മയൂഖമാല - വസന്താഗമത്തില്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

വസന്താഗമത്തില്‍ (ഒരു പാരസികകവിത--ഹാഫീസ

ആസന്നമായിതിവിടെയും മംഗള-
ഭാസുരവാസന്തവാസരങ്ങള്‍;
മന്ദമുണര്‍ന്നുകഴിഞ്ഞുപോയ് സുന്ദര
മന്ദാരമല്ലികാവല്ലികകള്‍--
കണ്‍മണി, നീ മാത്രമെന്തിനു പിന്നെ,യീ
മണ്ണിനടിയില്‍ കിടപ്പതേവം?

ഈ മധുമാസത്തില്‍ തിങ്ങിനിറഞ്ഞീടും
ശ്യാമളനീരദമാലപോലെ,
കാതരേ, നിന്നുടെ കാരഗൃഹത്തിന്മേല്‍
കാളിമയാളുമിക്കല്ലറമേല്‍,
ചിന്നിച്ചിതറിടാം കണ്ണീര്‍ക്കണികകള്‍
പിന്നെയും പിന്നെയുമെന്മിഴികള്‍.
മണ്ണിനടിയില്‍നിന്നോമലേ, നീയും നിന്‍
മഞ്ജുവദനമുയര്‍ത്തുവോളം!...

--ഏപ്രില്‍ 1933