വിഭൂതി
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

വിഭൂതികാരുണ്യം കൊണ്ടു കാണുന്നുലകിടമഖിലം

തീര്‍ത്തു കാത്തും കടാക്ഷ-

പ്രാരംഭം പൂണ്ടു ലോകേശ്വരിയൊരുമപ്പെടും

വാമനാം വാമദേവന്‍

പാരില്‍ ഭൂതേശനെന്നാകിലുമണിയുമുടന്‍

ഭൂതിമാനേതുകൊണ്ടും

ഭൂരിക്ഷേമം വളര്‍ക്കും പ്രഥിതഭസിതമേ!

നിന്‍പദം കുമ്പിടുന്നേന്‍.


നിന്നെക്കൊണ്ടാണു ലോകം നിരവധി വിധമായ്

നീരജാസന്‍ ചമക്കു-

ന്നിന്നും നിയാണു നിന്നാലുടനഖിലജഗത്-

പാലകന്‍ നീലവര്‍ണ്ണന്‍

നിന്നെ പ്രാപിച്ചു നീയായഴിയുമഖിലവും

നിര്‍മ്മലജ്യോതിരീശന്‍

തന്നെച്ചൂഴുന്ന മൂലപ്രഥിതഭസിതമേ!

നിന്‍പദം കുമ്പിടുന്നേന്‍.


അന്‍പില്‍ക്കൈകൂപ്പിയാമ്നായവുമറിവുപെറു-

ന്നാഗമാഭോഗവുന്നി-

ന്നിമ്പപ്രാചുര്യധുര്യപ്രബലഫണിതികൊ-

ണ്ടെത്രയോ ചിത്രഗാനം

തുമ്പില്ലാതോതിയോതി സ്തുതിമുഖരമുഖം

നിന്നു വാഴ്ത്തുന്ന വന്ദ്യ-

ത്തുമ്പപ്പൂവൊത്ത ശുദ്ധത്രിപുരഭസിതമേ!

നെന്നെ ഞാനുന്നിടുന്നേന്‍.


പാപാരണ്യത്തിലെത്തിപ്പരിചിനൊടു പിടി-

ക്കുന്ന ഖണ്ഡാവബോധ-

ത്തീ പായുന്നിന്നെയുന്നി ത്രിഭുവനപടലം

വിട്ടു മേല്‍പോട്ടു പോവാന്‍

സോപാനംപോലെ നെറ്റിത്തടമതിലണിയു-

ന്നിന്റെ പുണ്യത്രിപുണ്ഡ്ര-

ശ്രീപാദത്തിന്നു നിത്യം ശിരസി കരമെടു-

ത്തമ്പൊടും കുമ്പിടുന്നേന്‍.


ഭീമാടോപപ്രപഞ്ചഭ്രമണതില്‍ വല-

യ്ക്കുന്ന കന്ദര്‍പ്പഗാത്രം

ധീമാക്ഷജ്യോതിരാവിശ്ശിഖമുനയിലെരി-

ഞ്ഞനന്തമായ് വെന്തുനീറി

ഭീമജ്യോത്സ്നാസമാനം സുഷമയൊടവശേ-

ഷിച്ചു ഭൂഷിച്ചു നിത്യം

സോമസ്വാമിപ്രസാദപ്പെരുമ തടവിടും

ഭസ്മമന്ത:സ്മരാമി.
"http://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%AD%E0%B5%82%E0%B4%A4%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്