കേരളപാണിനീയം - ഘട്ടവിഭാഗം

മലനാട്ടിലെ കൊടുന്തമിഴായിരുന്ന ഭാഷ ഇപ്പോള്‍ നാം സംസാരിക്കുന്ന മലയാളമായിപ്പരിണമിക്കാനുള്ള നിമിത്തങ്ങളെയും സന്ദര്‍ഭങ്ങളെയും പ്രതിപാദിച്ചു തീര്‍ന്നു. ഇനി പുരാതനദശയ്ക്കും ആധുനികദശയ്ക്കും മദ്ധ്യേ പ്രകൃതഭാഷയ്ക്കു് ഏതേതു് അന്തരാളദശകള്‍ അല്ലെങ്കില്‍ ഘട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നു് വിചാരണ ചെയ്യാം: ഒരു തേങ്ങ മണ്ണില്‍ കുഴിച്ചിട്ടാല്‍ അതു തെങ്ങായി കാച്ചുവരുംമുന്‍പേ അതിനു് പല അവസ്ഥകളും ഉണ്ടല്ലോ. നാമ്പു മുളച്ചു ഓല വിരിയുന്നതുവരെ ഒരു ഘട്ടം; ഓല വിരിഞ്ഞാല്‍ തടിവിരിയുന്നതു വരെ രണ്ടാം ഘട്ടം; തടി ആയാല്‍ കായ്ക്കുവാന്‍ തുടങ്ങും; ക്രമേണ മൂത്തു വലുതാകും എന്നല്ലാതെ പിന്നീടു് ആകൃതിഭേദത്തിനൊന്നും വകയില്ല. ഈ ദൃഷ്ടാന്തത്തില്‍ കാണുന്നതുപോലെ മലയാളഭാഷയ്ക്കും മൂന്നു മഹാദശകളെ കല്പിക്കാം: കൊല്ലവര്‍ഷാരംഭഘട്ടമായ ക്രിസ്ത്വബ്ദം 825 നു മേലേ മലയാളം ഒരു സ്വതന്ത്രഭാഷയുടെ നിലയില്‍ എത്തിയുള്ളു എന്നു് മുന്‍പുതന്നെ പ്രതിപാദിച്ചിട്ടുണ്ടു്. അതിനാല്‍ കൊല്ലവര്‍ഷാരംഭത്തിനു മുന്‍പുള്ള കാലത്തെ, മാതാവായ "തമിഴിന്റെ' അല്ലെങ്കില്‍ "മൂലദ്രാവിഡ ഭാഷയുടെ' ഗര്‍ഭത്തില്‍ വസിച്ചിരുന്ന കാലമായി ഗണിച്ചാല്‍ മതിയാകും. അക്കാലത്തു് ഉണ്ടായിട്ടുള്ള "പതിറ്റിപ്പത്ത്' മുതലായ കൃതികളെ തമിഴുഗ്രന്ഥങ്ങളായിട്ടാണല്ലോ ഇന്നും വിചാരിച്ചുപോരുന്നതു്. ആവക കൃതികള്‍ കേരളവാസികളാല്‍ നിര്‍മ്മിതങ്ങളാണെങ്കിലും തമിഴര്‍ അതുകളെ നമുക്കു വിട്ടുതരുകയും ഇല്ല. അതിനാല്‍ കൊടുന്തമിഴില്‍ എഴുതിയിട്ടുള്ള കൃതികളെപ്പറ്റി മലയാള ഭാഷാചരിത്രത്തിനു് ഒന്നും പറയുവാന്‍ അവകാശം ഇല്ല.

കേരളഭാഷയെ മൂന്നു ഘട്ടങ്ങളായി വിഭജിക്കാം:

  1. ആദ്യഘട്ടം- ബാല്യാവസ്ഥ- കരിന്തമിഴുകാലം: കൊല്ലവര്‍ഷം 1--500 വരെ ക്രിസ്ത്വബ്ദം 825-1325.
  2. മദ്ധ്യഘട്ടം- കൗമാരാവസ്ഥ- മലയാണ്മക്കാലം: കൊല്ലവര്‍ഷം 500-800 ക്രിസ്ത്വബ്ദം 1325-1625
  3. ആധുനികഘട്ടം- യൗവനാവസ്ഥ- മലയാളകാലം: കൊല്ലവര്‍ഷം 800 മുതല്‍ ഇതുവരെ ക്രിസ്ത്വബ്ദം 1625 മുതല്‍- ഇതുവരെ.

1.കരിന്തമിഴായിപ്പിറന്ന കേരളഭാഷ അഞ്ഞൂറു സംവത്സരക്കാലം ബാല്യവയസ്സിനു് തുല്യമായ കരിന്തമിഴവസ്ഥയില്‍ ഇരുന്നിട്ടു്, അതില്‍ പകുതിയിലധികംകാലം വ്യാപിക്കുന്ന കൗമാരപ്രായം "മലയാണ്മ' എന്നു പറയുന്ന ദശയില്‍ കഴിച്ചുകൂട്ടിയിട്ടു് യൗവനാവസ്ഥയില്‍ "മലയാളം' എന്ന നാമധേയം ഗ്രഹിച്ചിരിക്കുന്നു.

നമ്മുടെ ഭാഷയെ തമിഴില്‍നിന്നും ഭിന്നിപ്പിച്ചു് സ്വതന്ത്രഭാഷയാക്കിത്തീര്‍ക്കുവാന്‍ ഉത്സാഹിച്ചതു് ആര്യന്മാരുടെ സംസ്കൃതം ആണെങ്കിലും അതിനു് ബാല്യദശയില്‍ വളരെ അധികാരം ഭരിക്കാനൊന്നും സാധിച്ചിരിക്കുകയില്ല. മുന്‍ചൊന്ന നയങ്ങളില്‍ പുരുഷപ്രത്യയനിരാസവും അനുനാസികാതിപ്രസരവും മാത്രമേ അക്കാലത്തു് വ്യാപരിച്ചിരിക്കുവാന്‍ ഇടകാണുന്നുള്ളൂ. ബാലികയായ കേരളഭാഷയുടെ രക്ഷാകര്‍ത്തൃസ്ഥാനം തമിഴിനുതന്നെ ആയിരുന്നു. അതിനാലാണു് കരിന്തമിഴു് എന്നു് തമിഴ്പ്പദംചേര്‍ന്ന നാമധേയം ആ അവസ്ഥയ്ക്കു കൊടുത്തതു്. സംസ്കൃതപദങ്ങളെ സ്വീകരിക്കാതിരുന്നിരിക്കുകയില്ല. എന്നാല്‍ അതു-ക-ളെല്ലാം തത്ഭ-വ-ങ്ങ-ള-ല്ലാതെ തത്സ-മ-ങ്ങ-ളാ-യി-രി-ക്കു-ക-യി-ല്ല; അക്കാലത്തു് തമിഴുമായുള്ള സംസര്‍ഗ്ഗം ക്രമേണ ക്ഷയിക്കുകയും സംസ്കൃതവുമായുള്ള ബന്ധം വര്‍ദ്ധിക്കുകയും ചെയ്തുവന്നു. ഭേദഗതികള്‍ ആദ്യമായി ഗൃഹ്യഭാഷയില്‍ കടന്നുകൂടിയിട്ടു് മുറയ്ക്കു് ഗ്രന്ഥഭാഷയെയും ബാധിച്ച ിരിക്കണം. എന്നാല്‍ അക്കാലത്തു ചമച്ചിട്ടുള്ള കൃതികള്‍ വളരെ ചുരുക്കമായിട്ടേ നമുക്കു ലഭിച്ചിട്ടുള്ളു. കവികളും കൃതികളും ഉണ്ടാകാതെവരുവാന്‍ ഇടയില്ല. ആവക പുരാതനകൃതികളില്‍ നാലഞ്ചെണ്ണമെങ്കിലും വെളിപ്പെട്ടുവരുംമുന്‍പു് വെറും ഉൗഹംകൊണ്ടു് അക്കാലത്തെ ഭാഷാചരിത്രത്തെ സങ്കല്പിച്ചുണ്ടാക്കുന്നതു് സാഹസമായിരിക്കും. "യാത്രാംഗ'ത്തിലെ നാലുപാദം, "ഭദ്രകാളിപ്പാട്ടി'ലെ ചില ഭാഗങ്ങള്‍, ചില പുരാതനകീര്‍ത്തനങ്ങള്‍ ഇതെല്ലാം കരിന്തമിഴ്കാലത്തിന്റെ ആരംഭത്തില്‍ ഉള്ളതായിരിക്കുവാന്‍ ഇടയുണ്ട്; രാമചരിതം അതിന്റെ അവസാനത്തുണ്ടായ കാവ്യമായിരിക്കാം.

2. "മലയാണ്മ' എന്ന ഘട്ടത്തില്‍ കൗമാരവയസ്സിനു് അനുരൂപമായ ദുസ്സ്വാതന്ത്ര്യം കാണുന്നുണ്ടു്. തമിഴു് തനിക്കുണ്ടായിരുന്ന രക്ഷാകര്‍ത്തൃത്വം സ്വമനസ്സാലേ ഒഴിഞ്ഞുകൊടുക്കുന്നില്ല; എന്നാല്‍ സംസ്കൃതം ബലാല്‍ക്കാരമായി തനിക്കാണെന്നു് ഭാവിച്ചുതുടങ്ങി. അക്കാലത്തു കളിയായിച്ചെയ്തിട്ടുള്ള ഒറ്റശ്ലോകങ്ങളില്‍ മാത്രമല്ല

   
കേരളപാണിനീയം/പീഠിക/ഘട്ടവിഭാഗം
""താള്‍പ്പൂട്ടയന്തി തകരാഃ കറികൊയ്ത ശേഷാഃ

. . . . . . . . . . . . . . . . . . . . . . . . . . . . . . .

മണ്ടന്തി പാന്ഥനിവഹാഃ പടിബന്ധപേട്യാ

""കൊട്ടത്തേങ്ങാഭിരപ്പെഃ. . . . . . . .

   
കേരളപാണിനീയം/പീഠിക/ഘട്ടവിഭാഗം

ഇത്യാദിപോലെ ദ്രാവിഡപ്രകൃതികളില്‍ സംസ്കൃതവിഭക്തികളും ലകാരങ്ങളും ചേര്‍ത്തുള്ള പ്രയോഗങ്ങള്‍ കാണുന്നത്; "ഉണ്ണുനീലിസന്ദേശം' മുതലായി കാര്യമായി വെച്ചിട്ടുള്ള കൃതികളിലും ഈ വക കോമാളിരൂപങ്ങള്‍ ധാരാളമുണ്ടു്.

""മാകന്ദാനാം തണലില്‍ മണലില്‍ കുഞ്ചിഭിശ്ചലാഗ്രഃ 60
""അത്യാമോദാല്‍ പുനരയി! സഖേ! പാലവും പിന്നിടേഥാഃ 115

""മാടമ്പീനാമവിടെ വസതാം ധന്യമാകും നിവാസം 118
""ചേടീവക്ത്രം പുനരൊരു കരംകൊണ്ടുതാന്‍ പൊത്തിയിത്വാ 139

ഇത്യാദികള്‍ നോക്കുക. ഈ ദുസ്സ്വാതന്ത്ര്യത്തില്‍നിന്നും ആയിരിക്കണം മണിപ്രവാളകവിതയുടെ ഉല്‍പ്പത്തി. തമിഴ്കാവ്യങ്ങള്‍ക്കു പ്രചാരം കുറഞ്ഞു് നാട്ടുഭാഷ ഭേദിച്ചുവരുന്തോറും ചെന്തമിഴിന്റെ അര്‍ത്ഥം ഗ്രഹിക്കുന്നതു് ജനങ്ങള്‍ക്കു് അസാദ്ധ്യമായിത്തുടങ്ങി; സംസ്കൃതത്തിന്റെ പുതുമയും പ്രൗഢിയും കാവ്യരസികന്മാരെ ആകര്‍ഷിക്കുകയും ചെയ്തു. പ്രഭുത്വവും പഠിത്തവും ഉള്ള രാജാക്കന്മാരും നമ്പൂരിമാരും സംസ്കൃതത്തെ അല്ലാതെ നാട്ടുഭാഷയെ ആദരിച്ചില്ല; എന്നാല്‍ നാട്ടുഭാഷയോടു ബന്ധം ഇല്ലാതെ സംസ്കൃതത്തില്‍ത്തന്നെ കവിതചെയ്താല്‍ കേട്ടുരസിക്കുവാന്‍ ആളുകള്‍ ചുരുങ്ങുകയും ചെയ്യും. ഈ സ്ഥിതിക്കു് രണ്ടുംകലര്‍ന്ന കവിതയ്ക്കുവേണ്ടി ഒരു ഭാഷ സൃഷ്ടിക്കുകയേ നിര്‍വ്വാഹമുള്ളുവല്ലോ. ഇതാണു് മണിപ്രവാളഭാഷ.

രണ്ടു ഭാഷകളും കലര്‍ത്തുക എന്നു വരുമ്പോള്‍ സംസ്കൃതപ്രകൃതികളില്‍ ദ്രാവിഡവിഭക്തികളും മററുപ്രത്യയങ്ങളും ചേര്‍ക്കുന്നതുപോലെ മറിച്ചു് ദ്രാവിഡപ്രകൃതികളില്‍ സംസ്കൃതവിഭക്തിലകാരാദികള്‍ ചേര്‍ക്കുന്നതിലും എന്താണു ന്യായവിരോധം? "ഒന്നു് ശരി; മറേറതു് തെററ്' എന്നു് നമുക്കു തോന്നുന്നുവെങ്കില്‍ അതു് പഴക്കത്താലുണ്ടായ പക്ഷപാതമെന്നേ പറഞ്ഞു കൂടു. എന്നാല്‍ ന്യായാന്യായങ്ങളെ വിചാരിച്ചല്ലെങ്കിലും സംസ്കൃതവിഭക്ത്യാദിപ്രത്യയങ്ങള്‍ ചേര്‍ത്തു് ദ്രാവിഡപ്രകൃതികളില്‍നിന്നും രൂപാവലി നിര്‍മ്മിക്കുക എന്ന ഏര്‍പ്പാടു് നടക്കാത്തതാണെന്നു് നമ്മുടെ പൂര്‍വ്വികന്മാരും എളുപ്പത്തില്‍ മനസ്സിലാക്കി. സംസ്കൃതത്തിലെ രൂപനിഷ്പാദനസമ്പ്രദായം സന്ധികൊണ്ടും ആഗമാദേശാദിവികാരങ്ങള്‍കൊണ്ടും പ്രകൃതി തിരിച്ചറിയുവാന്‍ പാടില്ലാത്തവിധം പലയിടത്തും ഭേദപ്പെട്ടുപോകും. മുന്‍കാണിച്ച (ഉ.സം.60) "കുഞ്ചിഭിഃ' എന്ന തൃതീയാബഹു വചനത്തില്‍ വലിയ വികാരമൊന്നും കാണുന്നില്ലെങ്കിലും അതിന്റെതന്നെ "കുഞ്ചയഃ' എന്ന പ്രഥമാബഹുവചനമോ "കുഞ്ചേഃ' എന്ന ഷഷ്ഠേ്യകവചനമോ "കുഞ്ചൗ'എന്ന സപ്തമേ്യകവചനമോ നോക്കിയാല്‍ സന്ധികൊണ്ടുള്ള വെരൂപ്യം തെളിയും. എന്നു മാത്രമല്ല, "മകന്‍', "മകള്‍' ഇത്യാദി ലിംഗപ്രത്യയമുള്ള ദ്രാവിഡശബ്ദങ്ങള്‍ക്കു് സംസ്കൃതവിഭക്തി ഒട്ടും ഘടിക്കുകയും ഇല്ല. ക്രിയാപദങ്ങളുടെ സ്ഥിതിയോ ഇതിലും കഷ്ടമാണു്. "മണ്ടന്തി' എന്ന ലട്ടു് ഒരുവിധം കഴിച്ചുകൂട്ടാമെങ്കിലും, "അമണ്ടല്‍', "അമണ്ടന്‍' ഇത്യാദി ലങ്രൂപങ്ങള്‍ ഒരിക്കലും യോജിക്കുകയില്ല. ആത്മനേപദി, പരസ്മെപദി, ഉഭയപദി, സേടു്, അനിടു്, വേടു് സര്‍വ്വഘാതുകം, ആര്‍ദ്ധധാതുകം, ഗുണ്യം, അഗുണ്യം ഇത്യാദി ഭേദോപാധികളെല്ലാം നോക്കി അറിഞ്ഞു് ധാതുക്കളുടെ രൂപം നിര്‍ണ്ണയിക്കുന്നതു സംസ്കൃതത്തില്‍ത്തന്നെ ശ്രമസാദ്ധ്യമായിരിക്കുന്നു; പിന്നെയാണോ വേറൊരു ഭാഷയില്‍ ഇൗവക കൃത്രിമങ്ങളെല്ലാം പ്രവര്‍ത്തിപ്പിക്കുന്നത്? അതിനാല്‍ സംസ്കൃതവ്യാകരണ പ്രകാരം ഭാഷാശബ്ദങ്ങള്‍ക്കു് രൂപാവലിചെയ്യുക എന്നതു് അസാദ്ധ്യമെന്നു് മണിപ്രവാള പ്രവര്‍ത്തകന്മാര്‍ക്കു് ഉടനേ ബോധപ്പെട്ടു. ആവക പ്രയോഗങ്ങള്‍ ധാടിക്കു വേണ്ടി ഇടയ്ക്കിടെ തട്ടിവിട്ടിരിക്കാം എന്നല്ലാതെ ധാരാളമായി സ്വീകരിച്ചിരിപ്പാന്‍ ഇടയില്ല.

മറിച്ചു് സംസ്കൃതപ്രകൃതികള്‍ എടുത്തു് ഭാഷാവ്യാകരണപ്രകാരം അവയ്ക്കു് രൂപങ്ങളുണ്ടാക്കി പ്രയോഗിക്കുക എന്നതു് ധാരാളവുമായി. മധേ്യമധേ്യ സംസ്കൃതവിഭക്തിരൂപങ്ങളെയും ക്രിയാ പദങ്ങളെയും അവ്യയങ്ങളെയും പ്രയോഗിക്കാം എന്നും ഏര്‍പ്പാടു ചെയ്തു. തെലുങ്കു്, കര്‍ണ്ണാടകം എന്നീ സ്വസൃഭാഷകളും ഈ വിധത്തില്‍ത്തന്നെയാണു് മണിപ്രവാളഭാഷയെ കല്പിച്ചതു്. തമിഴരും മണിപ്രവാളം പരീക്ഷിച്ചുനോക്കിയില്ലെന്നില്ല; പക്ഷേ, അതു് ആ ഭാഷയില്‍ വേരൂന്നുവാന്‍ ഇടയാകാതെ ക്ഷയിച്ചുപോയി. മണിപ്രവാളത്തില്‍ മണിയുടേയും പ്രവാളത്തിന്റേയും ചേരുമാനം ഇന്നവിധം വേണമെന്നുള്ളതിലേക്കു് തീവ്രനിയമങ്ങള്‍ "ലീലാതിലകം' എന്ന പുസ്തകത്തില്‍ ചെയ്തുകാണുന്നതിനാല്‍ ഈ മിശ്രഭാഷയ്ക്കു് മലയാളദേശത്തു മാത്രമല്ല, ദ്രാവിഡഭൂഖണ്ഡം മുഴുവനും ഒരുകാലത്തു് എത്ര പ്രാബല്യം സിദ്ധിച്ചിരുന്നു എന്നു് ഉൗഹിക്കാം. സംസ്കൃതത്തിലെ നാമങ്ങളെയും ധാതുക്കളെയും ഭാഷയിലെടുത്താല്‍ രൂപസിദ്ധിക്കുവേണ്ടി അതുകളെ പെരുമാറുന്നതിനു വേണ്ടുന്ന തത്ഭവപ്രക്രിയകളും ഇക്കാലത്താണു് ഏര്‍പ്പെട്ടതു്. പ്രധാനപ്പെട്ട ചമ്പൂഗ്രന്ഥങ്ങള്‍ എല്ലാം ഈ ഘട്ടത്തില്‍ ഉണ്ടായ കൃതികളായിരിക്കണം.

സംസ്കൃതകവികള്‍ക്കേ മണിപ്രവാളകവിത ചെയ്വാന്‍ സാധിക്കുകയുള്ളുവല്ലോ. അതിനാല്‍ ആരംഭത്തിലെ മണിപ്രവാളഗ്രന്ഥകാരന്മാരെല്ലാം നമ്പൂരിമാര്‍ ആയിരുന്നു. അവര്‍ സംസ്കൃതത്തിലെ വ്യാകരണത്തെ എന്നപോലെ വൃത്തശാസ്ത്രത്തെയും ഭാഷയില്‍ അവതരിപ്പിച്ചു. "ഉണ്ണുനീലിസന്ദേശം', "ചന്ദ്രാത്സവം', "ചമ്പുക്കള്‍' ഇതെല്ലാം സംസ്കൃതവൃത്തങ്ങളില്‍ വിരചിതങ്ങളായ പദ്യങ്ങളാല്‍ ഉപകല്പിതമാകുന്നു. ഇൗവക കവിതകളില്‍ പരിപൂര്‍ണ്ണ സംസ്കൃതങ്ങളായ ശ്ലോകങ്ങളും അപൂര്‍വ്വമല്ല. സംസ്കൃതത്തില്‍ത്തന്നെ ശ്ലോകം ചമച്ചിട്ടു് വല്ല മൂലയിലും മുക്കിലും ഒന്നോ രണ്ടോ ഭാഷാപദം പ്രയോഗിച്ചാല്‍ ശ്ലോകം മുഴുവന്‍ മണിപ്രവാളമായി. എന്നാല്‍ ഒരു ശാസ്ത്രഗ്രന്ഥം ചെയ്യുകയാണെങ്കില്‍ അതിനു മലയാളം തൊട്ടുതെറിപ്പിച്ച മണിപ്രവാളം പോലും പോരാ, ശുദ്ധസംസ്കൃതംവേണം എന്നായിരുന്നു അന്നത്തെ വിചാരം; അതാണു് "ലീലാതിലകം' സംസ്കൃതത്തിലെഴുതുവാന്‍ ഉള്ള കാരണം. മധ്യഘട്ടത്തിലെ മണിപ്രവാളകവികളായ ബ്രാഹ്മണരുടെ കൂട്ടത്തില്‍ ചെറുശ്ശേരി ഒരാള്‍ മാത്രമേ സംസ്കൃതഭ്രമം കയറിമറിഞ്ഞു് ഭാഷയെ അനാദരിക്കാതിരുന്നിട്ടുള്ളു. ഇതരവര്‍ഗ്ഗക്കാരാകട്ടെ, തമിഴിനു് ജാത്യാലുള്ള പ്രാധാന്യം മറന്നു കളഞ്ഞില്ല. അവര്‍ "കവിപാടിയത്' തമിഴ്വൃത്തങ്ങളില്‍ത്തന്നെ ആയിരുന്നു; സൗകര്യത്തിനുവേണ്ടി സംസ്കൃതപദങ്ങളെയും സമാസങ്ങളെയും അപൂര്‍വ്വമായി വിഭക്ത്യന്തങ്ങളെയുംകൂടി ഉപയോഗിച്ചു എന്നേ ഉള്ളൂ. ഇക്കൂട്ടത്തില്‍ പ്രധാനികള്‍ നിരണംകവിയായ കണ്ണശ്ശപ്പണിക്കരും അയ്യപ്പിള്ള ആശാനും ആകുന്നു. ഈ ഘട്ടത്തിലും തച്ചൊള്ളിപ്പാട്ടു് മുതലായ ചില കൃതികള്‍ സംസ്കൃതബന്ധം ഒട്ടും കൂടാതെ ഉണ്ടായിട്ടുണ്ടു്. ഭാഷയുടെ ഉപചയത്തെപ്പററി നോക്കുമ്പോള്‍ ഇക്കാലത്തു് മുന്‍ചൊന്ന ആറു നയങ്ങളില്‍ ഓരോന്നിനും, ഗൃഹ്യഭാഷയില്‍ ശാശ്വതികമായ പ്രതിഷ്ഠ ലഭിക്കുകയാല്‍ ഗ്രന്ഥഭാഷയിലും പ്രവേശം പ്രായേണ സര്‍വ്വസമ്മതമായി സിദ്ധിച്ചു.

3. ഇത്രയുംകാലംകൊണ്ടു് കേരളഭാഷയ്ക്കു് പ്രായംതികഞ്ഞു് തന്റേടം വന്നു. ഇനിമേല്‍ ഒരു രക്ഷകര്‍ത്താവിനു് കീഴടങ്ങി ഇരിക്കുന്ന ആവശ്യം ഇല്ല. യൗവനദശയില്‍ എത്തിയ സ്ഥിതിക്കു് മേലാല്‍ സഹായത്തിനു വേണ്ടതു് രക്ഷകര്‍ത്താവല്ല; ഭര്‍ത്താവാണു്. ബാല്യംമുതല്‍തന്നെ ഉള്ള സഹവാസത്താല്‍ മനസ്സിനു് നന്നേ ഇണങ്ങിയ ഒരു വരന്‍ അടുത്തുതന്നെ ഉണ്ടായിരുന്നുതാനും. ദ്രാവിഡഗോത്രജാതയായ "സൗഭാഗ്യവതി കേരളഭാഷ' ആര്യവംശാലങ്കാരഭൂതനായ "ചിരഞ്ജീവി സംസ്കൃതവര'ന്റെ സ്വയംവരവധുവായ്ച്ചമഞ്ഞു് മേല്ക്കുമേല്‍ ഉല്ലസിക്കുന്നു. ഈ ശോഭനമായ സംബന്ധം അല്ലെങ്കില്‍ വിവാഹം വേണ്ടുംവണ്ണം ആലോചിച്ചു് ഭംഗിയായി നടത്തിയ ആള്‍ സാക്ഷാല്‍ തുഞ്ചത്തു് രാമാനുജന്‍ എഴുത്തച്ഛന്‍ എന്ന മഹാന്‍ ആകുന്നു. സംസ്കൃതവല്ലഭയായിച്ചമഞ്ഞ മലയാളഭാഷയ്ക്കു് തമിഴിന്റെ ജീര്‍ണ്ണവും വര്‍ണ്ണകലുഷവും ആയ അക്ഷരമാലാകഞ്ചുകം ഒട്ടും പര്യാപ്തമല്ലെന്നായി. കേരളീയവിവാഹസമ്പ്രദായത്തില്‍ "മുണ്ടുകൊടുക്കുക'യാണല്ലോ ഒരു പ്രധാനക്രിയ. ഭാഷകള്‍ക്കു വസ്ത്രസ്ഥാനം വഹിക്കുന്നതു് അക്ഷരമാലയാണ്; അതിനാല്‍ മലയാളഭാഷ സംസ്കൃതദത്തമായ ആര്യ എഴുത്തു് ഇക്കാലത്തു സ്വീകരിച്ചു. അക്ഷരമാല മാറിയതോടുകൂടി മലയാളത്തിന്റെ ബാഹ്യവേഷം ആകെപ്പാടെ മുഴുവന്‍ ഭേദപ്പെടുകയും ചെയ്തു.

മണിപ്രവാളത്തിനു് പ്രാചീനന്മാര്‍ വളരെ നിഷ്കര്‍ഷിച്ചു് ലക്ഷണം ചെയ്തിട്ടുണ്ടു്. ഇൗയിടെ കണ്ടുകിട്ടിയ "ലീലാതിലകം' എന്ന ഗ്രന്ഥം മലയാളഭാഷയില്‍ കവിത ആരംഭിച്ച അക്കാലത്തുതന്നെ മഹാന്മാര്‍ ചെയ്തിട്ടുള്ള വ്യവസ്ഥകളെ എല്ലാം വ്യക്തമായിപ്രസ്താവിക്കുന്നുണ്ടു്. "ലീലാതിലകം" എന്നതു് മണിപ്രവാളകവിതയെപ്പററി സംസ്കൃതത്തില്‍ ചമച്ചിട്ടുള്ള ഒരു ശാസ്ത്രഗ്രന്ഥമാണു്. ഈ ഗ്രന്ഥത്തിനു് "ശില്പം' എന്നു പേരുള്ള എട്ടു വിഭാഗങ്ങള്‍ ഉണ്ടു്. മണിപ്രവാളത്തിന്റെ സ്വരൂപവും ലക്ഷണവും ഒന്നാംശില്പത്തില്‍ വിവരിച്ചിരിക്കുന്നു. മണിപ്രവാളശരീരനിരൂപണമാണു് രണ്ടാംശില്പം. ഇതില്‍ ഭാഷയുടെ നിരുക്തവും നാമങ്ങളുയെടും ക്രിയാപദങ്ങളുടെയും രൂപനിഷ്പത്തിയും അടങ്ങിയിരിക്കുന്നു. മൂന്നാംശില്പം സന്ധിവിവരണം ആകുന്നു. ദോഷാലോചനം നാലാം ശില്പത്തിലും, ഗുണവിചാരം അഞ്ചാംശില്പത്തിലും ചെയ്തിരിക്കുന്നു, ശബ്ദാലങ്കാരം ആറിലും അര്‍ത്ഥാലങ്കാരം ഏഴിലും എന്നു്. അലങ്കാരപ്രതിപാദനപരങ്ങളാണു് അടുത്ത രണ്ടു ശില്പങ്ങള്‍. ഒടുവിലത്തേതായ എട്ടാംശില്പം രസനിരൂപണത്തിനായി വിനിയോഗിക്കപ്പെട്ടിരിക്കുന്നു. ഇൗവിധം ശബ്ദശാസ്ത്രവും അലങ്കാരശാസ്ത്രവും കൂടിക്കലര്‍ന്നതാണു് "ലീലാതിലകം'. ഗ്രന്ഥകര്‍ത്താവിന്റെ പേര്‍ അറിയുന്നതിനു മാര്‍ഗ്ഗമില്ല. കാശികാവൃത്തി, കാവ്യപ്രകാശം മുതലായ സംസ്കൃതഗ്രന്ഥങ്ങളുടെ തോതിലാണു് ഈ ഗ്രന്ഥം ചമച്ചിട്ടുള്ളതു്. കാശികാവൃത്ത്യാദികളിലെപ്പോലെ ലീലാതിലകകാരനും മൂലഭൂതങ്ങളായ ചില സൂത്രങ്ങളെ എടുത്തു് വ്യാഖ്യാനിക്കുകയും ഉദാഹരിക്കുകയും ചെയ്തിട്ടു് അതിനുപരി പലവിചാരണകളും സ്വതന്ത്രമായിചെയ്യുന്നു. സൂത്രങ്ങള്‍ സ്വയം പ്രണീതങ്ങളല്ല; പുരാണങ്ങളാണെന്നു് പറയേണ്ടിയിരിക്കുന്നു. എന്തെന്നാല്‍ ചിലയിടത്തു് "ച' ശബ്ദം ഉത്തര സൂത്രത്തില്‍നിന്നും "അനുകര്‍ഷിക്കണം' എന്നും മററും പ്രസ്താവിച്ചുകാണുന്നു. സൂത്രവും വൃത്തിയും ഒരാള്‍തന്നെ നിര്‍മ്മിച്ചതാണെങ്കില്‍ ഇൗവക റിമാര്‍ക്കുകള്‍ക്കു് ആവശ്യം ഇല്ല. സൂത്രകാരന്‍ വേറെ ഒരാള്‍ ആണെന്നു് അതിനാല്‍ കല്പിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ആ ആചാര്യന്‍ ആരാണെന്നു് ഉൗഹിക്കുന്നതിനു് ലീലാതിലകം മുഴുവന്‍ ശ്രദ്ധയോടുകുടി വായിച്ചിട്ടും എനിക്കു സാധിച്ചിട്ടില്ല. ലീലാതിലകം എഴുതിയ ആള്‍ തമിഴിലും സംസ്കൃതത്തിലും ഒന്നുപോലെ പ്രാമാണികത്വം ലഭിച്ച ഒരു മഹാന്‍ ആയിരുന്നു എന്നുമാത്രം നിസ്സംശയമായിപ്പറയാം. ഇതില്‍ ഉദാഹരണത്തിനു് എടുത്തിട്ടുള്ള ശ്ലോകങ്ങള്‍ മിക്കതും അശ്രുതപൂര്‍വ്വങ്ങളാണ്; എന്നാല്‍ ഉണ്ണുനീലിസന്ദേശത്തിലെ ചില ശ്ലോകങ്ങള്‍ ഉദാഹരിച്ചു കാണുകയാല്‍ ആ സന്ദേശഗ്രന്ഥത്തിനു മേലാണു് ലീലാതിലകം രചിക്കപ്പെട്ടതു് എന്നുമാത്രം ഉൗഹിക്കാം.

"മണിപ്രവാളത്തിന്റെ ശബ്ദശാസ്ത്രവും അലങ്കാരശാസ്ത്രവും ആണു് ലീലാതിലകം' എന്നു പറഞ്ഞുവല്ലൊ. അതില്‍ ആലങ്കാരികസിദ്ധാന്തങ്ങള്‍ക്കു പറയത്തക്ക ഭേദങ്ങളൊന്നും ഇതേവരെ വന്നിട്ടില്ല; ശബ്ദശാസ്ത്ര നിയമങ്ങളിലാകട്ടെ ചില ഭേദഗതികള്‍ സംഭവിച്ചിട്ടുണ്ട്: ""ഭാഷാസംസ്കൃതയോഗോ മണിപ്രവാളം എന്ന പ്രഥമസൂത്രപ്രകാരം സംസ്കൃതത്തിലെ വിഭക്ത്യന്തങ്ങളായ നാമങ്ങളും ക്രിയാപദങ്ങളും ഇടകലര്‍ന്നുള്ള ഭാഷാപ്രയോഗമാണു് "മണിപ്രവാളം'. നാം ഇപ്പോള്‍ "ഭാഷ' എന്നു പറയുന്ന മലയാളത്തിനു് അന്നു "തമിഴ്' എന്നായിരുന്നു പേര്‍. ഇതനുസരിച്ചാണു് "ഭാഷാവ്യാഖ്യാനം' എന്ന അര്‍ത്ഥത്തില്‍ "തമിഴ്ക്കുത്ത്' എന്ന പദം ഇന്നും നാം ഉപയോഗിച്ചുവരുന്നതെന്നു തോന്നുന്നു. "മണിപ്രവാളം' എന്ന പദത്തിന്റെ വ്യുത്പത്തിതന്നെ അര്‍വ്വാചീനന്മാര്‍ വ്യാഖ്യാനിക്കുമ്പോലെ അല്ല. "മണി' എന്നാല്‍ "മാണിക്യം' എന്നു പറയുന്ന ചുമപ്പുകല്ലും, "പ്രവാളം' പവിഴവും; മണിസ്ഥാനീയങ്ങളായ ദ്രാവിഡ(മലയാള)പദങ്ങളും പ്രവാളസ്ഥാനീയങ്ങളായ വിഭക്ത്യന്തസംസ്കൃതപദങ്ങളും ചേര്‍ന്ന ഭാഷ മണിപ്രവാളം. മാണിക്യത്തിനും പവിഴത്തിനും നിറം ഒന്നാകയാല്‍ ഇണങ്ങിച്ചേരുന്നപക്ഷം ജാതിഭേദം തെളിയാത്തതുപോലെ മലയാളവും സരളസംസ്കൃതവും സരസമായി കലര്‍ത്തിയാല്‍ ഭാഷാഭേദം തോന്നുകയില്ലെന്നാണു് യുക്തി. ഇതു് "വസന്തതിലകം' മുതലായ സംസ്കൃതവൃത്തങ്ങളില്‍ കവിത എഴുതുന്നതിനു മാത്രം ഉപയോഗിക്കേണ്ടുന്ന ഭാഷയാണു്. ഒററപ്പദങ്ങളും ദീര്‍ഘദീര്‍ഘസമാസങ്ങളും അടിക്കടിസംസ്കൃതത്തില്‍നിന്നു കടം വാങ്ങി വിഭക്തിരൂപം മാത്രം മലയാളവ്യാകരണപ്രകാരമാക്കി ഒരു കാതംവഴി നീളത്തില്‍ ഗദ്യങ്ങള്‍ എഴുതിക്കൂട്ടിയാലും അതു "മണിപ്രവാളം' ആകുകയില്ല. ഇതിനു് "തമിഴ്' എന്നുതന്നെ പേര്‍. "രാമായണംതമിഴ്', "ഭാരതംതമിഴ്' എന്നു മുതലായ പേരുകളോടുകൂടി പല ഗദ്യഗ്രന്ഥങ്ങളും ചാക്യാന്മാര്‍വശം ഇന്നും ഇരിപ്പുണ്ടു്. അവര്‍ എന്തോ ഒരു ഭക്തിജാഡ്യം കൊണ്ടോ രഹസേ്യാദ്ഘാടനവെമുഖ്യംകൊണ്ടോ ആവക ഗ്രന്ഥങ്ങള്‍ വെളിപ്പെടുത്തുവാന്‍ മടിക്കുന്നു. ഇക്കൂട്ടത്തില്‍ "രാമായണംതമിഴു'കളില്‍ ഒന്നു് എന്റെ കെവശം കിട്ടിയിട്ടുള്ളതില്‍നിന്നും ഒരു ഭാഗം ഇവിടെ ഉദ്ധരിച്ചു കാണിക്കാം:

""അതിഭയങ്കരമായി ത്രിംശദേ്യാജനായതമാകിന ആത്മശരീരത്തെ ചുരുക്കി ആര്‍ജ്ജിത-മാര്‍ജ്ജാരമാത്രഗാത്രനായി ഗോപുരദ്വാരത്തുങ്കലകത്തു പോകുവാനുപക്രമിക്കുവന്നവന്‍ ലങ്കാലക്ഷ്മിയാല്‍ പരിഭൂതനായി ലങ്കാലക്ഷ്മിയെ ലങ്കയില്‍നിന്നും നിരാകരിച്ചു് അദ്വാരേണ ഉള്ള പ്രവേശമത്ര ശത്രുഭവനത്തിങ്കല്‍ വിഹിതമായിട്ടുള്ളതു് എന്നിങ്ങനെ ലങ്കാലക്ഷ്മിയുടെ ഉപദേശം നിമിത്തമായി അവിടെനിന്നും പിന്‍വാങ്ങി കുതിച്ചുകടന്നു് ഇടത്തുകാലകത്തുവെച്ചു് അകത്തുപുക്കു് നിന്നരുളിച്ചെയ്യുന്നോന്‍. ""എങ്ങനെ എപ്രദേശത്തുങ്കലോ ആ ഉദ്യാനം യാതൊരേടത്തു ദേവി ശിംശപാശ്രിതയായി അധിവസിച്ചരുളുന്നു എന്നു് സമ്പാതിയാല്‍ അഭിഹിതമായി. എന്നാല്‍ എവിടത്തുങ്കലോ ആ ഉദ്യാനം എന്നരുളിച്ചെയ്തു് ഉദ്യാനാനേ്വഷണതത്പരനായി പെരുമാറുന്നവന്‍ അകമ്പസദനം, നികുംഭഭവനം, സുപ്തഘനഭവനം, വജ്രദംഷ്ട്രാലയം, മേഘനാദസദനം എന്നേവമാദി നിശാചരഭവനങ്ങളില്‍ വെദേഹിയെ അനേ്വഷിച്ചു സഞ്ചരിക്കുന്ന കാലത്തു് വിഭീഷണഭവനമകം പുക്കു് അവനുടെ നാരായണസ്തുതികള്‍ കേട്ടു പ്രസന്നഹൃദയനായി കുംഭകര്‍ണ്ണാലയത്തെ പ്രാപിച്ചു് അവനുടെ മഹീദ്ധ്രസമാനമാകിന ശരീരത്തിനുടെ ദര്‍ശനത്താല്‍ ആശ്ചരേ്യാപേതനായി അവിടെ നിന്നും പിന്നെയും വിമാനത്തിന്മേല്‍ കരേറി നോക്കുന്ന കാലത്തു വിവിധരത്നരചിതാനേക സ്തംഭസങ്കീര്‍ണ്ണമായി മൗക്തികമാലാമനോഹരമായി മണിദീപനികരപരിഹൃതമസ്സഞ്ചയമായി കനകദണ്ഡങ്ങളാകിന വെകൊററകുടകള്‍ തപനീയമയങ്ങളാകിന താലവൃന്തങ്ങള്‍ ചന്ദ്രമരീചിധവളങ്ങളാകിന ചാമരങ്ങള്‍ എന്നേവമാദികളോടുംകൂടി മധുപാനമത്തനായി മണ്ഡോദരീ സഹിതനായി കിടന്നുറങ്ങുന്ന ദശകന്ധരനുടെ ശോഭാതിശയത്തെ കണ്ടു് ആശ്ചരേ്യാപേതനായി മണ്ഡോദരിയുടെ വെധവ്യലക്ഷണത്തെക്കണ്ടു് വെദേഹിയല്ലെന്നറിഞ്ഞു് അവിടെനിന്നും പിന്നെയും നാനാദേശങ്ങളില്‍ വെദേഹിയെ അനേ്വഷിച്ചു സഞ്ചരിക്കുന്ന കാലത്തു് അനന്യസാധാരണയാകിന ലങ്കാസമൃദ്ധിയെക്കണ്ടു് ആശ്ചരേ്യാപേതനായി അരുളിചെയ്യുന്നോന്‍. ""ഏനെ ഈ രാക്ഷസ നഗരിയുടെ വരയായിരുന്ന ലക്ഷ്മി ഇരുന്നവാറെത്രയും ആശ്ചര്യമത്ര! അധര്‍മ്മ-ചാ-ര-നി-ര-ത-നാ-യി -പാപ-കര്‍മ്മ-ത-ത്പ-ര-നായി ഗോഘ്ന-നായി സുരാ-പ-നായി ശ്രീരാ-ഘ-വ-ധര്‍മ്മ-ദാ-ര-ചോ-ര-നാ-യി-രി-ക്കുന്ന രാക്ഷ-സേ-ശ്വ-ര-നുടെ വര-യാ-യി-രുന്ന ലക്ഷ്മി ഇരു-ന്ന-വാ-റെ-ത്രയും ആശ്ചര്യ-മത്ര! ലക്ഷ്മി, ഖലാനേ്വഷിണിയായിരിപ്പൊരുത്തി എന്നതും പരമാര്‍ത്ഥമത്ര. സത്യമേ ഈ ദശഗ്രീവന്‍ പടഹപണവാദിവാദിത്രസഹിതനായി അതിബലപരാക്രമരാകിന നിശാചരവീരന്മാരോടുംകൂടി ത്രിദശനഗരത്തെ പ്രാപിച്ചു് അമര്‍ത്ത്യന്മാരെ ആയോധനത്തുങ്കല്‍ ജയിച്ചു് അവരുടെ അശ്വരത്നം, ഗജരത്നം, വൃക്ഷരത്നം, സ്ത്രീരത്നം എന്നുവേണ്ടാ യാവചില വസ്തുക്കള്‍ സ്വര്‍ഗ്ഗസാരഭൂതങ്ങളാ കിനവ അവററകളെ ഒക്കെയും ബലാത്കാരേണ അപഹരിച്ചുകൊണ്ടു പോന്നാന്‍ പോല്‍ ദശഗ്രീവന്‍ എന്നു കേട്ടിരിപ്പൂ; അതും പരമാര്‍ത്ഥമത്ര എന്നരുളിച്ചെയ്തു. പിന്നെയും ഉദ്യാനാനേ്വഷണതത്പരനായി പെരുമാറുന്നവന്‍. ഉടനേ ത്രിഗുണസമൃദ്ധനായി പോന്നു വീയുന്ന മന്ദമാരുതനെക്കൊണ്ടനുഭവിച്ചു് പ്രസന്നഹൃദയനായി അരുളിച്ചെയ്യുന്നോന്‍ ""ഏനെ ഈ മൃദുപവനാഗമനം കൊണ്ടു് ഉദ്യാനം മുന്‍ഭാഗത്തുങ്കലാവൂ എന്നു ഞാന്‍ കല്പിക്കുന്നു. എന്തു് എന്നു് അഗസ്ത്യാരാധനാര്‍ത്ഥം അവതീര്‍ണ്ണമാരാകിന വിദ്യാധരസ്ത്രീകളുടെ കബരീഭാരാവസക്തകളാകിന മന്ദാരമാലകളുടെ സൗരഭ്യത്തെ തടവി അളിപാളീകൂജിതനടവീജലശകലാവലീസംയോഗസുഖ ശീതളനായി പോന്നു വീയുന്ന വായുഭഗവാന്‍ ""പുത്രാ! ഹനുമാനേ ഇങ്ങിങ്ങു പോരിക! ഇവിടെ പുരോഭാഗത്തുങ്കല്‍ അശോകവനികോദ്യാനം! ഇന്ദീവരലോചനനുടെ ഭാര്യ ഇവിടെ അധിവസിച്ചരുളുന്നു. എന്നാല്‍ വെദേഹിയെക്കണ്ടു് ദേവീവൃത്താന്തത്തെ ദേവനോടറിയിക്കുക! നിന്നുടെ സ്വാമിയാകിന സുഗ്രീവനുടെ കാര്യത്തേയും സാധിക്കുക! പുത്രാ! ഹനുമാനേ! എന്നിങ്ങനെ സമുദ്രലംഘനപരിശ്രാന്തനാകിന എന്നെ ആലിംഗനംചെയ്തു് ആശ്വസിപ്പിക്കുന്നിതോ എന്നു തോന്നുമാറു വീയുന്നു. എന്നാല്‍ ഈ പുരോഭാഗത്തുങ്കല്‍ കാണാകുന്നതു് അശോകവനികോദ്യാനം എന്നു വന്നു കൂടും. എന്നാലിതുങ്കലകത്തു പുക്കറിവൂ ഞാനെന്നരുളിച്ചെയ്തു് അകത്തുപുക്കു നോക്കുന്ന കാലത്തു കാണായി ഉദ്യാനം.

   
കേരളപാണിനീയം/പീഠിക/ഘട്ടവിഭാഗം
"സന്ദര്‍ഭേ സംസ്കൃതീകൃതാ ച എന്ന സൂത്രപ്രകാരം:

"പൂപൂകിരേ പന്തലകത്തു സൂകരാ-

ശ്ചുചൂടിരേ മാല പറിച്ചൊരോര്‍ത്തരേ (ഓരോരുത്തരെ)

തതല്ലിരേ തമ്മിലതീവഘോരമായ്

മമണ്ടിരേ കൊണ്ടു മണാട്ടിതന്നെയും.

   
കേരളപാണിനീയം/പീഠിക/ഘട്ടവിഭാഗം

ഇത്യാദികളിലെപ്പോലെ മലയാളധാതുക്കള്‍ക്കു് സംസ്കൃതരൂപം കൊടുക്കുക എന്ന വിലോമ സമ്പ്രദായം അന്നു നടപ്പായിരുന്നു. അതിനാല്‍ത്തന്നെയാണു് ഉണ്ണുനീലീസന്ദേശത്തില്‍ "മാടമ്പീനാം', "പിന്നിടേഥാഃ' "പൊത്തയിത്വാ' ഇത്യാദി ഉദാഹരിച്ചപ്രകാരം വിചിത്രരൂപങ്ങള്‍ പ്രയോഗിച്ചു കാണുന്നതു്.

""ദ്രമിഡസംഘാതാക്ഷരനിബന്ധമെതുകമോനവൃത്തവിശേഷയുക്തം പാട്ടു്.

ഈ സൂത്രത്തിന്റെ താല്‍പര്യം ഇവിടെ തര്‍ജ്ജമചെയ്യാം. ശബ്ദങ്ങള്‍ സംസ്കൃതത്തില്‍ നിന്നും സ്വീകരിച്ചാലും എഴുത്തില്‍ തമിഴക്ഷരങ്ങള്‍തന്നെ ഉപയോഗിച്ചു് "എഴുതുക' എന്നു പറഞ്ഞിരുന്ന ദ്വിതീയാക്ഷരപ്രാസമോ "മോന' എന്നു പറഞ്ഞിരുന്ന ആദ്യക്ഷരപ്രാസമോ(ഇതിന്റെ സ്വഭാവം പാദത്തെ രണ്ടു ഭാഗമാക്കി മുറിച്ചിട്ടു് രണ്ടു ഭാഗത്തിലും സ്ഥാനച്ചേര്‍ച്ചകൊണ്ടു സാമ്യമുള്ള സവര്‍ണ്ണാക്ഷരങ്ങളെ പ്രയോഗിക്കുക ആകുന്നു) രണ്ടുമോ ചേര്‍ത്തു തമിഴ്വൃത്തങ്ങളില്‍ ചമച്ചിട്ടുള്ള കൃതികള്‍ക്കു "പാട്ട്' എന്നു പേര്‍. പാട്ടിനു കൊടുത്തിട്ടുള്ള.

   
കേരളപാണിനീയം/പീഠിക/ഘട്ടവിഭാഗം
"തരതലന്താനളന്ത (ാ) പിളന്ത (ാ) പൊന്നന്‍-

തനകചെന്താര്‍ വരുന്താമല്‍ വാണന്തന്നെ

കരമരിന്ത (ാ) പെരുന്താനവന്മാരുടെ

കരളെരിന്ത (ാ) പുരാനേ മുരാരീ കണാ

ഒരു വരന്താ പരന്താമമേ നീ കനി-

ന്തുരകചായീ പിണിപ്പവ്വ നീന്താവണ്ണം

ചിരതരന്താള്‍ പണിന്തേനയ്യോ താങ്കെന്നെ

തിരുവനന്ത (ാ) പുരന്തങ്കുമാനന്തനേ.

   
കേരളപാണിനീയം/പീഠിക/ഘട്ടവിഭാഗം

എന്ന ഉദാഹരണം രാമചരിതത്തില്‍നിന്നായിരിക്കാം എന്നു് ഉൗഹിപ്പാന്‍ വഴിയുണ്ടു്. ഈ ഉൗഹം ശരിയാണെങ്കില്‍ രാമചരിതകാരനായ വഞ്ചിമഹാരാജാവിനു് ഇപ്പുറമാണു് ലീലാതിലകത്തിന്റെ ഉത്ഭവം എന്നു തെളിയുന്നു. എന്നാല്‍ എതുക (ദ്വിതീയാക്ഷരപ്രാസം) മണിപ്രവാളത്തിലും ചിലപ്പോള്‍ ഉപയോഗിച്ചു വരുന്നു എന്നു മററുദാഹരണശ്ലോകങ്ങളില്‍നിന്നു കാണുന്നുണ്ടു്.

ലീലാതിലകത്തില്‍ കാണുന്ന ലക്ഷ്യങ്ങളില്‍നിന്നും നമുക്കു ലഭിക്കുന്ന ഭാഷാചരിത്ര വാസ്തവങ്ങള്‍ എന്തെല്ലാമെന്നു നോക്കാം: ആദികാലത്തു് മലയാളദേശത്തു നാടോടിയായി സംസാരിച്ചിരുന്ന ഭാഷയ്ക്കു് "തമിഴ്' എന്നായിരുന്നു പേര്‍. സാക്ഷാല്‍ തമിഴിന്"പാണ്ടിത്തമിഴ്' എന്നും ഈ നാട്ടിലേതിനു് "മലയാംതമിഴ്' എന്നും ഭേദം കല്പിച്ചിരിക്കാം. "മലയാംതമിഴ്' എന്നതു് "മലയാണ്മ' എന്നു ചുരുങ്ങിയിരിക്കണം. നാടോടിബ്ഭാഷയില്‍ നിന്നും സ്വല്പം ഉയര്‍ന്നു് ഒരു ഗ്രന്ഥഭാഷ ഉണ്ടായിരുന്നു. അതു് ഗദ്യമെഴുന്നതിനു ചുരുക്കമായിട്ടേ ഉപയോഗിച്ചിരുന്നുള്ളു. പദ്യകരണം രണ്ടു വഴിക്കായിരുന്നു: ഒന്നാമതു്, ആദ്യക്ഷരപ്രാസമോ ദ്വിതീയാക്ഷരപ്രാസമോ (അന്താദിപ്രാസമോ) നിയമേന ഉപയോഗിച്ചു് തമിഴുവൃത്തങ്ങളില്‍ സംസ്കൃതപ്രയോഗം ചുരുക്കി പ്രയോഗിക്കുന്നപക്ഷവും തത്ഭവരീതിയില്‍ അക്ഷരഭേദംചെയ്തു് സംസ്കൃതവര്‍ണ്ണമാല ഉപയോഗിക്കാതെ വട്ടെഴുത്തില്‍ എഴുതിയിട്ടുള്ള പാട്ടുകളുടെ മട്ടു്. രണ്ടാമതു്, സംസ്കൃതവിഭക്ത്യന്തം ചേര്‍ത്തു് നിയതമായുള്ള പ്രാസനിര്‍ബന്ധംകൂടാതെ രസപ്രധാനമായ വസന്തതിലകാദിവൃത്തങ്ങളില്‍ രചിച്ചിട്ടുള്ള മണിപ്രവാളമാര്‍ഗ്ഗം. സംസ്കൃതപ്രാധാന്യത്താല്‍ മണിപ്രവാളകൃതികള്‍ ആര്യഎഴുത്തില്‍ത്തന്നെ എഴുതണമെന്നു കൂടി നിര്‍ബന്ധം ഉണ്ടായിരുന്നു. "രാമചരിതം' മുതലായതിനു് പാട്ടിനും, "ഉണ്ണുനീലിസന്ദേശം' മുതലായതു് മണിപ്രവാളത്തിനും ഉദാഹരണങ്ങള്‍. "രാമചരിത'ത്തിന്റെ വഴിപിടിച്ചു് അയ്യപ്പിള്ള ആശാന്‍ കണ്ണശ്ശപ്പണിക്കര്‍ മുതല്‍പേര്‍ മുറയ്ക്കു പാട്ടുകള്‍ എഴുതി. ഇക്കൂട്ടത്തില്‍ ഒടുവിലത്തേതായിരിക്കണം "കൃഷ്ണപ്പാട്ടു്.' ഉണ്ണുനീലിസന്ദേശത്തിന്റെ മാതൃകയിലും കൃതികള്‍ പലതും ഉണ്ടായിരിക്കണം. എന്നാല്‍ ഒററശ്ലോകങ്ങള്‍ അല്ലാതെ പ്രബന്ധങ്ങള്‍ ഏറെ വെളിപ്പെട്ടു കഴിഞ്ഞിട്ടില്ല. "ചെല്ലൂര്‍മാഹാത്മ്യം' മുതലായ ചമ്പൂപ്രബന്ധങ്ങല്‍ ആയിരിക്കണം ഈ വര്‍ഗ്ഗത്തിലെ അര്‍വ്വാചീനകൃതികള്‍.

മേല്‍ പ്രസ്താവിച്ചപ്രകാരം ഇടയ്ക്കു തടഞ്ഞു് രണ്ടു കെവഴികളായിപ്പിരിഞ്ഞു് നെടുകെ ഒഴുകിക്കൊണ്ടിരുന്ന കേരളകവിതാസരസ്വതിയെ വീണ്ടും കൂട്ടിച്ചേര്‍ത്തു് ഒരേ പ്രവാഹമാക്കി വിട്ട മഹാപുരുഷന്‍ തുഞ്ചത്തു് രാമാനുജന്‍ എഴുത്തച്ഛനാകുന്നു. അദ്ദേഹംചെയ്ത ഏര്‍പ്പാടുകള്‍ ആവിതു: (1) മണിപ്രവാളത്തില്‍ എന്നപോലെ പാട്ടുകളിലും ആവശ്യം അനുസരിച്ചു് ലളിതസംസ്കൃത വിഭക്ത്യന്തങ്ങളെ ഉപയോഗിക്കാം. (2) വിഭക്ത്യന്തങ്ങളായാലും പ്രകൃതികള്‍ മാത്രമായാലും സംസ്കൃതശബ്ദങ്ങളെ സെ്വരമായി ഉപയോഗിക്കുന്ന സ്ഥിതിക്കു് അതുകളില്‍ അക്ഷരസ്ഫുടതയ്ക്കുവേണ്ടി സാഹിത്യമെല്ലാംതന്നെ ആര്യ എഴുത്തില്‍ എഴുതണം. (3) ഭാഷാദ്വയസങ്കരത്തില്‍ സംസ്കൃതപ്രകൃതികളെ മലയാളവിഭക്തികള്‍ ചേര്‍ത്തു പ്രയോഗിക്കുന്നതു ശരിയായ വഴി; നേരേമറിച്ചു് മലയാളപ്രകൃതികളെ സംസ്കൃതവിഭക്തിചേര്‍ത്തു "മാടമ്പീനാം', ഇത്യാദിപോലെ പ്രയോഗിക്കുന്ന വിലോമസമ്പ്രദായം തെററു്. (4) സംസ്കൃതച്ഛന്ദശ്ശാസ്ത്രത്തിലെ വര്‍ണ്ണനിയമത്തെയും മാത്രാനിയമത്തെയും തമിഴു് വൃത്തങ്ങളില്‍ക്കൂടി പ്രവേശിപ്പിച്ചു് പുതുതായി "കിളിപ്പാട്ട്' മുതലായ മലയാളവൃത്തങ്ങളെ നടപ്പില്‍വരുത്തി. ഈ വ്യവസഥപ്രകാരം തമിഴും സംസ്കൃതവും കലര്‍ന്നുണ്ടായ ഭാഷയാണു് മലയാള നാട്ടില്‍ ഇന്നും നടന്നുവരുന്ന ഗ്രന്ഥഭാഷ. ഇതില്‍ സംസ്കൃതവിഭക്ത്യന്തപ്രയോഗം ക്രമേണ കുറഞ്ഞുവരുന്നുണ്ടു്. "പച്ചമലയാള'ത്തിലും കവികള്‍ കെവയ്ക്കാതിരുന്നിട്ടില്ല. എന്നാല്‍ അതിനു് പ്രചാരം ലഭിക്കുന്നതു സംശയംതന്നെ; നാടോടിയായ ഗൃഹ്യഭാഷയിലും പഠിത്തക്കാരുടെ ഇടയില്‍ സംസ്കൃതശബ്ദപ്രയോഗം ക്രമേണ വര്‍ദ്ധിച്ചുവരുന്നു. മലയാളം തമിഴിന്റെ ഉപഭാഷയായിട്ടാണോ ഉത്ഭവിച്ചതു് എന്ന സംഗതിയില്‍ ഇനി യാതൊരു തര്‍ക്കത്തിനും വകയില്ല. ലീലാതിലകകാരന്‍ ഇതു വിളിച്ചുപറഞ്ഞുട്ടിണ്ട്: ""കേരളാനാം ദ്രമിഡശബ്ദവാച്യത്വാദപഭ്രംശേന തദ്ഭാഷാ "തമിഴ്' ഇത്യുച്യതേ ചോള കേരളപാണ്ഡേ്യഷുദ്രമിഡശബ്ദസ്യ വാ പ്രസിദ്ധ്യാ പ്രവൃത്തിഃ; കര്‍ണ്ണാടാന്ധ്രാഅപി ദ്രമിഡാ ഇതികേചിത്; തന്ന; തേഷാം ദ്രമിഡവേദവിലക്ഷണഭാഷാവത്വാതു്, ദ്രമിഡസംഘാതപാഠാഭാവാച്ച് ചോളം, കേരളം, പാണ്ഡ്യം ഈ മൂന്നു ദേശങ്ങളിലേയും ഭാഷ തമിഴിന്റെ വകഭേദങ്ങളാണു്. കര്‍ണ്ണാടകവും തെലുങ്കുംകൂടി ഇതില്‍ ഉള്‍പ്പെട്ടതാണെന്നും ചിലര്‍ക്കു പക്ഷമുണ്ട്; എന്നാല്‍ ആ ഭാഷകള്‍ ദ്രമിഡവേദമായ തിരുവായ്മൊഴിയിലെ ഭാഷയില്‍നിന്നും ഭിന്നിച്ചവയാകയാല്‍ അതുകളെ തമിഴില്‍ ഉള്‍പ്പെടുത്തുന്നതു ശരിയല്ല. ആ ഭാഷകള്‍ക്കു് അക്ഷരമാലയും വേറെയാണു്.

ലീലാതിലകമാണു് ആദ്യമായ മലയാളവ്യാകരണം. വ്യാകരണത്തിന്റെ പ്രധാനവിഷയങ്ങളെല്ലാം അതില്‍ നന്നൂലിന്റെ മട്ടില്‍ രചിച്ചിട്ടുള്ള സൂത്രങ്ങളെക്കൊണ്ടു പ്രതിപാദിച്ചിരിക്കുന്നു. സൂത്രപാഠം സംസ്കൃതത്തിലായിപ്പോയല്ലോ എന്നു് ആശ്ചര്യപ്പെടാനില്ല; തെലുങ്കിലും ആദ്യമുണ്ടായ വ്യാകരണം സംസ്കൃതസൂത്രരൂപമാണു്. തമിഴിലെ നന്നൂലും തെലുങ്കിലെ ആന്ധ്രശബ്ദചിന്താമണിയും കണ്ടിട്ടു് അതേരീതിയില്‍ അന്നു് "മണിപ്രവാളം' എന്നു പറഞ്ഞിരുന്ന മലയാളത്തിനു് ഒരു വ്യാകരണം എഴുതിയതായിരിക്കണം "ലീലാതിലകം' എന്നതിനു സംശയം ഇല്ല. ഈ വിലയേറിയ ഗ്രന്ഥം ഇതേവരെ വെളിപ്പെടാതെ കിടന്നതിലാണു് ആശ്ചര്യം തോന്നുന്നതു്. ഏതായാലും ലീലാതിലകം കണ്ടുകിട്ടിയതോടുകൂടി അടുത്തകാലംവരെ "മലയാളം യാതൊരു വ്യവസ്ഥയും ഇല്ലാത്ത ഒരു നികൃഷ്ടഭാഷ ആയിരുന്നു' എന്നും, "മലയാളത്തിനു് ആദ്യമായി ഒരു വ്യാകരണം നിര്‍മ്മിക്കുന്നതിനു് ഒരു യൂറോപ്യപണ്ഡിതന്‍ വേണ്ടിവന്നു' എന്നും ഉള്ള അപഖ്യാതിയും അഭിമാനക്കുറവും നീങ്ങിയല്ലോ എന്നു സന്തോഷിക്കാം.

ഓരോ ഘട്ടത്തിലും ഉണ്ടായിട്ടുള്ള കൃതികളില്‍നിന്നും ഉദാഹരണത്തിനായി ഏതാനും ഭാഗങ്ങള്‍ താഴെ കാണിക്കുന്നു:

ആദ്യഘട്ടം-കരിന്തമിഴുകാലം:


(പദ്യം)


   
കേരളപാണിനീയം/പീഠിക/ഘട്ടവിഭാഗം
"കുലച്ചില്‍ വന്തണയൊല്ലായെന്നും നിനവുകൊണ്ടു മൂവുലകുവാനുളാര്‍

കുലത്തെയും കിരണപന്തിയാല്‍ കുറവെടുത്തു കാപ്പതിവനേ കാണാ

എലിക്കു മീതു വരുര്‍വാരുണാ ചിവനുമീശനും പിന്നളകേശനും

മലര്‍പ്പെണ്ണന്‍പിലകും മാലു നാന്മുഖനും മററുരപ്പതുമിമ്മൂര്‍ത്തിയേ

-രാമചരിതം, (ഗദ്യം-ക്രിസ്തുവര്‍ഷം 775 ഏപ്രില്‍-കൊല്ലവര്‍ഷാരംഭത്തിനു് 50 വര്‍ഷം മുന്‍പ്)

   
കേരളപാണിനീയം/പീഠിക/ഘട്ടവിഭാഗം


ഹരിഃശ്രീ ഗണപതായേ നമ

ശ്രീഭൂപാലനരപതി വീരകേരളശക്രവര്‍ത്തി ആദിയായി മുറമുറെയേ പല നൂറായിരത്താണ്ടു ചെങ്കോലു നടത്തായിനിന്‍റ ശ്രീ വീര-രാ-ഘ-വ-ശ-ക്ര-വര്‍ത്തി തിരു-വി-രാജ്യം ചെല്ലാ-യിന്‍റ മകരത്തുള്‍ വ്യാഴം മീനഞായററു ഇരുപത്തൊന്റു ചെന്റ ശനി രോഹിണിനാള്‍ പെരുംകോയിലകത്തിരുന്നരുളെ മകോതെര്‍പട്ടണത്തു ഇരവികോര്‍ത്തനായ ചേരമാന്‍ ലോകപ്പെരുംചെട്ടിക്കു മണിക്കിരാമപട്ടം കുടുത്തോം. വിളാപാടയും, പവനത്താങ്കും, വെറുപേരും, കുടത്തുവളെഞ്ചിയമും, വളെഞ്ചിയത്തില്‍ തനിച്ചെട്ടും, മു(ന്‍) ച്ചൊല്ലും, മുന്നടയും, പഞ്ചവാദ്യമും, ശംഖും, പകല്‍വിളക്കും, പാവാടയും, എെന്തോളമും, കൊററക്കുടയും, വടുകപ്പുറയും, ഇടുപിടിത്തോരണമും, നാലുചേരിക്കും തരിച്ചെട്ടും കുടുത്തോം. വാണിയരും എെംകമ്മാളരെയും അടിമക്കുടുത്തോം. നഗരത്തുക്കു കര്‍ത്താവായ ഇരവികോര്‍ത്തനുക്കു, പുറകൊണ്ടളന്തു നിറകൊണ്ടു തൂക്കി നൂല്‍കൊണ്ടു പാകിയെണ്ണിന്‍റതിലും എടുക്കിന്‍റതിലും ഉവി(പ്പി)നോടു ശര്‍ക്കരയോടു കസ്തൂരിയോടു വിളക്കെണ്ണയോടു ഇടയില്‍ ഉള്ളതു എപ്പേര്‍പ്പെട്ടതിനും തരകും അതിനടുത്ത ചുങ്കമും കൂട കൊടുങ്കല്ലൂര്‍ അഴിവഴിയോടു ഗോപുരത്തോടു വിശേഷാല്‍ നാലു തളിയും, തളി--ക്കടുത്ത കിരാമത്തോടിടയില്‍ നീര്‍മുതലായി ചെപ്പേടു എഴുതിക്കുടുത്തോം. ചേരമാന്‍ ലോകപ്പെരുച്ചെട്ടിയാന ഇരവികോര്‍ത്തനക്കു. ഇവന്‍ മക്കള്‍മക്കള്‍ക്കേ വഴിവഴിയേ വേറാകക്കുടുത്തോം. ഇതറിയും പന്‍റിയൂര്‍ കിരാമമും(ം) ചോക്കിരിക്കിരാമമും അറിയേകുടുത്തോം. വേണാടും ഓടനാടുമറിയക്കുടുത്തോം. ഏറനാടു വള്ളുവനാടു മറിയക്കുടുത്തോം. ചന്ദ്രാദിത്യകളുള്ള നാളെക്കു കുടുത്തോം. ഇവര്‍കളറിയ ചെപ്പേടെഴുതിയ ചേരമാന്‍ ലോകപ്പെരുന്തട്ടാന്‍ നമ്പിച്ചെടയന്‍ കെയെഴുത്തു.

- കൊച്ചീരാജ്യചരിത്രം

മധ്യഘട്ടം-മണിപ്രവാളരീതി


(പദ്യം)


   
കേരളപാണിനീയം/പീഠിക/ഘട്ടവിഭാഗം
"ആമ്പല്‍പ്രിയാഭരണമുകിന കാളകൂടം

കൂമ്പും കുരാല്‍മിഴി തുളുമ്പില കെങ്കവെള്ളം

ചാമ്പോഴുമെന്മനസി ചാമ്പലണിഞ്ഞ കോലം

കാമ്പോടുകൂട മരുവീടുക മന്മഥാരേഃ

-ലീലാതിലകം

   
കേരളപാണിനീയം/പീഠിക/ഘട്ടവിഭാഗം


   
കേരളപാണിനീയം/പീഠിക/ഘട്ടവിഭാഗം
"തൂകും പൂന്തേന്‍ പരിമളഭരം നമ്പുതോലും നടപ്പാന്‍

മേവും കാവും പഥിയുഴറി നീ തിര്‍ക്കുറണ്ടിക്കു ചെന്‍റ്

ദേവം തസ്മിന്‍ തൊഴുതു വഴിമേല്‍ നിന്‍റു നേരേ നടന്നാല്‍

കൂവീടപ്പാല്‍ പഥി പനയനാര്‍കാവു മംഗല്യകീര്‍ത്തേ!

-ഉണ്ണുനീലീസന്ദേശം, 113

   
കേരളപാണിനീയം/പീഠിക/ഘട്ടവിഭാഗം
(പദ്യം - പാട്ടുരീതി)


   
കേരളപാണിനീയം/പീഠിക/ഘട്ടവിഭാഗം
"അരക്കര്‍കുലം വേരറുക്കവേണമെന്‍റമരര്‍കളും

അലെകടലില്‍ ചെന്‍റു മുറയിട്ടതും

ആഴിവര്‍ണ്ണനന്നരുളിച്ചെയ്തതും

മുനിവരന്റെ ഹോമകുണ്ഡംതന്നില്‍നിന്നു

ദിവ്യനായകനുദയം ചെയ്തതും

ദശരഥന്‍ മകിഴ്ന്തു വാങ്കിക്കൊണ്ടതും

കൊണ്ടുടന്‍ തന്‍ ഭാര്യമാര്‍ക്കു പായസം കൊടുത്തതും

കുവലയത്തില്‍ മങ്കമാര്‍ ഭുജിത്തതും.

-രാമകഥപ്പാട്ട് - അയ്യപ്പിള്ള ആശാന്‍

   
കേരളപാണിനീയം/പീഠിക/ഘട്ടവിഭാഗം


   
കേരളപാണിനീയം/പീഠിക/ഘട്ടവിഭാഗം
"മുനിവൊടഹങ്കാരാദികളെല്ലാം ഉററവിചാരംകൊണ്ടു കളഞ്ഞേ

കനിവൊടു ശമദസന്തോഷാദികള്‍ കെക്കൊണ്ടാരണതത്പരായേ

അനുപമരാകിയ ഭൂദേവന്മാരവരവരേ മമ ദെവതമെന്നാല്‍

മനസി നിനച്ചതു ചെയ്തുമുടിക്കാം മറയവരരുളാലിന്നിനിയെല്ലാം

-കണ്ണശ്ശരാമായണം

   
കേരളപാണിനീയം/പീഠിക/ഘട്ടവിഭാഗം


(ഗദ്യം)


   
കേരളപാണിനീയം/പീഠിക/ഘട്ടവിഭാഗം
"അനിലാനലേന്ദുപുരന്ദരോപേന്ദ്രസമാനപരാക്രമനാകിന സവിതൃകുലനാഥദൂതന്‍ ശ്രീഹനൂമാന്‍ സായങ്കാലത്തുങ്കല്‍ സകലകലാപരിപൂര്‍ണ്ണനാകിന ചന്ദ്രദേവനുടെ ചന്ദ്രികാസ്പര്‍ശത്തിനാല്‍ അപനീതാധ്വശ്രമനായി ആലംബശിഖിരത്തിന്മേല്‍ നിന്നിറങ്ങി.

-സുന്ദരകാണ്ഡം തമിഴ്

   
കേരളപാണിനീയം/പീഠിക/ഘട്ടവിഭാഗം


ആധുനികഘട്ടം


(പദ്യം)
   
കേരളപാണിനീയം/പീഠിക/ഘട്ടവിഭാഗം
"ചെറുപ്പകാലങ്ങളിലുള്ള ശീലം

മറക്കുമോ മാനുഷനുള്ള കാലം

കാരസ്കരത്തിന്‍ കുരു പാലിലിട്ടാല്‍

കാലാന്തരേ കയ്പ്പു ശമിപ്പതുണ്ടോ?

""ജലത്തിലെപ്പോളകളെന്നപോലെ

ചലം മനുഷ്യര്‍ക്കു ശരീരബന്ധം;

കുലം ബലം പുത്രകളത്രജാലം

ഫലംവരാ മൃത്യുവരും ദശയാം.

-കുഞ്ചന്‍നമ്പ്യാര്‍

   
കേരളപാണിനീയം/പീഠിക/ഘട്ടവിഭാഗം


(പാട്ടുരീതി)
   
കേരളപാണിനീയം/പീഠിക/ഘട്ടവിഭാഗം
"രഘുകുലവരേഷ്ടദൂതന്‍ ത്രിയാമാചര-

രാജ്യമെഴുനൂറുയോജനയും ക്ഷണാല്‍

സരസബഹുവിഭവയുതഭോജനം നല്‍കിനാന്‍

സന്തുഷ്ടനായിതു പാവകദേവനും.

-എഴുത്തച്ഛന്‍

   
കേരളപാണിനീയം/പീഠിക/ഘട്ടവിഭാഗം
(ഗദ്യം)

""അസ്തപര്‍വ്വതനിതംബത്തെ അഭിമുഖീകരിച്ചു ലംബമാനമായ അംബുജബന്ധുബിംബത്തില്‍ നിന്നും അംബരമദ്ധ്യത്തില്‍ വിസൃമരങ്ങളായി ബന്ധൂകബന്ധുരങ്ങളായ കിരണകന്ദളങ്ങള്‍ ഹിമാലയ മഹാഗിരിയുടെ തുംഗകളായ ശൃംഗപരമ്പരകളുടേയും, ബദരീനാഥക്ഷേത്രത്തിന്റേയും അദഭ്രശുഭ്രകളായ ഹിമസംഹതികളില്‍ പ്രതിബിംബിച്ചു പ്രകാശിച്ചു. ദാക്ഷിണാത്യനായ ഒരു മന്ദമാരുതന്‍ സാനുപ്രദേശങ്ങളില്‍ സമൃദ്ധങ്ങളായി വളര്‍ന്നിരിക്കുന്ന മഹീരുഹങ്ങളില്‍ പ്രഭാതാല്‍പ്രഭൃതിവികസ്വരങ്ങളായി നില്‍ക്കുന്ന സുരഭിലതരങ്ങളായ കുസുമങ്ങളുടെ പരിമള ധോരണിയെ അധിത്യകകളിലേക്കു പ്രസരിപ്പിച്ചു. ഇപ്രകാരം യാതൊരു വ്യത്യാസവും പ്രതിബന്ധവും ഇല്ലാതെ സൂര്യരശ്മികള്‍ ഈ പര്‍വ്വതോപരിഭാഗങ്ങളെ പരസ്സഹസ്രം സംവത്സരം ശോഭിപ്പിക്കുകയും ഈ പുഷ്പങ്ങളുടെ സൗരഭ്യം ഗിരിശൃംഗങ്ങളിലേക്കു് ഉദ്ഗമിക്കുകയും ചെയ്തുകൊണ്ടിരിക്കവേ, ദൂരദേശങ്ങളില്‍ ജനങ്ങള്‍ പരസ്പരം സ്പര്‍ദ്ധിച്ചു് യുദ്ധങ്ങളില്‍ പ്രവര്‍ത്തിക്കുകയും പ്രബലങ്ങളായ രാജ്യങ്ങള്‍ ഉദ്ഭവിക്കുകയും ക്ഷയിക്കുകയും ബുദ്ധിമാന്മാര്‍ ഈ പ്രപഞ്ചം ഇപ്രകാരം ഇരിക്കുന്നതിന്റെ കാരണത്തേയും ഉദ്ദേശ്യത്തെയും അവധാരണംചെയ്യുന്നതിനു് നിഷ്പ്രയോജനമായി പ്രയത്നപ്പെടുകയും ചെയ്തുവന്നു.

-കേരളവര്‍മ്മ (അക്ബര്‍)

""എന്താണു് ഇങ്ങനെ ആലോചിക്കുന്നതു്. പരമാര്‍ത്ഥം പറയേണ്ടിവരുന്നതായ സ്ഥലങ്ങളില്‍ ആളുകള്‍ മനുഷ്യരില്‍നിന്നുള്ള ഭീതികൊണ്ടോ കാര്യത്തില്‍ വരാവുന്ന കഷ്ടങ്ങളെയോ നഷ്ടങ്ങളെയോ ഓര്‍ത്തിട്ടോ വ്യഭിചരിച്ചുപറഞ്ഞാല്‍ അതിനുള്ള ദോഷം ഇന്നതാണെന്നു് നല്ല അറിവുള്ള ഒരാളാകയാല്‍ ഇങ്ങനെ മനസ്സിനു് ഒരു വ്യഥ ഉണ്ടാവുന്നതാണെന്നു് എനിക്കു് നല്ല ഓര്‍മ്മ എപ്പോഴും ഉണ്ടു്. ഈ ഒരു ഓര്‍മ്മ ഉണ്ടാകകൊണ്ടുതന്നെയാണു് ഞാന്‍ ഇങ്ങോട്ടു പോന്നതും.

-ചന്തുമേനവന്‍(ശാരദ)