കമ്മ്യൂ­ണി­സ്റ്റ് മാ­നി­ഫെ­സ്റ്റോ

[തിരുത്തുക]

അനുബന്ധം: 1893-ലെ ഇറ്റാലിയന്‍ പതിപ്പിനുള്ള മുഖവുര

[തിരുത്തുക] ഇറ്റാലിയന്‍ വായനക്കാരോടു്

മിലാനിലേയും ബര്‍ലിനിലേയും വിപ്ലവങ്ങള്‍ നടന്ന ഏതാണ്ടതേ ദിവസംതന്നെയാണു് -1948 മാര്‍ച്ച് 18-ആം നു-കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചതെന്നു പറയാം. ഈ സായുധകലാപങ്ങള്‍ നടത്തിയ രാഷ്ട്രങ്ങളില്‍ ഒന്നു യൂറോപ്യന്‍ വന്‍കരയുടേയും മറ്റേതു് മദ്ധ്യധരണ്യാഴിയുടേയും മദ്ധ്യത്തിലാണ് സ്ഥിതി ചെയ്യുന്നതു്. ആഭ്യന്തരകലഹവും വിഭജനവും നിമിത്തം അവശരായിരുന്ന ഈ രണ്ടു രാഷ്ട്രങ്ങളും വിദേശമേധാവിത്വത്തിന്‍കീഴില്‍ കഴിയുകയായിരുന്നു. ഇറ്റലി ആസ്ട്രിയന്‍ ചക്രവര്‍ത്തിക്കു കീഴ്പ്പെട്ടെങ്കില്‍ ജര്‍മ്മനി കൂടുതല്‍ പരോക്ഷമെങ്കിലും അത്രതന്നെ ഫലപ്രദമായ റഷ്യന്‍ സാര്‍ചക്രവര്‍ത്തിയുടെ നുകത്തിന്‍കീഴിലാണ് അടിപ്പെട്ടതു്. 1848 മാര്‍ച്ച് 18-ന്റെ അനന്തരഫലങ്ങള്‍ ജര്‍മ്മനിയേയും ഇറ്റലിയേയും ഈ അപമാനത്തിനിന്നു വിമുക്തമാക്കി. 1848-നും 1871-നും ഇടയ്ക്കു് ഈ രണ്ടു മഹാരാജ്യങ്ങളും പുനസ്സംഘടിപ്പിക്കപ്പെടുകയും ഏതെങ്കിലും തരത്തില്‍ വീണ്ടും സ്വന്തം കാലുകളിന്മേല്‍ നില്‍ക്കുമാറാകുകയും ചെയ്തുവെങ്കില്‍, അതിനു കാരണം , കാറല്‍മാക്സ് പറയാറുള്ളതുപോലെ , 1848-ലെ വിപ്ലവത്തെ

അടിച്ചമര്‍ത്തിയ അതേ ആളുകള്‍തന്നെ വാസ്തവത്തില്‍ , അവരുടെ ഉദ്ദേശത്തിനു വിപരീതമായി , ആ വിപ്ലവത്തിന്റെ വില്‍പ്പത്രം നടപ്പിലാക്കാന്‍ ബാദ്ധ്യതപ്പെട്ടവരായിരുന്നുവെന്നതാണു്.
ആ വിപ്ലവം എല്ലായിടത്തും ഉയര്‍ത്തിയതും സ്വന്തം ജീവരക്തം നല്‍കിയതും അവരായിരുന്നു. ഗവണ്മെന്റിനെ മറിച്ചിടുമ്പോള്‍ ബൂര്‍ഷ്വാ ഭരണത്തെത്തന്നെ അട്ടിമറിക്കണമെന്ന വ്യക്തമായ ലക്ഷ്യം

പാരീസിലെ തൊഴിലാളികള്‍ക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂ. തങ്ങളുടെ വര്‍ഗ്ഗവും ബൂര്‍ഷ്വാസിയും തമ്മിലുള്ള അനിവാര്യമായ വൈരുദ്ധ്യത്തെക്കുറിച്ചുള്ള ബോധവും അവര്‍ക്കുണ്ടായിരുന്നു. എന്നിരുന്നാല്‍ത്തന്നെയും സാമൂഹ്യപുനര്‍ നിര്‍മ്മാണം സാദ്ധ്യമാകത്തക്ക നിലയില്‍ രാജ്യത്തിന്റെ സാമ്പത്തികപുരോഗതിയോ ഫ്രഞ്ചു തൊഴിലാളികളുടെ സാംസ്കാരികവളര്‍ച്ചയോ എത്തിയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടു് വിപ്ലവത്തിന്റെ ഫലമനുഭവിച്ചതു് മുതലാളിവര്‍ഗ്ഗമായിരുന്നെന്ന് അവസാനവിശകലനത്തില്‍ കാണാം. മറ്റു രാജ്യങ്ങളില്‍, ഇറ്റലി , ജര്‍മ്മനി , ആസ്ട്രിയ എന്നിവിടങ്ങളില്‍ , തൊഴിലാളികള്‍ ആദ്യംമുതലേ ബൂര്‍ഷ്വാസിയെ അധികാരത്തിലേറ്റുക മാത്രമേ ചെയ്തിട്ടുള്ളൂ. എന്നാല്‍ ദേശീയസ്വാതന്ത്ര്യം കൂടാതെ ബൂര്‍ഷ്വാസിക്കു് ഒരു രാജ്യത്തിലും ഭരിക്കാന്‍ സാദ്ധ്യമല്ല. അതുകൊണ്ട് ഇറ്റലി , ജര്‍മ്മനി , ഹംഗറി എന്നീ രാജ്യങ്ങള്‍ക്കു് 1848-ലെ വിപ്ലവത്തെത്തുടര്‍ന്നു് അതുവരെ ഇല്ലാതിരുന്ന ഐക്യവും സ്വയംഭരണാധികാരവും കൈവരാതെതരമില്ലെന്നുവന്നു, പോളണ്ടും അതേ മാര്‍ഗ്ഗം പിന്തുടരുന്നതാണു്.

അപ്പോള്‍ 1848-ലെ വിപ്ലവം ഒരു സോഷ്യലിസ്റ്റ് വിപ്ലവമായിരുന്നില്ലെങ്കിലും അതിനു വഴിതുറക്കുകയും കളമൊരുക്കുകയും ചെയ്തു. എല്ലാ രാജ്യങ്ങളിലും വന്‍കിടവ്യവസായങ്ങള്‍ക്ക് പ്രോത്സാഹനം നല്കിയതു നിമിത്തം കഴിഞ്ഞനാല്പത്തഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ബൂര്‍ഷ്വാ ഭരണം എവിടെയും വിപുലവും കേന്ദ്രീകൃതവും പ്രബലവുമായ ഒരു തൊഴിലാളിവര്‍ഗ്ഗത്തെ സൃഷ്ടിച്ചിരിക്കുകയാണു്. അങ്ങിനെ ബൂര്‍ഷ്വാസി , മാനിഫെസ്റ്റോയുടെ ഭാഷയില്‍ പറഞ്ഞാല്‍ , അതിന്റെതന്നെ ശവക്കുഴി തോണ്ടുന്നവരെ വളര്‍ത്തിക്കൊണ്ടുവന്നു. സ്വയംഭരണാവകാശവും ഐക്യവും ഓരോ രാഷ്ട്രത്തിനും വീണ്ടുകിട്ടാതെ , തൊഴിലാളിവര്‍ഗ്ഗത്തിനു്

സാര്‍വ്വദേശീയൈക്യം നേടാനോ ഈരാഷ്ട്രങ്ങള്‍ക്കു് പൊതുലക്ഷ്യത്തെ മുന്‍നിര്‍ത്തി സമാധാനപരവും ബൂദ്ധിപൂര്‍വ്വകവുമായി സഹകരിക്കാനോ സാദ്ധ്യമല്ല. ഇറ്റലി, ഹംഗറി , ജര്‍മ്മനി , പോളണ്ട് , റഷ്യ എന്നിവിടങ്ങലെങ്കിലും പ്രവര്‍ത്തിക്കാന്‍ 1848-നുമുമ്പുള്ള രാഷ്ട്രീയപരിസ്ഥിതിയില്‍ സാധിക്കുമായിരുന്നുവോ എന്നൊരു വിഭാവനം ചെയ്തുനോക്കുക!


അതുകൊണ്ട് 1848-ല്‍ നടത്തിയ സമരങ്ങള്‍ നിഷ്പ്രഫലമായിട്ടില്ല. ആ വിപ്ലവകാലഘട്ടത്തില്‍നിന്നു നമ്മെ വേര്‍തിരിക്കുന്ന നാല്പത്തഞ്ചു കൊല്ലങ്ങള്‍ വെറുതെ വന്നുപോയവയുമല്ല. അവയുടെ ഫലങ്ങള്‍ പക്വമായിവരികയാണു്. ഈ മാനിഫെസ്റ്റോയുടെ പ്രഥമപ്രസിദ്ധീകരണം സര്‍വ്വദേശീയവിപ്ലവത്തിനു് എങ്ങിനെയായിരുന്നുവോ അതുപോലെ ഈ പരിഭാഷയുടെ പ്രസിദ്ധീകരണം ഇറ്റലിയിലെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ വിജയത്തിനുള്ള ശുഭശകുനമായിതീരട്ടെ എന്നു മാത്രമേ എനിക്കാശംസിക്കാനുള്ളൂ.


കഴിഞ്ഞകാലത്തു് മുതലാളിത്തം നിര്‍വഹിച്ച വിപ്ലവകരമായ പങ്കിനോടു് മാനിഫെസ്റ്റോയില്‍ തികച്ചും നീതി കാണിച്ചിട്ടുണ്ടു്. ഒന്നാമത്തെ മുതലാളിത്ത രാഷ്ട്രം ഇറ്റലിയായിരുന്നു. ഇറ്റലിക്കാരനായ ഒരു അതികായകനാണു്- മാദ്ധ്യകാലകവികളില്‍ അവസാനത്തേതും ആധുനികകവികളില്‍ ആദ്യത്തേതുമായ ദാന്തേയാണു്-ഫ്യൂഡല്‍മദ്ധ്യകാലത്തിന്റെ അന്ത്യവും ആധുനികമുതലാളിത്തത്തിന്റെ ആരംഭവും കുറിച്ചതു്. 1300-ലെന്നപോലെ ഇന്നു പുതിയൊരു ചരിത്രകാലഘട്ടം ആസന്നമായിരിക്കുന്നു. ഈ പുതിയ തൊഴില്‍വര്‍ഗ്ഗകാലഘട്ടത്തിന്റെ ഉദയമുഹൂര്‍ത്തം കുറിക്കുന്ന പുതിയൊരു ദാന്തേയെ ഇറ്റലി നമുക്കു പ്രദാനം ചെയ്യുമോ?


ലണ്ടന്‍ ഫെബ്രുവരി 1, 1893


ഫെഡറിക്ക് എംഗല്‍സ്