ഇന്ദുലേഖ - ഇരുപതു് - കഥയുടെ സമാപ്തി

ഇരുപതു്

കഥയുടെ സമാപ്തി

ഗോവിന്ദപ്പണിക്കരും മാധവനും ഗോവിന്ദന്‍കുട്ടിമേനവനും കൂടി ബോംബെയില്‍നിന്നു പുറപ്പെട്ടു മദിരാശിയില്‍ വന്നു. മാധവന്‍ ഗില്‍ഹാം സായ്വിനെ പോയി കണ്ടു വിവരങ്ങള്‍ എല്ലാം ഗ്രഹിപ്പിച്ചു. അദ്ദേഹം വളരെ ചിരിച്ചു . ഉടനെ മാധവനെ സിവിള്‍ സര്‍വീസില്‍ എടുത്തതായി ഗസറ്റില്‍ കാണുമെന്നു സായ്വ് അവര്‍കള്‍ വാത്സല്യപൂര്‍വ്വം പറഞ്ഞതിനെ കേട്ടു സന്തോഷിച്ചു് അവിടെനിന്നും പോന്നു . അച്ഛനോടും ഗോവിന്ദന്‍കുട്ടിയോടുംകൂടെ മലബാറിലേക്കു പുറപ്പെട്ടു. പിറ്റേദിവസം വീട്ടില്‍ എത്തിച്ചേര്‍ന്നു . മാധവന്‍ എത്തി എന്നു കേട്ടപ്പോള്‍ ഇന്ദുലേഖയ്ക്കുണ്ടായ സന്തോഷത്തെക്കുറിച്ചു പറയേണ്ടതില്ലല്ലോ . മാധവന്‍, വന്ന ഉടനെ തന്റെ അമ്മയെ പോയി കണ്ടു . വര്‍ത്തമാനങ്ങള്‍ എല്ലാം അറിഞ്ഞു. ശപഥപ്രായശ്ചിത്തത്തിന്റെ വര്‍ത്തമാനവുംകൂടി കേട്ടു . ഉടനെ അമ്മാമനേയും പോയി കണ്ടതിന്റെ ശേഷം മാധവന്‍ ഇന്ദുലേഖയുടെ മാളികയുടെ ചുവട്ടില്‍ വന്നു നിന്നു . അപ്പോള്‍ ലക്ഷ്മിക്കുട്ടി അമ്മ മുകളില്‍ നിന്നു കോണി എറങ്ങുന്നു. മാധവനെ കണ്ടു് ഒരു മന്ദഹാസം ചെയ്തു വീണ്ടും മാളികമേലേക്കുതന്നെ തിരിയെ പോയി. മാധവന്‍ വരുന്നു എന്നു ഇന്ദുലേഖയെ അറിയിച്ചു മടങ്ങിവന്നു മാധവനെ വിളിച്ചു. മാധവന്‍ കോണി കയറി പൊറത്തളത്തില്‍ നിന്നു. ലക്ഷ്മിക്കുട്ടിഅമ്മ ചിരിച്ചുകൊണ്ടു താഴത്തേക്കും പോന്നു.

ഇന്ദുലേഖ: (അകത്തുനിന്നു് ) ഇങ്ങട്ടു കടന്നുവരാം . എനി വയ്യ. എണീറ്റ് അങ്ങട്ടു വരാന്‍

മാധവന്‍ പതുക്കെ അകത്തു കടന്നു . ഇന്ദുലേഖയെ നോക്കിയപ്പോള്‍ അതിപരവശയായി കണ്ടു. കണ്ണില്‍നിന്നു വെള്ളം താനെ ഒഴുകി . ഇന്ദുലേഖയുടെ കട്ടിലിന്മേല്‍ ചെന്നു് ഇരുന്നു . രണ്ടുപേരും അന്യോന്യം കണ്ണുനീര്‍കൊണ്ടുതന്നെ കുശലപ്രശ്നം കഴിച്ചു . ഇങ്ങിനെ രണ്ടുപേരുംകൂടി ഓരോ സല്ലാപങ്ങളെക്കൊണ്ടു് അന്നു പകല്‍ മുഴുവനും കഴിച്ചു. വെകുന്നേരം പഞ്ചുമേനവന്‍ മുകളില്‍ വന്നു് ഇന്ദുലേഖയുടെ ശരീരസുഖവര്‍ത്തമാനങ്ങളെല്ലാം ചോദിച്ചതില്‍ വളരെ സുഖമുണ്ടെന്നറിഞ്ഞു സന്തോഷിച്ചു . മാധവന്‍ വീട്ടില്‍ എത്തിയതിന്റെ ഏഴാംദിവസം ഇന്ദുലേഖയെ മാധവന്‍ സ്വയംവരംചെയ്തു . യഥാര്‍ത്ഥത്തില്‍ സ്വയംവരമാകയാല്‍ ആ വാക്കുതന്നെ ഇവിടെ ഉപയോഗിക്കുന്നതില്‍ ഞാന്‍ ശങ്കിക്കുന്നില്ല . സ്വയംവരദിവസം പഞ്ചുമേനവന്‍ അതിഘോഷമായി ബ്രാഹ്മണസദ്യയും മറ്റും കഴിച്ചു . ആ ദിവസംതന്നെ ഗോവിന്ദസെന്‍ ബങ്കാളത്തുന്നു് അയച്ച ഒരു ബങ്കി കിട്ടി . മുമ്പു സമ്മാനംകൊടുത്ത സാധനങ്ങളേക്കാള്‍ അധികം കൌതുകമുള്ളതും വില ഏറിയതും ആയ പലേ സാമാനങ്ങളും അതില്‍ ഉണ്ടായിരുന്നു . അതുകളെ എല്ലാം കണ്ടു് ഇന്ദുലേഖയ്ക്കും മറ്റും വളരെ സന്തോഷമായി. ഇന്ദുലേഖയുടെ പാണിഗ്രഹണം കഴിഞ്ഞു കഷ്ടിച്ച് ഒരു മാസം ആവുമ്പോഴെയ്ക്കു മാധവനെ സിവില്‍സര്‍വീസില്‍ എടുത്തതായി കല്‍പന കിട്ടി . ഇന്ദുലേഖയും മാധവനും മാധവന്റെ അച്ഛനമ്മമാരോടുകൂടി മദിരാശിക്കു പോയി സുഖമായി ഇരുന്നു . ഈ കഥ ഇവിടെ അവസാനിക്കുന്നു.