പുഷ്പവാടി - ഈശ്വരന്‍

ഈശ്വരന്‍

ഓമല്‍പ്രഭാതരുചിയെങ്ങുമുയര്‍ന്ന നീല-
വ്യോമസ്ഥലം സ്വയമെരിഞ്ഞെഴുമര്‍ക്കബിംബം
ശ്രീമദ്ധരിത്രിയിവയെപ്പണിചെയ്ക കൈയിന്‍
കേമത്തമോര്‍ത്തിവനു നീര്‍ കവിയുന്നു കണ്ണില്‍.

അന്തിച്ചുവപ്പുമലയാഴിയുമങ്ങിരുട്ടി-
ലുന്തിസ്ഫുരിക്കുമുഡുരാശിയുമിന്ദുതാനും
പന്തിക്കു തീര്‍ത്ത പൊരുളിന്റെ മനോവിലാസം
ചിന്തിച്ചെനിക്കകമലിഞ്ഞുടല്‍ ചീര്‍ത്തിടുന്നു!

ചേണുറ്റു പൂത്ത വനമേന്തിയ കുന്നു ദൂരെ-
ക്കാണുന്നു പീലികുടയും മയിലിന്‍ ഗണം പോല്‍
താണങ്ങു വിണ്ണില്‍ മഴവില്ലു ലസിപ്പു വര്‍ണ്ണം-
പൂണുന്ന പൈങ്കിളികള്‍ ചേര്‍ന്നു പറന്നിടും പോല്‍.

ഉല്ലോലമാമരുവി ദൂരെ മുഴങ്ങിടുന്നു
ഫുല്ലോല്ലസത്സുമഗണം മണമേകിടുന്നു;
കല്ലോലമാര്‍ന്നൊരു കയങ്ങളില്‍നിന്നു പൊങ്ങി
നല്ലൊരു ചാരുകുളുര്‍കാറ്റുമണഞ്ഞിടുന്നു!

ഇക്കാമ്യവസ്തുനിര ചെയ്തതു,മിങ്ങതോരാ-
നുള്‍ക്കാമ്പുമെന്നുടലുമേകിയതും, സ്വയം ഞാന്‍
ധിക്കാര്യമാര്‍ഗ്ഗമണയാതകമേ കടന്നു
ചുക്കാന്‍ തിരിക്കുവതു, മൊക്കെയൊരേ കരംതാന്‍.

ഈ ലോകഭോഗമതിനീശ, ജനിച്ചു ഞാന്‍ നി-
ന്നാലോകഭാഗ്യമണയാതവകാശിയായി;
നൂലോതിയും സപദി മത്പ്രിയതാത, നിന്നെ
മാലോകര്‍ ചൊല്ലിയുമറിഞ്ഞു വണങ്ങിടുന്നേന്‍.

വമ്പിച്ച നിന്‍ മഹിമയും കൃപയും നിനച്ചു
കുമ്പിട്ടിടാത്ത തലയും ശിലയും സമംതാന്‍
എമ്പിച്ചു തീര്‍ക്കയറിവായ് മനമാംവിളക്കിന്‍-
തുമ്പില്‍ ജ്വലിക്കുമഖിലേശ്വര, കൈതൊഴുന്നേന്‍.

മാര്‍ച്ച് 1919