കേരളപാണിനീയം - സമാസപ്രകരണം

വിഭക്തിക്കുറി കൂടാതെ പദയോഗം സമാസമാം.

വിഭക്തികളുടെയും മറ്റും സഹായം കൂടാതെ ശബ്ദങ്ങളെ കേവലം കൂട്ടിച്ചേര്‍ക്കുന്നതിനാല്‍ത്തന്നെ അവയ്ക്കു തമ്മിലുള്ള സംബന്ധത്തെ കുറിക്കുകയാകുന്നു സമാസത്തിന്റെ സ്വാഭാവം. "തലയിലെ വേദന' എന്നു പറയുന്നതിനു പകരം "തല', "വേദന' എന്ന ശബ്ദങ്ങളെ കേവലം ഒരുമിച്ചു ചേര്‍ത്തു പറയുന്നതു് സമാസമാക്കുന്നു. ഇവിടെ ചേര്‍ന്നിരിക്കുന്ന രണ്ടുപദങ്ങള്‍ക്കും തമ്മിലുള്ള സംബന്ധം കുറിക്കുന്നതിനു സമാസം(കൂടിച്ചേരുക) അല്ലാതെ പ്രത്യയം മുതലായ കാര്യങ്ങള്‍ ഒന്നുമില്ല. സമാസത്തില്‍ മുന്നിരിക്കുന്ന പദത്തിനു് പൂര്‍വ്വപദമെന്നും പിന്നിരിക്കുന്നതിനു് ഉത്തരപദമെന്നും പേര്‍.

താമര രണ്ടു തരത്തിലുണ്ടു്. അതിനെ വേര്‍തിരിക്കുന്നതിനു വെളുത്തതാമര, ചെമന്ന താമര എന്നു പ്രതേ്യകിച്ചു പദംതിരിച്ചു കാണിക്കാന്‍ മടിച്ചു് സൗകര്യത്തിനുവേണ്ടി ഭേദകപ്രകൃതികളെത്തന്നെ നാമത്തോടു് പ്രത്യയംപോലെ ചേര്‍ത്തു് വെതാമര, ചെന്താമര എന്നു ശബ്ദയോഗങ്ങള്‍ ചമയ്ക്കുന്നു. അതിനുമേല്‍ ചെന്താമരയുടെ പൂവു് എന്നതിനുപകരം ആ പദങ്ങളെ കൂട്ടിച്ചേര്‍ത്തു് ചെന്താമരപ്പൂവെന്നും, പിന്നീടു് അതിന്റെ മണത്തിനു ചെന്താമരപ്പൂമണം എന്നും അതിനും ഉപരി മണം കൊഴുക്കെ ഉണ്ടെങ്കില്‍ ചെന്താമരപ്പൂമണക്കൊഴുപ്പു് എന്നും വ്യാധികരണമോ സമാനാധികരണമോ ആയ വിശേഷണവിശേഷ്യങ്ങളെ കൂട്ടിച്ചേര്‍ക്കുംതോറും പദയോഗം നീണ്ടുനീണ്ടുവരാം. ഇങ്ങനെ സൗകര്യത്തിനുവേണ്ടി വാചകത്തിന്റെ സ്ഥാനത്തു് പദങ്ങളെ മേല്ക്കുമേല്‍ കൂട്ടിച്ചേര്‍ക്കുന്നതാണു് സമാസം. സമാസിക്കുന്ന നാമങ്ങളില്‍ പൂര്‍വ്വപദം വിശേഷണമാണെന്നു കാണിക്കുന്നതിനു യോജിപ്പുനോക്കി പരസംക്രാന്തിസൂചകങ്ങളായ ദ്വിത്വഖരാദേശാദ്യുപായങ്ങളെ ഉപയോഗിക്കയും അംഗരൂപങ്ങളെ പ്രയോഗിക്കയുംചെയ്യാം. കാട്ടുപോത്തു്, ചെപ്പുക്കുടം, കൂവളത്തിന്‍വേരു് ഇത്യാദി ലക്ഷ്യങ്ങളില്‍ പൂര്‍വ്വപദം വിശേഷണമാണെന്നു രൂപംകൊണ്ടുതന്നെ സ്പഷ്ടമാകുന്നു.

വേറെ ചില ഉദാഹരണങ്ങളില്‍ അലിംഗനാമങ്ങള്‍ക്കു് ലിംഗം ചേര്‍ത്തു കാണുകയാല്‍ സമാസഘടകങ്ങളായ പദങ്ങള്‍ക്കും സ്വാര്‍ത്ഥത്തില്‍ വിശ്രാന്തി വരുന്നില്ല, പരാര്‍ത്ഥത്തില്‍ ആണു് അതുകളെ ഉപയോഗിച്ചിരിക്കുന്നതു് എന്നു തെളിയും. അപ്പോള്‍ അര്‍ത്ഥചേര്‍ച്ചയ്ക്കു തക്കവണ്ണം ആവകപ്പദങ്ങളെ പരാര്‍ത്ഥത്തില്‍ നാം അന്വയിക്കുന്നു. നാന്മുഖന്‍,ആനക്കൊമ്പന്‍, പേടക്കണ്ണി, അന്നനടയാള്‍ ഇത്യാദികള്‍ നോക്കുക. നാലുമുഖങ്ങള്‍ എന്നു മാത്രമേ വിവക്ഷയുള്ളുവെങ്കില്‍ "അന്‍' എന്ന പുല്ലിംഗപ്രത്യയം ചേര്‍ക്കാന്‍ പാടില്ല; അതുകൊണ്ടു് "നാലു', "മുഖം' എന്ന പദംരണ്ടും ഒരുപുരുഷനെ കുറിക്കണം. അപ്പോള്‍ അന്വയം ഉണ്ടാകാന്‍വേണ്ടി നാലു മുഖമുള്ളവന്‍ എന്ന അര്‍ത്ഥം സമാസത്തിനു നാം കല്പിക്കുന്നു.ആനക്കൊമ്പുപോലുള്ളതു് ആനക്കൊമ്പന്‍; പേടയുടെ കണ്ണുപോലെ കണ്ണുള്ളവള്‍ പേടക്കണ്ണി; അന്നത്തിന്റെപോലെ നടയുള്ളവള്‍ അന്നനടയാള്‍ ഇങ്ങനെ അന്യപദാര്‍ത്ഥപ്രധാനമായി വരുന്ന സമാസത്തിനു് "ബഹുവ്രീഹി' എന്നും മുന്നുദാഹരണങ്ങളിലെപ്പോലെ ഉത്തരപദം പ്രധാനമായുള്ളതിനു് "തല്‍പ്പുരുഷന്‍' എന്നും, താഴെ പറയാന്‍പോകുന്ന ഉഭയപദപ്രധാനത്തിനു് "ദ്വന്ദ്വന്‍' എന്നും പേരുകള്‍ അടുത്തു പറയും.

ഒരു വസ്തുവിനുതന്നെ ബഹുത്വം കാണിക്കുന്നതിനു പകരം, രണ്ടു വസ്തുക്കളെ കൂട്ടിച്ചേര്‍ത്തു ബഹുത്വം ചെയ്താല്‍ അതും ഇതും എന്നര്‍ത്ഥം കിട്ടാമല്ലോ. അച്ഛനും അമ്മയും എന്നു പറയുന്നതിനുപകരം അച്ഛനമ്മമാര്‍ എന്നു രണ്ടു വിശേഷ്യപദങ്ങളെ കൂട്ടിച്ചേര്‍ത്തു സമാസമുണ്ടാക്കാം.

ഇങ്ങനെയാണു് സമാസങ്ങളുടെ ഉത്ഭവം. ദ്രാവിഡങ്ങളില്‍ രണ്ടോ മൂന്നോ പദംചേര്‍ന്ന ചെറിയ സമാസങ്ങളേ ഉള്ളൂ; അതിനും പൂര്‍വ്വപദത്തിന്റെ വിശേഷണീഭാവം കാണിക്കുന്നതിനു ദ്വിത്വഖരാദേശങ്ങളോ അംഗരൂപമോ ഉപയോഗിക്ക പ്രായേണ ചെയ്യാറുണ്ടു്. അതുപോലെ പരാര്‍ത്ഥത്തിലുള്ള സമാസത്തിനു ലിംഗപ്രത്യയം കാണും. അതിനാല്‍ സമാസങ്ങളെ വേര്‍തിരിച്ചറിവാനും, വിഗ്രഹം എന്നു പറയുന്നതും സമാസാര്‍ത്ഥം വിവരിക്കുന്നതും ആയ വാചകത്തെ നിര്‍ണ്ണയിക്കാനും ഒട്ടുമേ ശ്രമമില്ല. എന്നാല്‍ സംസ്കൃതത്തിന്റെ അധികാരം മുഴുത്തതോടുകൂടി ആ ഭാഷയെ അനുകരിച്ചു ദീര്‍ഘദീര്‍ഘങ്ങളായ ഒറ്റസമാസങ്ങളെ മാത്രമല്ല, മിശ്രസമാസങ്ങളെയും മലയാളകവിള്‍ പ്രയോഗിക്കാന്‍ തുടങ്ങീട്ടുണ്ടു്.

"ഗന്തവ്യാ തേ വസതിരളകാ നാമ യക്ഷേശ്വരാണാം ബാഹേ്യാദ്യാനസ്ഥിതഹരശിരശ്ചന്ദ്രികാധൗതഹര്‍മ്മ്യാ'

എന്ന മേഘസന്ദേശശ്ലോകാര്‍ദ്ധത്തിന്റെ തര്‍ജ്ജമയില്‍ മൂലത്തെ അനുസരിച്ചും അനുകരിച്ചും,

"എന്‍തോഴര്‍ക്കയല്‍വാഴിശങ്കരമുടിത്തിങ്കള്‍ക്കിടാവിന്‍നിലാ-

വാടും മേടകളോടു മേവുമളകയ്ക്കാണങ്ങു പോകേണ്ടതും'

എന്നു ദീര്‍ഘസമാസം ചെയ്തിരിക്കുന്നതു നോക്കുക.

ഘടകപദങ്ങളുടെ ജാതിഭേദം പ്രമാണിച്ചു് സമാസങ്ങളെ താഴെ വിവരിക്കുന്നപ്രകാരം വിഭജിക്കാം:

1. ക്രിയാംഗം ക്രിയയോടു് - കൊണ്ടാടുക, രക്ഷിച്ചുകൊള്‍ക. 2. നാമം ക്രിയയോടു് - കെവെടിയുക, ഭേദമാവുക, നിലനില്ക്കുക. 3. നാമാംഗം നാമത്തോടു് - പെറ്റമ്മ. 4. നാമം നാമാംഗത്തോടു് - തേനോലുംവാണി. 5. നാമം നാമത്തോടു് - പൊല്ക്കുടം, രാമനാട്ടം. 6. ഭേദകം നാമത്തോടു് - വെചാമരം, ചെമ്പരത്തി.

ഘടകങ്ങളുടെ പ്രാധാന്യം പ്രമാണിച്ചു് സമാസങ്ങളെ മൂന്നായി വിഭജിച്ചിരിക്കുന്നു. എങ്ങനെ,

1. തല്‍പ്പുരുഷന്‍ - ഉത്തരപദാര്‍ത്ഥപ്രധാനം - തലവേദന. 2. ബഹുവ്രീഹി - അന്യപദാര്‍ത്ഥപ്രധാനം - താമരക്കണ്ണന്‍. 3. ദ്വന്ദ്വന്‍ - സര്‍വ്വപദാര്‍ത്ഥപ്രധാനം - അച്ഛനമ്മമാര്‍.

അവ്യയീഭാവവും ദ്വിഗുവും ഭാഷയിലില്ലാത്തതിനാല്‍ ഇവിടെ പരിഗണിച്ചിട്ടില്ല.

വിശേഷണവിശേഷ്യങ്ങള്‍ പൂര്‍വ്വോത്തരപദങ്ങളായ് സമാസിച്ചാല്‍ തല്‍പ്പുരുഷ- നുളവാം പലജാതിയില്‍.

വിശേഷണം വിശേഷ്യത്തോടു സമാസിക്കുന്നതു് തല്‍പുരുഷന്‍. വിശേഷണം സമാനാധികരണമായോ വ്യധികരണമായോ ഇരിക്കാം; പദങ്ങളും നാമകൃതി ഭേദകങ്ങളില്‍ ഏതുമാകാം. അതിനാല്‍ പലമാതിരിയില്‍ തല്‍പ്പുരുഷസമാസം ഉളവാകും. (വിശേഷണം സമാനാധികരണമായിരുന്നാല്‍ അതിനു് "കര്‍മ്മധാരയന്‍' എന്നു പ്രക്രിയയ്ക്കുവേണ്ടി വിശേഷാല്‍ പേര്‍ സംസ്കൃതക്കാര്‍ ചെയ്തിട്ടുണ്ടു്.) ഉദാ:


വിഭക്ത്യര്‍ത്ഥം സമാസം വിഗ്രഹം 1.


ന്രിര്‍ദ്ദേശിക ഭേദമാവുക ഭേദം ആവുക ടി കര്‍മ്മധാരയന്‍ കൊന്നത്തെങ്ങു് കൊന്നയായ തെങ്ങ് 2. പ്രതിഗ്രാഹിക പാക്കുവെട്ടി പാക്കിനെ വെട്ടുന്നത് 3. സംയോജിക പന്തൊക്കും പന്തോടൊക്കുന്ന 4. ഉദ്ദേശിക ഹോമപ്പുര ഹോമത്തിനുള്ള പുര 5. പ്രയോജിക മാങ്ങാക്കറി മാങ്ങയാല്‍ കറി 6. സംബന്ധിക മരപ്പൊടി മരത്തിന്റെ പൊടി 7. ആധാരിക തോള്‍വള തോളിലെ വള 8. നിന്നു് നാടുനീങ്ങി നാട്ടില്‍നിന്നു നീങ്ങി 9. കുറിച്ചു് ആനബ്ഭ്രാന്തു് ആനയെക്കുറിച്ചുള്ള ഭ്രാന്ത്

വിശേഷ്യങ്ങള്‍ക്കും അഭേദം അര്‍ത്ഥത്തില്‍ തല്‍പ്പുരുഷസമാസം വരാം; അതിനു രൂപകസമാസം എന്നു പേര്‍. ഉദാ:

അടിമലര്‍ - അടിയാകുന്ന മലര്‍. മനക്കുരുന്നു് - മനമാകുന്ന കുരുന്നു്. .പ്രസിദ്ധിനിമിത്തം പ്രയോഗിക്കാതെതന്നെ അര്‍ത്ഥത്തിനു പ്രതീതിയുള്ളതായ മധ്യമപദം തല്‍പ്പുരുഷനില്‍ ലോപിപ്പിക്കാം. ഇൗ വക സമാസത്തിനു് "മധ്യമപദലോപി' എന്നു പേര്‍. ഉദാ:

വെണ്ണക്കൃഷ്ണന്‍ - വെണ്ണപ്രിയനായ കൃഷ്ണന്‍ തീവണ്ടി - തീയാല്‍ ഒാടിക്കപ്പെടുന്ന വണ്ടി. മഞ്ഞുതൊപ്പി - മഞ്ഞിനെ തടുക്കുന്ന തൊപ്പി.

കാരകങ്ങള്‍ ധാതുവോടു സമാസിച്ചുണ്ടാകുന്നതു് കാരകതല്‍പ്പുരുഷന്‍. ഉദാ:

തപസ്സിരിക്കുക കൂട്ടിരിപ്പു് നാടുവാഴുന്നു വേളികഴിക്ക അമ്മാനയാടുക പിടികൂടുക

ഇച്ചൊന്നപടി അവാന്തരവിഭാഗങ്ങള്‍ ചെയ്തുതുടങ്ങിയാല്‍ അവസാനിക്കുന്നതു പ്രയാസം.വിഭക്ത്യര്‍ത്ഥങ്ങളില്‍ വരുന്ന തല്‍പ്പുരുഷനു് ആ വിഭക്തിയുടെയോ അതിന്റെ അര്‍ത്ഥമായ കാരകത്തിന്റെയോ പേര്‍ ചേര്‍ത്തു സംയോജികാതല്‍പ്പുരുഷന്‍ എന്നോ കരണതല്‍പ്പുരുഷന്‍ എന്നോ ഇൗവിധം സംജ്ഞകള്‍ ചെയ്യാം. സംസ്കൃതത്തിലുള്ള അവാന്തരഭേദങ്ങളില്‍ ഭാഷയില്‍ സംഭവിക്കാവുന്നവയെ ഇവിടെ വിവരിച്ചുകഴിഞ്ഞു. സംസ്കൃതത്തില്‍ സമാസം പ്രാധാനേ്യന നാമങ്ങള്‍ തമ്മില്‍ മാത്രമാകയാല്‍ "തേച്ചുകുളി', "പിടിച്ചുപറി' മുതലായ ഭാഷാതല്‍പ്പുരുഷങ്ങള്‍ക്കു സംസ്കൃതപ്പേരുകള്‍ കാണുകയില്ല. സംജ്ഞകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടാവശ്യമില്ലെന്നുകരുതി ഇവിടെ പുതിയ സംജ്ഞകളെ സൃഷ്ടിക്കാന്‍ ആരംഭിക്കുന്നുമില്ല.

വിശേഷണം വിശേഷ്യത്തോ- ടതുള്ളോനെന്നു കാട്ടുവാന്‍ സമാസിച്ചാല്‍ ബഹുവ്രീഹി; അതും പലവിധം വരാം.

വിശേഷണവിശിഷ്ടമായ വിശേഷ്യത്തെത്തന്നെ തല്‍പ്പുരുഷന്‍ പ്രധാനമാക്കിക്കാണിക്കുന്നു; ബഹുവ്രീഹിയാകട്ടെ ഒരു പടികൂടിക്കടന്നു വിശേഷണവിശിഷ്ടമായ വിശേഷ്യം ഏവനുണ്ടോ അവനെ കുറിക്കുന്നു.

പുല്ലിംഗം അവിവക്ഷിതം. ഉദാ:

മധുരമൊഴി - മധുരമായ മൊഴിയുള്ള (വന്‍-വള്‍-തു) നെടുങ്കണ്ണി - നെടിയ കണ്ണുള്ളവള്‍. നാന്മുഖന്‍ - നാലു മുഖമുള്ളവന്‍. മുക്കണ്ണന്‍ - മൂന്നു കണ്ണുള്ളവന്‍.

ബഹുവ്രീഹിയുടെ വകഭേദങ്ങള്‍:

1. സാദൃശ്യവാചകമായ ഒരു മധ്യമപദമുള്ളതു് ഉപമാഗര്‍ഭം. ഉദാ: കഞ്ജനേര്‍മിഴി = കഞ്ജത്തോടു നേരായ മിഴിയുള്ളവള്‍.

2. ഉപമാവാചകപദം അര്‍ത്ഥസിദ്ധമായി വന്നിട്ടുള്ളതു് ഉപമാലുപ്തം. ഉദാ: മതിമുഖി = മതിയെപ്പോലുള്ള മുഖമുള്ളവള്‍.

3. ഉപമാനപദം ലോപിച്ചിട്ടുള്ളതു് ഉപമാനലുപ്തം. ഉദാ: പേടക്കണ്ണി = പേടയുടെ കണ്ണുപോലുള്ള കണ്ണുള്ളവള്‍.

ദ്വന്ദ്വന്‍ സമുച്ചയാര്‍ത്ഥത്തില്‍ വിശേഷ്യങ്ങള്‍ക്കു തങ്ങളില്‍; സംഖ്യാനാമങ്ങളാണെങ്കില്‍ വികല്പാര്‍ത്ഥത്തില്‍ വന്നിടും

ഉദാ: അച്ഛനമ്മമാര്‍ = അച്ഛനും അമ്മയും; അഞ്ചാറു് = അഞ്ചോ ആറോ; കെകാലുകള്‍ = കെയും കാലും; പത്തുപതിനഞ്ചു് = പത്തുപതിനഞ്ചോ.

വ്യക്തിവിവക്ഷകൂടാതെ സമുദായത്തിനു പ്രാധാന്യം കല്പിക്കുന്നപക്ഷം നപുംസകദ്വന്ദ്വനു് ഏകവചനവുമാകാം. ഉദാ:

"ജരാനര വിഭൂഷണം; കെകാലു്.'

വിശേഷണീഭാവചിഹ്നം ലിംഗസംഖ്യാദ്യലോപവും ശുദ്ധഭാഷാസമാസത്തില്‍ കാണും പൂര്‍വ്വപദത്തിനു്.

തല്‍പുരുഷനും ബഹുവ്രീഹിയും വിശേഷണവിശേഷ്യങ്ങള്‍ തമ്മിലുള്ള സമാസമാണല്ലോ. അതുകളില്‍ ഘടകങ്ങള്‍ ശുദ്ധമലയാളപദങ്ങളാണെങ്കില്‍ പൂര്‍വ്വപദം വിശേഷണമാണെന്നു കാണിക്കാനുള്ള പ്രക്രിയകള്‍ പ്രസക്തിയുള്ളിടത്തെല്ലാം വന്നുകാണും. അതുപോലെ ലിംഗവചനവിഭക്തിപ്രത്യയങ്ങള്‍ ലോപിക്കാതെതന്നെ നില്ക്കുകയുമാകാം. വിശേഷണീഭാവചിഹ്നങ്ങളെ അതാതു ദിക്കുകളില്‍ വിവരിച്ചിട്ടുണ്ടു്. ഉദാ:

ഉമ്പര്‍കോന്‍ ദേവകള്‍ദേവന്‍, (വചനം ലോപിച്ചിട്ടില്ല.) കൃഷ്ണന്‍തിരുവടി, കാലനൂര്‍, രാമനാട്ടം, മരംകയറ്റം, (ലിംഗം ലോപിച്ചിട്ടില്ല.) ഇത്യാദി. താന്‍തോന്നി, പൊല്‍പ്പൂവില്‍മാനിനി, തനിക്കുതാന്‍പോന്നവന്‍ (വിഭക്തിക്കു ലോപമില്ല.) ആയിരത്താണ്ടു്, കപികുലത്തരചന്‍ - അംഗരൂപം - അത്തു്, കാട്ടുപോത്തു്, ആറ്റുമണല്‍ -അംഗരൂപം -ദ്വിത്വം. കുന്നിന്‍മകള്‍, പാക്കിന്‍തോടു് - ടി - ഇന്‍ ഇടനില. ചെപ്പുക്കുടം, ആട്ടവെലി - ടി - അനുനാസികത്യാഗവും ഖരദ്വിത്വവും. വള്ളിക്കുടിലു്, പുലിത്തോല്‍ - ടി - ഉത്തരപദാദിദ്വിത്വം

ലിംഗവചനവിഭക്തികള്‍ക്കു ലോപംവരാത്ത സമാസത്തിനു് അലുപ്തസമാസം എന്നു പേര്‍ ചെയ്യാം. സംസ്കൃതാനുകരണംനിമിത്തം അലുപ്തസമാസം ഇപ്പോള്‍ അപൂര്‍വ്വമാണ്; അതിലും വിശേഷിച്ചു്, വിഭക്തിലോപം വരാതെയുള്ളവ വളരെച്ചുരുങ്ങും. എന്നാല്‍ സംസ്കൃത്തിലും സരസിജം, വനേചരന്‍, ദേവാനാംപ്രിയന്‍ ഇത്യാദികള്‍പോലെ അലുപ്തസമാസങ്ങള്‍ ദുര്‍ല്ലഭങ്ങല്ല. വ്യഞ്ജനാന്തശബ്ദങ്ങള്‍ക്കാണല്ലോ അംഗത്തിനു് "ഇന്‍' ഇടനില; അതു് സംബന്ധികാതല്‍പ്പുരുഷനില്‍ പ്രായേണ കാണും. "കായാമ്പൂ', "മാങ്ങ'ഇത്യാദികള്‍ "കായാവിന്‍പൂ', "മാവിന്‍കാ' ഇത്യാദികളുടെ സങ്കോചിതരൂപങ്ങളായിരിക്കണം.

സമാസത്തില്‍ പരാധീന- പ്പെട്ടുപോയ പദങ്ങളില്‍ ദാസദാസന്യായരീത്യാ- ചേരാ ബാഹ്യവിശേഷണം.

ലുപ്തസമാസത്തില്‍ ലോപിച്ചിരിക്കുന്ന ലിംഗവചനാദികളുടെ അര്‍ത്ഥം യോഗബലംകൊണ്ടാണു് സ്ഫുരിക്കുന്നതു്. അതുകൊണ്ടു് രണ്ടുപദങ്ങള്‍ തങ്ങളില്‍ സമാസിക്കുമ്പോള്‍ അതുകള്‍ക്കു തനിയെ നില്ക്കുമ്പോള്‍ ഉണ്ടാകാവുന്ന സ്വാതന്ത്ര്യം നശിച്ചുപോകും. സമുദായത്തിനല്ലാതെ അംഗങ്ങള്‍ക്കു പ്രതേ്യകിച്ചു് ഒരധികാരവുമില്ല. ഒറ്റപ്പദത്തില്‍ ഘടകങ്ങളായ അക്ഷരങ്ങളുടെ നിലയേ സമാസത്തില്‍ ഘടകപദങ്ങള്‍ക്കുമുള്ളൂ. അതിനാല്‍ ഘടകപദങ്ങള്‍ക്കു വെളിയില്‍നിന്നു വിശേഷണം ചേര്‍ക്കാന്‍ ന്യായമില്ല. അതിലും വിശേഷിച്ചു് സമാസത്തില്‍ത്തന്നെ അപ്രധാനമായി നില്ക്കുന്ന പദത്തിനു് ഒട്ടും പാടില്ല. സ്വയമേ ദാസനായവനു് എങ്ങനെ ഒരു ദാസന്‍ യോജിക്കും? പേടമാനിന്റെ മിഴിപോലുള്ള മിഴിയുള്ളവള്‍ "പേടമാന്‍മിഴി' എന്നു സമാസംചെയ്തതിന്റെശേഷം ആ പേടമാനിനുഭയപ്പെട്ട (പേടമാന്‍) എന്നൊരു വിശേഷണം ചേര്‍ത്തു് "ഭയപ്പെട്ട പേടമാന്‍മിഴി' എന്നു പ്രയോഗിച്ചുകൂടാ. ഭീതമായ മൃഗം= ഭീതമൃഗം' അതിന്റേതുപോലെ അക്ഷിയുള്ളവള്‍ ഭീതമൃഗാക്ഷി എന്നു സമാസത്തിനുമേല്‍ സമാസം ചെയ്വാന്‍ വിരോധവുമില്ല. അപ്പോള്‍ വിശേഷണം ബാഹ്യമാകുന്നില്ല: അലുപ്തസമാസങ്ങളിലാകട്ടെ ഇത്രത്തോളം നിര്‍ബ്ബന്ധമാവശ്യമില്ല. താഴെ ഉദ്ധരിച്ചിട്ടുള്ള പ്രാചീനപ്രയോഗങ്ങള്‍ അനുകരണയോഗ്യങ്ങളല്ല.

ചണ്ഡരാം രാക്ഷസനിഗ്രഹം - കേ.രാ. നന്ദനസമമാമുദ്യാനഭംഗം ചെയ്താല്‍ - ടി ശോകസാധനമായ സംസാരമോക്ഷം - ഭാഗ.

ഇനി പൂര്‍വ്വസൂത്രത്തില്‍ച്ചെയ്ത നിര്‍ബ്ബന്ധത്തെ ഒന്നോടു് നിരസിക്കുന്നു:

പ്രതീതിക്കുറവില്ലെങ്കില്‍ പിരിഞ്ഞാലും സമാസമാം.

സമുദായത്തിനു് ഏകാര്‍ത്ഥപ്രതീതിയുണ്ടാക്കാണു് സമാസം ചെയ്യുന്നത്: ആ പ്രതീതിക്കു ഹാനിവരാത്തപക്ഷം ഘടകങ്ങളെ പിരിച്ചു ദൂരെദൂരെ പ്രയോഗിച്ചാലും ആ പദങ്ങള്‍ക്കു സമാസംതന്നെ.

"കാര്യം ഭവാനറി വേറെയില്ലേതുമേ'

എന്ന ചാണക്യനീതിയിലെ പ്രയോഗത്തില്‍ കാര്യത്തിന്റെ അറിവ്=കാര്യമറിവു് എന്നോ; അറിവിനു വിഷയമാകുന്നില്ല= അറിവില്ല എന്നോ സമാസം സ്വീകരിച്ചാലേ അന്വയം യോജിക്കയുള്ളു. എന്നാല്‍ ഇൗ പദങ്ങള്‍ തങ്ങളില്‍ അകന്നാണു നില്ക്കുന്നതു്. എങ്കിലും അര്‍ത്ഥപ്രതീതി ശരിയായി വരുന്നുണ്ട്; അതിനാല്‍ ഇൗമാതിരി സമാസങ്ങളെ "വ്യവഹിതസമാസം' എന്നു പേരിട്ടു സ്വീകരിക്കാം.