെ കര്‍ത്താവിനെക്കൂടി എടുത്തു കാണിക്കുക നടപ്പായിത്തീര്‍ന്നിരിക്കണം.

ഇങ്ങനെ ആരംഭത്തില്‍ നീണ്ട വാക്യങ്ങളില്‍ മാത്രം കര്‍ത്താവായ സര്‍വ്വനാമത്തെ ആദ്യവും, ഒടുവില്‍ ക്രിയാപദത്തിലും ഇരട്ടിച്ചു് പ്രയോഗിക്കുക എന്ന സമ്പ്രദായം പരിചിതമായപ്പോള്‍ അതിലുള്ള പൗനരുക്ത്യദോഷം ആളുകള്‍ വകവെക്കാതായി എന്നു മാത്രമല്ല, അങ്ങനെയായാലേ കര്‍ത്താവും ക്രിയയും തങ്ങളില്‍ യോജിക്കു എന്നുമായി വിചാരം. ഇതില്‍ നിന്നായിരിക്കാം പൊരുത്തം എന്നൊരു ഗ്രഹം ഉത്ഭവിച്ചതു്. "പൊരുത്തം' എന്നൊരു പുതിയ ഇനത്തിനു് വ്യാകരണത്തില്‍ പ്രതിഷ്ഠ ലഭിച്ചതോടുകൂടി "നാന്‍ (ഏന്‍) വന്തേന്‍' എന്നു പറഞ്ഞില്ലെങ്കില്‍ തെററു് എന്നായി ജനങ്ങളുടെ ഭാവനയും.

ഇതെല്ലാം എന്റെ ഉൗഹം മാത്രമാണ്; അതുകൊണ്ടു് അതിനുള്ള അടിസ്ഥാനങ്ങളെക്കൂടി ഉടനേ വിവരിച്ചേ മതിയാകുകയുള്ളു.

ഒന്നാമത്- ദ്രാവിഡങ്ങളിലെ പുരുഷപ്രത്യയങ്ങള്‍ ആര്യഭാഷകളിലെപ്പോലെ തേഞ്ഞുപോയിട്ടില്ല. സംസ്കൃതത്തില്‍ "അസ്മി' എന്നതിലെ "മി' പുരുഷപ്രത്യയവും "അഹം' എന്ന ഉത്തമസര്‍വ്വനാമെകവചനവും തമ്മില്‍ ഒരു ബന്ധവും ഇല്ല. "മ' എന്നൊരു ഉത്തമസര്‍വ്വനാമപ്രകൃതിയുണ്ടായിരുന്നു എന്നും അതിന്റെ അവശേഷമാണു് "മി' ആയിത്തീര്‍ന്നതെന്നും ഭാഷാശാസ്ത്രകാരന്‍ പറഞ്ഞുകൊടുത്താലേ ഒരുവന്‍ ഗ്രഹിക്കുകയുള്ളു. ദ്രാവിഡങ്ങളില്‍ അങ്ങനെയല്ല. കര്‍ത്താവിലും ആഖ്യാതത്തിലും കാണുന്ന സര്‍വ്വനാമം ഒന്നുതന്നെ എന്നു് അവെയാകരണനും സുഗ്രഹമാണു്. അതിനാല്‍ ആഖ്യാതത്തിനും ആഖ്യയ്ക്കും ഒരേ സര്‍വ്വനാമം ചേര്‍ത്തു് പൊരുത്തം ചെയ്യുക എന്ന സമ്പ്രദായം ദ്രാവിഡങ്ങളില്‍ ആദികാലംമുതലേ ഉള്ള ഏര്‍പ്പാടായിരിക്കുകയില്ല. അങ്ങനെ ആയിരുന്നെങ്കില്‍ ആര്യഭാഷകളിലെപ്പോലെ ആ സര്‍വ്വനാമങ്ങള്‍ തേഞ്ഞുമാഞ്ഞുപോകാതെ പരിപൂര്‍ണ്ണങ്ങളായിത്തന്നെ നിന്നുവന്നതു് എങ്ങനെ?

രണ്ടാമത്- ദ്രാവിഡകുടുംബത്തില്‍ ഒട്ടും അപ്രധാനമല്ലാത്ത മലയാളത്തില്‍ പുരുഷപ്രത്യയം കാണാതിരിക്കുന്നതിനു് കാരണം എന്ത്? എെന്ദ്യയൗരോപഭാഷകളില്‍ ഗോഥിക്കും സംസ്കൃതവുംപോലെ ദ്രാവിഡഭാഷകളില്‍ മലയാളം പഴയകുടുംബസ്വത്തുകളെ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടെന്നു് പരക്കെ സമ്മതവുമാണു്. അങ്ങനെയുള്ള ഒരു ഭാഷ സ്വതന്ത്രമായിട്ടു് പുരുഷപ്രത്യയത്യാഗംചെയ്തു എന്നു വരുന്നതു് സംഭാവ്യമാണോ? ലിംഗപുരുഷവചനങ്ങള്‍ക്കു് പൊരുത്തം എന്നതു് വ്യാകരണത്തില്‍ ഒരു തുച്ഛസംഗതി അല്ലതാനും; അതിനാല്‍ ലിംഗപുരുഷവചനങ്ങളില്‍ കര്‍ത്താവിനും ക്രിയയ്ക്കും പൊരുത്തം വേണമെന്നുള്ള ഏര്‍പ്പാടു് വരുംമുന്‍പുതന്നെ മലയാളം തമിഴില്‍നിന്നും പിരിഞ്ഞു് പ്രതേ്യകഭാഷയായി പരിണമിച്ചിരിക്കണം എന്നല്ലയോ വിചാരിക്കേണ്ടത്? എന്നാല്‍ മലയാളത്തിലും ഗ്രന്ഥഭാഷയില്‍ പഴയകാലത്തു് പൊരുത്തനിര്‍ബ്ബന്ധം ഒരുവിധം കാണുന്നുണ്ടല്ലോ എന്നും ആക്ഷേപിക്കുവാന്‍ ഇല്ല. കൊല്ലവര്‍ഷത്തിനു് ഇപ്പുറമേ മലയാളത്തില്‍ ഗ്രന്ഥങ്ങളുണ്ടായിട്ടുള്ളു; അതിനുമുന്‍പു് ഉണ്ടായിരുന്നെങ്കില്‍ ആ ഗ്രന്ഥങ്ങള്‍ നമുക്കു കിട്ടിയിട്ടില്ല. ഇതുകള്‍ തമിഴ്പണ്ഡിതന്മാരുടെ കൃതികളുമാണു്. അതിനാല്‍ അവര്‍ തമിഴ്രീതിയനുസരിച്ചു് പൊരുത്തംചെയ്തു എന്നേ വരൂ. കവിതയില്‍ പൊരുത്തം പതിവുണ്ടെന്നു പറയുന്നതും ഒരിക്കലും സാര്‍വ്വത്രികമല്ല. വര്‍ത്തമാനകാലത്തിന്റെ പ്രഥമപുരുഷനില്‍ "വരുന്നാന്‍, ചെയ്യുന്നാന്‍' എന്നും മററും പ്രയോഗം എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണു്.

ഇനി പ്രകൃതത്തില്‍ പ്രവേശിക്കാം; സര്‍വ്വനാമരൂപമായ കര്‍ത്താവിനു് പൊരുത്തം വേണമെങ്കില്‍ നാമത്തിനും അതു വേണ്ടതല്ലയോ എന്നാണു് അടുത്ത യുക്തി; നാമത്തിലും ചെയ്യണം എന്നായി. എന്നാല്‍, നാമത്തില്‍ ലിംഗവചനപ്രത്യയമില്ലല്ലോ. അതിനു് എന്തു വേണ്ടൂ? അതിലും കുത്തിച്ചെലുത്തുകതന്നെ. സര്‍വ്വനാമത്തിനുള്ള പ്രത്യയംതന്നെയോ അല്ലെങ്കില്‍ ("വനമതില്‍', "രാമന്‍തന്നുടെ' ഇത്യാദി വിഭക്തിരൂപങ്ങള്‍പോലെ) അവന്‍, അവള്‍, അതു് എന്നതുകളുടെ നിഷ്പന്നരൂപങ്ങളോ ചേര്‍ക്കുക എന്നു് ഇപ്പോള്‍ കണ്ടുവരുന്ന ഏര്‍പ്പാടു് ഉത്ഭവിക്കുകയും ചെയ്തു. "കള്ളന്‍', "കുള്ളന്‍' ഇത്യാദികളില്‍ പൂര്‍ണ്ണസര്‍വ്വനാമരൂപവും കാക. എന്നാല്‍ "അന്‍' എന്ന പുല്ലിംഗപ്രത്യയംപോലെ "അള്‍', "തു' എന്ന മററു രണ്ടെണ്ണവും പ്രചാരത്തില്‍ വന്നില്ല. അതിന്റെ സ്ഥാനത്തു് "ഇ', "ത്തി' എന്നും "അം' എന്നും വേറെ പ്രത്യയങ്ങളാണു് ഉണ്ടായതു്. ഇതു രണ്ടും സംസ്കൃതത്തെ അനുകരിച്ചു ണ്ടാക്കിയതാണോ എന്ന സംശയത്തിനും വകയുണ്ടു്. നാമങ്ങള്‍ക്കു് ലിംഗഭേദം പ്രാധാനേ്യന സംസ്കൃതത്തില്‍ അകാരാന്തങ്ങള്‍ക്കാണ്; ഭാഷയിലും അതുപോലെതന്നെ കാണുന്നതുകൊണ്ടു് ലിംഗത്തിന്റെ വിഷയത്തില്‍ സംസ്കൃതസംസര്‍ഗ്ഗം ഭാഷയെ ബാധിച്ചിരിക്കാവുന്നതും ആകുന്നു. കടന്‍, പലന്‍ ഇത്യാദി നപുംസകങ്ങളിലും ചിലയിടത്തു് "അന്‍' കാണുന്നതിനാല്‍ ആദ്യത്തില്‍ പുല്ലിംഗപ്രത്യയംതന്നെ നപുംസകത്തിലും ഉപയോഗിച്ചുവന്നു; പീന്നീടാണു് ഭേദപ്രതീതിക്കുവേണ്ടി ഒന്നിനെ "അം' എന്നു മാററിയതെന്നും സംഭവിക്കാം. ലിംഗപ്രകരണത്തില്‍ ചെയ്തിട്ടുള്ള വിമര്‍ശം നോക്കുക. കര്‍ണ്ണാടകത്തില്‍ പുല്ലിംഗത്തിലെ "അന്‍' തന്നെ "അം' ആയിട്ടുണ്ടെന്നുള്ളതും ഒാര്‍ക്കേണ്ടതാണു്. പേരെച്ചത്തിന്റെ പ്രത്യയം "അ' എന്ന ചുട്ടെഴുത്താകയാല്‍ "ചെയ്യുന്നവന്‍', "ചെയ്യുന്നവള്‍', "ചെയ്യുന്നത്' എന്നു് ആവക രൂപങ്ങളിലെല്ലാം സര്‍വ്വനാമത്തിനുള്ള ലിംഗപ്രത്യയംതന്നെ സര്‍വ്വത്ര കാണും.

ലിംഗപ്രത്യയങ്ങള്‍ക്കു് ചെയ്തതുപോലെ വചനപ്രത്യയങ്ങള്‍ക്കും ഉത്ഭവം എന്തെന്നും വിചാരണചെയ്യേണ്ടതാണല്ലോ. "അര്‍', "മാര്‍' എന്നു് രണ്ടു് പുംസ്ത്രീകള്‍ക്കും "അ', "കള്‍' എന്നു് രണ്ടു നപുംസകത്തിനും; ഇങ്ങനെ വചനപ്രത്യയം നാലെണ്ണമുണ്ട്; ഇതുകളുടെ ഉല്‍പ്പത്തി ഇന്നവിധം ലഎന്നു് ഇതേവരെ പരിച്ഛേദിച്ചു പറയുവാന്‍ സാധിച്ചിട്ടില്ല. ഇതു നാലും തമിഴു്, മലയാളം, കര്‍ണ്ണാടകം, തെലുങ്കു് എന്ന പ്രധാനഭാഷകളില്‍ മാത്രമല്ല. തുളു, ഗോണ്ഡു മുതലായ ക്ഷുദ്രദ്രാവിഡങ്ങളിലും പലവിധം ആകൃതിഭേദത്തോടെ കാണുന്നുണ്ടു്. ഇവയില്‍ "മാര്‍' എന്നതു് "അര്‍' എന്നതിന്റെതന്നെ ഒരു വേഷം മാററമായിരിക്കണം. "മാര്‍' എന്നതു നാമങ്ങള്‍ക്കുമാത്രം വരുന്ന പുംസ്ത്രീബഹുവചവനമാണല്ലൊ. നാമത്തിലും ലിംഗപ്രത്യയംതന്നെ ചേര്‍ക്കണമെന്നു് ആവശ്യം വന്നപ്പോള്‍ "അവര്‍' എന്ന പൂര്‍ണ്ണസര്‍വ്വനാമരൂപംതന്നെ ആദ്യം ഉപയോഗിച്ചുവന്നു. ഇന്നും ചില ദിക്കുകളില്‍ "അവര്‍' എന്നു് പൂജകബഹുവചനമായി നാമങ്ങളില്‍ പ്രയോഗിച്ചുകാണുന്നുണ്ടു്. "തേവിയവര്‍' "നാണിയവര്‍' ഇത്യാദി. കാലക്രമത്തില്‍ തെലുങ്കിലെ "അവരു' എന്നു "വാരു' എന്നു് ആയതുപോലെ ആദ്യത്തെ അകാരം കളഞ്ഞു് അതിനു പ്രതിവിധിയായിട്ടു് രണ്ടാമത്തെ അകാരം നീട്ടി "അവര്‍' എന്നതിനെ "വാര്‍' എന്നാക്കി. ഇതിനുശേഷം വകാരമകാരങ്ങള്‍ക്കു വിനിമയം ധാരാളമാകയാല്‍ "വാര്‍' എന്നതു് "മാര്‍' എന്നായിച്ചമഞ്ഞു. കാല്‍ഡെ്വല്‍ ഒരു പടികൂടിക്കടന്നു് തമിഴില്‍ "നീര്‍' എന്നും മററുമുള്ളിടത്തു കാണുന്ന "ഇൗര്‍' ഇതുപോലെ "ഇവര്‍' എന്നതില്‍നിന്നും ഉത്ഭവിച്ചതായിരിക്കാമെന്നുകൂടി ശങ്കിക്കുന്നു. ഇൗ ഉല്‍പ്പത്തിയനുസരിച്ചു് "മാര്‍' ആദ്യത്തില്‍ ആദരവോടു പറയുന്നിടത്തു ചേര്‍ക്കുന്ന ബഹുവചന (പ്രത്യയം) മായിരുന്നു. ഇപ്പോഴും പ്രായേണ അങ്ങനെതന്നെ ആണെങ്കിലും വ്യാകരണപ്രകാരം ലിംഗപ്രത്യയമുള്ള നാമങ്ങളിലൊക്കെയും ബഹുവചനത്തിനു് "മാര്‍' വേണം എന്നായി നിയമം. അതിനാല്‍ത്തന്നെയാണു് "സലിംഗബഹുവചനം' എന്നു പേര്‍ ചെയ്തതും. "വിഡ്ഢിയാന്മാര്‍', "കള്ളന്മാര്‍, "മണ്ടന്മാര്‍' ഇത്യാദികള്‍ നോക്കുക. "അന്‍' എന്നോ, "ആന്‍' എന്നോ ഉള്ള ലിംഗപ്രത്യയത്തിനുമേലാണു് ഇതു വരുന്നത്; അപ്പോള്‍ ഇൗ രൂപങ്ങളില്‍ "ആന്‍' "അന്‍' രണ്ടും ലിംഗപ്രത്യയം മാത്രമായിത്തീരുന്നു.

"കള്‍' അപൂര്‍വ്വമായിട്ടു് പുംസ്ത്രീലിംഗങ്ങളിലും കാണും. "അ' ചുട്ടെഴുത്തുകളിലും അവ ചേര്‍ന്നിട്ടുള്ള പേരെച്ചനാമങ്ങളിലും മാത്രമേ ഉള്ളു. ഇതിനു പുറമെ "ചില', "പല' ഇത്യാദികളില്‍ കാണുന്ന അകാരവും ഇൗ നപുംസകബഹുവചനം തന്നെയാണു്. പക്ഷേ, ആ ആഗമം മറന്നിട്ടു് ഇപ്പോള്‍ "ചില പണ്ഡിതന്മാര്‍' "പലയാളുകള്‍' എന്നും മററും പൂംസ്ത്രീലിംഗങ്ങളായിട്ടും ധാരാളം ഉപയോഗമായി. "അവ', "ഇവ', "എവ' എന്ന ശരിയായ രൂപം മലയാളത്തില്‍ മാത്രമേ നിലനിന്നിട്ടുള്ളു. തമിഴില്‍ "അവെ' "ഇവെ' എന്നു് ദുഷിച്ചുപോയിരിക്കുന്നു. "ചെയ്തന', "നടന്തന' എന്ന ആഖ്യാതരൂപങ്ങളില്‍ മാത്രം തമിളില്‍ ശരിയായ രൂപം കാണുന്നുണ്ടു്. എന്നാല്‍ സംസാരിക്കുന്ന തമിഴില്‍ നപുംസകാഖ്യാതത്തിനു ലിംഗവചനപ്പൊരുത്തം ലോപിച്ചു പോയിരിക്കുന്നു. ഇതിനുകാരണം നപുംസകത്തില്‍ വ്യക്തിപ്രാധാന്യം ഗണിക്കായ്കയാണെന്നു് മുന്‍പുതന്നെ പ്രസ്താവിച്ചിട്ടുണ്ടു്. ""സംഖ്യാവിശേഷണം ചേര്‍ന്നാല്‍ ക്ലീബേ വേണ്ട ബഹുക്കുറി എന്ന സൂത്രത്തിന്റെ വ്യാഖ്യാനം നോക്കുക.

അംഗത്തില്‍നിന്നും വചനം

"കുഞ്ഞുങ്ങള്‍' മുതലായതില്‍

വെറും നാമത്തില്‍നിന്നല്ലാതെ അംഗപ്രത്യയം ചേര്‍ത്തതിനുമേലും വചനപ്രത്യയം ചിലയിടത്തു് അപൂര്‍വ്വമായിട്ടു കാണും. ഉദാഹരണത്തിനു് "കുഞ്ഞുങ്ങള്‍' മുതലായ ശബ്ദങ്ങള്‍.

കുഞ്ഞ്+ഉന്‍+കള്‍= കുഞ്ഞുങ്ങള്‍

പെണ്‍+ഉന്‍+കള്‍= പെണ്ണുങ്ങള്‍

ആണ്‍+ഉന്‍+കള്‍= ആണുങ്ങള്‍

"ഇന്‍' എന്നതുപോലെ അംഗപ്രത്യയം "ഉന്‍' എന്നും ആകാവുന്നതാണു്.