കേരളപാണിനീയം - പ്രയോജകപ്രകൃതി

പ്രയോജകപ്രകൃതി എന്നും കേവലപ്രകൃതി എന്നും ധാതുക്കള്‍ പ്രകൃതി എന്ന ഇനത്തില്‍ രണ്ടുവിധം ഉണ്ടെന്നു പറഞ്ഞുവല്ലോ. അതില്‍ കാലപ്രകാരാദികളില്‍ ഉണ്ടാകുന്ന രൂപഭേദം കേവലപ്രകൃതിയില്‍ ഇരിക്കുന്ന ധാതുവില്‍ പറഞ്ഞു കഴിഞ്ഞു. പ്രയോജകപ്രകൃതിയിലും കാലാദ്യുപാധികളെ സംബന്ധിച്ചിട്ടുള്ള രൂപങ്ങളെല്ലാം തുല്യംതന്നെ. കേവലധാതുവിനെ പ്രയോജകപ്രകൃതിയില്‍ ആക്കാനുള്ള മാര്‍ഗ്ഗംമാത്രം നിര്‍ണ്ണയിക്കേണ്ടതുണ്ട്; അതിനാരംഭിക്കുന്നു. പ്രയോജകപ്രകൃതി ഉണ്ടാക്കേണ്ടതെങ്ങനെ?

പ്രയോജകം ജനിച്ചീടു- മി, പ്പി, ത്തു പ്രത്യയങ്ങളാല്‍.

കേവലധാതുവില്‍ "ഇ', "പ്പി', "ത്തു' എന്ന മൂന്നു പ്രത്യയങ്ങളില്‍ ഒന്നു ചേര്‍ത്താല്‍ പ്രയോജകപ്രകൃതിയുണ്ടാകും. ഇന്ന ധാതുവിനു് ഇന്നതെന്നു മേലാല്‍വിവേചനം ചെയ്യും. അതിനുമുമ്പേ പ്രയോജകപ്രകൃതിയില്‍ രൂപനിര്‍ണ്ണയത്തിനുവേണ്ടി കാരിതാകാരിതഭേദം പറയുന്നു.

ഇ പ്പി രണ്ടും ചേര്‍ന്ന ധാതു- വെല്ലാം കാരിതമാണുപോല്‍.

ഇ, പ്പി, ത്തു, എന്നു് മൂന്നു പ്രത്യയം പറഞ്ഞതില്‍ ആദ്യത്തെ രണ്ടും സ്വരാന്തമാകയാല്‍ അവയ്ക്കു് കാരിതാകാരിതഭേദത്തിനു വകയുണ്ടു്. സന്ദേഹം തീര്‍ക്കാനായിട്ടു് രണ്ടും കാരിതങ്ങളാണെന്നു വിധിക്കുന്നു. ത്തു് വൃഞ്ജനാന്തമാകയാല്‍ അതില്‍ ഇൗ വിഭാഗത്തിനു് പ്രസക്തിയേ ഇല്ല. ഇനി ഇന്ന ധാതുവിനു് ഇന്ന പ്രത്യയം എന്നു വിഷയവിഭാഗം ചെയ്യാം:

കാരിതത്തില്‍ പ്പി ശേഷത്തി- ലെല്ലാറ്റിനുമികാരവും.

കേവലപ്രകൃതിയില്‍ കാരിതമായ ധാതുവിനു് പ്രയോജകരൂപം ഉണ്ടാക്കാന്‍ പ്പി എന്നു പ്രത്യയം ചേര്‍ക്കണം. ശേഷം എല്ലാ ധാതുക്കള്‍ക്കും അകാരിതമായാലും ശരി, കാരിതഭേദമില്ലാത്ത വൃഞ്ജനാന്തമായാലും ശരി: ഇ എന്നു പ്രത്യയം. എന്നാല്‍ അകാരിതങ്ങള്‍ക്കും വൃഞ്ജനാന്തങ്ങള്‍ക്കും ചില വ്യത്യസ്തങ്ങള്‍ ഉടനെ പ്രസ്താവിക്കും; അതുകള്‍ ഒഴിച്ചുള്ളവയ്ക്കേ ഇ പ്രത്യയം കാണുകയുള്ളു. ഉദാഹരണം:

കാരിതം

അകാരിതം കളിക്കുന്നു കളിപ്പിക്കുന്നു സ്വരാന്തം: കേള്‍ക്കുന്നു കേള്‍പ്പിക്കുന്നു കളയുന്നു കളയിക്കുന്നു ചേര്‍ക്കുന്നു ചേര്‍പ്പിക്കുന്നു പണിയുന്നു പണിയിക്കുന്നു തോല്‍ക്കുന്നു തോല്‍പിക്കുന്നു

വൃഞ്ജനാന്തം: ഒാടുന്നു ഒാടിക്കുന്നു ചൊല്ലുന്നു ചൊല്ലിക്കുന്നു

അകാരിതത്തിനു് ഇ വരുന്നതില്‍ വ്യത്യസ്തം:

ഇ പ്രത്യയം വേണ്ട, ധാതു ജഡകര്‍ത്തൃകമാവുകില്‍, പ്രയോജകാര്‍ത്ഥം കാണിക്കാന്‍ കാരിതീകരണം മതി. അകാരിതങ്ങള്‍ക്കു് "ഇ' എന്ന പ്രത്യയമാണല്ലോ പറഞ്ഞത്; എന്നാല്‍ ധാതു ജഡകര്‍ത്തൃകമാണെങ്കില്‍- എന്നുവെച്ചാല്‍, അചേതനമായ ജഡവസ്തു ചെയ്യുന്ന ക്രിയയാണു് ധാതുവിന്റെ അര്‍ത്ഥം എന്നുവരികില്‍- പ്രത്യയം ചേര്‍ക്കാതെ ധാതുവിനെ കാരിതമാക്കിയാല്‍ മതി. അകാരിതത്തെ കാരിതമാക്കുന്നതുകൊണ്ടുതന്നെ പ്രയോജകത്തിന്റെ അര്‍ത്ഥം ജനിച്ചുകൊള്ളും. ഉദാ:

ഉടയുന്നു പൊടിയുന്നു അരയുന്നു ചേരുന്നു ഉടയ്ക്കുന്നു പൊടിക്കുന്നു അരയ്ക്കുന്നു ചേര്‍ക്കുന്നു

ഇവിടെ ഉടയുക, പൊടിയുക, അരയുക, ചേരുക എല്ലാം ജഡവസ്തുക്കള്‍ ചെയ്യുന്ന ക്രിയയാകുന്നു. പണിയുക, കളയുക മുതലായവ ചേതനക്രിയകളാകയാല്‍ അതുതള്‍ക്കു് "പണിയിക്ക, കളയിക്ക' എന്നു് ഇ വേണം; ഉടയുക, പൊടിയുക മുതലായവ അചേതന ക്രിയകളാകയാല്‍ ഉടയ്ക്കുക, പൊടിക്കുക എന്നു് പ്രത്യയം കൂടാതെ ഇരുന്നാല്‍ മതി.

ജഡകര്‍ത്തൃകങ്ങളായ വൃഞ്ജനാന്തത്തിനും വിശേഷം പറയുന്നു:

ഖരാദേശമിരട്ടിപ്പും വൃഞ്ജനാന്തജഡത്തിന്

വൃഞ്ജനാന്തധാതുവും ജഡകര്‍ത്തൃകമായാല്‍ ഇ പ്രത്യയം വേണ്ട; ഖരാദേശവും ദ്വിത്വവും മതി. അന്ത്യവൃഞ്ജനം ഇരട്ടിച്ചാല്‍ പ്രയോജകാര്‍ത്ഥം ഉളവാകും; ആ വൃഞ്ജനം അനുനാസികമാണെങ്കില്‍ അതിനെ പൊരുത്തം നോക്കി ഖരമാക്കുകയും കൂടി വേണമെന്നര്‍ത്ഥം. ഉദാ:

മൂടുന്നു മൂട്ടുന്നു (ചേതനകര്‍ത്തൃകമായാല്‍) മൂടിക്കുന്നു ആടുന്നു ആട്ടുന്നു ആടിക്കുന്നു മുങ്ങുന്നു മുക്കുന്നു മുങ്ങിക്കുന്നു പൊങ്ങുന്നു പൊക്കുന്നു പൊങ്ങിക്കുന്നു

പ്രയോജ്യകര്‍ത്താവു തന്റെ മനസ്സോടുകൂടിയോ കൂടാതെയോ പ്രയോജക കര്‍ത്താവിന്റെ നിര്‍ബന്ധംകൊണ്ടു് ഒരു ക്രിയ ചെയ്യുമ്പോള്‍ ആ കര്‍ത്താവു് സചേതനനെങ്കിലും അചേതന പ്രായനാകുന്നതിനാല്‍ അവ്വണ്ണമുള്ള ക്രിയയും ഇവിടെ അചേതനകര്‍ത്തൃകം തന്നെ. ഉദാ:

തൂങ്- തൂക്കുന്നു; മടങ്-മടക്കുന്നു.

തുങ്ങിച്ചാവുകയും, മടങ്ങുകയും പ്രായേണ കര്‍ത്താവിനു് സമ്മതമാവാത്തതിനാല്‍ ഇൗ ധാതുക്കള്‍ അചേതന കര്‍ത്തൃകങ്ങള്‍തന്നെ; ഇങ്ങനെ അചേതനകര്‍ത്തൃകത്വം വിവക്ഷാവുസാരിയാകയാല്‍ പ്രയോജ്യന്‍ പ്രയോജകപ്രരണനിമിത്തം ഉദാസീനനായി ചെയ്യുന്ന ക്രിയയും ചിലപ്പോള്‍ അചേതനകര്‍ത്തൃകമായി വിവക്ഷിക്കുമാറുണ്ടു്. ഉദാ:

ഉൗണ്‍- ഉൗട്ടുന്നു; തീന്‍- തീറ്റുന്നു; കാണ്‍- കാട്ടുന്നു; കാണിക്കുന്നു.

"കാട്ടിപ്പിക്കുന്നു, ഉൗട്ടിപ്പിക്കുന്നു, പറയിപ്പിക്കുന്നു, നീക്കിപ്പിക്കുന്നു. കളയിപ്പിക്കുന്നു' ഇത്യാദി അര്‍ത്ഥവിവക്ഷകൂടാതെ രണ്ടും മൂന്നും പ്രയോജകപ്രത്യയങ്ങളെ ചിലര്‍ പ്രയോഗിക്കുന്നതു പിഷ്ടപേഷംപോലെ അനാവശ്യകവും പൊട്ടുപോലെ അഭംഗിയും ആകുന്നു. എന്നാല്‍,

തേ തേയുന്നു, തേയ്ക്കുന്നു, തേപ്പിക്കുന്നു; കായു് കായുന്നു, കാച്ചുന്നു; കാച്ചിക്കുന്നു.

ഇത്യാദി ഇരട്ടിച്ച പ്രയോജകാര്‍ത്ഥം വിവക്ഷിക്കുന്ന പ്രയോജകങ്ങള്‍ക്കു് ഒരു അസാധുത്വവുമില്ല. ഇവിടെ "തേയ്ക്കുന്നു' എന്ന പ്രയോജകപ്രത്യയം വന്നപ്പോള്‍ ധാതു കാരിതമായിത്തീര്‍ന്നതിനാല്‍ രണ്ടാമതു പ്രയോജകപ്രത്യയം ചെയ്യുന്നതു് കാരിതത്തിനു വരുന്ന പ്പി പ്രത്യയമാകുന്നുവെന്നറിക.

ഇനി പൊതുവേയുള്ള രണ്ടു വ്യത്യസ്തങ്ങളെ നിര്‍ദ്ദേശിക്കുന്നു:

ര-ല-ളാന്തങ്ങള്‍, ഴാന്തങ്ങള്‍ അവന്തങ്ങളുമുള്ളതില്‍ ഏതാനും ധാതുവില്‍ ചേര്‍ന്നു കാണും ത്തു പ്രത്യയം പുനഃ.

ര, ല, ള, ഴ ഒാഷ്ഠ്യമായ അകാരം ഇത്രയും വര്‍ണ്ണങ്ങളില്‍ അവസാനിക്കുന്ന ധാതുക്കളില്‍ ഏതാനും ചിലതുകള്‍ക്കാണു് ത്തു എന്ന പ്രത്യയം. ഇതിനു ശരിയായ ഒരു നിയമം ചെയ്യുന്നതു ലഘുവല്ല. ത്തു ജഡപ്രയോജകമാണ്; ദ്വിത്വഖരാദേശങ്ങള്‍ക്കു സൗകര്യക്കുറവുള്ള മധ്യമാന്തങ്ങളില്‍ അതിനെ ഉപയോഗിക്ക എന്നാണു യുക്തി കല്‍പിക്കേണ്ടതു്.

ഉദാ: തുവരുന്നു - തുവര്‍ത്തുന്നു. നീളുന്നു - നീ (ള്ത്തു)ട്ടുന്നു. പകരുന്നു -പകര്‍ത്തുന്നു. ഉരുളുന്നു - ഉരു (ള്ത്തു)ട്ടുന്നു. അകലുന്നു-അക(ല്ത്തു)റ്റുന്നു. നടക്കുന്നു - നടത്തുന്നു. ചുഴലുന്നു- ചുഴ(ല്ത്തു)റ്റുന്നു. പരക്കുന്നു- പരത്തുന്നു. വീഴുന്നു - വീഴ്ത്തുന്നു നില്‍ക്കുന്നു- നിറുത്തുന്നു. താഴുന്നു- താഴ്ത്തുന്നു. ഇരിക്കുന്നു - ഇരിത്തുന്നു } വ്യത്യസ്തം വരുന്നു- വരുത്തുന്നു

ഏകമാത്രകമായുള്ള ടറാന്തമുവിയേറ്റിടും.

ഒറ്റയായ ഹ്രസ്യസ്വരം മാത്രമുള്ളതും ട എന്നോ റ എന്നോ ഉള്ള വര്‍ണ്ണത്തില്‍ അവസാനിക്കുന്നതും ആയ ധാതുക്കള്‍ക്കു് ഉവി എന്നാണു് പ്രയോജകപ്രത്യയം. ഇൗവക ധാതുക്കളെ ഉകാരം (സംവൃതം) ചേര്‍ത്തു് സ്വരാന്തമാക്കിയിട്ടുവേണം ഇ പ്രത്യയം ചെയ്യാന്‍ എന്നര്‍ത്ഥം. ഇങ്ങനെയുള്ള ധാതുക്കള്‍ക്കുതന്നെ ഭൂതരൂപത്തിലും വിശേഷം പറഞ്ഞിട്ടുണ്ടു്. വ്യഞ്ജനാന്തങ്ങള്‍ക്കു ഭൂതത്തില്‍ ഇ എന്നാണു പ്രത്യയം. ഇവയ്ക്കുമാത്രം തു പ്രത്യയമാണ്; അതു് പ്രകൃത്യന്തവര്‍ണ്ണത്തോടു ചേര്‍ന്നു ദ്വിത്വഫലവും കാട്ടും. അതുകൊണ്ടു് ഇവ സംവൃതാന്തങ്ങളാണോ എന്നു സംശയിപ്പാന്‍ ഇടയുണ്ടു്. ഇവയ്ക്കു് ഇങ്ങനെ പലയിടത്തും വ്യത്യസ്തരൂപം വരാനുള്ള കാരണം ശബ്ദോത്പത്തി പ്രകരണത്തില്‍ സ്പഷ്ടമാകും. ഉദാ:

വിടുന്നു വിടുവിക്കുന്നു (വാമൊഴിയില്‍ ചുരുങ്ങി) വിടീക്കുന്നു ഇടുന്നു ഇടുവിക്കുന്നു; ഇടീക്കുന്നു പെറുന്നു പെറുവിക്കുന്നു; പെറീക്കുന്നു

കെടുക എന്ന ധാതുവിനു് ഒരാളെപ്പറ്റി പറയുമ്പോള്‍ കെടുക്കുക എന്നും തീയെപ്പറ്റിയാണെങ്കില്‍ കെടുത്തുക എന്നും ആണു് പ്രയോജകരൂപം. ഇതു് ത്തു ജാത്യാജഡപ്രയോജകമാകയാലാകുന്നു.

പ്രയോജകപ്രകൃതിയിലെ രൂപനിഷ്പത്തിക്രമമെല്ലാം വിവരിച്ചു കഴിഞ്ഞല്ലോ. ഇനി അതിനെപ്പറ്റിയുള്ള ചില സിദ്ധാന്തങ്ങളെ വിമര്‍ശിക്കാം: പ്രയോജകരൂപങ്ങളെ സംബന്ധിച്ചിടത്തോളം, ധാതുക്കള്‍ ചേതനകര്‍ത്തൃകം, അചേതനകര്‍ത്തൃകം എന്നു രണ്ടിനമായിപ്പിരിയുന്നുവെന്നു നാം കണ്ടു. അചേതനമായ ജഡവസ്തു ചെയ്യുന്ന ക്രിയയാണു് ധാതുവിന്റെ അര്‍ത്ഥം എങ്കില്‍ പ്രയോജകാര്‍ത്ഥം കുറിക്കാന്‍ ഒരു പ്രത്യയത്തിന്റെ ആവശ്യമില്ല; കാരിതീകരണവും (അകാരിതത്തിന്), ദ്വിത്വഖരാദേശങ്ങള്‍ എന്ന പരസംക്രാന്തിസൂചകങ്ങളായ വര്‍ണ്ണവികാരങ്ങളും (വൃഞ്ജനാന്തങ്ങള്‍ക്ക്) മാത്രം ചെയ്താല്‍ മതി. ഇതില്‍നിന്നു നാം ഗ്രഹിക്കേണ്ടതെന്ത്? ചേതന ധര്‍മ്മമാണു് പ്രയോജകവ്യാപാരം ; പ്രയോജ്യകര്‍ത്താവുതന്നെയാണു് ക്രിയ ചെയ്യുന്നത്; പ്രയോജകകര്‍ത്താവു് അവനെ പ്രരിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. അപ്പോള്‍ പ്രയോജ്യന്‍ ജഡനാണെങ്കില്‍ അവനെ പ്രയോജകന്‍ പ്രരിപ്പിക്കുന്നതെങ്ങനെ? മന്ത്രി, രാജ്യം സ്വയം ഭരിക്കാന്‍ ശക്തനാണു്. രാജാവു് അവനെ ഉപദേശ നിയന്ത്രണാദികള്‍കൊണ്ടു് ഭരണക്രിയയില്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മതി. അതുകൊണ്ടു ഭരിപ്പിക്ക ശരിയായ പ്രയോജകമാണു്. അതുപോലെയല്ല, "കാറ്റു് മരം ഇളക്കുന്നു' എന്നിടത്തെ "ഇളക്കുക' കാറ്റു വാക്കിനു മരം തനിയേ ഇളകുന്നു.' എന്നിടത്തെ ഇളക്കുക' കാറ്റു വാക്കിനു മരം തനിയേ ഇളക്കുന്നു' എന്നല്ലാതെ പ്രയോജകനായ കാറ്റു് വരുതി കൊടുക്കയും അതിന്‍പ്രകാരം പ്രയോജ്യനായ മരം പ്രവൃത്തിചെയ്കയും ഒന്നും ഇവിടെ തെളിയുന്നില്ല. ഇളക്കുക പ്രയോജകമാണെങ്കില്‍ തുറക്കുകയും പ്രയോജകമാകരുതോ? മരത്തില്‍ ഇളക്കമുണ്ടാകുന്നതിനു് കാറ്റു് എന്തു പ്രവൃത്തിചെയ്യുന്നോ ആ പ്രവൃത്തി കതകും മറ്റും തുറക്കുന്ന ആളുടെ കെയും ചെയ്യുന്നുണ്ടു്. ഇളകുക- ഇളക്കുക എന്നപോലെ തുറവുക (അല്ലെങ്കില്‍ തുറകുക) തുറക്കുക എന്ന വിധത്തില്‍ രൂപം കാണുന്നില്ലെന്നു മാത്രമേ ഭേദമുള്ളു. തുറക്കുക എന്ന ക്രിയയ്ക്കു് ഒരു കര്‍മ്മത്തിന്റെ അപേക്ഷയുള്ളതിനാല്‍ അതിനെ നാം സകര്‍മ്മകക്രിയ എന്നു പറയാറുണ്ടു്. അതുപോലെ ഇളക്കുക എന്നതിനെയും സകര്‍മ്മക്രിയ എന്നു പറഞ്ഞാല്‍ മതിയാകും. കര്‍മ്മാപേക്ഷകൂടാതെ ഇളകുക എന്നു മാത്രമായിട്ടും ആ ക്രിയയെ കാണിക്കാം. അതുപോലെ തുറവുക എന്നു് അകര്‍മ്മരൂപം കാണുന്നില്ലെങ്കില്‍ അതു് ഒരു യദൃച്ഛാവിലാസമെന്നേ വരികയുള്ളു. അതുകൊണ്ടു് അചേതനകര്‍ത്തൃകക്രിയകള്‍ക്കു പറഞ്ഞ പ്രയോജകം ശരിയായ പ്രയോജകമല്ല, അകര്‍മ്മക്രിയയെ സകര്‍മ്മകമാക്കാനുള്ള മാര്‍ഗ്ഗമെന്നു പറകയാണു് അധികം നന്നു് എന്നു വരുന്നു. അകര്‍മ്മകധാതുവില്‍ ക്രിയ കര്‍ത്താവില്‍ത്തന്നെ വിശ്രാന്തമായിട്ടു നിലച്ചു പോകുന്നു; സകര്‍മ്മത്തില്‍ അതു് കര്‍ത്താവിനെക്കവിഞ്ഞു് കര്‍മ്മത്തിലേക്കു സംക്രമിക്കുന്നു. ഇതാണല്ലോ സകര്‍മ്മകാകര്‍മ്മകങ്ങളുടെ വ്യത്യാസം. പരസംക്രാന്തിയെ സൂചിപ്പിക്കുന്നതിനുള്ള ഉപായം ഖരാദേശവും ഇരട്ടിപ്പും ആണെന്നു് ഇതിനുമുമ്പു് സ്ഥാപിച്ചിട്ടുണ്ടു്. ജഡക്രിയകളില്‍നിന്നു് പ്രയോജകം ഉണ്ടാക്കുന്നതിനുള്ള മാര്‍ഗ്ഗവും ഇൗ ദ്വിത്വഖരാദേശങ്ങള്‍ തന്നെയാണു് പല ദിക്കിലും. അതുകൊണ്ടു് ഇളകുക എന്നപോലുള്ള അകര്‍മ്മകധാതുക്കള്‍ക്കു് ഇളക്കുക എന്നപോലെ ഒരു സകര്‍മ്മരൂപം വേറെ ഉണ്ടെന്നു പറകയാണു് യുക്തം; അല്ലാതെ അവയെ കേവലപ്രയോജകകൃതികളായിട്ടു ഗണിക്കയല്ല. ഇൗ സ്ഥിതിക്കു ധാതുക്കള്‍ക്കു് രൂപഭേദം വരുന്നതിനു പറഞ്ഞ കാലപ്രകാരാദികളായ ഇനങ്ങളുടെ കൂട്ടത്തില്‍ സകര്‍മ്മകാകര്‍മ്മകഭേദത്തെക്കൂടി ഒരു പുതിയ ഉപാധിയായി ഗണിക്കണമെന്നു വരുന്നു: അങ്ങനെ ചെയ്കതന്നെയാണു് ന്യായം; ഇൗ ഉപാധിക്കു് കര്‍മ്മയോഗം എന്നു പേരും കൊടുക്കാം. സംസ്കൃതം മുതലായ ആര്യഭാഷകളിലെ പതിവനുസരിച്ചാണു് ഇവിടെ കര്‍മ്മയോഗം എന്ന ഉപാധിയെ പ്രയോജകം എന്ന ഉപാധിയില്‍ത്തന്നെ ഉള്‍പ്പെടുത്തിയതു്. എന്നാല്‍ ഇൗ അംശത്തില്‍ ആര്യഭാഷകള്‍ക്കും ദ്രാവിഡഭാഷകള്‍ക്കും തമ്മില്‍ വ്യത്യാസമുണ്ടു്. സംസ്കൃതത്തില്‍ "വായുര്‍ വൃക്ഷം ചാലയതി (= വായു വൃക്ഷത്തെ ഇളക്കുന്നു) എന്നു് ജഡ ധാതുവിനും, "രാജാ മന്ത്രിണാ രാജ്യം ശാസയതി' (= രാജാവു് മന്ത്രിയെക്കൊണ്ടു രാജ്യം ഭരിപ്പിക്കുന്നു) എന്നു് ചേതനധാതുവിനും രൂപത്തില്‍ വിശേഷമില്ല. ദ്രാവിഡത്തില്‍ അതുപോലെയല്ല ; ക്രിയ ചേതനകര്‍ത്തൃകമാകയാല്‍ പാടിക്കുന്നു ഇത്യാദിപോലെ ഇ എന്നോ, ഭരിപ്പിക്കുന്നു എന്നപോലെ പ്പി എന്നോ പ്രയോജകപ്രത്യയം വേണം. അചേതനകര്‍ത്തൃകത്തിനാകട്ടെ, പരസംക്രാന്തി ദേ്യാതിപ്പിക്കുന്നതിനുള്ള വര്‍ണ്ണവികാരങ്ങളേ ഉള്ളു; ഏതാനും ധാതുക്കള്‍ക്കു് ത്തു എന്നൊരു പ്രത്യയവും ഉണ്ടു്. അപ്പോള്‍ (1) കാരിതീകരണം (2) ഖരാദേശത്തോടു കൂടിയോ തനിയേയോ അന്ത്യദ്വിത്വം (3) ത്തു പ്രത്യയയോഗം ഇങ്ങനെ മൂന്നു മാര്‍ഗ്ഗങ്ങളാണു് അകര്‍മ്മകത്തെ സകര്‍മ്മകമാക്കാന്‍ ഉള്ളതു്. കാരിതത്തിനു് പ്പി എന്നും ശേഷമെല്ലാത്തിനും ഇ എന്നും പ്രത്യയങ്ങള്‍ പ്രയോജകപ്രകൃതിയെ ഉളവാക്കുന്നു. ഇങ്ങനെ പ്രയോജകം, കര്‍മ്മയോഗം എന്നു രണ്ടായി പിരിച്ച ഉപാധികള്‍ക്കു് വിഷയവിവേചനം സിദ്ധിച്ചു.

എന്നാല്‍ കര്‍മ്മയോഗം എന്നൊരു പുതിയ ഉപാധി കല്പിക്കുന്നതില്‍ പലേ ദുര്‍ഘടങ്ങളും വന്നു ചേരുന്നു. സ്വരാദിപ്രത്യയങ്ങളില്‍ ക്കു അംഗപ്രത്യയവും ഭൂതതുകാരത്തിനു് ഇരട്ടിപ്പും കര്‍മ്മയോഗത്തിന്റെ ലക്ഷണങ്ങള്‍ ആണല്ലോ. ഇതുപോലെ അകര്‍മ്മകധാതുക്കളിലും കാണുന്നുണ്ടു്. എങ്ങനെ എന്നാല്‍,

പിട - പിടയ്ക്കുന്നു, പിടച്ചു. മൂ- മുക്കുന്നു, മൂത്തു. തോല്- തോല്ക്കുന്നു, തോറ്റു. വിറ - വിറയ്ക്കുന്നു, വിറച്ചു. വിയര്‍ - വിയര്‍ക്കുന്നു, വിയര്‍ത്തു.

അതിനാല്‍ ഇച്ചൊന്ന ലക്ഷണമുള്ള ധാതുവെല്ലാം സകര്‍മ്മകം എന്നു പറവാന്‍ പാടില്ല. ഇൗ ലക്ഷണമില്ലാത്ത ധാതുക്കള്‍ സകര്‍മ്മമായിട്ടു കാണുന്നുമുണ്ട്:

കട - കടയുന്നു, കടഞ്ഞു. തുടരു് - തുടരുന്നു, തുടര്‍ന്നു. അറി -അറിയുന്നു, അറിഞ്ഞു. ചൊല്ല്- ചൊല്ലുന്നു, ചൊന്നു.

ഇങ്ങനെ താര്‍ക്കികന്മാര്‍ പറയുന്ന അന്വയവ്യാപ്തിയും വ്യതിരേകവ്യാപ്തിയും ഇല്ലാത്തതിനാല്‍ ക്കു യോഗവും ഭൂതതുകാരദ്വിത്വവും സകര്‍മ്മകത്തിന്റെ ലക്ഷണങ്ങാകുന്നതല്ല. ഉക്തക്രിയകൊണ്ടു് പലേ അകര്‍മ്മങ്ങളെയും സകര്‍മ്മങ്ങളാക്കാമെന്നേ ഉള്ളു. അതിനാല്‍,

ചേരുന്നു - ചേര്‍ന്നു. ചേര്‍ക്കുന്നു- ചേര്‍ത്തു. അരയുന്നു- അരഞ്ഞു അരയ്ക്കുന്നു- അരച്ചു.

ഇത്യാദിപോലെ രണ്ടുവിധരൂപവും ഉള്ള ധാതുക്കളില്‍ ക്കുവും തുകാര ദ്വിത്വവും ഉള്ള രൂപം സകര്‍മ്മകം, മറ്റേതു് അകര്‍മ്മകം എന്നു തീരുമാനിക്കാം എന്നല്ലാതെ ക്കു യോഗദ്വിതങ്ങള്‍ സകര്‍മ്മലക്ഷണങ്ങളാണെന്നു സാമാന്യവിധി ചെയ്യുന്നതിനു മാര്‍ഗ്ഗമില്ല. അകര്‍മ്മകധാതുക്കള്‍ക്കു് സകര്‍മ്മകരൂപവും, മറിച്ചു് സകര്‍മ്മകങ്ങള്‍ക്കു് അകര്‍മ്മകരൂപവും കാണുന്നതു് ഇടക്കാലത്തുണ്ടായ ഒരു വ്യതിയാനമാണെന്നു കല്പിക്കുന്നതിനു് നമുക്കു് തക്കതായ ലക്ഷ്യങ്ങളും കിട്ടീട്ടില്ല. അതുകൊണ്ടു് ഇവിടെ അര്‍ത്ഥമല്ല, രൂപമാണു് പ്രമാണം. ഇൗ ദുര്‍ഘടംകൊണ്ടു ധാതുക്കളെ സകര്‍മ്മകാകര്‍മ്മകങ്ങള്‍ എന്നു വിഭാഗിക്കാതെ കാരിതാകാരിതങ്ങള്‍ എന്നു വിഭാഗിക്കേണ്ടി വന്നു. കര്‍മ്മമുണ്ടായാലും ശരി, ഇല്ലാഞ്ഞാലും ശരി, ക്കു് യോഗവും, തുകാരദ്വിത്വവും ഉള്ള ധാതുകാരിതം; ഇൗ വിശേഷം ഇല്ലാത്തതു് അകാരിതം.

ഇങ്ങനെ സകര്‍മ്മകാകര്‍മ്മകവിഭാഗം യോജിക്കാതെവന്നതില്‍ ആ വിഭാഗത്തെക്കൂടി പ്രയോജകത്തില്‍ത്തന്നെ ഉള്‍പ്പെടുത്തീട്ടു് പ്രയോജകത്തിനു് ചേതനപ്രയോജകം, അചേതനപ്രയോജകം എന്നൊരു വിഭാഗം കല്പിക്കേണ്ടിവന്നു. അപ്പോള്‍ സകര്‍മ്മകരൂപംതന്നെ അചേതനപ്രയോജകമായി "തേയുന്നു' എന്നു് അകര്‍മ്മകമായ കേവലപ്രകൃതി; തേയ്ക്കുന്നു' എന്നു് അതിന്റെ സകര്‍മ്മകം അചേതന പ്രയോജകം,"തേപ്പിക്കുന്നു' എന്നു് ഇരട്ടിച്ച പ്രയോജകം ചേതനം. ഇൗ വിഭാഗത്തില്‍ സകര്‍മ്മകാകര്‍മ്മകഭേദമുള്ള ധാതുക്കള്‍ക്കു് ഇരട്ടിപ്പടിയായി പ്രയോജകപ്രകൃതി വരുമെന്നേ ഉള്ളു.

രൂപനിഷ്പത്തി അര്‍ത്ഥനിബന്ധനമല്ലായ്കയാല്‍ ചേതനകര്‍ത്തൃകം, അചേതന കര്‍ത്തൃകം എന്നവിഭാവും സര്‍വ്വത്രികമല്ലെന്നു് എടുത്തു പറയേണ്ടതില്ല.

ഉണ്ണുക - ഉൗട്ടുക; തിന്നുക - തീറ്റുക; കയറുക - കയറ്റുക; ഉറങ്ങുക - ഉറക്കുക; കാണുക - കാട്ടുക; മടങ്ങുക - മടക്കുക.

ഇത്യാദികളായി അനേകം ഉദാഹരണങ്ങള്‍ നോക്കുക. ഇതു് ചേതന കര്‍ത്തൃകത്തിനു് അചേതനകര്‍ത്തൃകത്തിന്റെ രൂപം വന്നതിനുള്ള ലക്ഷ്യമാണു്. മറിച്ചുള്ളതിനും അപൂര്‍വ്വമായിട്ടെങ്കിലും ഉദാഹരണങ്ങള്‍ ഇല്ലാതില്ല:

മിന്നുക- ചൂട്ടു മിന്നിക്കുന്നു. പെയ്യുക- മഴ പെയ്യിക്കുന്നു., പറ്റുക - പൊടി പറ്റിക്കുന്നു.

എന്നാല്‍ ഇ പ്രത്യയത്തിനു് ചേതനപ്രവൃത്തി കുറിക്കാന്‍ ഒരു വിശേഷശക്തിയുണ്ടെന്നു് താഴേക്കാണിക്കുന്ന പ്രയോഗങ്ങള്‍ ബോദ്ധ്യപ്പെടുത്തും:

മൂടു് - കുപ്പായത്തിന്റെ കീറല്‍ മൂട്ടുന്നു ശവം മൂടിക്കുന്നു ആടു് -വാല്‍ ആട്ടുന്നു ദാസിയെ ആടിക്കുന്നു വീഴു് - വെള്ളം വീഴ്ത്തുന്നു കുട്ടിയെ വീഴിക്കുന്നു ചമ - ഗ്രന്ഥം ചമയ്ക്കുന്നു കന്യകയെ ചമയിക്കുന്നു

ഇങ്ങനെ രണ്ടു അര്‍ത്ഥം വരുന്നിടത്തുള്ള രൂപഭേദം ചൂണ്ടിക്കാണിക്കേണ്ടതുള്ളതുകൊണ്ടു് ചേതനാചേതനവിഭാഗം ഉപേക്ഷിക്കാവുന്നതല്ല. ചേതനം, അചേതനം എന്ന കല്പന വിവക്ഷാധീനമാകായാല്‍, ഉദാസീനമായോ നിര്‍ബന്ധം നിമിത്തമായോ ഉള്ള ചേതനന്റെയും പ്രവൃത്തിയെ അചേതനക്രിയയായി ഗണിക്കാമെന്നു പറഞ്ഞിട്ടുള്ളതും നോക്കുക. അതിനാല്‍ നപുംസകനാമങ്ങള്‍ക്കു് പ്രതിഗ്രാഹികാവിഭക്തി വേണ്ടെന്നു വയ്ക്കാനുള്ള യുക്തിതന്നെയാണു് പ്രയോജകചിഹ്നമായ ഇപ്രത്യത്തെ ഉപേക്ഷിക്കുന്നതിനുള്ള യുക്തിയും എന്നു സമാധാനപ്പെടാം. ക്കു യോഗാദികള്‍ അചേതനപ്രയോജകം. ഇ ചേതനപ്രയോജകം. ഇപ്പി ദ്വിഗുണപ്രയോജകം. അതിലും പ്രത്യയം ഇ എന്നുതന്നെ. പ്രയോജകത്തിനെല്ലാം കാരിതരൂപം വേണ്ടതിനാല്‍ രണ്ടു് ക്കു വരുന്നതില്‍ ആദ്യത്തേതിനു് പ്പു എന്നു് ആദേശം ചെയ്യുന്നുവെന്നേ ഉള്ളു. ഇൗ ആദേശം ഉ, ഇന്‍, ആന്‍ (കേള്‍പ്പു, കേള്‍പ്പിന്‍, കേള്‍പ്പാന്‍) എന്ന മറ്റു പ്രത്യയങ്ങളില്‍ക്കൂടി ഉള്ളതുമാണല്ലോ. പ്രയോജകന്‍ ചെയ്യുന്ന പ്രരണയുടെ ബലമനുസരിച്ചാണു് പ്രയോജകപ്രകൃതിയില്‍ രൂപനിഷ്പത്തി. ക്രിയാഫലത്തെ കര്‍മ്മത്തില്‍ സംക്രമിപ്പിക്കുന്നതുപോലെ ദുര്‍ബ്ബലമായ ഒരു പ്രവൃത്തിയേ ഉള്ളു എങ്കില്‍ ക്കു യോഗദ്വിത്വാദി വികാരങ്ങള്‍ മതി; അതില്‍ കടന്നതായ ഒരു ചേതനവ്യാപാരം വിവക്ഷിതമാണെങ്കില്‍ ഇ എന്ന പ്രത്യയം കൂടി ചേര്‍ക്കണം. പ്രരിപ്പിക്കുന്നവനെ പ്രരിപ്പിക്ക എന്നു് ഇരട്ടിപ്പടിയായി പ്രരണയുണ്ടെങ്കില്‍ ഒാരോന്നിനും വേറെ വേറെ ഇ എന്നു പ്രത്യയം വേണം. ക്കു യോഗദ്വിത്വാദിവികാരങ്ങള്‍ പ്രരണാര്‍ത്ഥവിവക്ഷയില്ലാ ത്തിടത്തുകൂടി പലേ ധാതുക്കളിലും വന്നുചേര്‍ന്നിട്ടുണ്ടു്. സ്വാര്‍ത്ഥത്തില്‍ത്തന്നെ പ്രയോജകരൂപമുള്ള ഇൗ ധാതുക്കളെ കാരിതം എന്നൊരിനം കല്പിച്ചു് അതില്‍ ചേര്‍ത്തിരിക്കുന്നു. ക്കു ചേരുന്നതു് സ്വരാന്തങ്ങളിലും ചില്ലന്തങ്ങളിലും മാത്രമേ ഉള്ളു. അതുകൊണ്ടു് കാരിതാകാരിതവിഭാഗവും അതുകള്‍ക്കു മാത്രമേ ഉള്ളു. വൃഞ്ജനാന്തങ്ങളില്‍ ക്കുവിന്റെ സ്ഥാനത്തു് ഖരാദേശദ്വിത്വങ്ങള്‍ ഉണ്ടെങ്കിലും ക്കു പോലെ അതുകള്‍ സ്വാര്‍ത്ഥത്തില്‍ വന്നിട്ടുള്ള ലക്ഷ്യങ്ങള്‍ കാണുന്നില്ല. ത്തു എന്നതു് പ്പു പോലെ ക്കുവിന്റെ സ്ഥാനത്തു വരുന്ന ഒരിടനിലയേ ഉള്ളുവെന്നു് പ്രഥമദൃഷ്ടിയില്‍ തോന്നാം. ചേരുന്നു- ചേര്‍ക്കുന്നു എന്നപോലെയാണല്ലോ വീഴുന്നു-വീഴുത്തുന്നു എന്ന രൂപോല്‍പ്പത്തിയും. എന്നാല്‍ ഭൂതരൂപത്തില്‍ ഭേദം വരുന്നുണ്ടു്. "ചേര്‍ക്കുന്നു' എന്ന പ്രയോജകത്തിനു് ഭൂതം "ചേര്‍ത്തു' എന്ന "തു' പ്രത്യയം കൊണ്ടായിരിക്കെ "വീഴ്ത്തുന്നു' എന്നതിനു് "വീഴ്ത്തി' എന്നു് ഇകാരംകൊണ്ടാണു്. സ്വരാന്തങ്ങള്‍ക്കും ചില്ലന്തങ്ങള്‍ക്കും തുപ്രതൃയം; പൂര്‍ണ്ണവൃഞ്നാന്തങ്ങള്‍ക്കു് "ഇ' പ്രത്യയം എന്നാണു് ഭൂതരൂപത്തില്‍ നിയമം കാണുന്നത്; ആ സ്ഥിതിക്കു് ത്തു പ്രത്യയംതന്നെ എന്നു വിചാരിക്കേണ്ടിയിരിക്കുന്നു. ത്തു ഒരു പ്രത്യയമാകുമ്പോള്‍ "വീഴ്ത്ത്' എന്ന പ്രയോജകപ്രകൃതി വൃഞ്ജനാന്തമായി പ്പോയതിനാല്‍ ഭൂതകാലത്തില്‍ ഇ പ്രത്യയം വരുന്നു എന്നു് സാമാധാനം സുലഭമാണു്. "ത്ത്' പ്രത്യയമാണെന്നുള്ളതിനു് സംശയമില്ല. എഴുതുന്നു, കരുതുന്നു, പൊരുതുന്നു ഇത്യാദികളില്‍ കാണുന്ന പ്രത്യയം തന്നെ ഇരട്ടിച്ചതാണിതു്. ശബ്ദോല്‍പ്പത്തിപ്രകരണത്തില്‍ വിവര്‍ത്തന പ്രക്രിയ നോക്കുക. പരസംക്രാന്തിയുള്ളതിനാല്‍ ഇരട്ടിക്കേണ്ടിവന്നു.