ഇന്ദുലേഖ - ഒന്നാം അച്ചടിപ്പിന്റെ അവതാരിക

അവതാരിക

ഒന്നാം അച്ചടിപ്പിന്റെ അവതാരിക

1886 ഒടുവില്‍ കോഴിക്കോടു വിട്ടമുതല്‍ ഞാന്‍ ഇംക്ലീഷു് നോവല്‍പുസ്തകങ്ങള്‍ അധികമായി വായിപ്പാന്‍ തുടങ്ങി. ഗവര്‍മ്മെണ്ട് ഉദ്യോഗമൂലമായ പ്രവൃത്തി ഇല്ലാതെ വീട്ടില്‍ സ്വസ്ഥമായി ഇരിക്കുന്ന എല്ലാ സമയത്തും നോവല്‍വായനകൊണ്ടു തന്നെ കാലക്ഷേപമായി. ഇതു നിമിത്തം സാധാരണ ഞാനുമായി സംസാരിച്ചു വിനോദിച്ചു സമയം കഴിക്കുന്ന എന്റെ ചില പ്രിയപ്പെട്ട ആളുകള്‍ക്കു കുറെ കുണ്ഠിതം ഉണ്ടായതായി കാണപ്പെട്ടു. അതുകൊണ്ടു ഞാന്‍ നോവല്‍വായനയെ ഒട്ടും ചുരുക്കിയില്ലെങ്കിലും ഇവരുടെ പരിഭവം വേറെ വല്ലവിധത്തിലും തീര്‍ക്കാന്‍ കഴിയുമോ എന്നു ശ്രമിച്ചു. ആ ശ്രമങ്ങളില്‍ ഒന്നു് ചില നോവല്‍ബുക്കു വായിച്ചു കഥയുടെ സാരം ഇവരെ മലയാളത്തില്‍ തര്‍ജ്ജമചെയ്തു ഗ്രഹിപ്പിക്കുന്നതായിരുന്നു. രണ്ടുമൂന്നു നോവല്‍ബുക്കുകള്‍ അവിടവിടെ ഇങ്ങിനെ തര്‍ജ്ജമചെയ്തു പറഞ്ഞുകേട്ടതില്‍ ഇവര്‍ അത്ര രസിച്ചതായി കാണപ്പെട്ടില്ല. ഒടുവില്‍ ദൈവഗത്യാ ലോര്‍ഡു് ബീ ന്‍സു് ഫീല്‍ഡു് ഉണ്ടാക്കിയ ‘ഹെന്‍റിയിട്ട് ടെംപള്‍’ എന്ന നോവല്‍ ഇവരില്‍ ഒരാള്‍ക്കു രസിച്ചു. അതുമുതല്‍ ആ ആള്‍ക്കു നോവല്‍ വായിച്ചു കേള്‍ക്കാന്‍ ബഹുതാല്‍പര്യം തുടങ്ങി. ക്രമേണ കലശലായിത്തീര്‍ന്നു. തര്‍ജ്ജമ പറഞ്ഞുകേള്‍ക്കേണമെന്നുള്ള തിരക്കിനാല്‍ എനിക്കു സ്വൈരമായി ഒരു ബുക്കും വായിപ്പാന്‍ പലപ്പോഴും നിവൃത്തിയില്ലാതെ ആയിവന്നു. ചിലപ്പോള്‍ വല്ല ‘ലോബുക്കും’ താനെ ഇരുന്നു വായിക്കുമ്പോള്‍ക്കൂടി അതു “നോവല്‍ ആണു്, തര്‍ജ്ജമ പറയണം,” എന്നു പറഞ്ഞു ശാഠ്യം തുടങ്ങി. ഏതെങ്കിലും, മുമ്പുണ്ടായിരുന്ന പരിഭവം തീര്‍ക്കാന്‍ ശ്രമിച്ചതു വലിയ തരക്കേടായിത്തീര്‍ന്നു എന്നു് എനിക്കുതന്നെ തോന്നി. ഒടുവില്‍ ഞാന്‍ മേല്‍പറഞ്ഞ ബീ ന്‍സു് ഫീല്‍ഡിന്റെ നോവല്‍ ഒന്നു തര്‍ജ്ജമ ചെയ്തു് എഴുതിക്കൊടുക്കണമെന്നു് ആവശ്യപ്പെട്ടു. ഇതിനു് ഞാന്‍ ആദ്യത്തില്‍ സമ്മതിച്ചു. പിന്നെ കുറെ തര്‍ജ്ജമചെയ്തുനോക്കിയപ്പോള്‍ അങ്ങനെ തര്‍ജ്ജമചെയ്യുന്നതു കേവലം നിഷ്പ്രയോജനമാണെന്നു് എനിക്കു തോന്നി. ഇംക്ലീഷു് അറിഞ്ഞുകൂടാത്ത, എന്റെ ഇഷ്ടജനങ്ങളെ ഒരു ഇംക്ലീഷു് നോവല്‍ വായിച്ചു തര്‍ജ്ജമയാക്കി പറഞ്ഞു് ഒരുവിധം ശരിയായി മനസ്സിലാക്കാന്‍ അത്ര പ്രയാസമുണ്ടെന്നു് എനിക്കു തോന്നുന്നില്ല. എന്നാല്‍ തര്‍ജ്ജമയായി എഴുതി കഥയെ ശരിയായി ഇവരെ മനസ്സിലാക്കാന്‍ കേവലം അസാദ്ധ്യമാണെന്നു് എന്നു ഞാന്‍ വിചാരിക്കുന്നു. തര്‍ജ്ജമയായി എഴുതിയതു വായിക്കുമ്പോള്‍ ആ എഴുതിയതു മാത്രമേ മനസ്സിലാകയുള്ളു. അതു കൊണ്ടു മതിയാകയില്ല. ഇംക്ലീഷിന്റെ ശരിയായ അര്‍ത്ഥം അപ്പപ്പോള്‍ തര്‍ജ്ജമയായി പറഞ്ഞു മനസ്സിലാക്കുന്നതാണെങ്കില്‍ ഓരോ സംഗതി തര്‍ജ്ജമചെയ്തു പറയുന്നതോടുകൂടി അതിന്റെ വിവരണങ്ങള്‍ പലേ ഉപസംഗതികളെക്കൊണ്ടു് ഉദാഹരിച്ചും വാക്കുകളുടെ ഉച്ചാരണഭേദങ്ങള്‍കൊണ്ടും ഭാവംകൊണ്ടും മറ്റും കഥയുടെ സാരം ഒരുവിധം ശരിയായി അറിയിപ്പാന്‍ സാധിക്കുന്നതാണു്. അങ്ങിനെയുള്ള വിവരണങ്ങളും പരിഭാഷകളും ഉപസംഗതികളും മറ്റും നേര്‍തര്‍ജ്ജമയായി എഴുതുന്നതില്‍ ചേര്‍ത്താല്‍ ആകപ്പാടെ തര്‍ജ്ജമ വഷളായി വരുമെന്നുള്ളതിനു സംശയമില്ലാത്തതാകുന്നു. പിന്നെ ഇംക്ലീഷു് നോവല്‍ പുസ്തകങ്ങളില്‍ ശൃംഗാരസപ്രധാനമായ ഘട്ടങ്ങള്‍ മലയാള ഭാഷയില്‍ നേര്‍ തര്‍ജ്ജമയാക്കി എഴുതിയാല്‍ വളരെ ഭംഗിയുണ്ടാകയില്ല. ഈ സംഗതികളെ എല്ലാംകൂടി ആലോചിച്ചു് ഒരു നോവല്‍ബുക്കു് ഏകദേശം ഇംക്ലീഷു് നോവല്‍ബുക്കുകളുടെ മാതിരിയില്‍ മലയാളത്തില്‍ എഴുതാമെന്നു് ഞാന്‍ നിശ്ചയിച്ചു് എന്നെ ബുദ്ധിമുട്ടിച്ചാളോടു വാമത്തം ചെയ്തു. ഈ കരാര്‍ ഉണ്ടായതു് കഴിഞ്ഞ ജനുവരിയിലാണു്. ഓരോ സംഗതി പറഞ്ഞു് ജൂണ്‍മാസം വരെ താമസിച്ചു. പിന്നെ ബുദ്ധിമുട്ടു നിവൃത്തിയില്ലാതെ ആയി. ജൂണ്ണ 11–ാം തീയതി മുതല്‍ ഈ ബുക്കു ഞാന്‍ എഴുതിത്തുടങ്ങി: ആഗസ്റ്റു് 17–ാം തീയതി അവസാനിപ്പിച്ചു. ഇങ്ങിനെയാണു് ഈ പുസ്തകത്തിന്റെ ഉത്ഭവത്തിനുള്ള കാരണം. ഈമാതിരി ഒരു ബുക്കിനെപ്പറ്റി എന്റെ നാട്ടുകാര്‍ക്കു് എന്തു് അഭിപ്രായമുണ്ടാവുമോ എന്നു ഞാന്‍ അറിയുന്നില്ല. ഇംക്ലീഷു് അറിവില്ലാത്തവര്‍ ഈ മാതിരിയിലുള്ള കഥകള്‍ വായിച്ചിക്കാന്‍ എടയില്ല. ഈവക കഥകളെ ആദ്യമായി വായിക്കുമ്പോള്‍ അതുകളില്‍ അഭിരുചി ഉണ്ടാവുമോ എന്നു സംശയമാണു് .

ഈ പുസ്തകം ഞാന്‍ എഴുതുന്നകാലം ഇംക്ലീഷു് പരിജ്ഞാനമില്ലാത്ത എന്റെ ചില സ്നേഹിതന്മാര്‍ എന്നോടു്, എന്തു സംഗതിയെപ്പറ്റിയാണു് പുസ്തകം എഴുതുന്നതെന്നു ചോദിച്ചിട്ടുണ്ടായിരുന്നു. ഇതില്‍ ഒന്നുരണ്ടാളോടു ഞാന്‍ സൂക്ഷ്മസ്ഥിതി പറഞ്ഞതില്‍ അവര്‍ക്കു് എന്റെ ഈ ശ്രമം വളരെ രസിച്ചതായി എനിക്കു തോന്നീട്ടില്ല — “ഇതെന്തു സാരം—ഇതിന്നാണു് ഇത്ര ബുദ്ധിമുട്ടുന്നത്—യഥാര്‍ത്ഥത്തില്‍ ഉണ്ടാവാത്ത ഒരു കഥ എഴുതുന്നതുകൊണ്ടു് എന്തു പ്രയോജനം?” എന്നു് ഇതില്‍ ഒരാള്‍ പറഞ്ഞതായി ഞാന്‍ അറിയും. എന്നാല്‍ ഇതിന്നു സമാധാനമായി എനിക്കു പറവാനുള്ളതു് ഒരു സംഗതി മാത്രമാണു്. ലോകത്തില്‍ ഉള്ള പുസ്തകങ്ങളില്‍ അധികവും കഥകളെ എഴുതീട്ടുള്ള പുസ്തകങ്ങളാണു്. ഇതുകളില്‍ ചിലതില്‍ ചരിത്രങ്ങള്‍ എന്നു പറയപ്പെടുന്നതും യഥാര്‍ത്ഥത്തില്‍ ഉണ്ടായതെന്നു വിശ്വസിപ്പെടുന്നതും ആയ കഥകള്‍ അടങ്ങിയിരിക്കുന്നു. ഇതു കഴിച്ചു മറ്റുള്ള ബുക്കുകളില്‍ കാണപ്പെടുന്ന കഥകള്‍ എല്ലാം യഥാര്‍ത്ഥത്തില്‍ നടന്നതാണെന്നു വിശ്വസിക്കപ്പെടാത്തതോ സംശയിക്കപ്പെടുന്നതോ ആയ കഥകളാകുന്നു. എന്നാല്‍ സാധാരണയായി കഥകള്‍ വാസ്തവത്തില്‍ നടന്നതായാലും, അല്ലെങ്കിലും, കഥകള്‍ പറഞ്ഞിട്ടുള്ളതിന്റെ ചാതുര്യംപോലെ മനുഷ്യര്‍ക്കു് രസിക്കുന്നതായിട്ടാണു് കാണപ്പെടുന്നതു്. അല്ലെങ്കില്‍ ഇത്ര അധികം പുസ്തകങ്ങള്‍ ഈവിധം കഥകളെക്കൊണ്ടു ചമയ്ക്കപ്പെടുവാന്‍ സംഗതി ഉണ്ടാവുന്നതല്ല. കഥ വാസ്തവത്തില്‍ നടന്നതോ അല്ലയോ എന്നുള്ള സൂക്ഷ്മവിചാരം, അറിവുള്ളവര്‍ ഈവക ബുക്കുകളെ വായിക്കുമ്പോള്‍ ചെയ്യുന്നതേ ഇല്ല . കവനത്തിന്റെ ചാതുര്യം, കഥയുടെ ഭംഗി ഇതുകള്‍ മനുഷ്യരുടെ മനസ്സിനെ ലയിപ്പിക്കുന്നു. നല്ല ഭംഗിയായി എഴുതീട്ടുള്ള ഒരു കഥയെ ബുദ്ധിക്കു രസികത്വമുള്ള ഒരുവന്‍ വായിക്കുമ്പോള്‍ ആ കഥ വാസ്തവത്തില്‍ ഉണ്ടാവാത്ത ഒരു കഥയാണെന്നുള്ള പൂര്‍ണ്ണബോദ്ധ്യം അവന്റെ മനസ്സിന്നു് എല്ലായ്പ്പോഴും ഉണ്ടെങ്കിലും, ആ കഥയില്‍ കാണിച്ച സംഗതികള്‍, അവകള്‍ വാസ്തവത്തില്‍ ഉണ്ടായതായി അറിയുമ്പോള്‍ അവന്റെ മനസ്സിന്നു് എന്തെല്ലാം സ്തോഭങ്ങളെ ഉണ്ടാക്കുമോ ആ സ്തോഭങ്ങളെത്തന്നെ നിശ്ചയമായി ഉണ്ടാക്കുമെന്നുള്ളതിനു സംശയമില്ല. എത്ര ഗംഭീരബുദ്ധികളായ വിദ്വാന്മാര്‍ തങ്ങള്‍ വായിക്കുന്ന കഥ വാസ്തവത്തില്‍ ഉണ്ടായതല്ലെന്നുള്ള ബോദ്ധ്യത്തോടുകൂടിത്തന്നെ ആ കഥകളില്‍ ഓരോ ഘട്ടങ്ങള്‍ വായിക്കുമ്പോള്‍ ആ ഗ്രണ്മകര്‍ത്താവിന്റെ പ്രയോഗസാമര്‍ഝ്യത്തിന്നനുസരിച്ചു രസിക്കുന്നു. ഈവക പുസ്തകങ്ങളില്‍ ചില ദുഃഖരസപ്രധാനമായ ഘട്ടങ്ങള്‍ വായിക്കുമ്പോള്‍ എത്ര യോഗ്യരായ മനുഷ്യര്‍ക്കു മനസ്സു വ്യസനിച്ചു കണ്ണില്‍നിന്നു ജലം താനെ ഒഴുകിപ്പോവുന്നു. ഹാസ്യരസപ്രധാനമായ ഘട്ടങ്ങള്‍ വായിച്ചു് എത്ര മനുഷ്യര്‍ ഒറക്കെ ചിരിച്ചുപോവുന്നു. ഇതെല്ലാം സാധാരണ അറിവുള്ളാളുകളുടെ ഇടയില്‍ ദിവസംപ്രതി ഉണ്ടായിക്കാണുന്ന കാര്യങ്ങളാണു്. ഈവക കഥകള്‍ ഭംഗിയായി എഴുതിയാല്‍ സാധാരണ മനുഷ്യന്റെ മനസ്സിനെ വിനോദിപ്പിക്കുവാനും മനുഷ്യര്‍ക്കു് അറിവുണ്ടാക്കുവാനും വളരെ ഉപയോഗമുള്ളതാണെന്നു് ഞാന്‍ വിചാരിക്കുന്നു. അതുകൊണ്ടു കഥ വാസ്തവത്തില്‍ നടക്കാത്തതാകയാല്‍ പ്രയോജനമില്ലാത്തതാണെന്നു പറയുന്നതു ശരിയല്ലെന്നാണു് എനിക്കു തോന്നുന്നു. ആ കഥ എഴുതിയമാതിരി ഭംഗിയായിട്ടുണ്ടോ എന്നു മാത്രമാണു് ആലോചിച്ചു നോക്കേണ്ടതു്. എന്റെ മറ്റൊരു സ്നേഹിതന്‍ ഇയ്യിടെ ഒരു ദിവസം ഞാന്‍ ഈ പുസ്തകത്തിന്റെ അച്ചടി പരിശോധിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ ബുക്കു് എന്തു സംഗതിയെപ്പറ്റിയാണു് എന്നു് എന്നോടു ചോദിച്ചു. പുസ്തകം അടിച്ചുതീര്‍ന്നാല്‍ ഒരു പകര്‍പ്പു് അദ്ദേഹത്തിന്നു് അയച്ചുകൊടുക്കാമെന്നും അപ്പോള്‍ സംഗതി മനസ്സിലാവുമെന്നും മാത്രം ഞാന്‍ മറുവടി പറഞ്ഞു. അതിനു് അദ്ദേഹം എന്നോടു മറുവടി പറഞ്ഞ വാക്കുകള്‍ ഇവിടെ ചേര്‍ക്കുന്നു. “സയന്‍സു് എന്നു പറയപ്പെടുന്ന ഇംക്ലീഷ്ശാസ്ത്രവിദ്യകളെക്കുറിച്ചാണു് ഈ പുസ്തകം എഴുതുന്നതു് എങ്കില്‍ കൊള്ളാം. അല്ലാതെ മറ്റൊരു സംഗതിയെപ്പറ്റിയും മലയാളത്തില്‍ ഇപ്പോള്‍ പുസ്തകങ്ങള്‍ ആവശ്യമില്ല.” ഞാന്‍ ഈ വാക്കുകള്‍ കേട്ടു് ആശ്ചര്യപ്പെട്ടു.

സാധാരണ ഈ കാലങ്ങളില്‍ നടക്കുന്നമാതിരിയുള്ള സംഗതികളെ മാത്രം കാണിച്ചും ആശ്ചര്യകരമായ യാതൊരു അവസ്ഥകളേയും കാണിക്കാതെയും ഒരു കഥ എഴുതിയാല്‍ അതു് എങ്ങിനെ ആളുകള്‍ക്കു രസിക്കും എന്നു് ഈ പുസ്തകം എഴുതുന്ന കാലത്തു മറ്റുചിലര്‍ എന്നോടു ചോദിച്ചിട്ടുണ്ടു്. അതിനു് ഞാന്‍ അവരോടു മറുവടി പറഞ്ഞതു് —എണ്ണച്ചായ ചിത്രങ്ങള്‍ യൂറോപ്പില്‍ എഴുതുന്നമാതിരി ഈ ദിക്കില്‍ കണ്ടു രസിച്ചു തടങ്ങിയതിനുമുമ്പു്, ഉണ്ടാവാന്‍ പാടില്ലാത്തവിധമുള്ള ആകൃതിയില്‍ എഴുതീട്ടുള്ള നരസിംഹമൂര്‍ത്തിയുടെ ചിത്രം, വേട്ടയ്ക്കൊരുമകന്റെ ചിത്രം, ചില വ്യാളമുഖചിത്രം, ശ്രീകൃഷ്ണന്‍ സാധാരണ രണ്ടുകാല്‍ ഉള്ളവര്‍ക്കു നില്‍ക്കാന്‍ ഒരുവിധവും പാടില്ലാത്തവിധം കാല്‍ പിണച്ചുവെച്ചു് ഓടക്കുഴല്‍ ഊതുന്ന മാതിരി കാണിക്കുന്ന ചിത്രം, വലിയ ഫണമുള്ള അനന്തന്റെ ചിത്രം, വലിയ രാക്ഷസന്മാരുടെ ചിത്രം ഇതുകളെ നിഴലും വെളിച്ചവും നിംനോന്നതസ്വഭാവങ്ങളും സ്ഫുരിക്കപ്പെടാത്ത മാതിരിയില്‍ രൂക്ഷങ്ങളായ ചായങ്ങള്‍കൊണ്ടു് എഴുതിയതു കണ്ടു രസിച്ചു് ആവക എഴുത്തുകാര്‍ക്കു് പലവിധ സമ്മാനങ്ങള്‍ കൊടുത്തു വന്നിരുന്ന പലര്‍ക്കും ഇപ്പോള്‍ അതുകളില്‍ വിരക്തിവന്നു് മനുഷ്യന്റെയോ മൃഗത്തിന്റെയോ വേറെ വസ്തുക്കളുടെയോ സാധാരണ സ്വഭാവങ്ങള്‍ കാണിക്കുന്ന എആച്ചായചിത്രം, വെള്ളച്ചായചിത്രം ഇതുകളെക്കുറിച്ചു കൌതുകപ്പെട്ടു് എത്രണ്ടു സൃംഷ്ടിസ്വഭാവങ്ങള്‍ക്കു് ചിത്രങ്ങള്‍ ഒത്തുവരുന്നുവോ അത്രണ്ടു് ആ ചിത്രകര്‍ത്താക്കന്മാരെ ബഹുമാനിച്ചു വരുന്നതു കാണുന്നില്ലയോ, അതുപ്രകാരംതന്നെ കഥകള്‍ സ്വാഭാവികമായി ഉണ്ടാവാന്‍ പാടുള്ള വൃത്താന്തങ്ങളെക്കൊണ്ടുതന്നെ ഭംഗിയായി ചമച്ചാല്‍ കാലക്രമേണ ആവക കഥകളെ അസംഭവ്യസംഗതികളെക്കൊണ്ടു ചമയ്ക്കപ്പെട്ട പഴയ കഥകളെക്കാള്‍ രുചിക്കുമെന്നാകുന്നു. എന്നാല്‍ ഞാന്‍ എഴുതിയ ഈ കഥ ഭംഗിയായിട്ടുണ്ടെന്നു ലേശംപോലും എനിക്കു വിശ്വാസമില്ല. അങ്ങിനെ ഒരു വിശ്വാസം എനിക്കു വന്നിട്ടുണ്ടെന്നു മേല്‍പറഞ്ഞ സംഗതികളാല്‍ എന്റെ വായനക്കാര്‍ക്കു തോന്നുന്നുണ്ടെങ്കില്‍ അതു് എനിക്കു പരമസങ്കടമാണു്. ഈമാതിരി കഥകള്‍ ഭംഗിയായി എഴുതുവാന്‍ യോഗ്യതയുള്ളവര്‍ ശ്രദ്ധവെച്ചു് എഴുതിയാല്‍ വായിപ്പാന്‍ ആളുകള്‍ക്കു രുചി ഉണ്ടാവുമെന്നാണു് ഞാന്‍ പറയുന്നതിന്റെ സാരം. ഈ പുസ്തകം എഴുതീട്ടുള്ളതു് ഞാന്‍ വീട്ടില്‍ സാധാരണ സംസാരിക്കുന്ന മലയാളഭാഷയില്‍ ആകുന്നു. അല്‍പം സംസ്കൃത പരിജ്ഞാനം എനിക്കു് ഉണ്ടെങ്കിലും പലേ സംസ്കൃതവാക്കുകളും മലയാളഭാഷയില്‍ നോം മലയാളികള്‍ സംസാരിച്ചുവരുമ്പോള്‍ ഉപയോഗിക്കുന്ന മാതിരിയിലാണു് ഈ പുസ്തകത്തില്‍ സാധാരണയായി ഞാന്‍ ഉപയോഗിച്ചിട്ടുള്ളതു്. ദൃംഷ്ടാന്തം, ‘വ്യുല്‍പത്തി’ എന്നു ശരിയായി സംസ്കൃതത്തില്‍ ഉച്ചരിക്കേണ്ട പദത്തെ ‘വില്‍പത്തി’ എന്നാണു് സാധാരണ നോം പറയാറു്. അതു് ആ സാധാരണ മാതിരിയില്‍ത്തന്നെയാണു് ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതു്. ഇതുപോലെ പലേ വാക്കുകളെയും കാണാം. ‘പടു’, ‘ധൃതഗതി’, ‘ധൃതഗതീക്കാരന്‍’, ‘യോഗ്യമായ സഭ’ ഈവക പലേ പദങ്ങളും സമാസങ്ങളും സംസ്കൃതസിദ്ധമായ മാതിരിയില്‍ അല്ല, മലയാളത്തോടു ചേര്‍ത്തുപറയുമ്പോള്‍ ഉച്ചരിക്കുന്നതും അര്‍ത്ഥം ഗ്രഹിക്കുന്നതും. അതുകൊണ്ടു സാധാരണ മലയാളഭാഷ സംസാരിക്കുമ്പോള്‍ ഈവക വാക്കുകളെ ഉച്ചരിക്കുന്നപ്രകാരം തന്നെയാകുന്നു ഈ പുസ്തകത്തില്‍ ഉപയോഗിച്ചിരിക്കുന്നതു് എന്നു മുന്‍കൂട്ടി എന്റെ വായനാരെ ഗ്രഹിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതുകൂടാതെ കര്‍ത്തൃകര്‍മ്മക്രിയകളെയും അകര്‍മ്മസകര്‍മ്മക്രിയാപദങ്ങളെയും സാധാരണ സംസാരിക്കുമ്പോള്‍ ഉപയോഗിക്കുന്നമാതിരില്‍ത്തന്നെയാണു് ഈ പുസ്തകത്തില്‍ പലേടങ്ങളിലും ഉപയോഗിച്ചുവന്നിരിക്കുന്നതു് എന്നും കൂടി ഞാന്‍ ഇവിടെ പ്രസ്താവിക്കുന്നു. മലയാള വാചകങ്ങള്‍ മലയാളികള്‍ സംസാരിക്കുന്ന മാതിരി വിട്ടു്, സംസ്കൃതഗദ്യങ്ങളുടെ സ്വഭാവത്തില്‍ പരിശുദ്ധമാക്കി എഴുതുവാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല.

ഇംക്ലീഷു് അറിയുന്ന എന്റെ വായനക്കാര്‍ ഈ പുസ്തകം വായിക്കുന്നതിനുമുമ്പു് ഇതിനെപ്പറ്റി ഞാന്‍ ഡബ്ളിയു. ഡ്യൂമര്‍ഗ്ഗ് സായ്‍വവര്‍കള്‍ക്കു് ഇംക്ലീഷില്‍ എഴുതീട്ടുള്ള ഒരു ചെറിയ കത്തു് ഇതൊന്നിച്ചു് അച്ചടിച്ചിട്ടുള്ളതുകൂടി വായിപ്പാന്‍ അപേക്ഷ . ഈ പുസ്തകത്തില്‍ അടങ്ങിയ ചില സംഗതികളെപ്പറ്റി ഉണ്ടായിവരാമെന്നു് എനിക്കു് ഊഹിപ്പാന്‍ കഴിഞ്ഞേടത്തോളമുള്ള ആക്ഷേപങ്ങളെക്കുറിച്ചു സമാധാനമായി എനിക്കു പറവാനുള്ളതു് ഞാന്‍ ആ കത്തില്‍ കാണിച്ചിട്ടുണ്ടു്. ഈ പുസ്തകം അച്ചടിക്കുന്നതില്‍ സ്പെക്ടെറ്റര്‍ അച്ചുകൂടം സൂപ്രഡെണ്ടു് മിസ്റ്റര്‍ കൊച്ചുകുഞ്ഞനാല്‍ എനിക്കു വളരെ ഉപകാരം ഉണ്ടായിട്ടുണ്ടു് . എഴുത്തില്‍ ബദ്ധപ്പാടുനിമിത്തം വന്നുപോയിട്ടുള്ളക്കതെറ്റുകളെ ഈ പുസ്തകം അച്ചടിക്കുമ്പോള്‍ അതാതു സമയം ഈ സാമര്‍ത്ഥ്യമുള്ള ചെറുപ്പക്കാരന്‍ എന്റെ അറിവില്‍ കൊണ്ടുവന്നിട്ടുണ്ടെന്നു് നന്ദിപൂര്‍വ്വം ഞാന്‍ ഇവിടെ പ്രസ്താവിക്കുന്നു.

പരപ്പനങ്ങാടി 1889 ഡിസംബര്‍ 9–ാനു

ഒ . ചന്തുമേനോന്‍