ചണ്ഡാലഭിക്ഷുകി
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

കുമാരനാശാന്റെ
കൃതികള്‍

കുമാരനാശാന്‍
കാവ്യങ്ങള്‍

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയില്‍ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവര്‍ത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം

സ്തോത്ര കൃതികള്‍

സ്തോത്ര കൃതികള്‍

മറ്റു രചനകള്‍

മറ്റു രചനകള്‍ഉള്ളടക്കം

ചണ്ഡാലഭിക്ഷുകി

ഭാഗം ഒന്ന്

പണ്ടുത്തരഹിന്ദുസ്ഥാനത്തില്‍ വന്‍‌പുകഴ്-
കൊണ്ട ശ്രാവസ്തിക്കടുത്തോരൂരില്‍,

രണ്ടായിരത്തഞ്ഞൂറാണ്ടോളമായ്-വെയില്‍
കൊണ്ടെങ്ങും വാകകള്‍ പൂക്കുന്നാളില്‍

ഉച്ചയ്ക്കൊരുദിനം വന്മരുവൊത്തൊരു
വിച്ഛായമായ വെളിസ്ഥലത്തില്‍

കത്തുന്നൊരാതപജ്വാലയാലര്‍ക്കനെ
സ്പര്‍ദ്ധിക്കും മട്ടില്‍ ജ്വലിച്ചു ഭൂമി

അദ്ദിക്കിലൂടെ കിഴക്കുനിന്നേറെ നീ-
ണ്ടെത്തുമൊരുവഴി ശൂന്യമായി

സ്വച്ഛതരമായ കാനല്‍‌പ്രവാഹത്തിന്‍
നീര്‍ച്ചാലുപോലെ തെളിഞ്ഞു മിന്നി

ദൂരെപ്പടിഞ്ഞാറു ചാഞ്ഞ വിണ്‍‌ഭിത്തിയില്‍
നേരെയതു ചെന്നു മുട്ടും ദിക്കില്‍

ഉച്ചമായങ്ങൊരു വന്മരം കാണുന്നു
നിശ്ചലമായ കാര്‍കൊണ്ടല്പോലെ

നീലക്കല്ലൊത്തു മിനുത്തോരിലകള്‍ തന്‍
മേലെ തൂവൈരത്തിന്‍ കാന്തി വീശും

ചണ്ഡാംശുരശ്മികളാലൊരു വാര്‍വെള്ളി-
മണ്ഡലം ചൂടുന്നുണ്ടമ്മുകില്‍മേല്‍

പച്ചിലച്ചില്ലയില്‍ ചെപ്പടിപ്പന്തുപോല്‍
മെച്ചമായ് പറ്റും ഫലം നിറഞ്ഞും

ഭൂരിശാഖാഗ്രഹത്താല്‍ വിണ്ണും വേടിന്‍ ചാര്‍ത്താല്‍
പാരും വ്യാപിച്ചു പടര്‍ന്നു നില്‍ക്കും

പേരാല്‍ മരമാണതായതിന്‍ പത്രത്തിന്‍
ചാരുതണലാര്‍ന്ന കൊമ്പുതോറും

ഘോരതപം ഭയപ്പെട്ടേറെപ്പക്ഷികള്‍
സ്വൈരം ശരണമണഞ്ഞിരിപ്പൂ

ചൂടാര്‍ന്നു തൊണ്ട വരണ്ടിട്ടിവയൊന്നും
പാടാനൊരുങ്ങുന്നില്ലെന്നല്ലഹോ;

വാടിവലഞ്ഞു ഞരമ്പുതളര്‍ന്നിര-
തേടാനുമോര്‍ക്കുന്നില്ലിക്കഖഗങ്ങള്‍

വട്ടം ചുഴന്നു പറന്നു പരുന്തൊന്നു
ചുട്ടുപോം തൂവലെന്നാര്‍ത്തിയോടും

ചെറ്റിട വേകും നടുവിണ്ണു വിട്ടിതാ
പറ്റുന്നുണ്ടാലിതിന്‍ തായ്കൊമ്പില്ന്മേല്‍

വേട്ടയതും തുടങ്ങുന്നില്ലതിനെയും
കൂട്ടാക്കുന്നില്ല കുരുവിപോലും

ഹന്ത! തടിതളര്‍ന്നാര്‍ത്തി കലരുന്ന
ജന്തു നിസര്‍ഗ്ഗവികാരമേലാ!

വ്യാസമിയന്നോരീയൊറ്റ മരക്കാട്ടിന്‍
വാസാര്‍ഹമായ മുരട്ടില്‍ ചുറ്റും

ഭാസിക്കുന്നുണ്ടു, തൊലിതേഞ്ഞ വന്‍‌വേരാ-
മാസനം പാന്ഥോചിതമായേറെ,

ഓരോരിടത്തില്‍ പൊതിയഴിച്ചുള്ള പാഴ്-
നാരുമിലകളുമങ്ങിങ്ങായി

പാറിക്കിടപ്പുണ്ടു, കാലടിപ്പാതക-
ളോരോന്നും വന്നണയുന്ന ദിക്കില്‍

മുട്ടും വഴികള്‍തന്‍ വക്കിലങ്ങുണ്ടൊരു
കട്ടിക്കരിങ്കല്‍ ചുമടുതാങ്ങി;

ഒട്ടടുത്തായ് കാണുന്നുണ്ടൊരു വായ്ക്കല്ലു
പൊട്ടിവീണുള്ള പഴംകിണറും

നേരെ കിഴക്കേപ്പെരുവഴിവിട്ടുള്ളോ-
രൂരുപാതയുടെയിങ്ങുതന്നെ

ആരോ നടന്നു കുഴഞ്ഞു വരുന്നുണ്ടു;
ചാരത്താ, യാളൊരു ഭിക്ഷുവത്രേ

മഞ്ഞപിഴിഞ്ഞു ഞൊറിഞ്ഞുടുത്തുള്ളൊരു
മഞ്ജു പൂവാടയാല്‍ മേനിമൂടി

മുണ്ഡനം ചെയ്തു ശിരസ്സും മുഖചന്ദ്ര-
മണ്ഡലം താനു മസൃണമാക്കി

ദീര്‍ഘവൃത്താകൃതിയാം മരയോടൊന്നു
ദീര്‍ഘമാം വാമഹസ്തത്തിലേന്തി

ദക്ഷിണഹസ്തത്തിലേലും വിശറിപ്പൊന്‍-
പക്ഷമിളക്കിയൊട്ടൊട്ടു ദേവതപോല്‍

ഓടും വിശറിയും വൃക്ഷമൂലത്തില്‍‌വ-
ച്ചാടല്‍കലര്‍ന്നൊരു ഫുല്‍ക്കരിച്ചു

ആടത്തുമ്പാലെ വിയര്‍പ്പു തുടച്ചു ക-
ണ്ണോടിച്ചു യോഗി കിണറ്റിന്‍ നേരേ

അപ്പൊഴുതങ്ങൊരു പെണ്‍കൊടിയാല്‍ ചെറു-
ചെപ്പുക്കുടമൊന്നരയ്ക്കു മേലില്‍

അഞ്ചിതമായ് വളമിന്നുമിടം കര
പിഞ്ചുലതകൊണ്ടു ചുട്ടിച്ചേര്‍ത്തും,

വീശും വലംകരവല്ലിയില്‍ പാളയും
പാശവും ലീലയായ് തൂക്കിക്കൊണ്ടും

ചെറ്റു കുനിഞ്ഞു വലം ചാഞ്ഞ പൂമേനി
ചുറ്റിമറച്ചു ചെങ്കാന്തി തേടും

പൂഞ്ചേല തന്‍ തല പാര്‍ശ്വത്തില്‍ പാറിച്ചും,
ചാഞ്ചാടിവയ്ക്കുമടിത്തളിരില്‍

ലോലപ്പൊമ്പാദസരത്തിലെക്കിങ്കിണീ
ജാലം കിലുങ്ങി മുഴങ്ങുമാറും

മന്ദമടുത്തുള്ളോരൂരില്‍ നിന്നോമലാള്‍
വന്നണയുന്നു വഴിക്കിണറില്‍

കാക്കയും വന്നൂ പനമ്പഴവും വീണെ
ന്നാക്കമാര്‍ന്നൂ ഭിക്ഷു ശുഷ്ക്കകണ്ഠന്‍;

സത്തര്‍ക്കഴലിലഥവാ തുണയ്ക്കുവാ-
നെത്തും നിയതിയോരോ വടിവില്‍!

ഭാഗം രണ്ട്

തൂമതേടും തന്‍‌പാള കിണറ്റിലി-
ട്ടോമല്‍ ക്കൈയാല്‍ കയറു വലിച്ചുടന്‍

കോമളാംഗി നീര്‍ കോരി നിനീടിനാള്‍
ശ്രീമാനബ്ഭിക്ഷുവങ്ങു ചെന്നര്‍ത്ഥിച്ചാന്‍;

“ദാഹിക്കുന്നു ഭഗിനീ, കൃപാരസ-
മോഹനം കുളിര്‍ തണ്ണീരിതാശു നീ

ഓമലേ, തരു തെല്ലെ”ന്നതു കേട്ടൊ-
രാ മനോഹരിയമ്പരന്നോതിനാള്‍:-

“അല്ലല്ലെന്തു കഥയിതു കഷ്ടമേ!
അല്ലലാലങ്ങു ജാതി മറന്നിതോ?

നീചനാരിതന്‍ കൈയാല്‍ ജലം വാങ്ങി
യാചമിക്കുമോ ചൊല്ലെഴുമാര്യന്മാര്‍?

കോപമേലരുതേ; ജലം തന്നാ‍ലും
പാപമുണ്ടാ മിവളൊരു ചണ്ഡാലി;

ഗ്രാമത്തില്‍ പുറത്തിങ്ങു വസിക്കുന്ന
‘ചാമര്‍’ നായകന്‍ തന്റെ കിടാത്തി ഞാന്‍

ഓതിനാന്‍ ഭിക്ഷുവേറ്റ വിലക്ഷനായ്
“ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരി,

ചോദിക്കുന്നു നീര്‍ നാവുവരണ്ടഹോ!
ഭീതിവേണ്ടാ; തരികതെനിക്കു നീ”

എന്നുടനെ കരപുടം നീട്ടിനാന്‍
ചെന്നളിനമനോഹരം സുന്ദരന്‍

പിന്നെത്തര്‍ക്കം പറഞ്ഞില്ലയോമലാള്‍;
തന്വിയാണവള്‍ കല്ലല്ലിരുമ്പല്ല!

കറ്റക്കാര്‍ക്കൂന്തല്‍ മൂടിത്തലവഴി
മുറ്റുമാസ്യം മറഞ്ഞുകിടക്കുന്ന

ചാരുസാരിയൊതുക്കിച്ചെറുചിരി
ചേരും ചോരിവാ ചെറ്റു വിടര്‍ത്തവള്‍

പാരം വിസ്മയമാര്‍ന്നു വിസ്ഫാരിത
താരയായ് ത്തെല്ലു നിന്നു മയ്ക്കണ്ണിയാള്‍

ചോരച്ചെന്തളിരഞ്ചുമരുണാ ശു
പൂരത്താല്‍ ത്തെല്ലു മേനി മൂറ്റിപ്പുലര്‍ച്ചയില്‍

വണ്ടിണ ചെന്നു മുട്ടി വിടര്‍ന്ന ചെ-
ന്തണ്ടലരല്ലി കാട്ടി നില്‍ക്കും പോലെ

പിന്നെക്കൈത്താര്‍ വിറയ്ക്കയാല്‍ പാളയില്‍
ചിന്നിനിന്നു തുളുമ്പി മനോജ്ഞമായ്

മദ്ധ്യം പൊട്ടി നുറുങ്ങി വിലസുന്ന
ശുദ്ധകണ്ണാടി കാന്തി ചിതറും നീര്‍

ആര്‍ത്തിയാല്‍ ഭിക്ഷു നീട്ടിയ കൈപ്പൂവില്‍
വാര്‍ത്തുനിന്നിതേ മെല്ലെക്കുനിഞ്ഞവള്‍

പുണ്യശാലിനി, നീ പകര്‍നീടുമീ
തണ്ണീര്‍തന്നുടെയോരോരോ തുള്ളിയും

അന്തമറ്റ സുകൃതഹാരങ്ങള്‍ നി-
ന്നന്തരാത്മാവിലര്‍പ്പിക്കുന്നുണ്ടാവാം;

ശിക്ഷിതാത്മനിര്‍വ്വാണരീലഗ്ര്യ നീ;
ഭിക്ഷുവാരെന്നറിവീല ബാലേ നീ;

രക്ഷാദക്ഷമാം തല്‍ പ്രസാദം, നിന്നെ
പ്പക്ഷേ വേറാളായ് മാറ്റുന്നുമുണ്ടാവാം

അഞ്ജലിരുന്നിലര്‍പ്പിച്ച തന്മുഖ-
കുഞ്ജം ഭിക്ഷു കുനിഞ്ഞുനിന്നാര്‍ത്തിയാല്‍,

വെള്ളിക്കമ്പികണക്കെ തെളിഞ്ഞതി-
നുള്ളില്‍വീഴും കുളിര്‍വാരിതന്‍ പൂരം

പാവനം നുകരുന്നു തന്‍ ശുദ്ധമാം
ഭാവി വിഞ്ജാനധാരയെന്നോര്‍ത്തപോല്‍;

ആ മഹാര്‍നാര്‍ന്ന സംതൃപ്തി കണ്ടഹോ!
കോള്‍മയിര്‍ക്കൊണ്ടു നില്‍ക്കുന്നു പെണ്‍കൊടി

ആമയംതീര്‍ന്നു; പോരും നീരെന്നവന്‍
വാമഹസ്തമുയര്‍ത്തി വിലക്കുന്നു

സാദം തീര്‍ന്നു സിരകളുണര്‍ന്നുടന്‍
മോദമാനമുഖാംബുജശ്രീയൊടും

ഭിക്ഷുവര്യന്‍ നിവര്‍ന്നു കടചോന്നു
പക്ഷ്മളങ്ങളാം നീണ്ടമിഴികളാല്‍

നന്ദിയോലവേ, തന്നുപകര്‍ത്തിയാം
സുന്ദരാംഗിയെ നോക്കിയരുള്‍ചെയ്തു;

“നിര്‍വ്വാണനിധി കണ്ട മഹാസിദ്ധന്‍
സര്‍വ്വലോകൈകവന്ദ്യന്‍ ദയാകുലന്‍

ഗുര്‍വ്വധീശനനുഗ്രഹിക്കും നിന്നെ
പ്പര്‍വ്വചന്ദ്രവദനേ, ഞാന്‍ പോകുന്നു”

എന്നുവീണ്ടുമായാല്‍ക്കടലാക്കാക്കി
യുന്നതന്‍ ശാന്തഗംഭീരദര്‍ശനന്‍

ചെന്നവിടെയച്ഛായാതലത്തില്‍
ചൊന്ന ദിക്കിലിരിപായി സൌഗതന്‍

മന്ദം കാട്ടറവെത്തിദ്ദാഹം, തീര്‍ത്തു
കന്ദരം പൂകും കേസരിപോലവന്‍

പിന്നെച്ചെമ്മേയങ്ങാസനം ബന്ധിച്ചു
ധന്യന്‍ ധ്യാനമിയന്നു വിളങ്ങിനാന്‍

ഫല്‍ഗുതീര്‍ത്തരയാല്‍ത്തണലില്‍ തന്‍
സദ്ഗുരുവായ മാരജിത്തെന്നപോല്‍

തന്‍‌കുടവും നിറച്ചു തുടച്ചതു
മങ്കമാര്‍മണി മാറ്റിവച്ചങ്ങവള്‍,

നീളമേലും കയറുചുരുട്ടിയ
പ്പാളയില്‍ ചേര്‍ത്തു സജ്ജമാക്കീടിനാള്‍

പോകുവാനോങ്ങിയെങ്കിലും പെണ്‍കിടാ-
വാഞ്ഞങ്ങൊട്ടലസയായ് ചുറ്റിനാള്‍

അന്തികത്തിങ്കല്‍ പൂത്തുമനോജ്ഞമായ്
അന്തിവാനിന്നകന്നോരു കോണുപോല്‍

ചന്തമാര്‍ന്നങ്ങു നില്‍ക്കും ചെറുവാക-
തന്‍ ത്തനലിലണഞ്ഞാള്‍ മനോഹരി

ചാരത്തെത്തിയോരോമനപ്പൂങ്കുല
പാരാതാഞ്ഞൊടിച്ചായതു നോക്കിയും

ചാരുനേത്ര മരത്തിലിടത്തുതോള്‍
ചാരിച്ചാഞ്ഞു ചരിഞ്ഞമിഴികളാല്‍

ദൂരെ മേവുന്ന ഭിക്ഷുവിനായ് കരും-
താരണിമാല മോഘമായ നിര്‍മ്മിച്ചു,

പാരിലൊറ്റകാലൂന്നി നിലകൊണ്ടാള്‍
മാരദൂതിപോല്‍ തെല്ലിട സുന്ദരി

ഭാഗം മൂന്ന്

വെയില്‍മങ്ങി, ചൂടുമൊട്ടൊട്ടൊതുങ്ങി
സ്വയമെഴുന്നേറ്റുടന്‍ ഭിക്ഷു പോയി

വിലയേറുമെന്തോ കളഞ്ഞുകേഴും
നിലയാര്‍ന്നബ്ബാലയും വീടുപൂകി

അവള്‍ പിന്നെയത്യന്തഖിന്നയായി
അവശയായ് പ്രത്യക്ഷഹേതുവെന്യേ

അഴുതവള്‍ കോണിലൊതുങ്ങിയെങ്ങും
പൊഴുതുപോകാതായി ബുദ്ധിമുട്ടി

ചിറകറ്റ മിന്നാമിനുങ്ങുപോലെ
യറുപകല്‍ നീങ്ങിയിഴഞ്ഞിഴഞ്ഞു

പൊറുതിയുണ്ടായില്ല രാവിലമ-
ച്ചെറുമിയന്നുണ്ടില്ലുറങ്ങിയില്ല

അഴകേറും ഭിക്ഷുവുമപ്പേരാലും
വഴിയും കിണറും പരിസരവും

ഒഴിയാതവളഹോ മുമ്പില്‍ കണ്ടു
മിഴിയടച്ചെന്നാലുമല്ലെന്നാലും

തനിയെ തുടര്‍ന്നെഴും ചിന്ത നിര്‍ത്താന്‍
തനുഗാത്രിയാളായില്ലെന്നല്ലഹോ,

നിനവും കിനാവുമഭിന്നമായി
മനതാര്‍ കുഴങ്ങി വലഞ്ഞു ബാല

നെടുരാത്രി നീങ്ങാഞ്ഞു നിര്‍വ്വേദത്താല്‍
പിടയും തന്‍ ശയ്യയില്‍ പേലവാംഗി

ഝടിതിയെഴുന്നേറ്റവളിരിക്കും
ഉടനേ പോയ് വാതില്‍ തുറന്നുനോക്കും

ഇരവിനെ നിന്നു ശപിക്കും തന്വി
തിരിയെക്കിടക്കയില്‍ പോയി വീഴും

വിരഞ്ഞിതവള്‍ ഭൂതപീഡയാലോ
ജ്വരസംഭ്രമത്താലോയെന്നവണ്ണം

അറയില്‍ത്താനേകയായിപ്രകാരം
പറവാനാകാത്തൊരീയാമയത്താല്‍

ശബളിതഭാവയിവളകമേ
വിപുലമാം പുണ്യവികാസത്താലേ

ശബരാലയത്തിന്നിരുട്ടറയില്‍
സപദിയൊതുങ്ങാതുഴല്‍കയാവാം

കുറുനരിയും പിന്നെ യകൂമന്‍‌താനു-
മറിയിക്കും യാമങ്ങളെണ്ണിയെണ്ണി

പറയവനിത പൂങ്കോഴികൂവും
തിറമെഴും കാഹളം കേള്‍ക്കയായി

ശയനം വെടിഞ്ഞു നനഞ്ഞു വീര്‍ത്ത
നയനാംബുജങ്ങള്‍ തുടച്ചു തന്വി;

ഉടനെ മുറിതുറന്നുമ്മറത്തൊ-
രടിവെച്ചൊട്ടാഞ്ഞു വെളിക്കു നോക്കി

പടിമേലവള്‍ തെല്ലിരുന്നു പിന്നെ
നെടുവീര്‍പ്പിട്ടൊട്ടു മുറ്റത്തിറങ്ങി,

ഉടയോരുണര്‍ന്നു കാണുമ്മുമ്പെങ്ങോ
വിടകൊള്ളാനോങ്ങുന്ന പോലെ തന്നെ

പരിചിലവള്‍ നട വിട്ടു പോന്ന-
പ്പുരയുടെ പിന്നിലൊതുങ്ങിനിന്നു

പുറവേലിതന്‍ പടര്‍പ്പിന്മേലപ്പോള്‍
ചെറുവണ്ണാത്തിപ്പുള്ളുണര്‍ന്നുപാടി,

തളിര്‍ വിടര്‍ന്നുള്ള മരംതലോടി
ക്കുളിര്‍വായുവൂതി കിഴക്കുനിന്നും;

പ്രവിരളതാരയാം പൂര്‍വ്വദിക്കിന്‍
കവിളും വിളറിത്തുടങ്ങിമെല്ലെ

നടകൊണ്ടുടനെയവിടെനിന്ന-
ങ്ങിടവഴിയെത്തുന്നു കാതരാക്ഷി,

ഇടരാര്‍ന്നു വീണ്ടും തിരിഞ്ഞുനിന്നു
ഝടിതി വീക്ഷിക്കുന്നു സ്നേഹശീല

ഒടുവില്‍ ജനിച്ചഹോ താന്‍ വളര്‍ന്ന
കുടിലോടു യാത്ര ചോദിക്കുമ്പോലെ

ഉഴറിത്തിരിഞ്ഞുടനോമലാളാ-
വഴിയേവരുന്നു കിണറ്റരികില്‍

സ്ഫുടമിവള്‍ നീരിനല്ലിപ്പോള്‍ പോന്നു;
കുടമില്ല, സന്നാഹമൊന്നുമില്ല

അതുമല്ലവളങ്ങു ചുറ്റും തെണ്ടി
വിധുരയായ് ഭിക്ഷുവിന്‍ പാദമുദ്ര

ക്ഷിതിയില്‍ കണ്ടാശു സൂക്ഷിച്ചുനോക്കി
നിധിചോരപോലെ കുനിഞ്ഞിരുന്നു

യതിവര്യന്‍ തണ്ണീരിനായ്ത്തലേന്നാ-
ളെതിരേ നീട്ടിക്കണ്ട കൈത്താര്‍ തന്റെ

മൃദുപാടലാഭതന്നോര്‍മ്മ നല്‍കും
പ്രതിനവാര്‍ക്കാംശുക്കള്‍ തട്ടിച്ചോന്നു

പുതുരക്തമോടി വിളങ്ങും സാക്ഷാല്‍
പദമലര്‍ താനതെന്നാര്‍ത്തിയാലെ

പുളകിതഗണ്ഡയായ് താണു ഭൂവി-
ലളകാഞ്ചലം വീണടിയുമാറും

അധരം തുടുത്തു തുളുമ്പുമാറും
അതിനെയിതാ തന്വി ചുംബിക്കുന്നു

വിരവിലെഴുന്നേറ്റുടന്‍ നടന്ന-
പ്പെരുവഴിയെത്തുന്നു പേശലാംഗി;

പദമുദ്ര വേര്‍തിരിയാതെയങ്ങു
പതറുന്നു പെണ്‍കൊടി ദൂരെയെത്തി?

യതിപുംഗവന്റെ വഴിതുടര്‍ന്നീ-
മതിമുഖി പോകയാം തര്‍ക്കമില്ല

അഴലാര്‍ന്നിവളഹോ സ്വാമി തന്റെ
വഴിയോരും ശ്വാവിന്റെ നാസയ്ക്കേലും

അനഘമാം ശക്തിയില്ലാഞ്ഞിദാനീ-
തനതിന്ദ്രിയത്തെശ്ശപിക്കുന്നുണ്ടാം

അഴകില്‍ പൂര്‍വ്വാഹ്നശ്രീ തങ്കച്ചാറാല്‍
മെഴുകുന്നോരപ്പാതയുടെ പിന്നെ

വഴിപോക്കര്‍ ചൊല്ലിയറിഞ്ഞു വേഗം
പിഴയാതെ ശ്രാവസ്തി പട്ടണത്തില്‍

പരിശുദ്ധ ജേതൃവനവിഹാര-
പരിസര രഥ്യയിലെത്തി ബാല

ഇടയിടെപ്പൂമരവൃന്ദമില്ലി-
പ്പടരിവതിങ്ങും വന്‍‌വേലി ചൂഴ്ന്നു

കരിവാര്‍ശിലയാല്‍ തീര്‍ത്തുള്ള രണ്ടു
കരിവരര്‍ കാക്കും പൂങ്കാവിന്‍ ദ്വാരം

അരികിലവള്‍ കണ്ടിതുള്ളിലോരോ
വരമന്ദിരാരാമവൃന്ദത്തോടും

ഇരുപുറവുമത്തി, തേന്മാവു, ഞാവല്‍
അരയാല്‍ മുതലാ തരുനിരകള്‍

സുരുചിരച്ഛായം വളര്‍ന്നു ശാന്ത-
പരിമോഹനമാം നടക്കാവൂടെ

അവളുള്ളില്‍പ്പോയന്തര്‍മന്ദിരത്തില്‍
നിവസിക്കും ഭിക്ഷുക്കള്‍തന്നെക്കണ്ടാള്‍

വിവരങ്ങള്‍ ചോദിച്ചാളങ്ങങ്ങെത്തി
യവഗതസങ്കോചം ഗ്രാമകന്യ

വിദിത സമസ്നേഹരാജ്യലൿഷ്മി
സദനമതാര്‍ക്കും തറവാടല്ലോ

അകലെനിന്നെത്തുമിവളങ്ങുള്ളോ-
രകളങ്കര്‍ക്കമ്പേലും പെങ്ങളല്ലോ?

മുകില്‍‌വേണിക്കസ്ഥലമാഹാത്മ്യം താന്‍
പകുതിമോഹം തീര്‍ത്തിരിക്കുമിപ്പോള്‍

പരിസരശക്തിഗുണത്താല്‍ മര്‍ത്ത്യര്‍
പരിശുദ്ധരാകും പാപിഷ്ഠര്‍പോലും

ജഗദേക ധര്‍മ്മപിതാവു സാക്ഷാല്‍
ഭഗവാന്‍ തഥാഗതന്‍ സാന്നിദ്ധ്യത്താല്‍

അരിയ വിഹാരമതന്നുപാരം
പരിപാവനമാക്കിച്ചെയ്തിരുന്നു

ഗുരുദേവരെക്കാണ്മാന്‍ പൂര്‍വ്വാരാ‍മ-
വരവിഹാരത്തില്‍ നിന്നിങ്ങുപോരും

സുവിദിതന്‍ “ആനന്ദ”ഭിക്ഷുവത്രേ
അവള്‍ തണ്ണീര്‍ നല്‍കിയ യാത്രക്കാരന്‍

വിവരമറിഞ്ഞവള്‍ തന്നെദ്ദേവന്‍
സവിധത്തിലമ്പിയന്നാനയിച്ചാന്‍

അവളജ്ഞ ചണ്ഡാലബാലയെങ്ങാ-
ബ്ഭുവനഗുരുപാദരെങ്ങു? പാര്‍ത്താല്‍

ഗുരുലഘുഭേദമതിഥികളില്‍
പരമോദാരന്മാര്‍ കാണ്മീല നൂനം

മണി മണ്ഡപത്തിന്റെ പൂമുഖത്തിന്‍
ക്ഷണമെഴുന്നള്ളി നിന്നീടും രൂപം

പരമവള്‍ കണ്ടിതു ഭിക്ഷുവേഷം
പുരുഷസൌന്ദര്യത്തിന്‍ പൂര്‍ണ്ണാഭോഗം

സുഭഗനാനന്ദന്‍ മിന്നാമിനുങ്ങായ്
പ്രഭമങ്ങുമത്ഭുത തേജ:പുഞ്ജം

പതറീ ഹൃദയം വിറച്ചു പൂമെ-
യ്യെതിരേ മഹാത്മാവെക്കണ്ടു ഞെട്ടി

അവിദിതാചാരമാതംഗകന്യ
അവശയായ് സംഭ്രമമാര്‍ന്നുനിന്നു

പുതുദീപം മുമ്പില്‍ പതംഗിപോലെ
കതിരവന്‍ മുമ്പില്‍ ധരിത്രിപോലെ

നിഗമരത്നത്തിന്റെ മുന്‍പില്‍ യുക്തി-
വികലമാം പാമരവാണിപോലെ

അചലമാം ബോധം മുമ്പപ്രഗത്ഭ-
വിചികിത്സപോലെയും, വിഹ്വലാംഗി

അതുകണ്ടകമലിഞ്ഞോരു ദേവ-
നതിവിശ്വാസം ബാലയ്ക്കേകുംവണ്ണം

സദയം തന്‍ തൃക്കണ്ണവളില്‍ ചാഞ്ഞു
മൃട്ടുലസ്ഫീതാര്‍ദ്രയായ് മംഗളമാം

അധരമലര്‍വഴി വാക്ക്‌സുധകള്‍
മധുരഗംഭീരമായൂര്‍ന്നൊഴുകി-

“മകളെ, നീ പോന്നതു ഭംഗിയായി
സകലമറിഞ്ഞു നാം കാര്യം ഭദ്രേ!

അനഘനാനന്ദനു തണ്ണീര്‍നല്‍കി
ക്കനിവാര്‍ന്നു വത്സേ! നീ ദാഹം തീര്‍ത്തു;

ജനിമരണാര്‍ത്തിദമാകും തൃഷ്ണ-
യിനി നിനക്കുണ്ടാകാതാകയാവൂ”

അവളുടെ ഭാവമറിഞ്ഞു പിന്നെ
സ്സുവിമല ധര്‍മ്മോപദേശം ചെയ്തു

അവളെത്തന്‍ ഭിക്ഷുകീ മന്ദിരത്തില്‍
നിവസിച്ചുകൊള്‍വാനുമാജ്ഞാപിച്ചു;
തിരിയേയകത്തെഴുന്നള്ളിനാന-
ന്നിരുപാധികകൃപാവാരിരാശി

അരിയ നീര്‍ത്താര്‍മൊട്ടേ, നിന്‍ തലയില്‍
സ്ഫുരിതമാം തൂമഞ്ഞിന്‍‌തുള്ളി തന്നില്‍

അരുണന്‍ നിര്‍മ്മിച്ചൊരപ്പത്മരാഗം
പൊരുളാകില്ലീയര്‍ക്കദീപ്തിതന്നില്‍

അതുമല്ല മൂത്തേലും ബിന്ദു മാഞ്ഞു
സുധയൂറും നിന്‍‌കരള്‍ക്കാമ്പില്‍ മെല്ലെ;

ദിവസം പുലര്‍ന്നു വിടര്‍ന്നിനി നീ-
യവികുലശോഭ വഹിക്കും പൂവേ

ഭാഗം നാല്

“ഭിക്ഷുണീ” മന്ദിരം തന്നില്‍ ബുദ്ധ-
ശിക്ഷിത വാണു മാതംഗി

ഭൂഷണമൊക്കെ വെടിഞ്ഞു, ബാല
തോഷിച്ചു കൂന്തലരിഞ്ഞു

ശേഷം “ശ്രമണി”മാരേലും ശുദ്ധ
വേഷം ശരിയായണിഞ്ഞു

അഷ്ടാംഗമാം ധര്‍മ്മമാര്‍ഗ്ഗം-ബാല
കഷ്ടതയെന്നി ധരിച്ചു

പാവനമൈത്രിമുതലാം-ചിത്ത
ഭാവന മൂന്നുംശീലിച്ചു

ആനന്ദനിര്‍വ്വാണം ചെയ്യൊ കാമ-
ധേനുവാം ധ്യാനം ഗ്രഹിച്ചു

നിര്‍മ്മല ശീലമാരാകും-അന്യ
ധര്‍മ്മഭഗിനിമാരൊപ്പം

സമ്മോദം സ്നാനാശനാദി കളില്‍
ചെമ്മേയിണങ്ങി രമിച്ചു

കൃത്യങ്ങള്‍ കാലം തെറ്റാതെ, അവള്‍
പ്രത്യഹം ചെയ്യു മാഴ്കാതെ

നേരത്തെയേറ്റു നിയമം-കഴി
ഞ്ഞാരാമ പീകും കൃശാംഗി

സ്നിഗ്ദ്ധശിലകള്‍പടുത്തു പരി
മുഗ്ദ്ധമാം കല്പടയാര്‍ന്നു

താമരപൂത്തു മണംവീ-ശുന്ന-
ല്ലോമല്‍ നീരേലും കുളത്തില്‍

കൈയ്യില്‍ ചെറുകുടം താങ്ങി-മറ്റു
തയ്യല്‍മാരോടൊത്തിറങ്ങി

കോരും ജലമവള്‍, പോയി ച്ചെന്നു
ചാരുമഹിളാലയത്തിന്‍

മുറ്റത്തെഴുന്ന പൂവല്ലി-നിര
മുറ്റും രസത്തില്‍ നനയ്ക്കും

പാവനശീലയാള്‍ പിന്നെ-ദ്ദന്ത-
ധാവന ചെയ്തു നീരാടും

ചായം പിഴിഞ്ഞ വസനം-തല്ലി
ക്കായാനിട്ടന്യമണിയും

വായ്ക്കും കൂതുഹലമാര്‍ന്നു-നല്ല
പൂക്കളിറുത്തവള്‍ ചെന്നു

ശ്ലാഘ്യരാം ധര്‍മ്മമാതാക്കള്‍-തന്റെ
കാല്‍ക്കല്‍ വച്ചമ്പില്‍ വണങ്ങും

ശ്രദ്ധയാര്‍ന്നങ്ങിരുന്നോരോ-ധര്‍മ്മ
തത്വങ്ങള്‍ ബാല ശ്രവിക്കും

മദ്ധ്യാഹ്നമായാല്‍ വിളമ്പീ-ടുംനല്‍
ശുദ്ധമാം ‘ഭിക്ഷ’ യശിക്കും

ഇങ്ങനെ കാലം‌നയിച്ചു-സ്നേഹം
തിങ്ങുമാ ധര്‍മ്മാലയത്തില്‍

ഏകാന്തസൌഖ്യമായ് ബാല-സ്നേഹം
ലോകാന്തരമാര്‍ന്നപോലെ

അമ്മമന്ദിരത്തില്‍ വസിക്കും-പല
മേന്മയെഴും രാജ്ഞിമാര്‍ക്കും

ബ്രാഹ്മണ ‘ഭിക്ഷുണി’മാര്‍ക്കു-വൈശ്യ
മാന്മിഴിമാര്‍ക്കുമല്ലാര്‍ക്കും

കൂറും ബഹുമതിതാനും-ദിനം
തോറുമിവളില്‍ വളര്‍ന്നു

ഏറു ഗുണം കണ്ടവള്‍മേല്‍-പ്രീതി
യേറി ഭഗവാനും മേന്മേല്‍

ഹാ! കാമ്യമാമീ നഭസില്‍-ഒരു
കാര്‍കൊണ്ടല്‍ വന്നുകേറുന്നു;

ലോകമേ, നിന്‍‌ജഠരത്തില്‍-ഇല്ല
ഏകാന്തതയൊരിടത്തില്‍

അന്തികത്തന്നഗരത്തില്‍-ഈ ന-
ല്ലന്തരത്തില്‍ തരം‌നോക്കി

അന്തരണരില്‍ ചില്പേരേ-ഈര്‍ഷ്യ
ഹന്ത! തന്‍ കോമരമാക്കി

“നിര്‍ണ്ണയം കാലം മറിഞ്ഞു-വര
വര്‍ണ്ണിനീ ധര്‍മ്മമഠത്തില്‍

മുണ്ഡനം ചെയ്കയാലിന്നു-ശുദ്ധ
ചണ്ഡാലി കേറി സമത്തില്‍

താണ ചെറുമിയൊന്നിച്ചായ്-അവര്‍
ക്കൂണുമിരിപ്പും കിടപ്പും;

കാണി കൂസാതായി വെപ്പും ശാസ്ത്ര
വാണിയും നാട്ടില്‍ നടപ്പും;

പാരില്‍ യജ്ഞങ്ങളില്ലാതായ്-ദേവ-
ര്‍ക്കാരാധനകളില്ലാതായ്;

ആരും പഠിക്കാതെയായി-വേദം
പോരെങ്കില്‍ ജാതിയും പോയി.”

ഇങ്ങനെയൊക്കെയുരച്ചും-അതില്‍
തങ്ങും വിപത്തു വര്‍ണ്ണിച്ചും

അഗ്രഹാരം തോറുമെത്തി-അവര്‍
വ്യഗ്രരായ് വാര്‍ത്ത പരത്തി

ക്ഷത്രിയഗേഹത്തില്‍ ചെന്നു കാര്യ-
മത്രയും കേള്‍പ്പിച്ചുനിന്നു

ചെട്ടിമാരെച്ചെന്നിളക്കി-വാര്‍ത്ത
പട്ടണമെങ്ങും മുഴക്കി

എന്തിനു വിസ്തരിക്കുന്നു-ജന-
മെന്തെന്നില്ലാതെയുഴന്നു

പെട്ടെന്നമാത്യരറിഞ്ഞു-കഥ
കൊട്ടാരമെത്തിക്കഴിഞ്ഞു

വാദരായ് മന്ത്രിസഭയില്‍-കാര്യം
ഖേദമായ് മന്നവനുള്ളില്‍

ധന്യന്‍ പ്രസേനജിത്തെന്നു-പുകഴ്
മന്നിലെഴും ബുദ്ധഭക്തന്‍

കല്പിച്ചിതോര്‍ത്തന്നൃപാ‍ലന്‍-പിന്നെ
സ്വപ്രജാരഞ്ജനലോലന്‍;

“സംഘാരാമത്തില്‍ഭഗവല്‍, പദ
പങ്കജത്തില്‍തന്നെയെത്തി

ശങ്ക ഉണര്‍ത്താമതല്ലാ-തുണ്ടോ
സങ്കടത്തിന്നു നിവൃത്തി?

സര്‍വ്വജ്ഞനല്ലോ ഭഗവാന്‍ ധര്‍മ്മം
നിര്‍വ്വചിക്കേണ്ടതങ്ങല്ലോ”

പിന്നെത്തിരുവിഹാരത്തില്‍-ദൂത
തന്നിശ്ചയം ചെന്നുണര്‍ത്തി

വേഴ്ചയില്‍ സമ്മതം വാങ്ങി-കൂടി
ക്കാഴ്ചയ്ക്കെല്ലാരുമൊരുങ്ങി

പിറ്റേന്നപരാഹ്നമായി-വിണ്ണു
പറ്റിപ്പടിഞ്ഞാറുനിന്നു

മന്നിന മലിനമുഖത്തില്‍ നിത്യം
പൊന്നിന്‍പൊടി പൂശു ദേവന്‍

ദൂരെക്കിഴക്കേ നിരത്തില്‍-ഉടന്‍
തേരൊലി കേട്ടു തുടങ്ങി

മങ്ങും ദിനജ്വാല മേലേ-പൊടി
പൊങ്ങി വാനില്‍ പുകപോലെ

ഓരോ വഴിയായ് ഞെരുങ്ങി-ജ്ജന
മരാമദ്വാരത്തില്‍ തിങ്ങി;

ഉല്‍ക്ഷിപ്തഖഡ്ഗം തിളങ്ങും-അംഗ-
രക്ഷകര്‍ സാദിഭടന്മാര്‍

തല്‍ക്ഷണം വാതുക്കലെത്തി-മാര്‍ഗ്ഗ-
വിക്ഷോഭം മെല്ലെയൊതുക്കി

സംഘാരാമത്തില്‍ വളര്‍ന്ന വൃക്ഷ-
സംഘത്തില്‍ ഛായാഗണങ്ങള്‍

എത്തുമതിഥിജനത്തെ-സ്വയം
പ്രത്യുദ്ഗമിക്കുന്നപോലെ

ദുര്‍വ്വാഭിരാമച്ഛവിയില്‍ നീണ്ടു
പൂര്‍വ്വമുഖങ്ങളായ് നിന്നു

ഉള്ളിലത്തെ നടക്കാവില്‍-കാറ്റില്‍
തുളും മരങ്ങള്‍ നടുവില്‍

കോമളമായ് മേല്‍ കുറുക്കേ-ചേര്‍ത്ത
ചേമന്തിപ്പൊന്തോരണത്തെ

ചാലവേ ചാഞ്ഞൊഴുകും രശ്മി
മാല ബഹുലീകരിച്ചു

ഒപ്പമായ്ത്തല്ലിമിനുക്കി-യെങ്ങും
നന്‍പ്പനിനീരാല്‍ നനച്ചു

പുഷ്പദലകൃതമാമം-ഗല-
ശില്പമേര്‍ന്നാരാവടിയേ

ആനന്ദഭിക്ഷുവുദാരന്‍-ശിഷ്യ-
സാനുഗനായെതിരേല്പാന്‍

ചെന്നുടന്‍ വാതുക്കല്‍ നിന്നു നൃപ
സ്യന്ദനവും വന്നണഞ്ഞു

അന്യോന്യമാചാരം ചെയ്തു-പിന്നെ
മന്നവന്‍ തേര്‍വിട്ടിറങ്ങി

പുക്കിതു പുണ്യാരാമത്തില്‍-പൌര
മുഖ്യസചിവസമേതന്‍

ജോഷംനടന്നു നരേന്ദ്രന്‍ മിത-
ഭൂഷന്‍ മിതപരിവാരന്‍

പാടിനടന്നിതൊളിവില്‍ മാവിന്‍
വാടിയില്‍ പൂങ്കുയില്‍ വൃന്ദം

മഞ്ഞക്കിളി മിന്നല്‍‌പോലെ-ഞാവല്‍
കുഞ്ജങ്ങളുള്ളില്‍ പറന്നു

പാലമേല്‍ പാതി കരേറി-അണ്ണാന്‍-
വാലുയര്‍ത്തിത്തെല്ലിരുന്നു

കൂടെക്കൂടെത്തിരുമേനി തിരി-
ഞ്ഞോടിച്ചു കണ്ണിതിലെല്ലാം

ഉള്ളില്‍ ത്തൈമാതളത്തോപ്പില്‍-തൊണ്ടു-
വിള്ളും ഫലങ്ങളില്‍ നിന്നും

മാണിക്യഖണ്ഡങ്ങള്‍കൊത്തി-ത്തിന്നൊ
ട്ടീണം കലര്‍ന്ന ശുകങ്ങള്‍

“ബുദ്ധം ശരണം ഗച്ഛാമി:-എന്ന
സങ്കേതം പാടിപ്പറന്നു

ഇമ്പം കലര്‍ന്നതു കേട്ടു ഭക്തന്‍
തമ്പുരാന്‍ രോമാഞ്ചമാര്‍ന്നു

തല്‍‌ക്ഷണമെല്ലാരുമെത്തി-യങ്ങാ
സാക്ഷാല്‍ സുഗതനികേതം

ഉള്ളറതന്‍ മറ മാറ്റി-യെഴു
ന്നെള്ളി ഭഗവാന്‍ വെളിയില്‍

പൊന്‍‌മുകില്‍ച്ചാര്‍ത്തുകള്‍ നീക്കി യുദി
ച്ചുന്മുഖനാം രവിപോലെ!

വീണു വണങ്ങി നൃപാലന്‍-മൌലി
മാണിക്യദീപിതശാലന്‍

ഒട്ടു ഭഗവാനുയര്‍ത്തീ-മഞ്ഞ
പ്പട്ടാടതൂങ്ങ്നും പൊന്‍‌കൈകള്‍

മിന്നി ക്ഷണം കൂറ പാടി-നില്‍ക്കും
പൊന്നിന്‍‌കൊടിമരം‌പോലെ

പിന്നെ വിചിത്രാസ്തരത്തില്‍-ദേവന്‍
മന്നവന്‍ തന്നെയിരുത്തി

താനും വിരിപ്പിലിരുന്നാന്‍-ശുദ്ധ
മേനിയേറും പൂന്തളത്തില്‍

മറ്റു ജനങ്ങളും വന്നു-വന്ദി
ച്ചുറ്റതാം സ്ഥാനത്തിരുന്നു

കോലായിലുമാസ്തൃതമായ്-വ്യാസ
മേലും തിരുമുറ്റമെങ്ങും

ശാലതന്‍ വാമപാര്‍ശ്വത്തില്‍-ഖ്യാതി
കോലും ശ്രമണിമാര്‍തങ്ങി;

ദക്ഷിണപാര്‍ശ്വത്തതുപോല്‍-പോന്നു
ഭിക്ഷുവര്യന്മാരിരുന്നു

അന്തിപ്പൊന്മേഘാംബരമാര്‍ന്നൊളി
ചിന്തുന്നതാരങ്ങള്‍ പോലെ

മദ്ധ്യത്തില്‍ വീരാസനസ്ഥന്‍-പരി-
ബദ്ധാസ്യ തേജോവലയന്‍

ബുദ്ധന്‍ തിരുവടി തന്നെ-നൃപ-
നുത്തരളാശയന്‍ നോക്കി
സംഗതി തന്റെ ലഘുത്വം-കൊണ്ടു
ഭംഗുരകണ്ഠനായ് മൌനം

കൈക്കൊള്ളും ഭൂപനെനോക്കി-സ്വയം-
മക്കൃപാത്മാവരുള്‍ചെയ്തു;-
‘വത്സ, മാതംഗിയെച്ചൊല്ലി-വിചി-
കിത്സയല്ലല്ലി വിഷയം?

എന്തു പറവൂ! എന്തോര്‍പ്പൂ-ജാതി
ഹന്ത വിഡംബനം രാജന്‍!

ക്രോധിച്ചു ജന്തു പോരാടും-സ്വന്ത-
നാദത്തിന്‍ മാറ്റൊലിയോടും

വല്ലിതന്നഗ്രത്തില്‍നിന്നോ-ദ്വിജന്‍
ചൊല്ലുക മേഘത്തില്‍നിന്നോ

യാഗാഗ്നിപോലെ ശമിതന്‍-ഖണ്ഡ-
യോഗത്തില്‍ നിന്നോ ജനിപ്പൂ?

അജ്ജാതി രക്തത്തിലുണ്ടോ?-അസ്ഥി
മജ്ജ ഇതുകളിലുണ്ടോ?

ചണ്ഡാലിതന്മെയ് ദ്വിജന്റെ-ബീജ-
പിണ്ഡത്തിനൂഷരമാണോ?

പുണ്ഡ്രമോ പൂണുനൂല്‍താനോ-ശിഖാ-
ഷണ്ഡമോ ജന്മജമാണോ?

അക്ഷരബ്രഹ്മം ദ്വിജന്മാര്‍ സ്വയം
ശിക്ഷകൂടാതറിയുന്നോ?

എല്ലാ ക്രീമികളുംപോലെ-ജനി-
ച്ചില്ലാതാം മര്‍ത്ത്യരെയെല്ലാം

കല്യമാം കര്‍മ്മനിയതി-കര-
പല്ലവം താന്‍ ചെയ്കയല്ലേ?

മുട്ടയായും പുഴുവായും; - നിറം
പെട്ട ചിറകുകളാര്‍ന്നു,

ചട്ടറ്റ വിണ്ണില്‍ പറന്നു മലര്‍
മട്ടുണ്ണു പൂമ്പാറ്റയായും

പോകുന്നിതു മാറിമാറി പ്പല
പാകത്തിലേകബീജംതാന്‍

നാമ്പും കുരുമൊട്ടും വര്‍ണ്ണം-പൂണ്ട
കൂമ്പും മലരും സുമം താന്‍

നെല്ലിന്‍ ചുവട്ടില്‍ മുളയ്ക്കും-കാട്ടു
പുല്ലല്ല സാധു പുലയന്‍!

ശങ്ക വേണ്ടൊന്നായ് പുലര്‍ന്നാല്‍-അതും
പൊങ്കതിര്‍പൂണും ചെടിതാന്‍;

സിദ്ധമതിന്നു ദൃഷ്ടാന്തം-അസ്മല്‍
പുത്രിയീ മാതംഗിതന്നെ

സത്യധര്‍മ്മങ്ങള്‍ക്കെതിരാം-ശാസ്ത്രം
ശ്രദ്ധിയായികങ്ങു നൃപതേ!

അര്‍ത്ഥപ്രവചനം ചെയ്യാ-മതില്‍
വ്യര്‍ത്ഥമുദരംഭരികള്‍

ഇന്നലെചെയ്തൊരബദ്ധം-മൂഢ-
ര്‍ക്കിന്നത്തെയാചാരമാവാം;

നാളത്തെശാസ്ത്രമതാവാം-അതില്‍
മൂളായ്ക സമ്മതം രാജന്‍

എന്തിനെന്നുമെങ്ങോട്ടെന്നു-സ്വയം
ഹന്ത! വിവരമില്ലാതെ

അന്ധകാരപ്രാന്തരത്തില്‍ കഷ്ടം!
അന്ധരെയന്ധര്‍ നയിപ്പൂ

വൃക്ഷമായും ചെടിയായും-പരം
പക്ഷിയായും മൃഗമായും

ലക്ഷം ജന്മങ്ങള്‍ കഴിഞ്ഞാല്‍-ജന്തു
പക്ഷേ, മനുഷ്യനായെന്നാം

എന്നെത്തുടര്‍ന്നെഴും നീണ്ട ജന്മ
പൊന്നോമല്‍ച്ചങ്ങലതന്റെ

പിന്നിലെക്കണ്ണിയോരോന്നില്‍-പൊങ്ങി
മിന്നിയെന്നെത്തന്നെ കാണ്‍മൂ

ഓടും, മുയല്‍കൂറ്റനായും,-മരം-
ചാടിയായും പാഞ്ഞിരകള്‍

തേടും കരിമ്പുലിയായും-വേട്ട
യാടുന്ന വേടനായും താന്‍

ജന്തുക്കളൊക്കെയീവണ്ണം‌-ശ്രീമന്‍
ഹന്ത! സഹജരെന്നല്ല

ചിതിക്കിലൊന്നായ് വരുന്നൂ-പിന്നെ
ന്തന്തരം മര്‍ത്ത്യര്‍ക്കു തമ്മില്‍?

വ്യാമോഹമാര്‍ന്നും സുഖത്തില്‍-പര-
ക്ഷേമത്തില്‍ വിപ്രിയമാര്‍ന്നും

പാമരചിത്തം പുകഞ്ഞു-പൊങ്ങും
ധൂമമാമീര്‍ഷ്യതന്‍ ‘ജാതി’

ഗര്‍വ്വമായും ദ്വേഷമായും-പിന്നെ
സര്‍വ്വമനോദോഷമായും

ആയതു മാറുന്നു വര്‍ണ്ണം-സ്വയം
സായന്തനാംബുദമ്പോലെ

സ്വന്തകുടുംബം പിരിക്കും-അതു
ബന്ധുക്കളെ വിഭജിക്കും

ഹന്ത! വര്‍ഗ്ഗങ്ങള്‍ തിരിക്കും-പക
ച്ചന്ത്യമായ് ലോകം മുടിക്കും

തന്നാശ്രിതരെയും ലോക-ത്തെയും
തിന്നും കറുത്തോരിത്തീയെ

ആരാധിക്കായ്‌വിന്‍ അസൂയാ-മഹാ
മാരിയെ, ജ്ജാതിയെ ആരും

ചൊല്ലുവന്‍ ജന്തുവെത്താഴ്ത്തും-ദോഷ
മെല്ലാമിതിലടങ്ങുന്നു

ഈ രാക്ഷസിയെജ്ജയിച്ചാല്‍-ഘോര-
നാരകദ്വാരമടഞ്ഞു

ഭോഗപരയായി, ജ്ജന്തു-രക്ത
രാഗയാമാ ഹിംസതന്നെ

പൂജ്യന്‍ നൃപന്‍ ബിംബിസാരന്‍-തന്റെ
രാജ്യത്തില്‍ നിന്നകലിച്ചു

താണ സംസൃഷ്ടര്‍തന്നെ-നിജ
ഭ്രൂണത്തില്‍ കൊല്ലാതെകൊന്നു

ജന്മം വിഫലമാക്കിടും-മഹാ-
കലുഷകാരിണിയായി

ചാതുര്യമായ് പലവര്‍ണ്ണം-തേടും
ജാതിയാമീ ഹിംസതന്നെ

ഭൂതദയയെ നിനച്ചും-സ്വന്ത
നീതിയെയോര്‍ത്തും നൃപേന്ദ്ര!

നിഷ്കൃഷ്ടമാമാജ്ഞയാലേ-യങ്ങും
നിഷ്കാസിക്കില്‍ ശുഭമായി

ചെന്നതു ലോകക്ഷേമാര്‍ത്ഥം-ചെയ്ക
എന്നല്ലിദ്ധര്‍മ്മാശ്രമത്തില്‍

എന്നുമീ ബാധ കടക്കാ-താക്കു
കെന്നര്‍ത്ഥിക്കുന്നു, യൂപത്തില്‍

ആട്ടിന്‍‌കിടാവിനെ മീളാന്‍ ആഞ്ഞു
നീട്ടിയ കണ്ഠ നൃപതേ!

മോഹം കളഞ്ഞു ജനത്തെ-ത്തമ്മില്‍
സ്നേഹിപ്പാന്‍ ചൊല്‍ക നരേന്ദ്ര!‍

സ്നേഹത്തില്‍ നിന്നുദിക്കുന്നു-ലോകം
സ്നേഹത്താല്‍ വൃദ്ധി നേടുന്നു

സ്നേഹം താന്‍ ശക്തി ജഗത്തില്‍-സ്വയം
സ്നേഹം താനാന്ദമാര്‍ക്കും

സ്നേഹം താന്‍ ജീവിതം ശ്രീമന്‍-സ്നേഹ-
വ്യാഹതി തന്നെ മരണം;

സ്നേഹം നരകത്തിന്‍ ദ്വീപില്‍-സ്വര്‍ഗ്ഗ-
ഗേഹം പണിയും പടുത്വം

അമ്മതന്‍ നെഞ്ഞുഞെരമ്പില്‍-തങ്ങി
ചെമ്മേ ചെഞ്ചോരയെത്തന്നെ

അമ്മിഞ്ഞത്തൂവമൃതാക്കും-മൈത്രി
നമ്മോടതോതുന്നു രാജന്‍!

ചൊല്ലിനേനീര്‍ഷ്യയല്ലാതെ-മര്‍ത്ത്യ-
ര്‍ക്കില്ലതാനില്ലതാന്‍ ജാതി.

മുല്പാടു വീണുവണങ്ങി-നൃപ-
നത്ഭുതഭക്തിവിവശന്‍

“കല്പനപോലെ”യെന്നോതി, - സ്ഫുടം
കൂപ്പിയ പാണിദ്വയത്താല്‍

ആനന്ദബാഷ്പം ചൊരിഞ്ഞു-സഭ-
യാനതമൌലിയായപ്പോള്‍

ലോലാശ്രു വീണു പൂര്‍വ്വാംഗം-ആര്‍ദ്ര-
ചേലമായ് ഭിക്ഷുകീവൃന്ദം

ഓലും മജ്ഞില്‍ പൂനനഞ്ഞ-കൃത
മാലവനിപോല്‍ വിളങ്ങി.

ചെമ്പൊല്‍ക്കരാബ്ജങ്ങള്‍ പൊക്കി-ആശി-
സ്സമ്പിലരുളിയെല്ലാര്‍ക്കും,

ഉള്ളിലേക്കാദ്ദിവ്യരൂപം-എഴു-
ന്നള്ളി ഭുവനൈകദീപം.

ഉന്നതശാഖിമേല്‍നിന്നും-വെയില്‍-
പൊന്നൊളി, യാഗതദേവര്‍

വിണ്‍‌മേല്‍ മടങ്ങും കണക്കേ-പൊങ്ങി;
അമ്മഹായോഗം പിരിഞ്ഞു

വാസന്തി കുന്ദ കുമുദ-മലര്‍
വാസനാചര്‍ച്ചിതമായി

എങ്ങുമൊരുശാന്തി വീശി-ലോകം
മുങ്ങി നിര്‍വ്വാണത്തില്‍ താനേ

എത്തിനിന്നൂ ഭാരതത്തി-ലൊരു
പത്തുശതാബ്ദമശ്ശാന്തി.

-ശുഭം-