ചൂഡാമണി - വിലാസ ലഹരി
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

കാമുകപ്രതീക്ഷ:

പുഴവക്കില്‍ നിന്നെയും കാത്തുകാത്തി-
പ്പുളകദഹേമന്തചന്ദ്രികയില്‍,
മുഴുകിയിരിക്കുന്നോരെന്നെ നോക്കി
മുഴുമതിനിന്നു പരിഹസിച്ചു.
ഇതുവരെപ്പാടിയ രാക്കുയിലു-
മിണയൊത്തു കൂട്ടിലുറക്കമായി!
ഒരു നവശാന്തി വിടര്‍ത്തിയോര-
ച്ചിറകിനടിയിലൊതുങ്ങി കോകം.
ഉയരുന്ന മന്മനസ്പന്ദമല്ലാ-
തുലകിലില്ലന്യനിനദമൊന്നും!
ഇനിയുമെന്താണിദം താമസിപ്പ-
തിടറുന്നിതെന്‍ പദമെന്തുകൊണ്ടോ!
കനിവിന്റെ കാതലേ, കഷ്ടമെന്നെ-
യിനിയും നിരാശപ്പെടുത്തരുതേ!

ഏകാന്തനായിക

കാമുകന്മാരുമായൊത്തുകൂടി-
ക്കാനനച്ചോലയില്‍ നീന്തി നീന്തി,
കാമദോന്മാദങ്ങളാസ്വദിപ്പൂ
കാതര ഗാമീണ കാമിനികാര്‍;
ചിന്താവിവശയായ് മാറിനില്‍പ-
തെന്താണജപാലബാലികേ, നീ!
ഇന്ദീവരത്തിങ്കലത്തുഷാര-
ബിന്ദുക്കള്‍പോലെ നിന്‍ കണ്ണിണയില്‍
പിന്നെയും പിന്നെയും ശോകബാഷ്പം
ചിന്നിപ്പൊടിയുവാനെന്തു മൂലം?
ഈ വസന്തോത്സവവേളകളില്‍
നീ വിഷാദിക്കുന്നതെന്തു ബാലേ?
സുന്ദരസൂനസമൃദ്ധികളില്‍
മന്ദഹസിക്കുന്നു വല്ലരികള്‍!
പ്രേമത്തിന്‍ തങ്കക്കിനാക്കള്‍ കണ്ടു
കോള്‍മയിര്‍ക്കൊള്ളുന്നു പൂന്തൊടികള്‍!
ഈ നീലക്കാടു പുതച്ചകുന്നു-
മാനന്ദമൂകയായുല്ലസിപ്പു!
നീമാത്രം, നീമാത്രം, ദൂരെമാറി
നീറും മനസ്സുമായ് നില്‍പതെന്തേ?

താമരപ്പൊയ്കയില്‍

രവികിരണപാളികളാടിയാടി-
പ്പവിഴരുചിയെമ്പാടും വീശിവീശി,
അലയിളകും താമരപ്പൊയ്കയില്‍ വ-
ന്നയി സഖി, നിന്‍ പൂവല്‍മെയ് പുല്‍കിനില്‍പു!
കുളിരുവരും നീരിലിറങ്ങി നീന്തി-
ക്കുളികഴിയും നേരം നിന്നംഗകാന്തി
നുകരുവതിനായിത്തിരക്കുകൂട്ടി
നുരികളതാ കണ്ണും മിഴിച്ചു നില്‍പു1
തനുലതയിന്നലെപ്പൂവിരിച്ച
തരളതരാശ്ലേഷങ്ങളാകമാനം,
തെളിമയെഴും നീരിലലിഞ്ഞമൂലം
പുളകിതമായ്ത്തീര്‍ന്നിതിപ്പൊയ്കപോലും!
അതിനു നിജചിത്തത്തിലങ്കുരിച്ചോ-
രതിമധുര വിന്തകളെന്നപോലെ,
കവനമയകാന്തികലര്‍ന്നു കാണ്മൂ
നവനളിനകോമളകോരകങ്ങള്‍!

                             -മേയ് 1936.