കാവ്യകല അഥവാ ഏഴാം ഇന്ദ്രിയം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

കുമാരനാശാന്റെ
കൃതികള്‍

കുമാരനാശാന്‍
കാവ്യങ്ങള്‍

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയില്‍ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവര്‍ത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം

സ്തോത്ര കൃതികള്‍

സ്തോത്ര കൃതികള്‍

മറ്റു രചനകള്‍

മറ്റു രചനകള്‍മണിമാല എന്ന കവിതാസമാഹാരത്തില്‍ നിന്ന്


ഏകാന്തം വിഷമമൃതമാക്കിയും വെറും പാ-
ഴാകാശങ്ങളിലലര്‍വാടിയാചരിച്ചും
ലോകാനുഗ്രഹപരയായെഴും കലേ നിന്‍
ശ്രീകാല്‍ത്തരിയണയടിയങ്ങള്‍ കുമ്പിടുന്നു.

ആര്‍ക്കും നിന്‍ വടിവറിവില്ല,യര്‍ഘ്യമാല്യം
കോര്‍ക്കും നിന്‍ പ്രതിമകള്‍ നോക്കിയര്‍ച്ചകന്മാര്‍
ഓര്‍ക്കും നിന്‍ മഹിമകളാരവര്‍ക്കും രോമം
ചീര്‍ക്കുന്നുണ്ടതുമതിയംബ വിശ്വസിപ്പാന്‍.

തുംഗശ്രീ ഗിരിശിഖരങ്ങള്‍ ശുഭ്രവീചി-
ഭംഗവ്യാകുലജലമാര്‍ന്ന സാഗരങ്ങള്‍
എങ്ങും പുഷ്പിതവനഭൂക്കളെന്നിവറ്റില്‍
തങ്ങും നിന്‍ ചുവടുകള്‍ ദേവി മാഞ്ഞുപോകാ.

താരാമണ്ഡലമുരുസൂരയൂഥമെന്ന-
ല്ലോരോ രേണുവുമതുപോലെ ചക്രമാക്കീ
പാരകെബ്ഭഗവതി ഭിന്നവേഗമായ് നിന്‍
തേരോടുന്നിതു ബുധരെങ്ങു നോക്കിയാലും.

ഓമല്‍‌പൂ വിശദനിലാവിലും തമാല-
ശ്രീമങ്ങും കൊടിയൊരു കൂരിരുട്ടിലും നീ
തൂമന്ദസ്മിതരുചിയൊന്നുപോലെ തൂവും
സാമര്‍ത്ഥ്യം സുകൃതികള്‍ കാണ്‍‌മു തമ്പുരാട്ടി.

ചാര്‍ത്തജ്ജനനി മരിച്ചു ചിത്തതാപം
തീര്‍ത്തുണ്ണികളുടെ കണ്ണുനീര്‍ക്കുളത്തില്‍
നീരാടും ചിലപൊഴുതംബ നീ ചിലപ്പോള്‍
പോരാളിപ്പരിഷ ചൊരിഞ്ഞ ചോരയാറ്റില്‍.

മാനഞ്ചും‌മിഴിയുടെ ചാഞ്ഞ ചില്ലിമേലും
ധ്യാനസ്ഥന്‍ മുനിയുടെ ഹസ്തമുദ്രമേലും
നൂനം ചെറ്റൊരു ഭിദയെന്നി ദേവി, ഭക്തന്‍
പാനം ചെയ്‌വിതു ഭവദീയവാൿപ്രവാഹം.

നെഞ്ചാളും വിനയമൊടെന്നി പൌരുഷത്താല്‍
നിഞ്ചാരുദ്യുതി കണികാണ്മതില്ലൊരാളും
കൊഞ്ചല്‍തേന്മൊഴിമണി, നിത്യകന്യകേ, നിന്‍
മഞ്ചത്തില്‍ മണമറികില്ല മൂര്‍ത്തിമാരും.

പാഴാകും മരുവിലലഞ്ഞു സര്‍വ്വഗേ, നീ
വാഴാറുള്ളരമനതേടി വാടി ഞങ്ങള്‍
കേഴാതാരസമയരാജ്യസീമ കാണ്മാന്‍
“ഏഴാമിന്ദ്രിയ”മിനിയ്മ്പൊടേകുകമ്മേ!

മണിമാല എന്ന സമാഹാരത്തിലെ മറ്റു കവിതകള്‍