കേരളപാണിനീയം - പ്രകൃതിപ്രത്യയങ്ങള്‍

പ്രത്യയത്തെ പ്രകൃതിയില്‍
 ചേര്‍ത്തുണ്ടാക്കുന്നതാം പദം.
 ചിലപ്പൊളിതു രണ്ടിന്നു-
 മിടയ്ക്കു ചിലയക്ഷരം
 ചേര്‍ക്കേണ്ടതുണ്ടിടനില-
 യെന്നത്ര പേരതിന്നിഹ.
 അതും പ്രകൃതിയുംകൂടി-
 ച്ചേര്‍ന്നതിന്നംഗമെന്നു പേര്‍

   
കേരളപാണിനീയം/സന്ധിപ്രകരണം/പ്രകൃതിപ്രത്യയങ്ങള്‍

പദസ്വരം വിവരിക്കുന്നു: പ്രകൃതി എന്ന ശബ്ദഭാഗത്തില്‍ പ്രത്യയം ചേര്‍ന്നിട്ടാണു് പദമുണ്ടാകുന്നതു്. പ്രകൃതിപ്രത്യയങ്ങള്‍ ചേര്‍ന്നിട്ടുള്ള ശബ്ദസ്വരൂപംതന്നെ പദമെന്നു സാരം. ഇൗ പ്രകൃതിപ്രത്യയങ്ങള്‍ തമ്മില്‍ ചേരുന്നിടത്തു് ചില വാക്കുകളില്‍ യോജനയുടെ സുകുമാരതയ്ക്കുവേണ്ടി മദ്ധ്യത്തില്‍ ചില അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്തു് വിളക്കി ഭംഗിവരുത്തേണ്ടതായിട്ടുണ്ടായിരുക്കും. ആവക വിളക്കുപൊടികളായ അക്ഷരങ്ങള്‍ക്കു് "ഇടനില' എന്നുപേര്‍. പ്രകൃതിയും ഇടനിലയും കൂടിച്ചേര്‍ന്നുള്ള പദഭാഗത്തിനു് "അംഗം' എന്നു പേരിടാം. "മരത്തിന്റെ' എന്ന പദത്തില്‍ മരം, ഇന്‍, എെന്ന മൂന്നംശങ്ങളാണുള്ളതു്. അതില്‍ "മരം' എന്നതു് പ്രകൃതി; എെന്നതു പ്രത്യയം; ഇന്‍ എന്നതു് ഇടനില; മരത്തില്‍ എന്ന ഭാഗം അംഗം - ഇങ്ങനെ ഇവയുടെ സ്വരൂപം.

   
കേരളപാണിനീയം/സന്ധിപ്രകരണം/പ്രകൃതിപ്രത്യയങ്ങള്‍

 നാരായവേരാം പ്രകൃതി,
 തടിയാമംഗമെന്നത്;
 പ്രത്യയം കവരംപോലെ
 മേല്ക്കുമേലുത്ഭവിപ്പതും.

   
കേരളപാണിനീയം/സന്ധിപ്രകരണം/പ്രകൃതിപ്രത്യയങ്ങള്‍

പ്രകൃതിപ്രത്യയങ്ങളുടേയും അംഗത്തിന്റെയും സ്വരൂപം ദൃഷ്ടാന്തം വഴിക്കു് വിശദമാക്കുന്നു. പദത്തെ ഒരു മരത്തിന്റെ നിലയില്‍ സങ്കല്പിക്കുന്നതായാല്‍ "പ്രകൃതി' എന്നതിനെ ആ മരത്തിന്റെ നാരായവേരായി ഗണിക്കാം. "അംഗം' എന്നതിനെ തടിയായി വിചാരിക്കാം. "പ്രത്യയങ്ങള്‍' മരത്തില്‍ കവരങ്ങളുണ്ടാകുന്നതുപോലെ ഒന്നിനുമേല്‍ ഒന്നായിച്ചേര്‍ന്നു നില്ക്കുന്നവയുമാണു്.

   
കേരളപാണിനീയം/സന്ധിപ്രകരണം/പ്രകൃതിപ്രത്യയങ്ങള്‍

 വിഭക്തി, ലിംഗം, വചനം
 നാമങ്ങള്‍ക്കു കുറിക്കണം;
 കൃതി കാലാദിയെക്കാട്ടാന്‍
 രൂപഭേദങ്ങളേററിടും;
 നിപാതഭേദകങ്ങള്‍ക്കു
 രൂപഭേദങ്ങള്‍ വന്നിടാ.

   
കേരളപാണിനീയം/സന്ധിപ്രകരണം/പ്രകൃതിപ്രത്യയങ്ങള്‍

"നാമങ്ങള്‍' എന്ന ഇനത്തില്‍പ്പെട്ട പദങ്ങളില്‍ ചേര്‍ക്കുന്ന പ്രത്യയങ്ങള്‍ ലിംഗപ്രത്യയം, വചനപ്രത്യയം, വിഭക്തിപ്രത്യയം ഇങ്ങനെ മൂന്നുവകയായിട്ടുണ്ടു്. ആവക പ്രത്യയങ്ങള്‍ ചേര്‍ന്നിട്ടാണു് നാമങ്ങള്‍ക്കു് മരം, മരങ്ങള്‍ മരങ്ങളെ ഇത്യാദി രൂപഭേദം ഉണ്ടാകുന്നതു്. കൃതിശബ്ദങ്ങളില്‍ കാലാദികളെ കാണിക്കുന്ന പ്രത്യയങ്ങള്‍ ചേര്‍ന്നിട്ടാണു് വീണു, വീഴുന്നു, വീഴും ഇത്യാദി രൂപഭേദങ്ങള്‍ ഉണ്ടാകുന്നതു്. നിപാതങ്ങള്‍ക്കും ഭേദകങ്ങള്‍ക്കും ഇൗമാതിരി പ്രത്യയങ്ങള്‍ ചേര്‍ന്നിട്ടുള്ള രൂപഭേദങ്ങളൊന്നും വരുന്നതല്ല.