പുഷ്പവാടി - സങ്കീര്‍ത്തനം

സങ്കീര്‍ത്തനം

ചന്തമേറിയ പൂവിലും ശബളാഭമാം

ശലഭത്തിലും

സന്തതം കരതാരിയന്നൊരു ചിത്ര-

ചാതുരി കാട്ടിയും

ഹന്ത! ചാരുകടാക്ഷമാലകളര്‍ക്ക-

രശ്മിയില്‍ നീട്ടിയും

ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങു-

മീശനെ വാഴ്ത്തുവിന്‍!


സാരമായ് സകലത്തിലും മതസംഗ്രഹം

ഗ്രഹിയാത്തതായ്

കാരണാന്തരമായ് ജഗത്തിലുയര്‍ന്നു

നിന്നിടുമൊന്നിനെ

സൗരഭോല്‍ക്കട നാഭികൊണ്ടു മൃഗംകണ-

ക്കനുമേയമായ്

ദൂരമാകിലുമാത്മഹാര്‍ദ്ദഗുണാസ്പദത്തെ

നിനയ്ക്കുവിന്‍!


നിത്യനായക, നീതിചക്രമതിന്‍-

തിരിച്ചിലിനക്ഷമാം

സത്യമുള്‍ക്കമലത്തിലും സ്ഥിരമായ്

വിളങ്ങുക നാവിലും

കൃത്യഭൂ വെടിയാതെയും മടിയാതെയും

കരകോടിയില്‍

പ്രത്യഹം പ്രഥയാര്‍ന്ന പാവനകര്‍മ്മ-

ശക്തി കുളിക്കുക!


സാഹസങ്ങള്‍ തുടര്‍ന്നുടന്‍ സുഖഭാണ്ഡ-

മാശു കവര്‍ന്നുപോം

ദേഹമാനസ ദോഷസന്തതി ദേവ

ദേവ, നശിക്കണേ.

സ്നേഹമാം കുളിര്‍പൂനിലാവു പരന്നു

സര്‍വവുമേകമായ്

മോഹമാമിരുള്‍ നീങ്ങി നിന്റെ മഹത്ത്വ-

മുള്ളില്‍ വിളങ്ങണേ.


ധര്‍മ്മമാം വഴി തന്നില്‍ വന്നണയുന്ന വൈരികളഞ്ചവേ
നിര്‍മ്മലദ്യുതിയാര്‍ന്ന നിശ്ചയഖഡ്ഗമേന്തി നടന്നുടന്‍
കര്‍മ്മസീമ കടന്നുപോയ് കളിയാടുവാനരുളേണമേ
ശര്‍മ്മവാരിധിയില്‍ കൃപാകര, ശാന്തിയാം മണിനൗകയില്‍.

ഒൿടോബര്‍ 1919