കേരളപാണിനീയം - കാരകകൃത്തുക്കള്‍

കാരകൃത്തുകള്‍ ക്രിയയെ വിശേഷണമാക്കി അപ്രധാനീകരിച്ചും കൊണ്ടു് ആ ക്രിയാസിദ്ധിയില്‍ ഹേതുഭൂതങ്ങളായ കാരകങ്ങളില്‍ ഒന്നിനെ വിശേഷ്യമാക്കി പ്രാധാന്യദശയില്‍ കാണിക്കുന്നു. കാരകങ്ങളില്‍ മുഖ്യം കര്‍ത്താവാകയാലും, ശേഷം കാരകങ്ങളെ ഒക്കെയും വിവക്ഷപോലെ കര്‍ത്താവാക്കാവുന്നതിനാലും കര്‍ത്താവു് ഒന്നുമാത്രമേ കാരകകൃത്തിനര്‍ത്ഥമാവുന്നുള്ളു എന്നു വാദിക്കാം. എങ്കിലും ലാഘവത്തിനുവേണ്ടി എല്ലാ കാരകങ്ങളുടെ അര്‍ത്ഥത്തിലും കാരകൃത്തു വരുന്നുവെന്നുതന്നെ ഇവിടെ അംഗീകരിച്ചിരിക്കുന്നു.

അകാരംതാന്‍ ഇകാരംതാന്‍ കുറി കാരകകൃത്തിനു്.

കാരകകൃത്തില്‍ അ, ഇ എന്ന രണ്ടു പ്രത്യയങ്ങള്‍ വരും; അതും സൗകര്യം പോലെ ചേര്‍ക്കേണ്ടതും പ്രക്രിയയില്‍ അവ്യവസ്ഥിതവും ആകുന്നു. ഉദാ:

നൊണ- നൊണയ = നൊണയന്‍, നൊണച്ചി. ചതി- ചതിയ = ചതിയന്‍(വന്‍), ചതിച്ചി. കോട്- കോട = കോടന്‍ (പുംനപും സകതുല്യം) ഉരുള്‍- ഉരുള = ഉരുളന്‍ ടി തുവര്- തുവര = തുവരന്‍ ടി തെണ്ട്- തെണ്ടി ടി മൊണ്ട്- മൊണ്ടി ടി

ഇവ കര്‍ത്ത്രര്‍ത്ഥങ്ങള്‍ക്കുദാഹരണങ്ങള്‍. ഇനി കര്‍മ്മാദ്യര്‍ത്ഥങ്ങള്‍ക്ക്:

അരി- അരിപ്പന്‍(കരണത്തില്‍); അട- അടപ്പന്‍ (കര്‍മ്മത്തില്‍); താങ്ങ്- കാല്‍താങ്ങി(അധികരണത്തില്‍).

ഇ പ്രത്യയം സമാസമായിട്ടാണു് അധികം കാണുന്നത്:

മരം ചാടി = മരത്തില്‍ ചാടുന്ന വസ്തു

ആള്‍ കാടോടി = കാട്ടില്‍ ഒാടുന്ന വസ്തു

ആള്‍ മീന്‍കൊല്ലി = മീനിനെ കൊല്ലുന്ന വസ്തു

ആള്‍ കാറ്റാടി = കാറ്റില്‍ ആടുന്ന വസ്തു

ആള്‍ വായാടി = വാകൊണ്ടു് ആടുന്ന വസ്തു

ആള്‍ നിലംതല്ലി = നിലത്തു തല്ലുന്ന വസ്തു

ആള്‍ പാക്കുവെട്ടി = പാക്കിനെ വെട്ടുന്ന വസ്തു

ആള്‍ തീതോണ്ടി = തീയെ തോണ്ടുന്ന വസ്തു

ആള്‍ കഴുവേറി = കഴുവില്‍ ഏറേണ്ടുന്ന വസ്തു

ആള്‍ അടിച്ചുതളി = അടിച്ചുതളിക്കുന്ന വസ്തു

ആള്‍ ആനപ്പാറ്റി = ആനയെപാറ്റുന്ന വസ്തു

ആള്‍ നാണം കുണുങ്ങി = നാണംകൊണ്ടു കുണുങ്ങുന്ന വസ്തു

ആള്‍

കാരകാര്‍ത്ഥം പലേടത്തും കാണിക്കും കൃതികൃത്തുകള്‍

കൃതികൃത്തിന്റെ രൂപവും കാരകകൃത്തിന്റെ അര്‍ത്ഥവുംകൂടി വ്യാമിശ്രസമ്പ്രദായത്തിലും പ്രയോഗങ്ങളുണ്ടു്. ഇതെല്ലാ ഭാഷകളുടേയും സ്വഭാവം തന്നെ. ""കൃദഭി ഹിതോ ഭാവോ ദ്രവ്യവതു് പ്രകാശതേ എന്ന സംസ്കൃതനിയമം നോക്കുക. ലക്ഷണാവൃത്തിയാല്‍ ഉളവാകുന്ന അര്‍ത്ഥവികാസങ്ങളാണു് ഇവയെന്നും സമര്‍ത്ഥിക്കാം.