എഡ്വാര്‍ഡ് ചക്രവര്‍ത്തിയുടെ പ്രിയപ്പെട്ട പ്രാര്‍ത്ഥന
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

കുമാരനാശാന്റെ
കൃതികള്‍

കുമാരനാശാന്‍
കാവ്യങ്ങള്‍

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയില്‍ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവര്‍ത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം

സ്തോത്ര കൃതികള്‍

സ്തോത്ര കൃതികള്‍

മറ്റു രചനകള്‍

മറ്റു രചനകള്‍



വനമാല എന്ന കവിതാസമാഹാരത്തില്‍ നിന്ന്

അന്‍‌പിടെന്നരികത്തിലന്തി ജവമായ്
     വന്നെത്തിടുന്നു വിഭോ!
വമ്പിച്ചോരിരുള്‍ മുത്തിടു,ന്നരികില്‍
     വന്നന്‍‌പോടുമന്‍‌പീടു നീ;
കമ്പം ബാന്ധവര്‍ തേടവേ, സുഖമശേഷം
     കൈവെടിഞ്ഞീടവേ-
യെന്‍‌പോറ്റി! ഗതിയറ്റവര്‍ക്കു ഗതിയേ!-
     യെന്‍‌മുന്‍പിലന്‍പീടു നീ.

ജീവന്‍‌തന്‍ ചെറുതാം ദിനം ഝടിതി
     പാഞ്ഞന്തം ഗമിക്കുന്നിതാ
ഭൂവില്‍ ഭൂതികള്‍ മങ്ങിടുന്നതിലെഴും
     പ്രഖ്യാതി മായുന്നിതേ,
ഭാവങ്ങള്‍ക്കു വികാരവും വിലയവും
     താന്‍ കാണ്മതെല്ലാടവും,
ദേവാധീശ്വര! നിര്‍വ്വികാര! തുണയാ-
     യെന്‍‌മുമ്പിലന്‍‌പീടു നീ!

വന്നീടൊല്ല ഭയങ്കരാകൃതിയെഴും
     രാജാധിരാജത്വമാര്‍-
ന്നെ,ന്നാല്‍ നന്മയുമന്‍‌പുമായ്, കരയുഗത്തില്‍
     ശാന്തി കയ്യേന്തിയും,
എന്നല്ലശ്രുവൊടും വിപത്തി,ലലി-
     വര്‍ത്ഥിച്ചാലെഴും ഹൃത്തൊടും
വന്നാമട്ടയി! ദീനബാന്ധവമണേ!-
     യെന്‍‌മുമ്പിലന്‍പീടു നീ.

പോകും നാഴികതോറുമെന്നരികില്‍ നീ-
     യെത്താന്‍ കൊതിക്കുന്നു ഞാ-
നാകുന്നേതിനു മോഹശക്തിയെയകറ്റാന്‍
     നിന്‍‌കൃപയ്ക്കെന്നിയേ?
ഏകന്‍ നിന്നൊടു തുല്യനാരിവനു
     നേതാ!വാവിഭോ! താങ്ങുമാ-
റാകാം ദുര്‍ദ്ദിനമോയിനിസ്സുദിനമോ-
     യെന്മുമ്പിലന്‍പീടു നീ.

പേടിക്കാ രിപുതന്നെ ഞാനരികി-
     ലാശിസ്സിന്നു നീ വാഴവേ
തേടാ കഷ്ടത ഭാരവും കദന-
     മേകാ തെല്ലു കണ്ണീരുമേ!
കേടേകും യമദംഷ്ട്രയെങ്ങു! മൃതിയെങ്ങോ
     നിന്‍ തദീയം ജയം?
മൂടുന്നെന്‍ മിഴി മുമ്പു നിന്നഭയഹസ്തം
     പോക്കി നില്‍ക്കീശ! നീ.

നിന്നീടെന്‍ തിരുമേനിതാന്‍ മറയുമെന്‍
     കണ്‍‌മുമ്പു കണ്ടീടുമാ-
റെന്നല്ലായിരുളുടെ മിന്നുകയെനി-
     ക്കായ് ദ്യോവൂ കാട്ടീടുക
വന്നു സ്വര്‍ഗ്ഗമതിന്നുഷസ്സ,വനി മായാ-
     ച്ഛായ മായുന്നുതേ-
യൊന്നായ് വാഴുകിലും, മരിക്കിലുമടു-
     ത്തന്‍പീടുകെന്‍ പോറ്റി നീ
                                                  - 1909

വനമാല എന്ന സമാഹാരത്തിലെ മറ്റു കവിതകള്‍