പരിവര്‍ത്തനം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

കുമാരനാശാന്റെ
കൃതികള്‍

കുമാരനാശാന്‍
കാവ്യങ്ങള്‍

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയില്‍ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവര്‍ത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം

സ്തോത്ര കൃതികള്‍

സ്തോത്ര കൃതികള്‍

മറ്റു രചനകള്‍

മറ്റു രചനകള്‍മണിമാല എന്ന കവിതാസമാഹാരത്തില്‍ നിന്ന്

കവിത എഴുതിയത്‌ 1920 ഡിസംബറില്‍


കരഞ്ഞുകൊണ്ടു കൂമനും കുറുക്കനും ഗമിക്കവേ
വിരഞ്ഞു കുക്കുടങ്ങള്‍ മോദകാഹളം വിളിക്കവേ
എരിഞ്ഞുയര്‍ന്നെഴും ദിനേശ കൂസിടാതെയെങ്ങുമേ
തിരിഞ്ഞു നിന്നിടാതെ നിന്‍‌വഴിക്കു പോക പോക നീ.

അറയ്ക്കകത്തെഴുന്നൊരന്ധകാരവും വിഭോ ഭവാന്‍
പറത്തുകിന്നഭസ്സില്‍നിന്നു മൂടല്‍മഞ്ഞുപോലുമേ
വിറച്ചണഞ്ഞു വെയ്ലുകൊണ്ടിടട്ടെ വൃദ്ധഭൂ തണു-
ത്തറച്ചതന്‍ ഞരമ്പിലെങ്ങുമുഷ്ണരക്തമോടുവാന്‍.

പൊഴിഞ്ഞു പത്രമറ്റുയര്‍ന്നു കൊമ്പു പല്ലവങ്ങള്‍ പോ-
യോഴിഞ്ഞിടട്ടെ പൂവണിഞ്ഞിടട്ടെ ശൂന്യശാഖകള്‍
കൊഴിഞ്ഞിടട്ടെ പൂക്കള്‍ മിന്നിടട്ടെ കായ്മരങ്ങള്‍ തേന്‍
വഴിഞ്ഞെഴും ഫലങ്ങളാല്‍ വിനമ്രമാം ശിരസ്സൊടും.

അകന്നു മിന്നുവോരുഡുക്കളന്തികത്തിലായ് ദ്രുതം
പകച്ചു മങ്ങി നിന്നിടട്ടെ ദേവ പാഞ്ഞുപോക, നീ
പുകഞ്ഞെരിഞ്ഞുടന്‍ പൊടിഞ്ഞു താണിടട്ടെ പര്‍വ്വതം
നികന്നിടട്ടെ വാരിരാശി നിന്റെ തേര്‍ത്തടങ്ങളില്‍.

തിമിര്‍ത്തൊരീര്‍ഷ്യയാല്‍ തടഞ്ഞിടട്ടെ വന്‍‌ഗജങ്ങളോ
തിമിംഗലങ്ങളോ ഭവല്‍ പഥത്തെ-അല്പദൃഷ്ടികള്‍.
അമര്‍ത്തലേറ്റു മസ്തകം ഞെരിഞ്ഞവറ്റ ചോരയാല്‍
സമഗ്രമന്തിവര്‍ണ്ണമാക്കിടട്ടെ കുന്നുമാഴിയും.

സമത്വമേകലൿഷ്യമേവരും സ്വതന്ത്രരെന്നുമേ
സമക്ഷമിത്തമസ്സകറ്റിയോതി ലോകമാകവേ
ക്രമപ്പെടുത്തിടും ഭവാന്റെ ഘോരമാം കൃപയ്ക്കു ഞാന്‍
നമസ്ക്കരിപ്പു, ദേവ പോകപോക നിന്‍‌വഴിക്കു നീ.


മണിമാല എന്ന സമാഹാരത്തിലെ മറ്റു കവിതകള്‍