കേരളപാണിനീയം - പ്രയോഗപ്രകരണം

അഴകു്, പൊക്കം, മിടുക്കു് മുതലായ ഗുണങ്ങള്‍ ഒരികികലും വേര്‍പിരിയാതെ താന്‍താങ്ങളുടെ അവലംബമായ ഗുണിയെ എങ്ങനെ ആശ്രയിച്ചു നില്ക്കുന്നുവോ അങ്ങനെ ഉണ്ണുക, ഉറങ്ങുക, ഇരിക്കുക മുതലായ ക്രിയകളും തങ്ങളുടെ ആശ്രയങ്ങളായ കാരകങ്ങളില്‍ തങ്ങിനില്ക്കുന്നു. അനേകം ഗുണങ്ങളുള്ളവനായ ഒരുവനെ നാം സുന്ദരന്‍, നെട്ടന്‍, മിടുക്കന്‍ എന്നു വ്യവഹരിക്കുമ്പോള്‍ അവനിലുള്ള മറ്റു ഗുണങ്ങളെ ഗൗനിക്കാതെ പ്രകൃതഗുണങ്ങള്‍ക്കു മാത്രം പ്രധാന്യം കല്പിക്കുന്നതുപോലെ ക്രിയയെ പ്രയോഗിക്കുമ്പോള്‍ അതിന്റെ ആശ്രയങ്ങളായ കാരകങ്ങളില്‍ ഒന്നിനു മാത്രം ഇതരാപേക്ഷയാ പ്രധാന്യം വിവക്ഷിക്കപ്പെടുന്നു. കാരകങ്ങളിലൊക്കെയുംവെച്ചു് പ്രധാനി കര്‍ത്താവാകയാല്‍ അക്കാരകമാണു് പ്രായേണ മുന്നിട്ടു വരുന്നതു്. മറ്റു കാരകങ്ങളെയും പ്രധാനമായി വിവക്ഷിക്കുന്നതിനു് വിരോധം ഇല്ല. ഉദാ:

കുതിര ഒാടുന്നു- കര്‍ത്തൃപ്രധാനം. ശാകുന്തളം കാളിദാസനാല്‍ നിര്‍മ്മിക്കപ്പെട്ടു- കര്‍മ്മപ്രധാനം. ഇൗപേന നല്ലവണ്ണം എഴുതും- കരണപ്രധാനം. ഉരുളി ഇടങ്ങഴി അരി വയ്ക്കും- അധികരണപ്രധാനം.

ഒരു ധാതുവിനെ ഉപയോഗിക്കുമ്പോള്‍ ഏതു കാരകത്തിനു പ്രധാന്യം വിവക്ഷിക്കുന്നുവോ ആ കാരകത്തില്‍ ആ ധാതുവിനു പ്രയോഗം എന്നു് വെയാകരണന്മാര്‍ വ്യവഹരിക്കുന്നു. ഇങ്ങനെ കര്‍ത്തരിപ്രയോഗം, കര്‍മ്മണി പ്രയോഗം, കരണേപ്രയോഗം ഇത്യാദി സംജ്ഞകള്‍ കാക. ഇൗവിധം കാരകം ഉള്ളിടത്തോളവും പ്രയോഗവും വരാം. എങ്കിലും സാധാരണമായി കര്‍ത്തരിപ്രയോഗത്തെയും കര്‍മ്മ-ണി-പ്ര-യോ-ഗ-ത്തെയും മാത്രമേ സ്വീകരിച്ചിട്ടുള്ളു. അതിലേക്കു് കാരണമെന്തന്നാല്‍- ഇവയില്‍ കര്‍മ്മണിപ്രയോഗത്തില്‍ മാത്രമേ ധാതുവിനു് രൂപഭേദം വരുന്നുള്ളു. കരണേപ്രയോഗം മുതലായതു് വളരെ അപൂര്‍വ്വമാണ്; ഉള്ളവയ്ക്കു് കര്‍ത്തരിപ്രയോഗത്തെക്കാള്‍ രൂപത്തില്‍ ഒരു വിശേഷവും ഇല്ലതാനും. അത്രതന്നെയുമല്ല- കരണേ പ്രയോഗാദിയില്‍ കരണാദികള്‍ക്കു് കര്‍ത്തൃത്വം വിവക്ഷിച്ചിരിക്കയാണെന്നു് പറഞ്ഞുനില്ക്കുകയും ചെയ്യാം. എന്നുവേണ്ട, കര്‍മ്മണി പ്രയോഗത്തില്‍ത്തന്നെയും കര്‍മ്മത്തെ കര്‍ത്താവാക്കുകയാണെന്നും, അതിനാല്‍ ഭാഷയില്‍ കര്‍ത്തരിപ്രയോഗം ഒന്നേ ആവശ്യപ്പെടുന്നുള്ളു എന്നും കാരകപ്രകരണത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്; എങ്കിലും രൂപവ്യവസ്ഥചെയ്യുന്നതില്‍ കര്‍ത്തരിപ്രയോഗം, കര്‍മ്മണിപ്രയോഗം എന്നു രണ്ടുവിധങ്ങളെ സ്വീകരിച്ചേ തീരു എന്നു് അവിടെയും പ്രസ്താവിച്ചിട്ടുണ്ടു്.

ഇതു രണ്ടും കഴിച്ചു് ഭാവേപ്രയോഗം എന്നു മൂന്നാമതൊന്നിനെക്കൂടി സ്വീകരിക്കാം; എന്നാല്‍ അതു് സംസ്കൃതരീതിയില്‍നിന്നു വളരെ വ്യത്യസ്തമാണു്. കാരങ്ങളിലൊന്നിനും വിശേഷാല്‍ പ്രാധാന്യം കല്പിക്കാതെ സാക്ഷാല്‍ ക്രിയയെ, അതാവിതു്, ഭാവത്തെത്തന്നെ പ്രധാനമാക്കി ഉപയോഗിക്കുന്നതു് ഭാവേപ്രയോഗം.

ഉദാ: "എനിക്കു വിശക്കുന്നു, ദാഹിക്കുന്നു; കായം മണക്കുന്നു; ഇൗശ്വരന്‍ ഉണ്ട്; രാമസ്വാമിക്കു നിധി കിട്ടി; കുംഭകര്‍ണ്ണനു് ഉറങ്ങണം.

രൂപത്തില്‍ തട്ടുന്നതായ അര്‍ത്ഥഭേദമേ വ്യാകരണത്തിനു സാക്ഷാദ്വിഷയമാകൂ എന്ന അഭിപ്രായത്തിന്‍പേരില്‍ ഇൗവക വിശേഷങ്ങളെ വെയാകരണന്‍ ഗൗനിക്കാറില്ല. രൂപത്തെ സ്പര്‍ശിക്കുന്ന കര്‍മ്മണിപ്രയോഗത്തെ മാത്രം നിര്‍ദ്ദേശിക്കുന്നു:

അകാരമാത്രകനടു- വിനയെച്ചത്തിനപ്പുറം പ്രയോഗിപ്പൂ പെടുക-യെ; അതു കര്‍മ്മണിരൂപമാം.

അ എന്നു മാത്രമായിട്ടുള്ള നടുവിനയെച്ച പ്രത്യയം ചേര്‍ത്തുണ്ടാക്കിയ ധാതുരൂപത്തില്‍ പെടു് എന്ന ധാതുവിനെ അനുപ്രയോഗിച്ചാല്‍ കര്‍മ്മണി പ്രയോഗം ഉളവാകും. ഉദാ:

പറ- പറയപ്പെടുന്നു, പറയപ്പെട്ടു, പറയപ്പെടണം ഇത്യാദി. കാ- കാണപ്പെടുന്നു. ചെയ്-ചെയ്യപ്പെടുന്നു. ഇട്- ഇടപ്പെടുന്നു.

കര്‍മ്മണിപ്രയോഗം ഭാഷാശെലിക്കു ചേര്‍ന്നതല്ല; അതിനാല്‍ വെചിത്ര്യത്തിനും സന്ദേഹനിവാരണത്തിനും മറ്റും മാത്രമേ അതിനെ ഉപയോഗിക്കാവൂ. കര്‍മ്മണിപ്രയോഗം ശോഭിക്കുന്നതു് ഇന്നയിന്ന ദിക്കില്‍ എന്നു് "സാഹിത്യസാഹ്യ'ത്തില്‍ തീര്‍ച്ചപ്പെടുത്തിയിട്ടുള്ളതും നോക്കുക.