വര്‍ണ്ണങ്ങളെ ഓരോ പ്രകാരത്തില്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ ശബ്ദം ഉണ്ടാകുന്നു. അതിന്റെ സ്വഭാവം താഴെ വിവരിക്കുന്നു.
| അര്ത്ഥയുക്താക്ഷരം ശബ്ദ-
മതേ പ്രകൃതിയെന്നതും. |
ഒരര്‍ത്ഥത്തെ കുറിക്കുന്നതിനായി വര്‍ണ്ണങ്ങളെ കൂട്ടിച്ചേര്ത്തുണ്ടാകുന്ന അക്ഷരക്കൂട്ടത്തിനു് "ശബ്ദം' എന്നു പേര്. ഈ ശബ്ദത്തെത്തന്നെയാണു് "പ്രകൃതി' എന്നും പറഞ്ഞുവരുന്നതു്.
ഉദാ: കരിമ്പു് = ക്+ അ+ ര്‍+ ഇ+ മ്+ പ്+ ഉ്
ചെറുപ്പം= ച്+ എ+ റ്+ ഉ+ പ്+ പ്+ അ+ മ്
പുണ്ഡരീകം= പ്+ ഉ+ ണ്+ ഡ്+ അ+ ര്‍+ ഈ+ ക്+ അ+ മ്
| പദമെന്നാല്‍ പ്രയോഗിപ്പാന്‍
സജ്ജമായുള്ള ശബ്ദമാം. |
ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ ചിലതിനെ നാം പാകം ചെയ്യും, ചിലതിനെ പച്ചയായും ഉപയോഗിക്കുന്നതു പോലെ ഭാഷയില്‍ ചില ശബ്ദങ്ങളെ വിഭക്തിയോഗാദിസംസ്കാരം ചെയ്യും ചിലതിനെ യഥാസ്ഥിതമായും പ്രയോഗിക്കാറുണ്ടു്. സംസ്കാരത്തോടു കൂടിയോ കൂടാതെയോ പ്രയോഗത്തിനു് തയ്യാറുള്ള ശബ്ദത്തിനു "പദം' എന്നു പേര്,
ഉദാ: ശബ്ദം - കരിമ്പ് ചെറു പുണ്ഡരീകം തര് കിഴവ പദം - കരിമ്പ് ചെറുപ്പം പുണ്ഡരീകം തരുന്നു/തന്നു/തരും/തരുക കിഴവന്/കിഴവി
| വാചകം ദ്യോതകം രണ്ടു-
വിധമാം ശബ്ദമൊക്കവേ. ദ്രവ്യക്രിയാഗുണങ്ങള്ക്കു വാചകം വാചകാഭിധം; സംബന്ധത്തെസ്ഫുരിപ്പിക്കും പദം ദ്യോതകമെന്നതു്. |
എല്ലാ ശബ്ദങ്ങളെയും വാചകം, ദേ്യാതകം എന്നു് രണ്ടിനത്തില്‍ ഉള്‍പ്പെടുത്താവുന്നതാണു്. ഒരു ദ്രവ്യത്തെയോ ക്രിയയെയോ ഗുണത്തെയോ നേരെ ചൂണ്ടിക്കാണിക്കുന്നതെല്ലാം വാചകം; വാച്യമായ ഒരര്ത്ഥമുള്ളതു് "വാചകം' എന്നു ചുരുക്കം. വാച്യമായി ഒരര്‍ത്ഥത്തെയും കാണിക്കാതെ രണ്ടു വാച്യാര്‍ത്ഥങ്ങള്‍ തമ്മിലുള്ള സംബന്ധത്തെ സ്ഫുരിപ്പിക്കുക മാത്രം ചെയ്യുന്നതു് ദേ്യാതകം. കുടം, വിളക്കു്, ഇരിക്കുന്നു, തിളങ്ങി, ചെറിയ, വലിയ ഇത്യാദി ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒരു സ്വതന്ത്രമായ അര്‍ത്ഥത്തിന്റെ പ്രതീതി ഉണ്ടാകുന്നുണ്ടു്. അതിനാല്‍ ആ മാതിരി ശബ്ദങ്ങളെല്ലാം വാചകങ്ങളാകുന്നു. കൊണ്ടു്, ഉം, എങ്കില്‍, ഛേ, ഒാ ഇത്യാദി ശബ്ദങ്ങള്‍ കേള്ക്കുമമ്പോള് മനസ്സിനു് സ്വതന്ത്രമായ ഒരു അര്‍ത്ഥത്തില്‍ പിടികിട്ടുന്നില്ല. മറെറാരു പദത്തോടു കൂട്ടിച്ചേര്‍ത്തു പ്രയോഗിക്കുമ്പോള്‍ മാത്രമേ ആവക ശബ്ദങ്ങളില്‍ നിന്നു് അര്‍ത്ഥവിശേഷം ദേ്യാതിക്കുന്നുള്ളു. അതിനാല്‍ ആവക ശബ്ദങ്ങളെല്ലാം ദേ്യാതകങ്ങള്.
| ദ്രവ്യത്തിന് വാചകം നാമം;
ക്രിയാവാചകമാം കൃതി; ഭേദകം തു ഗുണാഖ്യായി- യെന്നു മൂന്നിഹ വാചകം. |
വാചകം എന്ന വര്‍ഗ്ഗത്തില്‍പ്പെട്ട ശബ്ദങ്ങളെ നാമം, കൃതി, ഭേദകം ഇങ്ങനെ മൂന്നുതരമായിത്തിരിക്കാം. ഏതെങ്കിലും ഒരു ദ്രവ്യത്തിന്റെ വാചകമായ ശബ്ദം നാമം; ക്രിയാവാചകമായതു് കൃതി; ഗുണവാചകം ഭേദകം. പ്രപഞ്ചത്തിലെ സകല വസ്തുക്കളും ദ്രവ്യക്രിയാഗുണങ്ങളില് ഏതെങ്കിലും ഒന്നില്‍ ഉള്പ്പെട്ടിരിക്കുന്നതാണല്ലോ. അതിനാല്‍ വാചകശബ്ദങ്ങളെയെല്ലാം അര്ത്ഥസ്വരൂപമനുസരിച്ചു് നാമാദികളായ മൂന്നു തരങ്ങളില്‍ ഉള്‍പ്പെടുത്താവുന്നതാണു് എന്നര്‍ത്ഥം.
ഉദാ: നാമം - മനുഷ്യന്, മരം, മൃഗം, രാമന്, കൃഷ്ണന്, എണ്ണ, വെള്ളം, ഞാന്‍ നീ, അവന്, അവള്, അതു്, ബ്രാഹ്മണന്, മാവു്, പുലി. കൃതി - പോകുന്നു, ചാകുന്നു, വരും, തരും, നിന്നു, പറന്നു. ഭേദകം - കറുത്ത, വെളുത്ത, സുന്ദരന്‍, മുണ്ടന്‍, കൂനന്‍, കിഴവന്.
| സ്വവാച്യമായു് വസ്തുവൊന്നും
കുറിക്കുന്നില്ല ദേ്യാതകം വിഭക്ത്യാദികളെപ്പോലെ- യതു സംബന്ധബോധകം. |
ഇതിന്റെ അര്‍ത്ഥം മുന്‍പു വിവരിച്ചിട്ടുണ്ടു്.
| നിപാതമവ്യയം രണ്ടു-
വകയാം ദ്യോതകം പദം ജാത്യാ ദ്യോതകമാണാദ്യം; പരം ഭ്രംശിച്ചുവന്നതു്. |
ദ്യോതകം എന്ന ഇനത്തില്‍പ്പെട്ട പദങ്ങള്‍ നിപാതം, അവ്യയം ഇങ്ങനെ രണ്ടുതരത്തിലുണ്ടു്. അതില്‍ നിപാതങ്ങളെല്ലാം സ്വഭാവത്താല്‍ത്തന്നെ ദ്യോതകങ്ങളാകുന്നു. അവ്യയങ്ങള്‍ ആദികാലത്തില്‍ വാചകങ്ങളായിരുന്ന ചില പദങ്ങള്‍ കാലക്രമത്തില്‍ അക്ഷരലോപം വന്നിട്ടും വിഭക്തികള്‍ ചേര്‍ക്കാതെ പ്രയോഗിച്ചുവന്നിട്ടും വാചകത്വം പോയി ദ്യോതകങ്ങളായി ത്തീര്ന്നവയുമാണു്. വാചകം എന്ന വര്‍ഗ്ഗത്തിലാണു് ജനിച്ചതെങ്കിലും ചില വെകല്യം വന്നതുനിമിത്തം ആ വാചകത്വധര്മ്മം പോയി ദേ്യാതകവര്ഗ്ഗത്തില് ചേര്‍ന്നിട്ടുള്ള പദങ്ങള്‍ "അവ്യയങ്ങള്‍' എന്നു ചുരുക്കം. ബ്രാഹ്മണവര്‍ഗ്ഗത്തില്‍ ജനിച്ചിട്ടുള്ളവരാണെങ്കിലും വെകല്യംകൊണ്ടു് ബ്രാഹ്മണ്യം പോയി ചണ്ഡാലവര്‍ഗ്ഗത്തില്‍ ചേര്ന്നിട്ടുള്ളവരെപ്പോലെയാണു് അവ്യയങ്ങളുടെ സ്ഥിതി. ഉദാഹരണങ്ങള്‍:
നിപാതം- രാമനും കൃഷ്ണനും മിടുക്കന്മാരാകുന്നു. ഈ വാക്യത്തില്‍ "ഉം' എന്നതു നിപാതം; ഈ "ഉം' എന്ന പദം രാമന്, കൃഷ്ണന്, മിടുക്കന് എന്ന പദങ്ങളെപ്പോലെ ദ്രവ്യക്രിയാഗുണങ്ങളില്പ്പെട്ട ഒരര്‍ത്ഥത്തെ കുറിക്കുന്നില്ല. രാമന്, കൃഷ്ണന് എന്ന ശബ്ദങ്ങളില്‍ ചേര്ന്നുനിന്നുംകൊണ്ടു സമുച്ചയാര്ത്ഥത്തെ ദേ്യാതിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളു. "രാമനും കൃഷ്ണനും' എന്നു കേള്‍ക്കുമ്പോള്‍ "ഉം' എന്നതിന്റെ ശക്തികൊണ്ടാണല്ലോ അവര്‍ക്കു "മിടുക്ക്' എന്ന ഗുണത്തില്‍ സാഹചര്യമുണ്ടെന്നു നമുക്കു മനസ്സിലാകുന്നതു്. അതിനാല്‍ "ഉം' എന്നതു ദേ്യാതകമാണെന്നു തീര്‍ച്ചപ്പെടുത്താം. ഈ "ഉം' പദം ആദിയില്‍ വാചകമായിരുന്ന ഏതെങ്കിലും ഒരു പദം ഭ്രംശിച്ചുണ്ടായതാണെന്നൂഹിപ്പാന് ഒരു യുക്തിയും കാണുന്നില്ലാത്തതുകൊണ്ടു്, വ്യവഹാരസൗകര്യത്തിനായി ആദ്യംതന്നെ സമുച്ചയാര്ത്ഥത്തിന്റെ ദ്യോതകമെന്ന നിലയില്‍ ഉണ്ടായതാണെന്നു വിചാരിക്കേണ്ടിവരുന്നതിനാല് ജാത്യാ ദേ്യാതകമായ നിപാതമാണെന്നും തീര്‍ച്ചപ്പെടുത്താവുന്നതാണു്.
അവ്യയം- രാവണന് എന്ന രാക്ഷസന് മഴ പെയ്തില്ല; എങ്കിലും തണുപ്പുണ്ട്
ഈ വാക്യങ്ങളിലെ എന്ന, എങ്കിലും എന്നുള്ള ശബ്ദങ്ങള്‍ രാവണന്, രാക്ഷസന്, മഴ, പെയ്തു, ഇല്ല, തണുപ്പു്, ഉണ്ടു് ഈ ശബ്ദങ്ങളെപ്പോലെ ഒരു സ്വതന്ത്രാര്ത്ഥത്തെക്കുറിക്കാതെ രാവണന്, രാക്ഷസന്, എന്ന പദാര്‍ത്ഥങ്ങളുടെ അഭേദത്തെയും മഴ പെയ്തില്ല, തണുപ്പുണ്ടു് എന്ന വാക്യാര്ത്ഥങ്ങളുടെ പ്രസിദ്ധമായ അസാഹചര്യത്തെയും ദേ്യാതിപ്പിക്കുകമാത്രം ചെയ്യുന്നതിനാല്‍ ദേ്യാതകം. ഈ പദങ്ങളില്‍ എന്ന എന്നുള്ളതു്, ചെയ്ത, കേട്ട, പറഞ്ഞ ഇത്യാദികളെപ്പോലെ "എന്‍' എന്നൊരു ധാതുവിന്റെ പേരെച്ചരൂപമാണെന്നൂഹിപ്പാന് ധാരാളം മാര്‍ഗ്ഗം കാണുന്നുണ്ടു്. "എന്നാന്', "എന്നാള്‍' ഇങ്ങനെയുള്ള കൃതിരൂപങ്ങള് കാണുന്നതുതന്നെയാണു് ഈ ഊഹത്തിനു പ്രധാനമായ അടിസ്ഥാനം. എങ്കിലും "അവന് ചെയ്ത തെറ്റ്', "രാമന് പറഞ്ഞ കാര്യം' എന്നും മറ്റും ഉള്ളെടത്തെപ്പോലെ "എന്ന' എന്നതു് ഒരു ക്രിയയെ സ്ഫുടമായി കുറിക്കുന്നില്ല. അതിനാല്‍ പേരെച്ചത്തില്‍ ചേരാത്ത നില വന്നുപോയിട്ടുണ്ടു്. അതുപോലെ "എങ്കിലും' എന്ന പദത്തിനും "എന്‍' ധാതുവിന്റെതന്നെ സംഭാവകവിനയെച്ചരൂപമാണെന്നൂഹിപ്പാന് വഴിയുണ്ടെങ്കിലും "ചെയ്കില്‍', "വരുകില്‍' ഇത്യാദി മറ്റു ധാതുക്കളിലെ രൂപംപോലെ ഒരു ക്രിയയെ കുറിക്കാത്തതിനാല്‍ ആ വിനയെച്ചത്തില്‍ ചേരാത്ത സ്ഥിതി വന്നിരിക്കുന്നു. ഇങ്ങനെ ആ രണ്ടു പദങ്ങളും അവ്യയം എന്ന വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്നു.
| വിഭക്തിയെ വിളക്കുന്ന
ദ്യോതകം ഗതിസംജ്ഞിതം; വാക്യങ്ങളെഗ്ഘടിപ്പിക്കാ- നുതകും ഘടകാഭിധം; വ്യാക്ഷേപകങ്ങള്‍ വാക്യാര്‍ത്ഥം ബോധിപ്പിക്കുമഖണ്ഡമായ്; ഇതു മൂന്നും കഴിച്ചുള്ള- തെല്ലാം കേവലസംജ്ഞിതം. |
ദ്യോതകശബ്ദങ്ങളെ അവയുടെ വ്യാപാരമനുസരിച്ചു നോക്കുന്നതായാല്‍ ഗതി, ഘടകം,വ്യാക്ഷേപകം ഇങ്ങനെ മൂന്നുവിധത്തില്‍ പിരിക്കാം. ഏതെങ്കിലും ഒരു വിഭക്തിയോടു ചേര്‍ന്നുനിന്നു് ആ വിഭക്ത്യര്‍ത്ഥത്തെ പരിഷ്കരിക്കുന്ന ദ്യോതകം ഗതി; രണ്ടു വാക്യാര്‍ത്ഥങ്ങളെ തമ്മില്‍ ഘടിപ്പിക്കുന്നതു് ഘടകം; മറ്റൊന്നിനോടും ചേരാതെ തന്നെത്താന്‍ ഒരു വാക്യാര്‍ത്ഥത്തെ സ്ഫുരിപ്പിക്കുന്നതു് വ്യാക്ഷേപം. ഇതില്‍ മൂന്നിലും ഉള്‍പ്പെടാത്തതു കേവലം. ഉദാഹരണങ്ങള്‍:
1. ഗതി- കൊണ്ടു്, നിന്നു്, വെച്ചു്, ഊടെ ഇത്യാദി. "വടികൊണ്ടടിക്കുന്നു' എന്ന വാക്യത്തില്‍ "കൊണ്ട്' എന്നതു് ലുപ്തവിഭക്തിയായ "വടിയെ' എന്നതിലുള്ള പ്രതിഗ്രാഹികയോടു ചേര്‍ന്നുനിന്നു് "അടിക്കുക' എന്ന ക്രിയ നടത്തുന്നതില്‍ വടി കരണമാണെന്നുള്ള അര്‍ത്ഥം വെളിപ്പെടുത്തുന്നതിനാല്‍ അതു് ഗതി. ഇതുപോലെ "മാളികയില്നിന്നുനോക്കുന്നു' "ശിഷ്യരില്വച്ചു രാമനാണു് സമര്ത്ഥന്', "കാട്ടിലൂടെ പോകുന്നു' ഇത്യാദി വാക്യങ്ങളിലും "നിന്ന്' മുതലായ ഗതികളുടെ സ്വരൂപം അറിഞ്ഞുകൊള്‍ക.
2. ഘടകം- "രാമന്റെയും കൃഷ്ണന്റെയും കഥ' എന്നു പറയുന്നിടത്തു് "ഉം' എന്ന നിപാതം രാമകൃഷ്ണന്മാരുടെ കഥകള്‍ എന്നു പറഞ്ഞിരുന്നാലത്തെപ്പോലെ അവരെ സമുച്ചയിക്കുന്നു. അപ്രകാരംതന്നെ "രാമന്റെയോ കൃഷ്ണന്റെയോ കഥ' എന്ന വാക്യത്തില്‍ "ഒാ' എന്നതു് അവരില്‍ ഒരുത്തന്റെ എന്നുള്ള വികല്പത്തെ കാണിക്കുന്നു. "ഉം, ഒാ' ഇത്യാദികള്‍ ഇങ്ങനെ വാക്യത്തിലെ ഒരു പദത്തില്‍ അന്വയിച്ചു് യഥാക്രമം വാക്യാര്ത്ഥങ്ങള്ക്കു സമുച്ചയവികല്പങ്ങളെ ദേ്യാതിപ്പിക്കുന്നതിനാല് ഘടകങ്ങള്‍.
3. വ്യാക്ഷേപകം-ഉവ്വു്, അയ്യോ ഇത്യാദികള്‍. ഈവക ശബ്ദങ്ങള്‍ മറ്റൊരു പദത്തോടും ചേരാതെ സ്വതന്ത്രമായ വാക്യാര്ത്ഥത്തെയാണു് ദേ്യാതിപ്പിക്കുന്നതു്. എങ്ങനെ എന്നാല്‍:
വാധ്യാര് : രാമാ! നീ പാഠം പഠിച്ചോ?
രാമന് : ഉവ്വു്, ഞാന്‍ രാത്രി മുഴുവനും വായിക്കുകയായിരുന്നു.
ഇവിടെ "ഉവ്വ്' എന്ന പദം "ഞാന്‍ പാഠം പഠിച്ചു' എന്നുള്ള വാക്യാര്‍ത്ഥത്തെ ദേ്യാതിപ്പിക്കുന്നു. അപ്രകാരം തന്നെ:
വാധ്യാര് : കള്ളം പറയുന്നോ? നിന്നെ ഞാന്‍ ഇന്നലെ ഉത്സവ സ്ഥലത്തു കണ്ടുവല്ലോ?
രാമന് : അയ്യോ! ഇന്നലെ രാത്രി ഞാന്‍ വീട്ടില്നിന്നിറങ്ങിയിട്ടില്ല.
ഇവിടെ "അയ്യോ' എന്ന പദം എന്നെ ഇന്നലെ ഉത്സവസ്ഥലത്തു കണ്ടു എന്നു പറയുന്നതു് എനിക്കു വളരെ സങ്കടമാണ്' എന്ന വാക്യത്തെ അഥണ്ഡമായി ദേ്യാതിപ്പിക്കുന്നു.
ഗതി, ഘടകം, വ്യാക്ഷേപകം എന്ന മൂന്നിനത്തിലും ഉള്‍പ്പെടാതെ ചില അര്ത്ഥവിശേഷങ്ങളെ ദേ്യാതിപ്പിക്കുന്ന ദേ്യാതകപദം കേവലം.
ഉദാ: "രാമന് വന്നുവോ'. ഇതില്‍ "ഒാ' എന്ന നിപാതം ചോദ്യാര്‍ത്ഥം ദേ്യാതിപ്പിക്കുന്നു.
"ഈശ്വരന്‍തന്നെ ശരണം' ഇതില്‍ "തന്നെ' അന്യവ്യവച്ഛേദാര്ത്ഥം ദേ്യാതിപ്പിക്കുന്നു. ഇതു് "തന്' എന്ന സര്വ്വനാമരൂപത്തിന്റെ രൂപാന്തരമാകയാല് അവ്യയം.
| നാമാദിയാം വിഭാഗത്തി-
ന്നെല്ലാമര്ത്ഥം നിയാമകം. |
ഇവിടെ നാമം, കൃതി, ഭേദകം ഇങ്ങനെയെല്ലാം വിഭജിച്ചിരിക്കുന്നതു് അതാതു പദങ്ങളുടെ അര്‍ത്ഥത്തിനുള്ള സ്വഭാവം അടിസ്ഥാനപ്പെടുത്തിയാണു്. അല്ലാതെ ഇന്ന ശബ്ദം വര്ഗ്ഗത്തില്പ്പെട്ടതാണെന്നുള്ള വിഭാഗരീതിയിലല്ല. അതുകൊണ്ടു വ്യാകരണഗതി അനുസരിച്ചു നോക്കുന്നതായാല്‍ ഒരു ശബ്ദംതന്നെ ചിലപ്പോള്‍ നാമാദികളായ പല രൂപങ്ങളിലും ഉള്ളതായി കാണാവുന്നതാണു്. ഉദാഹരണത്തിനു് "നല്' എന്ന ശബ്ദത്തെ നോക്കാം. അതിനോടുകൂടി ബഹുവചനപ്രത്യയമായ "ആര്' എന്നു ചേര്‍ത്തു് "നല്ലാര്‍' എന്നു പ്രയോഗിക്കുമ്പോള്‍ ആ "നല്' പദം "സ്ത്രീ' എന്നര്‍ത്ഥമായ നാമം. "ഊ' എന്നു ഭാവിപ്രത്യയം ചേര്‍ന്നു് "നല്ലൂ' എന്നാകുമ്പോള്‍ "നല്' പദം കൃതി.
| നാമവും കൃതിയുംതമ്മില്
ഭേദം രൂപനിബന്ധനം; ഭേദകം കൃതിയും തമ്മില്‍ രൂപസാമ്യവുമുണ്ടിഹ |
നാമം വിഭക്തിസംബന്ധങ്ങളെ കാണിക്കുന്നതിനായി രൂപം മാറുന്നു; കൃതി കാലം കുറിക്കുന്നതിനു പ്രത്യയങ്ങളെ സ്വീകരിച്ചു് മുറ്റുവിന, പറ്റുവിന എന്നു രണ്ടുവഴിയായി രൂപഭേദം പ്രാപിക്കുന്നു. രണ്ടും രണ്ടുവഴിയാകയാല് നാമകൃതികള്ക്കു് രൂപാവലീവിഷയത്തില് അനേ്യാന്യം ഭേദമുണ്ടു്. ഭേദകത്തിനാകട്ടെ, രൂപഭേദം ഏറെയില്ല; അല്പമെങ്കിലും ഉണ്ടെങ്കില്‍ അതു കൃതികള്‍ക്കു തുല്യമായിട്ടാണു്. അതിനാല്‍ കൃതിക്കും ഭേദകത്തിനും തമ്മില്‍ രൂപത്തിനു് സാമ്യമുണ്ടു്. "ചെറു' എന്ന ഭേദകപ്രകൃതിയെത്തന്നെ "ചെറുപയറ്' ഇത്യാദികളില്‍ പ്രയോഗിക്കാം; രൂപഭേദം ചെയ്യുന്നപക്ഷം അതു് "മാറുക' എന്ന കൃതിക്കു "മാറിയ' എന്നു പേരെച്ചരൂപം വരുന്നതുപോലെ "ചെറിയ' എന്നാണു്.
| കൃതിശബ്ദങ്ങള് താനേറും;
നാമം പിന്നഥ ഭേദകം; രണ്ടുമൂന്നു നിപാതങ്ങള്‍; ശേഷം ദേ്യാതകമവ്യയം. |
മേല്‍ കാണിച്ചപ്രകാരം വാചകങ്ങള്‍ മൂന്നുവിധത്തിലുള്ളതില് കൃതി ശബ്ദങ്ങളാണു് എല്ലാറ്റിലും അധികമുള്ളത്; പിന്നെ നാമശബ്ദങ്ങള്‍; ഭേദകശബ്ദങ്ങള് മറ്റു രണ്ടിനത്തില്പ്പെട്ടവയെക്കാള് സംഖ്യയില്‍ ചുരുങ്ങും. അതുപോലെ ദേ്യാതകങ്ങളിലും രണ്ടോ മൂന്നോ ശബ്ദങ്ങള്‍ മാത്രമേ നിപാതമെന്ന ഇനത്തില്‍ ഉള്ളു; ശേഷമെല്ലാം അവ്യയങ്ങളാകുന്നു.
| സര്‍വ്വത്തിനും നാമമായ
നാമംതാന് സര്‍വ്വനാമം. |
എല്ലാ വസ്തുക്കളെയും ഒാരോന്നായോ എല്ലാംകൂടിയോ കുറിക്കുന്നതിനുള്ള നാമത്തിനുതന്നെയാണു് "സര്‍വ്വനാമം' എന്നു പറഞ്ഞുവരുന്നതു്. സര്‍വ്വനാമം എന്നുള്ളതും നാമം എന്ന ഇനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ ഈ സാമാന്യവിഭാഗത്തില് അതു വേറെ കണക്കാക്കേണ്ടതില്ലെന്നു സാരം.
| നാമാദി നാലിനും ചെയ്യാം
വിഭാഗം പല ജാതിയില്‍. |
നാമം, കൃതി, ഭേദകം, നിപാതം എന്ന നാലുവക പദങ്ങള്‍ക്കും പല തരത്തിലും അവാന്തരവിഭാഗങ്ങള്‍ ചെയ്യാവുന്നതാകുന്നു. നാമങ്ങള്‍ ദ്രവ്യനാമം, ഗുണനാമം, ക്രിയാനാമം ഇങ്ങനെ മൂന്നുവിധം, ദ്രവ്യത്തെക്കുറിക്കുന്ന നാമം ദ്രവ്യനാമം- ആന, കുതിര, രാമന്, കൃഷ്ണന്, ദ്രവ്യം ഇത്യാദികള്‍ ഉദാഹരണങ്ങള്‍. ഗുണത്തെക്കുറിക്കുന്നതു് ഗുണനാമം- അഴകു്, മിടുക്കു്, നന്മ, വിഡ്ഢിത്തം, ഗുണം ഇത്യാദികള്‍. ഭേദകപദങ്ങള് അവയുടെ അര്‍ത്ഥത്തിനു മറെറാരു പദത്തിന്റെ അര്‍ത്ഥത്തില്‍ ഗൂണീഭാവത്തെ (വിശേഷണമായിരിക്കുന്ന സ്ഥിതിയെ) ആണു കാണിക്കുന്നതു്. ഗുണനാമങ്ങള്‍ ലോകശാത്രപ്രസിദ്ധങ്ങളായ ഗുണങ്ങളെ വിശേഷ്യനിലയില്ത്തന്നെ കുറിക്കുന്നു. ഇതാണു് ഗുണനാമങ്ങള്ക്കുള്ള വ്യത്യാസം. ക്രിയയെ കുറിക്കുന്നതു ക്രിയാനാമം: പഠിപ്പു്, കളി, വരവു്, ഉറക്കം ഇത്യാദികള്‍. പിന്നെ ദ്രവ്യനാമങ്ങള്‍ സംജ്ഞാനാമം, സാമാന്യനാമം, സര്‍വ്വനാമം, മേയനാമം ഇങ്ങനെ നാലുവിധം. ഒരു വ്യക്തിയെ പ്രതേ്യകമറിയിക്കുന്നതു് സംജ്ഞാനാമം; രാമന്, കൃഷ്ണന്, ഗോവിന്ദന്, ശങ്കു, നാണു, ലക്ഷ്മി, ചിരുതേവി ഇത്യാദികള്‍. ഒരു ജാതിയെക്കുറിക്കുന്നതു സാമാന്യനാമം; മനുഷ്യന്, മൃഗം, മരം, വള്ളി, ബ്രാഹ്മണന്, നായര്‍ ഇത്യാദികള്‍. ജാതിവ്യക്തികളുടെ ലക്ഷണമാകട്ടെ,
| ഒറ്റയായു് പലതില്‍ പറ്റും നിത്യമാമൊന്നു ജാതിയാം;
അതിലുള്പ്പെട്ടതോരോന്നും വെവ്വേറെ വ്യക്തിയായത് |
എന്നാകുന്നു. സര്‍വ്വത്തിന്റെയും നാമമായിട്ടുള്ളതു് സര്‍വ്വനാമം; എല്ലാ, ഒക്ക, മറ്റു ഇത്യാദികള്‍. ജാതിവ്യക്തിഭേദം കല്പിക്കുന്നതിനു സൗകര്യമില്ലാത്ത പദാര്‍ത്ഥങ്ങളുടെ നാമമായിട്ടുള്ളതു് മേയനാമം; വെള്ളം, മണ്ണു്, സ്വര്‍ണ്ണം, ആകാശം, വായു ഇത്യാദികള്‍. ഇവയില്‍ സര്‍വ്വനാമം എന്ന ഇനത്തില്‍ ചേര്‍ന്നതാണു് എണ്ണത്തില്‍ ചുരുക്കമായിട്ടുള്ളതു്. ആകെ സര്‍വ്വനാമങ്ങള്‍ ഇത്രയാണെന്നു താഴെക്കാണിക്കാം:
- എന്‍ ഉത്തമസര്വ്വനാമം
- നിന് മധ്യസര്വ്വനാമം
- അ
- ഇ ചുട്ടെഴുത്തു് അല്ലെങ്കില്‍
- (ഉ) വിവേചകസര്‍വ്വനാമം
- (ഒരു)
- എ
- യാ വ്യപക്ഷകം
- ഏ
- ആര് ചോദ്യസര്‍വ്വനാമം
- എന്ത്
- ചില നാനാസര്വ്വനാമം
- പല
- ഇന്ന- നിര്‍ദ്ദിഷ്ടവാചി
- എല്ലാ- സര്‍വ്വവാചി
- തന്- സ്വവാചി
- മിക്ക- അംശവാചി
- മറ്റ്-അന്യാര്ത്ഥകം
- വല്ല-അനാസ്ഥാവാചി
ഇനി കൃതികളുടെ വിഭാഗരീതി കാണിക്കാം- ഇതെങ്കിലും ഒരു വസ്തു ഇന്ന വിധത്തിലിരിക്കുന്നു എന്നോ ഒരു പ്രവൃത്തി ചെയ്യുന്നു എന്നോ കുറിക്കുന്ന
(1) ക്രിയാപദമാണല്ലോ കൃതി. ഇതില്‍ ഒരു വസ്തു ഒരു സ്ഥിതിയിലിരിക്കുന്നുവെന്നുള്ള ക്രിയയ്ക്കു് കര്‍മ്മം ഇല്ലാത്തതിനാല്‍ ആവക കൃതികളെല്ലാം അകര്മ്മകങ്ങള്. അതിനാല്‍ ഉറങ്ങുക, കുളിക്കുക, നില്ക്കുക മുതലായവ അകര്‍മ്മങ്ങള്‍. ഒന്നു് ഒരു പ്രവൃത്തിയെ ചെയ്യുന്നു എന്നുള്ള ക്രിയയ്ക്കു് കര്മ്മമുള്ളതിനാല് ആവക കൃതികള്‍ സകര്മ്മകങ്ങള്. അതിനാല്‍ ഉണ്ണുക, കുടിക്കുക, അടിക്കുക മുതലായവ സകര്മ്മകക്രിയകളാകുന്നു. ഇങ്ങനെ അര്‍ത്ഥം പ്രമാണിച്ചു് സകര്‍മ്മകം, അകര്മ്മകം എന്നൊരു വക വിഭാഗം.
(2) ഒാടുക, ഒാടിക്ക; നില്ക്ക, നിറുത്തുക; കാണുക, കാണിക്ക; തിന്നുക, തീറ്റുക എന്ന മട്ടില്‍ എല്ലാ കൃതികള്‍ക്കും രണ്ടുമാതിരി രൂപങ്ങള്‍ കാണുന്നുണ്ടു്. അതില്‍ പരപ്രരണകൂടാതെ കര്‍ത്താവു് തനിയേ ക്രിയചെയ്യുന്ന ഇടങ്ങളില്‍ ആദ്യത്തെമാതിരി രൂപങ്ങളെ ഉപയോഗിക്കുന്നു. കര്‍ത്താവു്, മറ്റൊരു നിര്‍ബ്ബന്ധപ്രകാരം ക്രിയചെയ്യുന്നിടത്തു രണ്ടാമത്തെമാതിരി രൂപങ്ങള്‍ വരുന്നു. അതില്‍ ഒാടുക, നില്ക്ക മുതലായ വെറുംകൃതികള് കേവലപ്രകൃതികള്; ഒാടിക്ക, നിറുത്തുക, മുതലായ പ്രരണാര്ത്ഥംകൂടിയുള്ളവ പ്രയോജകപ്രകൃതികള്. ഇങ്ങനെ പ്രകൃതി പ്രമാണിച്ചു് "കേവലം'എന്നും"പ്രയോജകം' എന്നും രണ്ടാമത്തെ വിഭാഗം.
(3) ഇനി ചില കൃതികള്‍ അര്‍ത്ഥം നോക്കുന്നതായാല്‍ കേവല പ്രകൃതിതന്നെ എന്നും രൂപം നോക്കുന്നതായാല്‍ പ്രയോജകപ്രകൃതി എന്നും തോന്നുന്നവയായിട്ടുണ്ടു്. പ്രയോജകപ്രകൃതിയാക്കുമ്പോള് മിക്ക കൃതികള്‍ക്കും "ക്ക്' എന്ന ഇടനിലചേര്ക്കണമെന്നു് മുന്‍ ഉദാഹരണങ്ങളെക്കൊണ്ടു് സ്പഷ്ടമാണല്ലോ. അങ്ങനെ അര്ത്ഥഭേദംകൂടാതെ "ക്ക്' എന്നു ചേര്‍ക്കേണ്ടുന്ന കേവലപ്രകൃതിയിലെ കൃതികള്‍ക്കു് "കാരിതം' എന്നു പേര്. ഈ വിശേഷവിധി ഇല്ലാത്തവ "അകാരിത'ങ്ങള്.
ഉദാ: കാരിതം- കേള്‍ക്കുന്നു, നില്ക്കുന്നു, പിടിക്കുന്നു, പറക്കുന്നു
അകാരിതം- അരയുന്നു, ഒാലുന്നു, പിരിയുന്നു, മറയുന്നു
പ്രയോജകം- അരപ്പിക്കുന്നു, ഒലിപ്പിക്കുന്നു, പിരിക്കുന്നു, മറയ്ക്കുന്നു
ഇവയില്‍ കാരിതങ്ങളിലും പ്രയോജകങ്ങളിലും "ക്ക്' എന്നു് ഇടനില ഒന്നുപോലെ ചേര്ന്നുകാണുന്നുണ്ടു്. എന്നാല്‍ കാരിതങ്ങള്ക്കു് പ്രയോജകങ്ങള്ക്കുള്ളതുപോലെ പരപ്രരണയാല് ചെയ്ക എന്നുള്ള വിശേഷാര്ത്ഥമില്ല. ഇതു് സ്വഭാവംപ്രമാണിച്ചുള്ള വിഭാഗമാകുന്നു.
(4) നാലാമതു് പ്രാമാണ്യം പ്രമാണിച്ചുള്ള വിഭാഗം. നമ്മുടെ ശരീരത്തില്‍ ഉടല് പ്രധാനവും ശേഷമുള്ള കെകാല് മുതലായവ അതിന്റെ അംഗങ്ങളും ആണെന്നു പലപ്പോഴും പറയാറുണ്ടല്ലോ. അതുപോലെ വാക്യങ്ങളിലും ചില പദങ്ങള്‍ പ്രധാനങ്ങളും മറ്റുചില പദങ്ങള്‍ അപ്രധാനങ്ങളും ആകുന്നു എന്നു് വെയാകരണന്മാര്‍ പറയുന്നു. അന്വയിക്കുമ്പോള്‍ മറ്റു പദങ്ങള്‍ക്കൊന്നും കീഴടങ്ങാത്ത പദം പ്രധാനം; മറ്റൊന്നിനു കീഴടങ്ങുന്നതു് അപ്രധാനം. ഈവിധം പ്രാധാന്യമുള്ള കൃതിക്കു് "കരോതികൃതി' അല്ലെങ്കില്‍ "മുറ്റുവിന' എന്നുപേര്; അപ്രധാനകൃതിക്കു് "കുര്‍വത്കൃതി' അല്ലെങ്കില്‍ "പറ്റുവിന' എന്നു പേര്.
ഉദാ: മുറ്റുവിന- ചെയ്യുന്നു, ഉണ്ടു, പോകുന്നു, പോകാവുന്നു, പോകണം. പറ്റുവിന- ചെയ്യുന്ന, ഉണ്ട, പോകുന്ന, പോകാവുന്ന, പോകേണ്ടും.
"രാമന് തിരുവനന്തപുരത്തേക്കു പോകുന്നു' എന്ന വാക്യത്തില്‍ "പോകുന്നു' എന്ന കൃതി മറെറാരു പദത്തിനും കീഴടങ്ങാതെ പ്രധാനമായി നില്ക്കുന്നു. അതിനാല്‍ അതു് മുറ്റുവിന. "തിരുവനന്തപുരത്തേക്കു പോകുന്ന വള്ളം' എന്നു പറയുമ്പോള്‍ "പോകുന്ന' എന്ന കൃതി വള്ളത്തിനു വിശേഷണമായി കീഴടങ്ങുന്നതിനാല്‍ പറ്റുവിനയാകുന്നു. ഇതുപോലെ പ്രാധാന്യവും അപ്രാധാന്യവും കാണ്ക.
ഇവയ്ക്കു് ഒാരോന്നിനും അവാന്തരവിഭാഗങ്ങള്‍ ഉണ്ടു്. അവ എല്ലാം ഇവിടെത്തന്നെ പ്രസ്താവിക്കുന്നില്ല. എങ്കിലും പറ്റുവിനയ്ക്കുള്ള അവാന്തരഭേദങ്ങളെ പറയേണ്ടിയിരിക്കുന്നു. ഒരു കൃതിക്കു് കീഴടങ്ങുന്ന പറ്റുവിന വിനയെച്ചം.
ഉദാ: പറഞ്ഞുകേട്ടു; തേച്ചുകുളിച്ചു ഇത്യാദി
ഇവിടെ "പറഞ്ഞു' എന്നതു് "കേട്ടു' എന്ന മറ്റൊരു കൃതിക്കും, "തേച്ചു' എന്നതു് "കുളിച്ചു' എന്ന കൃതിക്കും കീഴടങ്ങുന്നതിനാല്‍ വിനയെച്ചങ്ങളാകുന്നു.
ഒരു നാമത്തിനു് കീഴടങ്ങുന്ന കൃതി പേരെച്ചം
ഉദാ: പറഞ്ഞ കാര്യം; കൊടുത്ത വസ്തു.
ഇവയില്‍ പറഞ്ഞ, കൊടുത്ത എന്ന കൃതികള്‍ മുറയ്ക്കു് കാര്യം, വസ്തു എന്ന നാമങ്ങള്‍ക്കു കീഴടങ്ങുന്നു എന്നറിക.
മറ്റു പദങ്ങളുടെ അര്‍ത്ഥത്തെ ഭേദിപ്പിക്കുന്നതു് ഭേദകം. പശു എന്നു പറഞ്ഞാല്‍ ആ ജാതിയിലുള്ള ഒാരോ ജന്തുവിനെയും ഗ്രഹിക്കാം. വെളുത്ത പശു എന്നു് ഒരു ഭേദകംകൂടി ചേര്‍ക്കുമ്പോള്‍ കറുത്ത പശുവും ചുവന്ന പശുവും മറ്റും ആ വാക്കില്‍ ഉള്‍പ്പെടാത്തതിനാല്‍ അതിന്റെ വ്യാപ്തി ചുരുങ്ങിപ്പോകുന്നു. അതിനാല്‍ "വെളുത്ത' എന്ന ശബ്ദം "പശു' എന്ന നാമത്തോടു ചേര്‍ന്നു് അതിന്റെ അര്‍ത്ഥത്തെ ഭേദിപ്പിക്കുന്നുവെന്നു് സ്പഷ്ടമായി. ഈ മാതിരിയില്‍ ഒരു ശബ്ദത്തിന്റെ അര്‍ത്ഥത്തെ ഭേദിപ്പിക്ക എന്നുള്ള പ്രവൃത്തിക്കു് "വിശേഷിപ്പിക്കുക' എന്നു് വെയാകരണന്മാര്‍ പേരിട്ടിരിക്കുന്നു. അതുകൊണ്ടു് ഭേദകത്തിനു് "വിശേഷണം' എന്നു പേര് പറയാം. അപ്പോള്‍ നാമത്തെ വിശേഷിപ്പിക്കുന്ന ശബ്ദത്തിനു് "നാമവിശേഷണം' എന്നും, കൃതിയെ വിശേഷിപ്പിക്കുന്നതിനു് "ക്രിയാവിശേഷണം' അല്ലെങ്കില്‍ "കൃതിവിശേഷണം' എന്നും, മറ്റൊരു ഭേദകത്തെത്തന്നെ വിശേഷിപ്പിക്കുന്നതിനു് "ഭേദകവിശേഷണം' എന്നും ഇവയ്ക്കു് എല്ലാറ്റിനും പൊതുവേ ഭേദകം എന്നും സംഞ്ജകള്‍ ചെയ്യപ്പെട്ടിരിക്കുന്നു. നാമവിശേഷണത്തിനു് ഉദാഹരണം കാണിച്ചുകഴിഞ്ഞു. ശേഷത്തിനു്,
മുഖം ചെറ്റു വിയര്‍ത്തു
ഇവിടെ "ചെറ്റ്' എന്നതു് "വിയര്‍ക്ക' എന്ന ക്രിയയെ വിശേഷിപ്പിക്കുന്നതിനാല്‍ ക്രിയാവിശേഷണം.
ഉടന്‍ നടന്ന സംഗതി
ഇതില്‍ "ഉടന്‍' എന്നതു് "നടന്ന' എന്ന ക്രിയയുടെ വിശേഷണം. ഏറ്റം കറുത്ത പശു; അല്പം വളഞ്ഞ വടി
ഇതില്‍ "ഏറ്റം' എന്നതു് "കറുത്ത' എന്ന ഭേദകത്തിന്റേയും "അല്പം' എന്നതു് "വളഞ്ഞ' എന്ന ഭേദകത്തിന്റേയും വിശേഷണങ്ങളാകയാല് "ഭേദകവിശേഷണങ്ങള്' ആകുന്നു.
ഭേദകങ്ങളുടെ ഉള്‍പ്പിരിവുകള്‍:
(1) ശുദ്ധം: ഇതു് വികാരം ഒന്നുമില്ലാതെ നില്ക്കുന്ന ശബ്ദസ്വരൂപം തന്നെ. ഇതിനെ പ്രായേണ നാമത്തോടു സമാസമായി ചേര്‍ത്താണു് പ്രയോഗിക്കാറു പതിവു്.
ഉദാ: നല്- നന്മുത്തു്, തിരു- തിരുമുഖം, ചെം- ചെന്താമര, വന്‍- വന്തേന്, ചെറു- ചെറുപയറു്.
(2) സാര്‍വ്വനാമികം: ഇതു് ഭേദകമായിട്ടുപയോഗിക്കുന്ന സര്‍വ്വനാമംതന്നെ. ഇവയില്‍ വ്യക്തികളെ വേര്തിരിച്ചുകാണിക്കുന്നതിനുപയോഗപ്പെടുന്ന "അ' "ഇ' എന്ന ഏകാക്ഷരങ്ങള്ക്കു് "ചുട്ടെഴുത്ത്' എന്നൊരു വിശേഷപ്പേരുണ്ടു്. ചൂണ്ടുന്ന എഴുത്തു് "ചുട്ടെഴുത്ത്' എന്നര്‍ത്ഥം. ആണ്ടുപുറന്നാള് എന്നതു് അനുനാസികം ലോപിച്ചു് ആട്ടപ്പുറന്നാള് എന്നാകുന്നതുപോലെ "ചൂണ്ടെഴുത്ത്' എന്നതു് "ചുട്ടെഴുത്ത്' എന്നായി.
ഉദാ: അ- അവിടം, ആയാള്‍ ഏ-ഏമനുഷ്യന് ഇ- ഇവിടം, ഈയാള് എന്തു- എന്തുകാര്യം ഒരു- ഒരു മനുഷ്യന് ഏതു- ഏതു ദിക്ക്
(3) സാംഖ്യം: ഇതു് സംഖ്യാപരമായ ഭേദകംതന്നെ.
ഉദാ: ഒരു- ഒരു പശു; ഇരു- ഈര്- ഇരുപതു്, ഈരേഴ്; മൂ-മൂന്നു-മുക്കണ്ണന്
മൂന്നുലോകം; നാല്- നാന്മുഖന്; എെ-എെയമ്പന്
(4) വിഭാവകം: ഇതു് ഒരു വസ്തുവിന്റെ സ്വഭാവത്തെ വര്‍ണ്ണിക്കുന്ന ഭേദകമാകുന്നു.
ഉദാ:
- സമര്‍ത്ഥ - സമര്‍ത്ഥനായ പുരുഷന്
- ടി- സമര്‍ത്ഥയായ സ്ത്രീ
- മിടുക്ക-മിടുക്കനായ പുരുഷന്
- ടി - മിടുക്കിയായ സ്ത്രീ
- തടിയ - തടിയന് (ആയ) മനുഷ്യന്
- ടി -തടിച്ചി (ആയ) പെണ്ണ്
- ഭോഷ- ഭോഷന് (ആയ) മനുഷ്യന്
- ടി-ഭോഷി (ആയ)പെണ്ണ്
- പൊട്ട -പൊട്ടന്(ആയ) മനുഷ്യന്
- ടി - പൊട്ടി (ആയ)പെണ്ണ്
ഈവക നാമവിശേഷണങ്ങള്‍ക്കു മാത്രം ലിംഗഭേദം ഉണ്ടു്. ഇവ നാമത്തോടു നേരെ ചേരുന്നില്ല. തങ്ങളില്‍ സംബന്ധിപ്പിക്കുന്നതിനു് മദ്ധേ്യ "ആയ' എന്ന അവ്യയത്തെക്കൂടി ഉപയോഗിക്കേണ്ടതുണ്ടു്. ഉദാഹരണത്തില്‍ ഈ വിശേഷം കാണിച്ചിരിക്കുന്നതു നോക്കുക.
(5) പാരിമാണികം: ഇതു് "പരിമാണം' എന്നു പറയുന്ന അളവിനെക്കുറിക്കുന്ന ഭേദകമാകുന്നു.
ഉദാ: നാഴിയരി; ഇത്രനേരം; എത്ര നെല്ല്; രണ്ടു തുടം നെയ്യ്; ഒരു പിടി എള്ള്; കുറെ (റയ) വെള്ളം.
(6) നാമാംഗജം: ഇതു് പേരെച്ചത്തെത്തന്നെ ഭേദകമായിട്ടുപയോഗിക്കുന്നതാകുന്നു.
ഉദാ: കെട്ടിയ പെണ് = (കെട്ടുക എന്ന കൃതിയുടെ പേരെച്ചം) പെറ്റമ്മ = (പെറുകയുടെ പേരെച്ചം) വെളുത്ത പശു = (വെളുക്കുകയുടെ പേരെച്ചം) കറുത്ത നൂല് = (കറുക്കുകയുടെ പേരെച്ചം) (7) ക്രിയാംഗജം: ഇതു് വിനയെച്ചത്തെത്തന്നെ ഭേദകമായിട്ടുപയോഗിക്കുന്നതാകുന്നു. ഇതുമാത്രം ക്രിയയില്‍ അന്വയിക്കുന്നതാകയാല് ക്രിയാവിശേഷണമായിട്ടേ വരൂ.
ഉദാ: ഉറക്കെപ്പറയുന്നു = (ഉറയ്ക്കുകയുടെ വിനയെച്ചം) മുറുകിനടക്കുന്നു = (മുറുകുകയുടെ വിനയെച്ചം) നീളെ ഒാടുന്നു = (നീളുകയുടെ വിനയെച്ചം) കൂടെപ്പോകുന്നു = (കൂടുകയുടെ വിനയെച്ചം)
ഈ പ്രകൃതം ഉപസംഹരിക്കുംമുന്പു് തമിഴര്‍ ശബ്ദങ്ങളെ ഏതുവിധം വിഭജിച്ചിരിക്കുന്നു എന്നുള്ളതും പ്രസ്താവയോഗ്യമാണു്. ഭവനന്ദി ശബ്ദങ്ങള്‍ക്കു ചെയ്തിട്ടുള്ള മഹാവിഭാഗം പകുപ്പദം, പകാപ്പദം എന്നാണു്. പകുക്കാവുന്ന പദം, അതായതു്, വിഭാജ്യം അല്ലെങ്കില്‍ വ്യുത്പന്നം. "പകുപ്പദം'; പകുക്കാന്‍ പാടില്ലാത്തതു്, അതായതു്, അവിഭാജ്യം അല്ലെങ്കില്‍ അവ്യുത്പന്നം "പകാപ്പദം'. പകാപ്പദങ്ങള് പേര്(=നാമം), വിന(=കൃതി), ഇട (=നിപാതാവ്യയങ്ങള്), ഉരി (=ഭേദകം) എന്നു നാലുതരമുണ്ടു്. പകുപ്പദങ്ങളെ പകുക്കുന്നതു് (വിഭാജ്യപദങ്ങളെ വിഭജിക്കുന്നത്) കുറഞ്ഞാല്‍ രണ്ടെണ്ണമായിട്ടും കൂടിയാല്‍ ആറെണ്ണമായിട്ടും ആവാം; ആറെണ്ണങ്ങളാവിത്:
1 പ്രകൃതി - ഭാഗിക്കാന്‍ പാടില്ലാത്ത മൂലതത്ത്വം 2 വികൃതി - പ്രത്യയം. പ്രകൃതിധര്മ്മങ്ങളെ പ്രകാശിപ്പിക്കുന്ന ഭാഗം 3 ഇടനില - പ്രകൃതിക്കും വികൃതിക്കും മദ്ധേ്യ വരുന്നത് 4 ചാരിയ - ഇടനിലയ്ക്കു് അംഗമായിച്ചേരുന്നത് 5 സന്ധി - കൂടിച്ചേരുമ്പോള്‍ ഉണ്ടാകുന്ന വിശേഷം 6 വികാരം - ഉച്ചാരണസൗഷ്ഠവത്തിനുവേണ്ടി ചെയ്യുന്ന ഭേദഗതികള്‍
"നടന്തനന്' എന്ന ഉദാഹരണത്തില്‍,
പ്രകൃതി- നട; വികൃതി- അന്; ഇടനില- ത്; ചാരിയ- അന്; സന്ധി- ത്; വികാരം- തകാരത്തിനു് നകാരാദേശം.
നട+ ത്(=ന്)+ ത്+ അന്+ അന്.
ഇതില്‍ സന്ധിക്കും വികാരത്തിനും തമ്മില്‍ വലിയ അന്തരം ഇല്ലാത്തതിനാല്‍ രണ്ടും ഒന്നായിട്ടു വകവയ്ക്കാം; അതുപോലെ ഇടനിലയുടെ പരിവാരമാകയാല് "ചാരിയ' എന്നു വേറെ ഒരിനം ആവശ്യമല്ല. ഇങ്ങനെ നോക്കുമ്പോള്‍- പ്രകൃതി, വികൃതി അല്ലെങ്കില്‍ പ്രത്യയം, ഇടനില എന്നു മൂന്നെണ്ണംകൊണ്ടു് കാര്യം സാധിക്കാം. ഇതുമൂന്നും തങ്ങളില്‍ ചേരുമ്പോള്‍ ഉണ്ടാകുന്ന ഭേദഗതിയെല്ലാം സന്ധി; അതു് പദങ്ങളുടെ യോഗത്തിലും വരുന്നതാകയാല്‍ പ്രതേ്യകിച്ചെടുക്കണമെന്നില്ല. തമിഴരുടെ വിഭാഗത്തില്‍ മുഖ്യമായ അസ്വാരസ്യം കാലപ്രത്യയങ്ങളെ ഇടനിലയാക്കിത്തള്ളേണ്ടിവരുന്നതാണു്. സംസ്കൃത്തിലെ വികരണപ്രത്യയങ്ങള്ക്കെന്നപോലെ രൂപനിഷ്പാദനസൗകര്യം സമ്പാദിച്ചുകൊടുക്കയാണു് ഇടനിലയുടെ ശരിയായ പ്രവൃത്തി. എന്നാല്‍ തമിഴില്‍ പുരുഷപ്രത്യയങ്ങളുടെ പ്രാധാന്യംകൊണ്ടു കാലപ്രത്യയങ്ങളെ ഇടനിലയുടെ കൂട്ടത്തില്‍ ഗണിക്കേണ്ടിവരികയും ചെയ്യുന്നു. മലയാളത്തില്‍ ഈ അസൗകര്യമില്ലാത്തതിനാല് പ്രകൃതി, പ്രത്യയം, ഇടനില എന്നു മൂന്നായിട്ടേ പദങ്ങളെ വ്യാകരിക്കുന്നുള്ളു. ശബ്ദവിഭാഗത്തിലും അല്പം ചില ലക്ഷണഭേദങ്ങള് ചെയ്തിട്ടുണ്ടു്. ഭേദകത്തിന്റെ സ്ഥാനംവഹിക്കുന്ന ഉരിച്ചൊല്ലിനു് തമിഴരുടെ ലക്ഷണം ക്ലിഷ്ടമാണെന്നുള്ളതിനുപുറമേ അവര്‍ അതിനു് വിഷയസങ്കോചവുംകൂടി ചെയ്തിട്ടുണ്ടു്. ഈ സംഗതി ഭേദകാധികാരത്തില് വിസ്തരിക്കപ്പെടും. തമിഴര്‍ ചെന്തമിഴിനാണു് വ്യാകരണം ചെയ്തിട്ടുള്ളത്; മലയാളമാകട്ടെ കൊടുന്തമിഴില്‍ ഉള്‍പ്പെട്ടതാകയാല്‍ മലയാളവ്യാകരണത്തിന്റെ സമ്പ്രദായംതന്നെ തമിഴ്വ്യാകരണത്തില് നിന്നു ചില പ്രധാനാംശങ്ങളില് ഭേദപ്പെട്ടേ വരാന്‍ തരമുള്ളു. ഇതുകൂടാതെ തമിഴര്‍ക്കു് എെന്ദ്രവ്യാകരണത്തിന്റെ പരിശീലനം കൊണ്ടു് സംസ്കൃതാനുകരണദോഷം ചിലെടത്തു സംഭവിച്ചിട്ടുണ്ടു്. നമുക്കു കഴിയുന്നതും ആവക ദോഷം ബാധിക്കാതെ കഴിക്കണം; പാശ്ചാത്യന്മാര് പുതുതായി പ്രവര്‍ത്തിച്ചിട്ടുള്ള ഭാഷാശാസ്ത്രത്തിന്റെ തത്ത്വങ്ങളെ യഥാശക്തി ഉപയോഗിക്കയും വേണം.