പുഷ്പവാടി - വണ്ടിന്റെ പാട്ട്

വണ്ടിന്റെ പാട്ട്

(കമലാകാന്തന്റെ എന്ന മട്ട്)

കൊടുമുടിയില്‍ കഴുകന്‍ വസിക്കട്ടെ,
കൊടുതാം സിംഹം ഗുഹയിലും വാഴട്ടെ,
വടിവേലും തങ്കക്കുന്നേ, നിന്‍ പൂത്തൊരീ
നെടിയ കാടാര്‍ന്ന സാനുവില്‍ മേവും ഞാന്‍.

പതിച്ചിടാ നോട്ടം നാറും പിണങ്ങളില്‍,
കുതിച്ചു നിര്‍ദ്ദയം കൊന്നിടാ ജീവിയെ,
പതിവായിക്കാട്ടില്‍ കാലത്തുമന്തിക്കും
പുതിയ പൂ കണ്ടു നിന്‍ പുകള്‍ വാഴ്ത്തും ഞാന്‍.

അഴകേറും പൂവില്‍ നീയലിഞ്ഞേകും തേ-
നഴലെന്യേ നുകര്‍ന്നാനന്ദമാര്‍ന്നുടന്‍,
ഒഴിയാതോലും മണമാര്‍ന്ന തെന്നലിന്‍
വഴിയേ നിന്‍ പുകള്‍ പാടിപ്പറക്കും ഞാന്‍.

മുകളില്‍ സൂര്യനും ചന്ദ്രനും വന്നിരു-
ളകലുമാറു പരത്തും കതിരൂടെ
പകലും രാവും പൊന്നോമനക്കുന്നേ, നിന്‍
സകല ശോഭയും കണ്ടു രസിക്കും ഞാന്‍.

നവംബര്‍ 1915