പ്രകൃതവശാല്‍ മുമ്പുതന്നെ പ്രസ്താവിച്ചിട്ടുള്ളതുപോലെ മറ്റു ധാതുക്കളെ സഹായിപ്പാനായി അതിനടുത്തു പരമായി പ്രയോഗിക്കുന്ന ധാതുവാകുന്നു അനുപ്രയോഗം. ആയതു മൂന്നു മാതിരിയുണ്ടു്. 1) ഭേദകാനുപ്രയോഗം 2) കാലാനുപ്രയോഗം, 3) പുരണാനുപ്രയോഗം. ധാതുവിന്റെ സ്വന്താര്‍ത്ഥത്തില്‍ ചില വിശേഷാര്‍ത്ഥങ്ങളെ ചേര്‍ക്കുന്നതു് ഒന്നാമത്തേതു്. ഭൂതാദികാലത്രയത്തില്‍ ചില താരതമ്യം ചെയ്യുന്നതു രണ്ടാമത്തേതു്. ഖിലങ്ങളെ പൂരിപ്പിക്കുന്നതു മൂന്നാമത്തേതു്. സംസ്കൃതത്തിലെ ഉപസര്‍ഗ്ഗങ്ങളുടെ സ്ഥാനമാകുന്നു ഭേദകാനുപ്രയോഗം വഹിക്കുന്നതു്. എന്നാല്‍ പ്രഹരം, ആഹാരം, സംഹാരം, വിഹാരം, പരിഹാരം എന്നു പ്രാദ്യുപസര്ഗ്ഗങ്ങള് ഹൃ- ധാതുവിന്റെ അര്‍ത്ഥത്തെ പ്രകൃത്യര്ത്ഥത്തോടു ലേശം സംബന്ധമില്ലാത്തവിധം ഭേദപ്പെടുത്തുന്നതു പോലെ അനുപ്രയോഗങ്ങള്‍ ഒരിക്കലും ചെയ്യുന്നില്ല. സംസറകൃതത്തില് ഗമു് എന്ന ധാതുവിനു ഗമിക്കുക, പോക എന്നര്‍ത്ഥമാകുന്നു. അതില്‍ "സം' ഉപസര്‍ഗ്ഗം ചേര്‍ത്താല്‍ സംഗമിക്കുക (കൂടിച്ചേരുക) എന്നര്ത്ഥമായിത്തീരും. അതിന്മണ്ണം നിര്‍ഗ്ഗമിക്കുക- വെളിയില്‍ പോകുക എന്നര്‍ത്ഥമാകുന്നു. ഇൗ മാതിരിയുള്ള അര്ത്ഥഭേദമാണു് അനുപ്രയോഗങ്ങള്‍ ഉണ്ടാക്കുന്നതു്. എങ്ങനെയെന്നാല്‍, പൊയ്ക്കളയുന്നു = പ്രയാസംകൂടാതെ പോകുന്നു; പൊയ്പ്പോകുന്നു= അറിയാതെ പോകുന്നു ഇത്യാദി.
- ഖിലധാതുക്കളുടെ രൂപങ്ങള്‍
അതിനാല്‍ അനുപ്രയോഗധാതുക്കള്ക്കു് ഉപസര്ഗ്ഗധാതുക്കളെന്നും വേണമെങ്കില്‍ പേരിടാം. ഇതുകൂടാതെ സംസ്കൃതത്തിലെ ലൃങു്, ലിങു് മുതലായ ചില ലകാരങ്ങളുടെ അര്‍ത്ഥം കാണിക്കുന്നതിനും ഭാഷയില്‍ അനുപ്രയോഗം ഉപയോഗപ്പെടുന്നു. ഇൗ വകയാകുന്നു കാലാനുപ്രയോഗം എന്നു പറയപ്പെട്ടവ. പോകുമായിരുന്നു, പോയേക്കും ഇത്യാദി ഇതിന്നുദാഹരണങ്ങള്. പൂരണാനുപ്രയോഗം ഏധാം ചക്ര, ചോരയാമാസ എന്നതുപോലെ സംസ്കൃതത്തിലുമുണ്ടു്. അധികം നടപ്പുള്ള അനുപ്രയോഗങ്ങള്‍ താഴെ കാണിച്ചിട്ടുള്ളവയാണു്. ഉദാഹരണം:
1) കൊള് 5) കള 9) ഇരി 13) കൂട് 2) ഇടു് - ഇൗടു് 6) കൊടു 10) പോ 14) കഴി 3) ഏ (വെയ്ക്കുക) 7) തരു് 11) വരു് 15) തീര് 4) വിടു് (ഉൗട്) 8) അരുളു് 12) പോരു് 16) ചമ (അല്ലെങ്കില്‍ പോട്)
വിനയെച്ചം ചേര്‍ച്ചപോലെ പ്രാക്പ്രയോഗത്തിലൊക്കവേ.
ഏതു ധാതുവിനെ സഹായിപ്പാനായി അനുപ്രയോഗം ചെയ്യുന്നുവോ ആ ധാതുവിനു പ്രാക്പ്രയോഗം എന്നുപേര്. ആ പ്രാക്പ്രയോഗത്തിനു് അര്ത്ഥയോജനയ്ക്കു തക്കവണ്ണം മുന്‍വിനയെച്ചം, പിന്‍വിനയെച്ചം, നടുവിനയെച്ചം എന്നു മൂന്നുമാതിരി വിനയെച്ചങ്ങളുള്ളതിലൊന്നു വരും. അര്ത്ഥയോജനയാവിത്- അനുപ്രയോഗത്തെക്കുറിച്ചു പ്രക്പ്രയോഗം ഭൂതമെങ്കില്‍ മുന്‍വിനയെച്ചം, ഭാവിയെങ്കില്‍ പിന്‍വിനയെച്ചം, രണ്ടുമല്ലാതെ മദ്ധ്യസ്ഥമെങ്കില് നടുവിനയെച്ചം. ഉദാ:
പറഞ്ഞുപോയി, പറയാന്പോയി, പറകവേണം.
പ്രാക്പ്രയോഗം മുന്വിനയെച്ചമായി വരുന്ന സ്ഥലങ്ങളാണു് അധികം; പിന്വിനയെച്ചമായി വരുന്നവ അതില്‍ കുറയും; അതിലും കുറയും നടുവിനയെച്ചമായി വരുന്നവ.
ഇനി അനുപ്രയോഗങ്ങളുടെ അര്‍ത്ഥം സംക്ഷേപമായി വിവരിക്കുന്നു;
ഒന്നാംവക, ഭേദകാനുപ്രയോഗം
അതിലും 1-മതു് പ്രാക്പ്രയോഗം മുന്വിനയെച്ചമാകുമ്പോള് വരുന്നവ:
അനുപ്രയോഗേ മൂലാര്‍ത്ഥം ബീജത്തില്‍ തരുവെന്നപോല് ആരാഞ്ഞു നോക്കിയാല്‍ കാണാം നീണ്ടു നീണ്ടു മുളച്ചതായു്.
ഒരു വിത്തു വിതച്ചാല്‍ അതു് കിളുത്തു് ഇലകളായിച്ചമഞ്ഞു്, കൊമ്പുകള്‍ മുളച്ചു്, പൂത്തുകായ്ക്കുന്നതുപോലെ അനുപ്രയോഗങ്ങളില്‍ മൂലാര്‍ത്ഥം ഒാരോ അവസ്ഥാന്തരങ്ങളെ പ്രാപിച്ചുകാണുന്നു. അനുപ്രയോഗത്തിലര്ത്ഥംഭേദിച്ചു കാണുന്നതു് മൂലാര്‍ത്ഥം നീണ്ടുനീണ്ടുണ്ടായതാണെന്നു താല്പര്യം.
ശ്രാദ്ധം കഴിഞ്ഞാല്‍ ശേഷം കൊള്ളണം. കരിമ്പു തിന്നാന്‍ കൊള്ളാം. ശിഷ്യന് അടി കൊള്ളുന്നു. ഇത്യാദി സ്വതന്ത്രപ്രയോഗങ്ങളില് നിന്നു് വെളിപ്പെടുന്നതുപോലെ കൊള്ളുകയുടെ മൂലാര്‍ത്ഥം ആവശ്യമായിരിക്കുക, അനുഭവിക്കുക, യോഗ്യതയുണ്ടായിരിക്കുക ഇത്യാദിയാകുന്നു. അനുപ്രയോഗസ്ഥലങ്ങളിലും എത്രതന്നെ ദൂരമെങ്കിലും ഇൗ അര്ത്ഥങ്ങള്തന്നെ മുന്പിട്ടു നില്ക്കും. ബുദ്ധിമാന്മാര്‍ക്കിത്രയും കൊണ്ടു മതിയാകുന്നതിനാലും മന്ദന്മാര്‍ക്കു് എത്രതന്നെ വിസ്തരിച്ചാലും മനസ്സിലാവാന്‍ പ്രയാസമെന്നു ഭയന്നും ഇതിനെ ഉദാഹരണങ്ങളെക്കൊണ്ടു വെളിപ്പെടുത്താന്‍ ഇവിടെ ആരംഭിക്കുന്നില്ല. ഒാരോ അനുപ്രയോഗധാതുവിനും ഉപലക്ഷണാര്ത്ഥമായി ചില അര്‍ത്ഥങ്ങളും ഉദാഹരണങ്ങളും താഴെ കാണിച്ചിരിക്കുന്നു.
(1) കൊള്ളുക- (ഗ്രാമ്യം- ഒാള്) 1. സ്വയംപ്രവൃത്തി, 2. സേ്വാപയോഗം, 3. ചുമതല, 4. വിനയം, 5 നെരന്തര്യം, 6 സമ്മതം. ഉദാ:
1. പുത്രനും ഞാനും നിന്നോടുകൂടവേ ചത്തുകൊള്ളുന്നു. കേ-രാ.
(സ്വയംപ്രവൃത്തി) 2. എന്നോടുകൂടി പോന്നുകൊള്‍ക നീ. നള. (സേ്വാപയോഗം) 3. കാര്യം ഞാന്‍ സാധിച്ചുകൊള്ളാം. (ചുമതല) 4. വിവരം തിരുമനസ്സിറിയിച്ചു കൊള്ളുന്നു. (വിനയം) 5. ശിഷ്യന് പഠിച്ചുകൊണ്ടിരിക്കുന്നു (നെരന്തര്യം) 6. ഉടനെ പൊയ്ക്കൊള്ളണം. (സമ്മതം)
ഗ്രാമ പ്രയോഗത്തില്‍ കൊളു് പ്രായേണ ഒാളു് എന്നു സങ്കോചിക്കും:
കെട്ടുകൊള്ളു= കേട്ടോളൂ, നോക്കിക്കൊള്ളൂ= നോയ്ക്കോ-ളൂ.
(2) ഇട്- ഇൗട്- കവിതകള്‍ ഇതിനെ പ്രായേണ ഒരു അര്‍ത്ഥ വിശേഷവും കൂടാതെ സ്വാര്ത്ഥത്തില്ത്തന്നെ അനുപ്രയോഗിച്ചുവരുന്നു. എങ്കിലും മുന്വിനയെച്ചങ്ങളുടെയും ക്രിയാവിശേഷണങ്ങളുടെയും ദൃഢീകരണം (ഉറപ്പിക്കല്‍) ഇതിന്റെ ഒരു ഉപയോഗമെന്നു പറയാം. ഉദാ:
1. വേപ്പിന്റെ കയ്പു ശമിച്ചീടുമോ? - പഞ്ച. (സ്വാര്‍ത്ഥം) 2. പെരുവെള്ളം വന്നു ചിറ മുറിഞ്ഞാല്‍ അണകെട്ടീട്ടു ഫലമെന്ത്? - കേ-രാ. (ദൃഢീകരണം) 3. എന്നിട്ടു്, ആയിട്ടു് - (ക്രിയാവിശേഷണം)
ഇൗടുക എന്നതു കവികള്‍ ചെയ്ത ദീര്‍ഘമേ ഉള്ളു.
(3) വെയ്ക്കുക- ഗ്രാമ്യം- ഏക്കുക) 1. സ്വകൃത്യകരണം. 2. ഫലസന്ദേഹം, 3. ലാഘവം, 4. തല്ക്കാലവിരാമം. ഉദാ:
1. "സ്ത്രീയെ വിവാഹം ചെയ്യേപ്പു; ധര്‍മ്മത്തെ രക്ഷിച്ചേപ്പൂ.' കു് - ഉ. (സ്വകൃത്യകരണം) 2. ക്ഷണിച്ചേച്ചു പോന്നു - (ഫലസന്ദേഹം) 3. ഞാന്‍ വന്നേക്കാം - (ലാഘവം) 4. വിസ്താരം നിറുത്തിവെയ്ക്കുന്നു - (തല്ക്കാലവിരാമം) 5. ദശമിനാള്‍ വിദ്യ ആരംഭിച്ചുവെയ്ക്കണം - (തല്ക്കാലവിരാമം)
(4) വിടുക- (ഗ്രാമ്യം- ഉൗടുക) 1. ദൂത്യം, 2. ക്ഷണികത. ഉദ:
1. അമാത്യന്‍ തന്നുവിട്ടു. - ചാണ (ദൂത്യം) 2. കള്ളന് അടിച്ചേച്ചു പോയുട്ടൂ (ക്ഷണികത)
(5) കളക- (സംസ്കൃതം- നീരു്, അപ; ഇംഗ്ലീഷു് -ീളള) 1. നിശ്ശേഷത, 2. സാഹസം, 3. അനാസ്ഥ, 4. അനായാസം. ഉദാ:
1. ശത്രുക്കളെ തോല്പിച്ചുകളഞ്ഞു - (നിശ്ശേഷത) 2. ഹനുമാന് സമുദ്രം ചാടിക്കളഞ്ഞു - (സാഹസം) 3. സത്യം പറഞ്ഞുകളയണം - (അനാസ്ഥ) 4. കള്ളന് ഒാടിക്കളഞ്ഞു - (അനായാസം)
(6-7) കൊടുക്ക, തരിക- പരാര്ത്ഥപ്രവൃത്തി. ഉദാ:
1. മന്ത്രി രാജാവിനു രാജ്യം പിടിച്ചു കൊടുത്തു. 2. നീ എനിക്കു ബുദ്ധി പറഞ്ഞുതരേണ്ട.
(8) അരുള്‍- ബഹുമാനം (ആചാരം). ഉദാ:
1. എഴുന്നരുളുന്നു (എഴുന്നള്ളുന്നു.) 2. ഖേദമൊഴിച്ചരുളീടുക നീ - മ-ഭാ 3. മമ ശാപം തീര്‍ത്തരുള്‍ നീ - മ-ഭാ 4. കേട്ടരുളീ - കൃ- ഗാ 5. ദ്വാരത്തില്‍ പാര്ത്തുനിന്നരുളുന്നു - രാ- ച
(9) ഇരിക്ക- കാലാനുപ്രയോഗം- മേല്‍ വിവരിക്കും.
(10) പോക- (സംസ്കൃതം- അപ: ഇംഗ്ലിഷ്- ീളള, മംമ്യ) 1. പരിണാമം, 2. അനവധാനം, 3, അപ്രതീക്ഷിതസംഭവം, 4. അമ്പരപ്പു്. ഉദാ:
1. ഗൃഹമശേഷവും കൊടുത്തു പോയാന്‍ - നള. (പരിണാമം) 2. അവന് പരീക്ഷയില്‍ തോറ്റു പോയി - നള. (പരിണാമം) 3. ഞാന്‍ കള്ളം പറഞ്ഞു പോയി - (അനവധാനം) 4. ഇടയില്‍ ഒരു മുത്തു തങ്ങിപ്പോയി - (അപ്രതീക്ഷിതസംഭവം) 5. സ്തംഭിച്ചു നിന്നു പോയി - (അമ്പരപ്പ്)
(11) വരുക- 1. നിത്യത അല്ലെങ്കില്‍ പതിവു്, 2. ക്രമേണസിദ്ധി. ഉദാ :
1. ആണ്ടുതോറും ഉത്സവം നടത്തി വരുന്നു - (പതിവ്) 2. കലിക്കു ശക്തി കൂടി വരുന്നു - (ക്രമേണസിദ്ധി)
(12) പേരുക- പതിവു്. ഉദാ:
1. ഇത്രകാലം രക്ഷിച്ചുപോന്നിരിക്കുന്നു.
(13) കൂടുക 1. ക്രിയാസമാപ്തി, 2, ശക്തി, 3. സമ്മതം. ഉദാ:
1. സൂര്യന് അസ്തമിച്ചുകൂടുമ്പോള് ഇരുട്ടുവരുന്നു - (ക്രിയാസമാപ്തി) 2. കണ്ടു കൂടുന്നനേരം മ.ഭാ - (ക്രിയാസമാപ്തി) 3. ഞങ്ങള്‍ കര്‍മ്മമെല്ലാം മുടങ്ങിക്കൂടി കൃ.ഗാ - (ക്രിയാസമാപ്തി) 4. ഉള്ളതേ തന്നുകൂടു മ്മ ചാണ - (ശക്തി) 5. തമ്മില്‍ തമ്മില്‍ ബാന്ധവിച്ചു കൂടാ - (സമ്മതം)
(14, 15) കഴിയുക, തീരുക- ക്രിയാവസാനം. ഉദാ:
1. പറഞ്ഞു കഴിഞ്ഞതിന്റെ ശേഷം, 2. പറഞ്ഞുതീര്ന്നതിന്റെ ശേഷം; 3. കലിയുഗം മുഴുത്തുകഴിഞ്ഞില്ല; 4. ധര്‍മ്മം നശിച്ചുതീര്ന്നില്ല.
(16) ചമയുക- അവസ്ഥ.
1. തിരുവുടല്‍ വിറച്ചുചമഞ്ഞു മ.ഭാ 2. ദേഹം വളഞ്ഞുചമഞ്ഞു മ. ഭാ 3. പല വടിവും വന്നുചമഞ്ഞു നള.ച.തു.
2-ാമതു് പ്രാക്പ്രയോഗം, പിന്വിനയെച്ചമാകുമ്പോള് വരുന്നവ-
ഇൗ വകയില്‍ പ്രായേണ അകര്മ്മങ്ങളേ ഉള്ളു.
1. ഇരി, 2. പോ, 3. വര്- കേവലഭാവ്യര്ത്ഥം സ്വല്പഭേദങ്ങളോടെ. ഉദാ:
1. വരാനിരിക്കുന്നതു വരും 2. കാണാന്‍ പോകുന്ന പൂരം കേട്ടറിയേണമോ? 3. ഛര്‍ദ്ദിക്കാന്‍ വരുന്നു
4. പോര്- പര്യാപ്ത- (ശേഷി) ഉദാ:
രാമന് രാവണനെ ജയിക്കാന്‍ പോരും.
5. കൂട്- സൗകര്യം ഉദാ:
എനിക്കു വരാന്‍ കൂടുകയില്ല.
6. കഴി- ശക്തി, സാമര്‍ത്ഥ്യം, മനസ്സു്, ഉദാ:
എനിക്കു് ഇന്നു കളിപ്പാന്‍ കഴിയുകയില്ല.
അനുപ്രയോഗങ്ങളില്‍ മിക്കവയും സ്വതന്ത്രമായി പ്രയോഗിക്കുന്നവയാകയാല് അനുപ്രയോഗസ്ഥയുടെയും സ്വതന്ത്രപ്രയോഗാവസ്ഥയുടെയും മദ്ധേ്യ നിന്നുകൊണ്ടു കയ്യാലപ്പുറത്തെ തേങ്ങായുടെ മട്ടില്‍ ഏതു വശത്തേക്കു ചേരുന്നുവെന്നു തീരുമാനിപ്പാന്‍ പാടില്ലാത്തവയായ ചില ഉദാഹരണങ്ങളും കാണുന്നുണ്ടു്. അതിനാല്‍ ഇൗ പ്രകരണത്തെ ഇതിലധികം വിസ്തരിക്കുന്നില്ല.
3-ാമത്- പ്രാക്പ്രയോഗം നടുവിനയെച്ചമാകുമ്പോള് വരുന്നവ. ഇവ- "വേ', "ആ' (വിധായകാനുജ്ഞായകങ്ങളിലേ), "ഉള്" നിഷേധക ധാതുക്കള്‍ ഇത്യാദിയാകുന്നു. അവ അധികമെണ്ണമില്ല. ഉള്ളവയില്‍ മിക്കവയേയും അവിടെവിടെ പ്രസ്താവിച്ചിട്ടുമുണ്ടു്.
രണ്ടാം വക, കാലാനുപ്രയോഗം
അനാദ്യന്തമായ കാലത്തില്‍ ഭൂതമെന്നാല്‍ ഇന്നലെ നടന്ന സംഗതിയും, ആയിരം വര്‍ഷത്തിനു മുമ്പു നടന്നതുമാകാം. അതിന്മണ്ണം ഭാവിയും നാളത്തെ സംഗതിക്കും ആയിരം വര്‍ഷത്തിനപ്പുറത്തെ സംഗതിക്കും ഒരുപോലെ പറ്റും. ഇൗ മാതിരിയില്‍ കാലത്തിനുളവാകുന്ന ഭേദങ്ങളെ കുറിക്കുകയാകുന്നു കാലാനുപ്രയോഗങ്ങളുടെ പ്രവൃത്തി. കാലപ്രത്യയങ്ങള്‍ എല്ലാമാതിരി കാലങ്ങളേയും കുറിക്കുന്നതിനാല്‍ അവയുടെ അര്‍ത്ഥമായ കാലം സാമാന്യം അല്ലെങ്കില്‍ അപരിച്ഛിന്നമാകുന്നു; അപ-രി-ച്ഛി-ന്ന-ഭൂ-തം, അപ-രി-ച്ഛി-ന്ന-വര്‍ത്ത-മാനം, അപ-രി-ച്ഛിന്നഭാവി എന്നു്. അനുപ്രയോഗങ്ങളാല് ഉളവാകുന്ന പരിച്ഛേദമാവിത്:
1. ഇരിക്കുക- ഇരി ധാതുവിനെ അനുപ്രയോഗിച്ചാല്‍ അനുപ്രയോഗധാതു ഏതു കാലത്തില്‍ ഇരിക്കുന്നുവോ അക്കാലത്തിനു സ്വല്പം മുമ്പാണു് പ്രധാനക്രിയ നടന്നിരിക്കുന്നതെന്നു താല്പര്യം വരും. എങ്ങനെയെന്നാല്‍- വര്‍ത്തമാന പ്രയോഗത്തില്‍ ഭൂതപ്രായമായ വര്‍ത്തമാനത്തെയും ഭൂതപ്രയോഗത്തില് ഒരു നിര്ദ്ദിഷ്ടഭൂതത്തിനു മുന്‍പു കഴിഞ്ഞ ഭൂതത്തെയും, ഭാവിപ്രയോഗത്തില് വര്ത്തമാനപ്രായമായ ഭാവിയെയും കുറിക്കുന്നു. ഉദാ.
ആര്യാ! ഞാനിതാ വന്നിരിക്കുന്നു (ശാകു) (വന്നിട്ടു സ്വല്പം നേരമായി എന്നു താല്പര്യം) രാമന് രാവണവധത്തിനു മുന്‍പു ബാലിയെക്കൊന്നിരുന്നു. കാക്ക കരയുന്നു; രാത്രി കഴിഞ്ഞിരിക്കും.
അടുത്തു പറയുന്ന ഫലാനുവൃത്തി, അര്‍ത്ഥവും ഇതിനു ചിലേടത്തു കാണും.
പണ്ടു നീ ബാലിയെക്കണ്ടല്ലോ ഇരിക്കുന്നു- കേ.രാ. നിന്മഹിമകളെല്ലാം ഞാനറിഞ്ഞിരിക്കുന്നു -മ. ഭാ. (2) ഇട്ടുള്- ഫലാനുവൃത്തി, "ഇട്ടുണ്ട്' എന്നു് അനുപ്രയോഗിച്ചാലും കാലത്തിനു മുന്‍പറഞ്ഞ ഭേദം ഉണ്ടാകും; എന്നാല്‍ ഇതു ക്രിയയുടെ ഫലാവുവൃത്തിയെക്കൂടി പ്രകാശിപ്പിക്കും. ഉദാ:
ഞാന്‍ വ്യാകരണം പഠിച്ചിട്ടുണ്ടു്. (പഠിച്ചതിന്റെ ഫലം ഇപ്പോഴും തുടരുന്നുവെന്നര്‍ത്ഥം)
"ഉള്' ഖിലധാതുവാകയാല് ഭൂതത്തില്‍ "ഉണ്ടായിരുന്നു' എന്നും ഭാവിയില്‍ ഉണ്ടായിരിക്കും ' എന്നും രൂപമൂഹിക്കുക.
രണ്ടനുപ്രയോഗങ്ങളിലും ഫലാനുവൃത്തി പ്രായേണ കാണുന്നതിനാല്‍ ഇവ തമ്മിലുള്ള ഭേദം വളരെ സൂക്ഷ്മമാകുന്നു. വക്താവിനോ ശ്രാതാവിനോ ക്രിയാസിദ്ധിയില്‍ പ്രതിപത്തിയുണ്ടെങ്കില്‍ ഇട്ടുണ്ടു് കൊള്ളാം. ഒൗദാസീന്യമെങ്കില് ഇരി മതിയാകും. ആഭരണം തീര്പ്പിക്കാനാവശ്യപ്പെട്ടുകൊണ്ടിരിക്കുന്നവനോടു പറയുമ്പോള്‍ ""ഒരു തട്ടാന്‍ വന്നിട്ടുണ്ട്, ആഭരണം വല്ലതും തീര്‍പ്പിക്കാന്‍ ആവശ്യമുണ്ടോ എന്നനേ്വഷിക്കയാണെങ്കില് - ""ഒരു തട്ടാന്‍ വന്നിരിക്കുന്നു.
വേറെയും അതി സൂക്ഷ്മങ്ങളായ ഭേദങ്ങളുണ്ടാകുന്നവ പ്രയോഗങ്ങളില്‍ നിന്നു പ്രായേണ പരിചയം കൊണ്ടറിയേണ്ടവയാകുന്നു.
(3) ഉന്നുണ്ട്- വര്ത്തമാനത്തോടു് "ഉള്ളി'നെ അനുപ്രയോഗിച്ചാല്‍ ആ വര്‍ത്തമാനത്തിനു ദാര്‍ഢ്യം ഉണ്ടാകും. അതിനടുത്തിരിക്കുന്ന ഭൂതഭാവികള്ക്കു പ്രതീതി വരികയും ചെയ്യും. ഉദാ:
ഗുരു - ""നീയെന്തു മിണ്ടാതിരിക്കുന്നു? ശിഷ്യന് - ""ഞാന്‍ വായിക്കുന്നുണ്ടു്.
ഇതു് "ഞാന്‍ വായിക്കുന്നു' എന്നതിനെക്കാള്‍ വര്‍ത്തമാനത്തെ ഉറപ്പിക്കുന്നു.
രണ്ടു നാളുണ്ടു പട്ടിണി കിടക്കുന്നു - ശി.പു. (ഭൂതസ്പൃഷ്ടം) ഞാന്‍ ഒരു പുസ്തകം ഉണ്ടാക്കുന്നുണ്ടു് - (ഭാവിസ്പൃഷ്ടം)
ഒന്നാമതില്‍ രണ്ടുനാള്‍ മുമ്പു തുടങ്ങി സംസാരിക്കുന്ന ക്ഷണംവരെയുള്ള കാലം വര്ത്തമാനമായിത്തോന്നുന്നു. രണ്ടാമതില്‍ സംസാരിക്കുന്ന ക്ഷണം മുതല്‍ പുസ്തകം ഉണ്ടാക്കിത്തീരുന്ന ക്ഷണം വരെയുള്ള കാലം വര്‍ത്തമാനമായി സ്ഫുരിക്കുന്നു.
(4) കൊണ്ടിരി - കൊളു്, ഇരി ഇവയെ ഒരുമിച്ചു് അനുപ്രയോഗിച്ചാല്‍ ക്രിയയ്ക്കു് അനുബന്ധം (തുടര്‍ച്ച) സ്ഫുരിക്കും. ഉദാ:
"പഠിച്ചുകൊണ്ടിരിക്കുന്നു'= പഠിക്കയില് കുറച്ചുനേരമായി നിരന്തരം പ്രവര്ത്തിക്കുന്നുവെന്നര്ത്ഥം.
(5) ആയിരിക്കും - ആയിരിക്കും എന്നതിന്റെ അനുപ്രയോഗം എല്ലാ കാലങ്ങളിലും പ്രകാരങ്ങളിലും ഉൗഹത്തെ ദേ്യാതിപ്പിക്കും. ഉദാ:
പറയുന്നായിരിക്കും, പറഞ്ഞായിരിക്കും, പറയുമായിരിക്കും, പറയണമെന്നായിരിക്കും, പറയാമായിരിക്കും.
(6) ആയിരുന്നു - നിര്‍ദ്ദേശകത്തിന്റെ ഭാവികാലത്തിലും, അനുജ്ഞായകവിധായക പ്രകാരങ്ങളിലും ഇരിക്കുന്ന ഒരു ധാതുവിനോടു ചേര്‍ത്തു് "ആയിരുന്നു' എന്നനുപ്രയോഗിച്ചാല് ക്രിയാതിപത്തിയുണ്ടാകും. ക്രിയാതിപത്തി എന്നാല്‍ ക്രിയ വാസ്തവത്തില്‍ നടന്നില്ലെന്നുള്ള പ്രതീതി.
ഉദാ. ബാലി രാവണനെ കൊല്ലുമായിരുന്നു (പക്ഷേ, അതു നടന്നില്ലെന്നു താല്പര്യം). മഴ പെയ്തെങ്കില്‍ വിതയ്ക്കാമായിരുന്നു (രണ്ടം ഉണ്ടായില്ലെന്നു താല്പര്യം) കള്ളനെ ഉടന്‍ പിടിക്കണമായിരുന്നു (അപ്പോള്‍ പിടിച്ചില്ലെന്നു താല്പര്യം).
മൂന്നാംവക, പൂരണാനുപ്രയോഗം
ഇതു് എണ്ണത്തില്‍ ചുരുങ്ങും, ആവുകതന്നെ മുഖ്യം. ഉദാ: ഉള് - ഉണ്ട്- ഉണ്ടായി -ഉണ്ടാകും.
വരാമനുപ്രയോഗങ്ങള് മേല്ക്കുമേലും പിരിഞ്ഞുമായ്
അനുപ്രയോഗം വിവക്ഷപോലെയും അര്ത്ഥയോജനപോലെയും ഉപര്യുപരി പ്രയോഗിക്കാം. അനുപ്രയോഗങ്ങള്‍ പ്രാക്പ്രയോഗങ്ങള്ക്കു നേരെ പരമായിരിക്കണമെന്നു നിര്‍ബ്ബന്ധമില്ല; അവയുടെ മദ്ധേ്യ മറ്റു പദങ്ങള്‍ ഇരിക്കുന്നതിനു വിരോധമില്ല. എന്നാല്‍ ഇങ്ങനെ വരുന്നതു പ്രായേണ ചോദ്യങ്ങളിലാകുന്നു. ഉദാഹരണം:
കണ്ടാലിരക്കുന്ന ജനങ്ങളുണ്ടോ കപ്പാന്‍ മടിക്കുന്നു തരംവരുമ്പോള്‍? കൃ.ച. ഭക്തന്മാര്ക്കുണ്ടോ സങ്കടമുണ്ടാകുന്നു? മ.ഭാ. വണ്ടിണ്ടയെ പൂമലര്‍ ചെന്നു തെണ്ടിനടക്കുമാറുണ്ടോ കണ്ടു? കൃ.ഗാ.
കണ്ടുണ്ടോ= കണ്ടിട്ടുണ്ടോ. ഇവിടെ "ഇടുക'യെ സ്പഷ്ടതയ്ക്കു കുറവു വരായ്കയാല്‍ വിട്ടിരിക്കുന്നു. ഉദാ:
വൃത്താന്തമാരുണ്ടോ ധരിച്ചിട്ടു നള.ച. ഒന്നുണ്ടു ചെയ്യേണ്ടു നിങ്ങളെന്മക്കളേ ഭാര. പണ്ടു നീ ബാലിയെക്കണ്ടല്ലോ ഇരിക്കുന്നു കേ.രാ.
മേല്ക്കുമേല് വരുന്നതിന്: ""ആശാന് വന്നപ്പോള്‍ കുട്ടികള്‍ പഠിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
ഇവിടെ പഠിക്കുകയ്ക്കു് "കൊള്, ഇരി, ഉള്, ആ, ഇരി' എന്നു് അഞ്ചനുപ്രയോഗ ങ്ങളാകയാല്‍ സ്വാര്‍ത്ഥത്തേയും കുറിക്കുന്നു. അതിനാല്‍ ഇൗ സാംഗക്രിയാപദത്തില് നിന്നുണ്ടാകുന്ന ബോധം ഫലവ്യാപാരങ്ങളുടെ തുടര്ച്ചയുള്ളതായും ഒരു ഭൂതത്തെ (വരവ്) അപേക്ഷിച്ചു ഭൂതമായും ഇരിക്കുന്ന "പഠിക്കല്‍' എന്നാകുന്നു.
""പണിഞ്ഞുതീര്ന്നിട്ടുണ്ടായിരുന്നു
ഇതില്‍ പണിയുക മുഖ്യക്രിയ; തീരുക- ഭേദകാനുപ്രയോഗം; ഉണ്ട്- കാലാനുപ്രയോഗം; ആയിരിക്കുക- പൂരണാനുപ്രയോഗം. ഇങ്ങനെ മൂന്നുമാതിരി അനുപ്രയോഗവും മേല്ക്കുമേലായി വന്നിരിക്കുന്നു.
അനുപ്രയോഗങ്ങള്ക്കു് (വിശിഷ്യ കാലാനുപ്രയോഗങ്ങള്ക്ക്) പര്യായവും ചിലേടത്തു പറ്റും. ഉദാ:
വീണിരിക്കുന്നു= വീണുകിടക്കുന്നു; വന്നു നില്ക്കുന്നു= വന്നിരിക്കുന്നു.
കാലപ്രത്യയം കുറിക്കുന്ന കാലത്തിനു് അപരിച്ഛ്ഛിന്നം എന്നും "കൊണ്ടിരി' യുടേതിനു് അനുബന്ധി എന്നും "ഇട്ടുണ്ടി'ന്റേതിനും "ഇരി'യുടേതിനും ക്ലപ്തമെന്നും പേരിടാം. എങ്ങനെയെന്നാല്‍:
പറയുന്നു- അപരിച്ഛിന്നവര്ത്തമാനം. പറഞ്ഞുകൊണ്ടിരിക്കുന്നു- അനുബന്ധിവര്ത്തമാനം. പറഞ്ഞിട്ടുണ്ടു്, പറഞ്ഞിരിക്കുന്നു- ക്ലപ്തവര്ത്തമാനം. പറഞ്ഞ്കൊണ്ടിരിക്കുന്നുണ്ട്- അനുബന്ധിക്ലപ്തവര്ത്തമാനം.
ഏധാംചക്ര, ഏധാംബഭൂവ, ഏധാമാസ എന്നപോലെ സംസ്കൃതത്തിലെ അനുപ്രയോഗങ്ങളെല്ലാം പൂരണാനുപ്രയോഗങ്ങളാകുന്നു. I am writing, I have written, I have been writing എന്നപോലെ ഇംഗ്ലീഷിലെ അനുപ്രയോഗങ്ങളെല്ലാം കാലാനുപ്രയോഗങ്ങളു മാകുന്നു. ഉപസര്ഗ്ഗാനുപ്രയോഗം സ്ഥൂലദൃഷ്ടിയില്‍ ആര്യഭാഷകള്ക്കില്ലാത്തതായ ദ്രാവിഡത്തിലെ ഒരു വെലക്ഷണ്യമാകുന്നു.