ശ്മശാനത്തിലെ തുളസി - കരയും ഞാന്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

നുജനെക്കാണാതരവിനാഴിക
തനിയേ വാഴുവാനരുതു മേ.
ചെറുപൂമ്പാറ്റയും മലരുമൊത്തിതാ
വരികയായല്ലോ മധുമാസം.
തിരികെയൊന്നവന്‍ വരുവാനോതുമോ?
കരയുമല്ലെങ്കിലിനിയും ഞാന്‍.
ഇവിടെപ്പൂക്കാഅമണയുമിക്കാല-
മെവിടെപ്പോയവന്‍ മരുവുന്നു?
ഇളവെയിലൊലിക്കനകപ്പൂഞ്ചാലി-
ലലയുന്നു ചിത്രശലഭങ്ങ.
അനുഗമിച്ചേനേ കുതുകമാര്‍ന്നിപ്പോ-
ളനുജനുണ്ടെങ്കിലവയെ ഞാന്‍.
ഒരു രസമില്ല തനിയെ ചെന്നതിന്‍
പുറകേ പൂങ്കാവിലലയുവാന്‍.
കരുണനെങ്ങുപോയ്? പറയുകെന്നോടു
കരയുമല്ലെങ്കിലിനിയും ഞാന്‍.
തുടുതുടെപ്പൂക്കളുലയുന്നു, നോക്കൂ,
തൊടിയില്‍ നാം നട്ടചെടികളില്‍.
ഇളയമാണിക്യക്കുലകള്‍ വീശിക്കൊ-
ണ്ടിളകി മുന്തിരിച്ചുരുളുകള്‍.
കൊതിയാകുന്നു കൊച്ചനുജനുമൊന്നി-
ച്ചതിനുള്ളില്‍ച്ചെന്നു കളിയാടാന്‍.
കരുണനെന്തമ്മേ, വരികില്ലേ വീണ്ടും?
പറയുകില്ലെങ്കില്‍ കരയും ഞാന്‍!....

അരുതുകേള്‍ക്കുവാനവനു നിന്മൊഴി
കരയായ്കെന്‍ തങ്കക്കുടമേ നീ.
പരിചില്‍ നീയൊത്തു കളിയാടാനിനി
വരികയില്ലവനൊരു നാളും.
മധുവൂറും മന്ദഹസിതം വാര്‍ന്നൊരാ
മധുരാസ്യം, കുഞ്ഞേ, മറവായി.
ഇനിയതുകാണാന്‍ കഴിയാ, നീ പിന്നെ-
ത്തുനിയുന്നെന്തിനു കരയുവാന്‍?
പരമാനന്ദത്തില്‍ മതിമറന്നോമല്‍
പരിമളം വീശി വിലസിടും
ഒരു നല്ല പിഞ്ചു പനിനീര്‍പ്പൂവിനു-
ള്ളരിയ ജീവിതമവനുണ്ടായ്.
അമിതതാപമാര്‍ന്നഴലുവാന്‍ നമ്മ-
ളമരലോകത്തിലവനെത്തി.
തവസഹജന്‍ വന്നണയുകില്ലിനി-
ത്തനിയേവേണം നീ കളിയാടാന്‍! ...

അവനമ്മേ, പിന്നെ, യവനുള്ളതെല്ലാ-
മിവിടെവിട്ടെന്തേ പിരിയുവാന്‍?
കുരുവികള്‍, പൂക്കള്‍, ശലഭങ്ങള്‍-കഷ്ട-
മൊരുവസ്തു കാണില്ലവിടത്തില്‍.
കുറെ ഞാനേകിടാമവനമ്മേ, വീണ്ടും
വരുമോ?-ഞാനൊന്നു വിളിയാട്ടാം.
കരുണനെക്കാണാതരവിനാഴിക
കഴിയുവാനെനിക്കരുതമ്മേ.
വെളുവെളെ നുരച്ചുരുളുകള്‍ തത്തും
കുളിര്‍പൂഞ്ചോലതന്‍ കരയിലും,
ഇടതൂര്‍ന്നെമ്പാടുമിലമുറ്റും വള്ളി-
ക്കുടിലിനുള്ളിലെത്തണലിലും,
കരവും കോര്‍ത്തങ്ങിങ്ങലയുവാനിനി-
ക്കഴിയില്ലേ ഞങ്ങള്‍ക്കൊരുനാളും?
വരികയില്ലെന്നോ?-ശരി;യെന്നാലവന്‍
വരുവോളമമ്മേ, കരയും ഞാന്‍! ....