പുഷ്പവാടി - അമ്പിളി

അമ്പിളി

(പാന)

തുമ്പപ്പൂവിലും തൂമയെഴും നിലാ-
വന്‍പില്‍ത്തൂവിക്കൊണ്ടാകാശവീഥിയില്‍
അമ്പിളി പൊങ്ങി നില്‍ക്കുന്നിതാ മര-
ക്കൊമ്പിന്മേല്‍ നിന്നു കോലോളം ദൂരത്തില്‍.

വെള്ളമേഘശകലങ്ങളാം നുര-
തള്ളിച്ചുകൊണ്ടു ദേവകള്‍ വിണ്ണാകും
വെള്ളത്തില്‍ വിളയാടിത്തുഴഞ്ഞുപോം
വെള്ളിയോടമിതെന്നു തോന്നീടുന്നു!

വിണ്മേല്‍നിന്നു മന്ദസ്മിതം തൂവുമെന്‍
വെണ്മതിക്കൂമ്പേ, നിന്നെയീയന്തിയില്‍
അമ്മതന്നങ്കമേറിയെന്‍ സോദര-
‘നമ്മാവാ’യെന്നലിഞ്ഞു വിളിക്കുന്നു!

ദേഹശോഭപോലുള്ളത്തില്‍ക്കൂറുമീ-
മോഹനാകൃതിക്കു,ണ്ടിതെന്‍ പിന്നാലേ
സ്നേഹമോടും വിളിക്കുംവഴി പോരു-
ന്നാഹാ കൊച്ചുവെള്ളാട്ടിന്‍ കിടാവുപോല്‍.

വട്ടം നന്നല്ലിതീവണ്ണമോടിയാല്‍
മുട്ടുമേ ചെന്നക്കുന്നിന്മുകളില്‍ നീ;
ഒട്ടു നില്‍ക്കങ്ങു, വന്നൊന്നു നിന്മേനി
തൊട്ടിടാനും കൊതിയെനിക്കോമനേ.

എന്നു കൈപൊക്കിയോടിനാനുന്മുഖന്‍
കുന്നേറാനൊരു സാഹസി ബാലകന്‍,
ചെന്നു പിന്നില്‍ ഗൃഹപാഠകാലമാ-
യെന്നു ജ്യേഷ്ഠന്‍ തടഞ്ഞു ഞെട്ടുംവരെ.

ജൂലൈ 1914