ധാതുവര്ത്ഥം കുറിക്കുന്ന പ്രകാരംതാന് പ്രകാരമാം.
പ്രകാരം എന്നാല്‍ മട്ടെന്നര്ത്ഥം. ഒരു ധാതു തനിക്കുള്ള അര്‍ത്ഥത്തെ ഏതു മട്ടില്‍ വെളിപ്പെടുത്തുന്നുവോ അതുതന്നെ പ്രകാരം."നീ ഇവിടെ വാ', "അവന് അങ്ങോട്ടു പോകട്ടെ', "എല്ലാവരും സത്യം പറയണം' ഇത്യാദി വാക്യങ്ങളില്‍ "വാ', "പോകട്ടെ', "പറയണം' എന്ന രൂപങ്ങള്‍ കേള്‍ക്കുമ്പോള്‍ വരിക, പോവുക, പറക എന്ന ക്രിയകളുടെ അര്‍ത്ഥത്തിനു പുറമേ മുറയ്ക്കു് വരുതി, നിയോഗം, ശാസന എന്നോരോ വിശേഷാര്‍ത്ഥം കൂടി തോന്നുന്നുണ്ടു്. അതിനാല്‍ "വാ' എന്ന രൂപം വരിക എന്ന ക്രിയയെ വരുതികൊടുക്കുന്നമട്ടിലാണു് കുറിക്കുന്നതു്. അതുപോലെ "പോകട്ടെ' എന്നതു് നിയോഗിക്കുന്ന മട്ടിലും "പറയണം' എന്നതു് ശാസിക്കുന്ന മട്ടിലും ആണു്. ഇതാകുന്നു കൃതികളുടെ രൂപങ്ങളില്‍ "പ്രകാരം' എന്ന ഉപാധി.
നിയോജകം നിയോഗത്തില്‍; വിധിമട്ടില് വിധായകം; അനുജ്ഞാരൂപമായു് കാട്ടു- മനുജ്ഞായകമെന്നത്; നിര്‍ദ്ദേശകം കുറിക്കുന്നു ധാത്വര്‍ത്ഥം പരിശുദ്ധമായു്.
നിയോഗത്തിന്റെമട്ടില് ധാത്വര്‍ത്ഥത്തെ കുറിക്കുന്ന പ്രകാരം "നിയോജകം'; വിധി എന്നു പറയുന്ന ശാസനയുടെ മട്ടിലുള്ളതു് "വിധായകം'; അനുജ്ഞ എന്നു പറയുന്ന സമ്മതത്തിന്റെ മട്ടിലുള്ളതു് "അനുജ്ഞായകം' ഇൗ വക വിശേഷവിധി ഒന്നും കൂടാതെ ധാത്വര്‍ത്ഥത്തെ തനിയെ കാട്ടുന്നതു് "നിര്‍ദ്ദേശകം'; ഇങ്ങനെ പ്രകാരം നാലു വിധം.
ഇനി ഇൗ പ്രകാരങ്ങളെ ഉണ്ടാക്കാനുള്ള മാര്‍ഗ്ഗം പറയുന്നു:
അട്ടേ നിയോജകത്തിങ്കല്; അണമെന്നു വിധായകേ; ആമനുജ്ഞായകത്തിന്നും; പ്രത്യയം ഭാവിരൂപജം.
നിയോജകപ്രകാരത്തിനു് "അട്ടേ', വിധായകത്തിനു് "അണം', അനുജ്ഞായകത്തിനു് "ആം' എന്നു് ഒാരോന്നിനും പ്രത്യയങ്ങള്‍. ഇൗ പ്രത്യയം മൂന്നും വേറെ ചില ധാതുക്കളുടെ ഭാവിരൂപം തന്നെ ദുഷിച്ചുണ്ടായതാണെന്നു് ഉത്ഭവം പറഞ്ഞിരിക്കുന്നു. ആ ഭാഗം പിന്നീടു വിസ്തരിക്കാം. നിര്ദ്ദേശകപ്രകാരത്തിനു് അര്‍ത്ഥവിശേഷം ഇല്ലാത്തതിനാല്‍ രൂപവിശേഷവും ഇല്ല; മുന്‍ചൊന്ന കാലരൂപങ്ങള്‍ തന്നെ നിര്‍ദ്ദേശകപ്രകാരം. ഉദാ:
നിര്‍ദ്ദേശകം: ബാലന്മാര് കുളിക്കുന്നു: രാമന് രാവണനെ കൊന്നു; കല്‍ക്കി അവതരിക്കും. നിയോജകം: പറ- പറയട്ടെ; കളി- കളിക്കട്ടെ; ഇളക്- ഇളകട്ടെ; വര്- വരട്ടെ. വിധായകം : പറ- പറയണം, കളി- കളിക്കണം, ഇളക്- ഇളകണം, വരു് - വരണം. അനുജ്ഞായകം: പറ- പറയാം, കളി- കളിക്കാം, ഇളക്- ഇളകാം, വര്- വരാം.
നിയോജകപ്രകാരത്തിനു മാത്രം പുരുഷവചനഭേദം കൂടിയുണ്ടു്. "അട്ടേ' എന്നു പറഞ്ഞ പ്രത്യയം പ്രഥമോത്തമപുരുഷന്മാര്ക്കു മാത്രമാണ്; അവിടെ വചനഭേദവുമില്ല. അവന് പോകട്ടെ, അവര്‍ പോകട്ടെ, ഞാന്‍ പോകട്ടെ, ഞങ്ങള്‍ പോകട്ടെ എന്നു രൂപം ഒന്നു തന്നെ. മധ്യമപൂരുഷനില് മാത്രം വിശേഷം- അതാവിത്: ധാതുരൂപംതന്നെ ഏകവചനമാകും. ബഹുവചനത്തിനു് ധാതുവില്ത്തന്നെയോ അല്ലെങ്കില്‍ ഭാവിരൂപത്തിലോ "ഇന്‍' എന്നു പ്രത്യയം ചേര്‍ക്കണം. ഇൗ സംഗതിയെ സൂത്രത്തില്‍ സംഗ്രഹിച്ചിരിക്കുന്നു.
നിയോജകപ്രകാരത്തില്‍ ധാതുതാന് മധ്യമെകമാം; ഇന്‍ പ്രത്യയം ബഹുത്വത്തില്‍; ഭാവി ചേര്ന്നിട്ടുമാമിതു.
ഉദാ: അവന് പോക്- പോകട്ടെ അവള് അവര്‍ കേള്- കേള്‍ക്കട്ടെ ഞാന്‍ ഞങ്ങള്‍ നീ- പോക്- പോ കേള്- കേള്‍ക്ക് നിങ്ങള്‍ പോക്- പോകിന്, പോകുവിന്‍, പോവിന് കേള്- കേള്ക്കിന്, കേള്‍പ്പിന്‍, കേള്‍ക്കുവിന്‍
ഭാവികാല സ്പര്ശമുള്ളിടത്തു് "ക്ക്' ഇനു, പകരം "പ്പ്ു' ആകാമെന്നു പറഞ്ഞിട്ടുള്ളതും നോക്കുക. ധാതുരൂപംതന്നെ മധ്യമെകവചനം എന്നു പറഞ്ഞതില്‍ ധാതുവിനു് അംഗസംസ്കാരം ചെയ്തിട്ടും ചെയ്യാതെയും പ്രയോഗമാകാം. കേള് എന്നു ശുദ്ധമായ ധാതുരൂപം; കേള്‍ക്കു് എന്നു് അംഗപ്രത്യയം ചെയ്ത രൂപം.
പ്രകാരപ്രത്യയമെല്ലാം ഭാവിരൂപത്തില് നിന്നുണ്ടായതാണെന്നു പറഞ്ഞുവല്ലോ; അതെങ്ങനെ എന്നു വിചാരണചെയ്യാം. യോജിക്ക എന്നര്‍ത്ഥമായ ഒട്ടുക- ധാതുവിന്റെ ശീലഭാവിരൂപം ഒട്ടും എന്നു്. പോക, വര, ഇരിക്ക, നില്ക്ക ഇത്യാദിപോലെ ധാതുവില്‍ "അ' എന്നു പ്രത്യയം ചേര്‍ത്താല്‍ നടുവിനയെച്ചരൂപമുണ്ടാകും; അതു് ക്രിയാപദംപോലെയും നാമംപോലെയും പ്രയോഗിക്കയുമാകാം. നാമമാകുമ്പോള്‍ "പോവുക' എന്ന ക്രിയ എന്നാണു് അതിനര്‍ത്ഥവും. ഇതെല്ലാം വിനയെച്ചപ്രകരണത്തില് വിസ്തരിക്കും. ഒരു ധാതുവിനോടു് മറ്റൊരു ധാതുവിനെച്ചേര്ത്തു സമാസംപോലെ പ്രയോഗിക്ക പതിവുണ്ടെന്നു് വര്‍ത്തമാനകാലത്തിന്റെ ഉല്പത്തി വിചാരണയില്‍ പ്രസ്താവിച്ചിട്ടുണ്ടു്. അങ്ങനെ ധാതുക്കളെ സമാസിച്ചു ചേര്‍ക്കുമ്പോള്‍ ആദ്യത്തെ ധാതുവിനു് പ്രാക്പ്രയോഗം എന്നും രണ്ടാമത്തേതിനു് അനുപ്രയോഗം എന്നും പേരുകള്‍. ഏതു ധാതുവിന്റെയും നടുവിനയെച്ചത്തോടുചേര്ത്തു് "ഒട്ടും" എന്ന ഭാവിരൂപം അനുപ്രയോഗിച്ചാല്‍ നിയോജകപ്രകാരം ഉണ്ടാകും. ചെയ്യ+ഒട്ടും= (അകാരം ലോപിച്ചിട്ട്) ചെയ്യൊട്ടും. ഇൗ രൂപം നാടോടിത്തമിഴില്‍ ധാരാളമുണ്ടു്. മലയാളത്തില്‍ ഇൗ രൂപം "ഏ' എന്നു നിപാതം കൂടിച്ചേര്ന്നിട്ടു്, ആദ്യം "ചെയ്യൊട്ടുമേ' എന്നും പിന്നീടു ക്രമേണ ദുഷിച്ചു് "ചെയ്യട്ടെ' എന്നുമായിത്തീര്‍ന്നു. "ഒട്ടുക'യുടെ ഒകാരം അകാരമായതു ഭ്രമംകൊണ്ടായിരിക്കാം; "ട്ടുമേ' "ട്ടേ'("ട്ടെ' എന്നും) എന്നായതു് സങ്കോചം കൊണ്ടാണു്.
വിധായകത്തില് "വേണും' എന്ന ശീലഭാവിയാണു് അനുപ്രയോഗം. വേണ്ടുന്നു, വേണ്ടി, വേണ്ടും എന്നു ടകാരം ചേര്‍ന്നാണു് വേണ്ടുക എന്ന ധാതുവിന്റെ രൂപങ്ങള്‍. അതില്‍ വേണ്ടും എന്നു ശീലഭാവിയെ ടകാരം കളഞ്ഞു "വേണും' എന്നും, പിന്നീടു് ഉകാരത്തെ അകാരമാക്കിയിട്ടു് "വേണം' എന്നും അതിനുശേഷം ആദിയിലേ വകാരം ലോപിപ്പിച്ചു് "ഏണം' എന്നും പിന്നെ ഹ്രസ്വം ചെയ്തു് "എണം' എന്നും, വന്നതിനുമേല് എകാരത്തെ ഭ്രമംമൂലം അകാരമാക്കിത്തീര്ത്താണു് "അണം' എന്ന വിധായകപ്രത്യയം ഉണ്ടാക്കിയതു്. നിയോജകത്തിനു പറഞ്ഞതുപോലെ "അ' എന്ന നടുവിനയെച്ചം തന്നെ ഇതിലും പ്രാക്പ്രയോഗധാതുവിന്റെ രൂപം. വിധായകത്തിന്റെ ഉല്പത്തി ഇപ്രകാരമാണെന്നതിലേക്കു് കവികള്‍ ചെയ്യേണം. ചെയ്യവേണം എന്ന പഴയ രൂപങ്ങള്‍ പ്രയോഗിക്കുന്നതും തമിഴില്‍ "ചെയ്യവേണ്ടും' എന്നു മൂലഭൂതമായ രൂപംതന്നെ ഉപയോഗിച്ചു വരുന്നതും ലക്ഷ്യങ്ങളാകുന്നു. വേണ്ടുക= ആവശ്യപ്പെടുക; ചെയ്യണം= ചെയ്യുക ആവശ്യമാകുന്നു എന്നു് അര്‍ത്ഥയോജന.
അനുജ്ഞായകത്തില് ഇതുപോലെ ആവുക ധാതുവിന്റെ ശീലഭാവി അനുപ്രയോഗമായിത്തീര്ന്നു; "ആകും' (കു ലോപിച്ചിട്ട്) ആം എന്നായി. ചെയ്യാം= ചെയ്യ ആം= ചെയ്യ ആകും= ചെയ്യുക സമ്മതിക്കപ്പെട്ടിരിക്കുന്നു എന്നര്‍ത്ഥം. തമിഴില്‍ നടുവിനയെച്ചത്തില്നിന്നല്ല, പോകലാം, വരലാം എന്നും മറ്റും ക്രിയാനാമത്തില്‍ നിന്നാണു് അനുപ്രയോഗം അധികം പതിവു് എന്നു മാത്രം ഭേദമുണ്ടു്.
ഇങ്ങനെ നിയോജകം, വിധായകം, അനുജ്ഞായകം എന്നു പ്രകാരം മൂന്നെണ്ണം പറഞ്ഞതില്‍ നിയോജകത്തിനു് പുരുഷവചനഭേദംകൂടെയുണ്ടെന്നു് ഒരു വിശേഷം കാണിച്ചുവല്ലോ. വേറെയും അതിനു വിശേഷങ്ങള്‍ ഉണ്ടു്.
പിരിച്ചിട്ടും പ്രയോഗിക്കാം വിധ്യനുജ്ഞാര്ത്ഥകങ്ങളെ.
വിധായകാനുജ്ഞായകങ്ങളില് അനുപ്രയോഗധാതുവിനെ പ്രാക്പ്രയോഗധാതുവില്നിന്നു വേര്‍തിരിച്ചു സ്വതന്ത്രമായിട്ടും പ്രയോഗിക്കാം. നിയോജകത്തില്‍ അതു പതിവില്ല. പോകവേണം, പോക ആം എന്നു പ്രയോഗിക്കാം; പോക ഒട്ടും എന്നു പ്രയോഗിച്ചുകൂടാ. നിയോജകംപോലെ മറ്റു രണ്ടു പ്രകാരങ്ങളും ഗാഢമായിട്ടു് ഭാഷയില്‍ വേരൂന്നിക്കഴിഞ്ഞിട്ടില്ല. പ്രകൃതിയോടു ചേരുമ്പോള്‍ മാത്രം അര്‍ത്ഥം ഉണ്ടായിരിക്കയും പിരിഞ്ഞാല്‍ അര്ത്ഥമില്ലാതിരിക്കയും ചെയ്യുന്ന അക്ഷരങ്ങളെ ആണു് പ്രത്യയം എന്നു പറയുന്നതു്. ഇപ്പോള്‍ നാം പ്രത്യയമായിട്ടു കാണുന്ന പലതും ആദ്യകാലത്തു് സ്വതന്ത്രപദങ്ങളായിരുന്നിരിക്കണം; കാലക്രമണ തേഞ്ഞു് സ്വതന്ത്രപ്രയോഗം ഇല്ലാതായിട്ടു് അവ പ്രത്യയത്തിന്റെ നിലയില്‍ വന്നു പരിണമിക്കയാണു ചെയ്തിട്ടുള്ളതു്. ഇക്കൂട്ടത്തില്‍ വിധായകാനുജ്ഞായകങ്ങള് ചെയ്യവേണം, ചെയ്യ ആം എന്നു ചിലപ്പോള്‍ സ്വതന്ത്രമായി നില്ക്കയും, ചിലപ്പോള്‍ ചെയ്യണം, ചെയ്യാം എന്ന പ്രത്യയാന്തമായ ഒറ്റ രൂപമായി പ്രചരിക്കയും ചെയ്യുന്നു. ഇനി ഒരു കാലത്തു് പിരിച്ചുള്ള പ്രയോഗം ഇല്ലാതായിട്ടു് ഇതുകളും നിയോജകംപോലെ മുറ്റി ഉറച്ച പ്രത്യയാന്തങ്ങളായിട്ടു തന്നെ തീര്‍ന്നേക്കാം. ഇന്നും പിരിച്ചു പ്രയോഗിക്ക കവികളേ ചെയ്യാറുള്ളു. ഇൗ വക അവ്യവസ്ഥകളെ കരുതിയാണു് മലയാളം ഇപ്പോള്‍ സംശ്ലിഷ്ടകക്ഷ്യയുടെയും വെകൃതകക്ഷ്യയുടെയും പടിവാതിലില്‍ വര്‍ത്തിക്കുന്നു എന്നു പറഞ്ഞതു്.
അനുപ്രയോഗധാത്വര്ത്ഥം വേര്‍തിരിച്ചു നിറുത്തുകില്‍ നിഗീര്‍ണ്ണകര്‍ത്തൃകം രൂപം വിധ്യനുജ്ഞകള് രണ്ടിലും.
അനുപ്രയോഗധാതുവിനെ പ്രയോഗിക്കുന്നതു് പിരിച്ചായാലും ശരി, ചേര്‍ത്തായാലും ശരി, അനുപ്രയോഗധാതുവിന്റെ അര്‍ത്ഥം പ്രാക്പ്രയോഗധാതുവിന്റെ അര്‍ത്ഥത്തില്‍ ചേര്‍ന്നു ലയിച്ചു രണ്ടുംകൂടി വിധിയുടെ മട്ടിലോ അനുജ്ഞയുടെ മട്ടിലോ പ്രകാശിക്കുന്ന ക്രിയ ആയിട്ടു തോന്നാതെ സ്വതന്ത്രങ്ങളായ രണ്ടു സംഗതികളായി തോന്നുന്നപക്ഷം വിധായകാനുജ്ഞായകങ്ങള് "നിഗീര്‍ണ്ണകര്‍ത്തൃകം' എന്നു പറയുന്ന ക്രിയാപദമായിത്തീരും." നിഗീര്‍ണ്ണകര്‍ത്തൃകം' എന്നാല്‍ കര്‍ത്താവിനെ നിഗിരണം (=ഉള്ളടക്കം) ചെയ്ത ക്രിയാപദം എന്നര്‍ത്ഥം മുന്‍പുതന്നെ പറഞ്ഞിട്ടുണ്ടു്. കുഭകര്ണ്ണനു് ഉറങ്ങണം, എന്തും ചെയ്യാം മഹതാം ഇത്യാദി പ്രയോഗങ്ങളില്‍ സാധാണദൃഷ്ട്യാ ഒരു കര്‍ത്താവും കാണുന്നില്ല. ഉറങ്ങുകവേണം, ചെയ്ക ആകാം എന്നു കര്‍ത്താവുകൂടി ക്രിയാപദത്തില്‍ ഉള്‍പ്പെട്ടുപോകുന്നു. അതിനാല്‍ ക്രിയ നിഗീര്‍ണ്ണകര്‍ത്തൃകം ആണെന്നു പറയുന്നു. ബാലന്മാര്‍ക്കു് കളിക്കണം എന്നു പറഞ്ഞാല്‍ ബാലന്മാര്ക്കു കളിക്കുന്നതില്‍ പ്രിയം ഉണ്ടു് എന്നാണര്‍ത്ഥം. ബാലന്മാര് കളിക്കണം എന്നായാല്‍ ബാലന്മാരെ കളിക്കാന്‍ പ്രരിപ്പിച്ചു നിര്‍ബന്ധിക്കുന്നു എന്നായിപ്പോകും അര്‍ത്ഥം. ഇതുപോലെ തന്നെ എനിക്കറിയാം, ഞാന്‍ അറിയാം എന്നുള്ള പ്രയോഗങ്ങളിലും അര്‍ത്ഥത്തിനു വ്യത്യാസമുണ്ടു്. അതിനാല്‍ വിധായകാനുജ്ഞായകങ്ങളെ സാധാരണയായി പ്രയോഗിക്കുമ്പോഴും, നിഗീര്ണ്ണകര്ത്തൃകമായി പ്രയോഗിക്കുമ്പോഴും അര്‍ത്ഥത്തിനു ഭേദമുണ്ടു്. നിഗീര്ണ്ണകര്ത്തൃകമാകുമ്പോള് അന്വയത്തെ സംബന്ധിച്ചിടത്തോളം അനുപ്രയോഗത്തിന്റെ അര്‍ത്ഥം പ്രാക്പ്രയോഗത്തില് നിന്നു വേര്പിരിഞ്ഞുതന്നെ നില്ക്കും. കര്‍ത്താവു കൂടാതെ ഒരു ക്രിയയും നടക്കുകയില്ലെന്നാണു് ആര്യഭാഷാവ്യാകരണത്തില് പ്രവേശമുള്ളവര് വിചാരിക്കുക. എന്നാല്‍ കര്‍ത്താവിന്റെ യത്നം (അല്ലെങ്കില്‍ വ്യാപാരം) ഒന്നും കൂടാതെ ചില ക്രിയകള്‍ നടക്കും എന്നു് അല്പം ആലോചിച്ചാല്‍ നമുക്കു് ബോധപ്പെടും. വിശക്കുക, ദാഹിക്കുക, വേദനിക്കുക മുതലായ ക്രിയകള്‍ കര്ത്തൃവ്യാപാരം കൊണ്ടു് നിഷ്പന്നങ്ങളാണോ? വിശക്കാന് വേണ്ടി നാം എത്ര ശ്രമിച്ചാലും അതു് സ്വയം ഉദിക്കുന്നതല്ലാതെ അതിനെ പ്രരിപ്പിക്കാന്‍ സാധിക്കുന്നതല്ല. ഇതുപോലെ തോന്നുക, രസിക, ബോധിക്കുക, അറയ്ക്കുക, കിട്ടുക മുതലായ പലേ ക്രിയകളും കര്‍ത്തൃ വ്യാപാരത്തെ അപേക്ഷിക്കാതെ സ്വയം അനുഭവഗോചരങ്ങളായിത്തീരുന്നു. ഇൗ വക ക്രിയകളില്‍ പലതും നിഗീര്ണ്ണകര്ത്തൃകമായി വരും.
"എനിക്കു് ഒരു ശിഷ്യനെ കിട്ടീട്ടുണ്ട്; അവനു് ഉണ്ടാല്‍ ഉറങ്ങണം, ഉറങ്ങിയാല്‍ ഉണ്ണണം' ഇത്യാദി വാക്യങ്ങളില്‍ ക്രിയകളെല്ലാം നിഗീര്ണ്ണകര്ത്തൃകങ്ങളാകുന്നു. "എനിക്കു ശിഷ്യനെ കിട്ടീട്ടുണ്ട്' എന്നതു് മറ്റൊരു ഭാഷയിലും കാണാത്ത ഒരു വിലക്ഷണശെലിയാണ്: "ഉണ്ടാല്‍ ഉറങ്ങണം' എന്നതില്‍ "ഉറങ്ങുക' എന്ന കര്‍ത്താവിനെ ക്രിയ നിഗിരണം ചെയ്തിരിക്കുന്നു; "എനിക്കു വിശക്കുന്നു' ഇത്യാദികള്‍ സംസ്കൃതത്തിലെ ഭാവേ പ്രയോഗത്തിനു് ഏകദേശം തുല്യമായിരിക്കും.
പ്രകാരം എന്ന ഒരിനം തമിഴ്വെയാകരണന്മാര് സ്വീകരിച്ചിട്ടില്ല. "പോകവേണ്ടും', "പോകല്‍ ആം, "പോകല്‍ ആം', പോക ഒട്ടും' എന്ന പ്രകാരാര്ത്ഥകപ്രയോഗമെല്ലാം വേണ്ടും, ആകും, ഒട്ടും എന്ന അതാതു ധാതുക്കളുടെ സ്പഷ്ടമായ ഭാവിരൂപമാകയാല് തമിഴില്‍ "പ്രകാരം' എന്നൊരു ഉപാധിയെ സ്വീകരിക്കേണ്ട ആവശ്യമേ വരുന്നില്ല. മലയാളത്തിലാകട്ടെ, പോകണം, പോകാം, പോകട്ടെ എന്നു് ഇൗ രൂപങ്ങള്‍ പ്രാക്പ്രയോഗ ധാതുവില്‍ ചേര്‍ന്നു് അതിന്റെ ഒരു രൂപവിശേഷമായിത്തീര്ന്നതുകൊണ്ടാണു് പ്രകാരം എന്നൊരിനത്തെ പ്രതേ്യകം കല്പിക്കേണ്ടി വന്നതു്. എന്നാല്‍ മലയാളത്തിലും പോകവേണം എന്നു വേര്‍പിരിച്ചു് കവികള്‍ പ്രയോഗിക്കാറുണ്ടല്ലോ. അപ്പോള്‍ പ്രകാരം ഒരു പുതിയ ഇനം ആവുകയില്ല എന്നും പറവാന്‍ പാടില്ല. പിരിച്ചു പ്രയോഗിക്കുമ്പോഴും പ്രാക്പ്രയോഗവും അനുപ്രയോഗവും സമാസിച്ചു തന്നെയാണിരിക്കുന്നത്; പോക ഞാന്‍ വേണം എന്നോ മറ്റോ രണ്ടിന്റെയും മധേ്യ മറ്റൊരു പദം പ്രയോഗിക്കാന്‍ പാടില്ല. അതുകൊണ്ടു് മലയാളത്തില്‍ പ്രകാരത്തെ ധാതുക്കളുടെ രൂപഭേദോപാധികളില് ഒന്നായി സ്വീകരിക്കയേ നിര്‍വ്വാഹമുള്ളു. "അവനുടയ പടജ്ജനം ച ഘോരം "ഇത്യാദികളില്‍ "ഉടയ' എന്നതു് ഒരു പേരെച്ചമാണെന്നു് സ്പഷ്ടമാണെങ്കിലും അതിനെ സംബന്ധികാവിഭക്തിയുടെ പ്രത്യയമായിട്ടല്ലയോ വെച്ചിരിക്കുന്നത്? അതുപോലെ പ്രകാരങ്ങളിലെ അനുപ്രയോഗങ്ങള്‍ ആദികാലത്തു് അതാതു ധാതുക്കളുടെ ഭാവിരൂപങ്ങളായിരുന്നെങ്കിലും ഇപ്പോള്‍ അവ പ്രത്യയസ്ഥാനം തന്നെ വഹിക്കുന്നു. നിയോജകമധ്യമപുരുഷന്മാത്രം ശരിയായപ്രകാരം തന്നെ മതി എന്നേ ഉള്ളു. അതുകൊണ്ടു് തമിഴരും ഇതിനെ ഗ്രഹിച്ചിട്ടുണ്ടു്. അതിനു് അവര്‍ "ഏവല്' (നിയോഗം) എന്നുപേരും കൊടുത്തിരിക്കുന്നു. ഇതിനുപുറമേ വിയംകോള് എന്നൊരു പ്രകാരംകൂടി തമിഴ്വ്യാകരണത്തിലുണ്ടു്. അതിന്റെ സ്വഭാവം നടുവിനയെച്ചത്തെ ആശിസ്സര്ത്ഥത്തില് ഉപയോഗിക്കയാകുന്നു. അതിനെ വേണമെങ്കില്‍ ആശാസകം എന്നൊരു പ്രകാരമാക്കാം. അതിനെപ്പറ്റി മേലില്‍ പ്രസ്താവിക്കാം.
പ്രകാരാര്ത്ഥത്തെ വേറെ വിധത്തിലും ഉണ്ടാക്കാം. അതിന്റെ മാര്‍ഗ്ഗം കാണിക്കുന്നു:
ആലും ചേര്‍ന്നുള്ള ഭൂതാന്ത- മവധാരകഭാവിയും നിയോജകപ്രകാരത്തിന്- മധ്യമത്തിനു തുല്യമാം.
ഭൂതരൂപത്തില്‍ ആലും എന്നു ചേര്‍ത്തു പ്രയോഗിച്ചാല്‍ അതു് നിയോജകമധ്യമപുരുഷന്റെ ഫലം ചെയ്യും. ആദരവോടു പറയുന്നിടത്തും കവിതകളിലും മാത്രമേ ഇതിനു് ഉപയോഗമുള്ളു. അതുപോലെതന്നെ ഉൗ എന്ന അവധാരകഭാവിയേയും നിയോഗത്തിനു പകരം ഉപയോഗിക്കാം. ഇതു് മധ്യമത്തില്‍ മാത്രമല്ല, പ്രഥമപുരുഷനിലും കാണാറുണ്ടു്. ഉദാ:
""മധുരമൊഴി ശാരികേ! വന്നാലും നീ! ""കേട്ടാലുമിത്തരുണി മേനകയെന്ന വാനോര്‍- മട്ടോലുമുക്തിമണി തള്ളിയ പിള്ളയത്ര. ""കൂട്ടേണം, കളവൂ പിന്നേ ശേഷം വാങ്ങൂ ഭവേതു് സുഖാത്
ആവൂ ചേര്‍ന്നാല്‍ ഭൂതരൂപ- മാംശസാര്ത്ഥം കുറിച്ചിടും.
ഭൂതകാലത്തില്‍ "ആവൂ' എന്ന അവധാരകഭാവിരൂപം ചേര്‍ത്താല്‍ ആശംസ അര്‍ത്ഥം ജനിക്കും. ഉദാ:
അവനെ മണ്ടിയണഞ്ഞൊന്നു പൂണ്ടുതാവു- കൃ.ഗാ. മുല ഞാനണച്ചാവൂ- ദമയ.നാ. ചേവടി രണ്ടുമെന്‍ മൗലിയില്‍ ചേര്‍ത്തുതാവൂ- കൃ.ഗാ.
ആശിസ്സര്ത്ഥത്തിനു നടു- വിനയെച്ചം സ്വയം മതി.
നടുവിനയെച്ചത്തെത്തന്നെ ആഖ്യാതത്തിന്റെ സ്ഥാനത്തു പ്രയോഗിച്ചാല്‍ ആശിസ്സര്ത്ഥമുണ്ടാകും. ഇതിനു് "ആശാസകപ്രകാരം' എന്നു നാമകരണം ചെയ്യാം. മുന്‍പ്രസ്താവിച്ചതുപോലെ ഇതു് തമിഴിലുള്ളതാണ്; തമിഴ്വ്യാകരണത്തില് ഇതിനു് "വിയംകോള്' എന്നു പേര്. ഉദാ:
""ഗുണനിധി ഗുരുനാഥനും സദാ മേ തുണയരുളീടുക കാവ്യബന്ധനാര്‍ത്ഥം. ""ആരേ്യ! വേഷം ധരിച്ചു കഴിഞ്ഞാല്‍ ഇങ്ങോട്ടു വരികതന്നെ