ആകാശഗംഗ
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

ഏ. ഡി. എട്ടാം ശതകത്തില്‍ ജപ്പാനില്‍ പ്രസിദ്ധീകൃതമായ "മന്യോഷു' എന്ന കാവ്യസ മാഹാരത്തിലെ അജ്ഞാത നാമനായ ഒരു മഹാകവിയുടെ ഒരു മനോഹര കാവ്യത്തിന്റെ പരിഭാഷ. സ്വതന്ത്രമായത്.ലാഫ് കാഡിയൊഹേണിന്റെ വിവര്‍ത്തനത്തില്‍നിന്ന്.              1

രികയാ,ണീ വാനവവാഹിനീതീരത്തില്‍
വരികയാണിന്നു മജ്ജീവനാഥന്‍.
ചിരകാലമായി ഞാന്‍ കൊതിയാര്‍ന്നു കാക്കുന്ന-
തൊരുദിനമെന്‍ പ്രിയതമനെക്കണ്ടുമുട്ടാന്‍.
മമ മഞ്ജുളമണിമേഖല മതിമോദമൊടൂരേണ്ടും
മധുരമുഹൂര്‍ത്തമടുത്തുപോയി !

              2
"പരിപാവനമാമിസ്സനാതനസ്വര്‍ഗത്തില്‍-
പ്പരിലസിച്ചീടുമിത്തടിനിതന്നില്‍;
അലയുമലമാലകളിലുലയും തന്‍ തോണിയി-
ലലഘുകൌതൂഹലഭരിതനായി,
വരുമിന്നീ രാത്രിയി,ലൊരു സംശയമില്ല മേ;
വരുമിന്നെന്നരികിലെന്‍ ഹൃദയനാഥന്‍ !
              3
"അണയുന്നു, പോകുന്നു, കുളിര്‍കാറ്റുകള്‍ മുകില്‍മാലക-
ളണുപോലും തടവിയലാതിരുകരയില്‍.
ശരി,യെന്നാ,ലകലത്തിലവശനായമരു,മെന്‍-
വരനും, വിരഹാകുലയാമെനിക്കും,
തരമാവുകില്ലല്ലോ കൈമാറാനന്യോന്യ-
മൊരുമട്ടിലുമാത്മസന്ദേശമൊന്നും !
              4
"മറുകരയിലേക്കൊരാള്‍ക്കൊരു കൊച്ചു കല്ലെടു-
ത്തെറിയുവാന്‍ സാധിക്കും നിഷ്പ്രയാസം.
എന്നാലു,മിലപൊഴിയും കാലത്തിലല്ലാതൊ-
ന്നന്യോന്യദര്‍ശനമാഗഹിക്കാന്‍,
തരമില്ല, മോഹിച്ചാല്‍ ഫലമില്ല, കഷ്ട,മി-
സ്സുരവാഹിനി ഞങ്ങളെ വേര്‍പെടുത്തി,
അത്തലിന്നക്കരെയുമിക്കരെയും നിന്നെന്നു-
മശ്രു പൊഴിക്കേണം, ഹാ, നിഹതര്‍ ഞങ്ങള്‍ !
              5
"ഇലപൊഴിയും കാലത്തെക്കുളിരിളകും തൈത്തെന്ന-
ലലയാന്‍ തുടങ്ങിയ നാള്‍ മുതല്‍ക്കേ;
അതികുതുകപൂര്‍വകമെന്നോടുതന്നെ ഞാ-
നിതുവിധം ചോദിച്ചുകൊണ്ടിരുന്നു:
'വന്നല്ലോ, ശുഭകാലം വന്നല്ലോ, ഹാ, ഞങ്ങ-
ളെന്നിനിയൊന്നന്യോന്യം കണ്ടുമുട്ടും?'-
ശരിതന്നെ, കാത്തു ഞാന്‍-ചിരകാലപ്രാര്‍ഥിതനെന്‍-
വരനെന്നാലിപ്പോഴിതാ വന്നുപോയി !

പെരുകിയിട്ടില്ലേറെസുരഗംഗയില്‍ ജല,മെന്നാ-
ലരികിലെഴുമരുവിയിതു തരണംചെയ്യാന്‍,
അരുതിപ്പോഴു,മെങ്ങനെ പിന്നക്കരയില്‍ച്ചെന്നു ഞാ-
നിരവിതിലെന്‍ കാമുകനെക്കാത്തുനില്‍ക്കും?...."

"അരികത്താണവള്‍ നില്‍പതു, നന്നായിട്ടിങ്ങവള്‍തന്‍-
കരതലാച്ഛാദനചലനം കാണാം.
എന്നാലു,മൊരു വഴിയി,ല്ലിലപൊഴിയുംകാലം, ഹാ,
വന്നല്ലാതക്കരയില്‍ച്ചെന്നുപറ്റാന്‍ !
              6
"ഒരു നിമിഷം, ഹാ ഞങ്ങള്‍ വേര്‍പെട്ട വേളയി-
ലൊരുനോക്കേ ഞാനവളെക്കണ്ടുള്ളൂ;
അതുമൊരുനിഴല്‍പോലെ-ഞൊടിയിടയില്‍, മൂടലി-
ലതിദൂരത്തൊരു ചഞ്ചല, ശലഭമ്പോലെ !
കളമൊഴിയെക്കാണുവാനിടയിനിയൊന്നാവോളം
കഴിയണം മോഹിച്ചു നിഷ്ഫലം ഞാന്‍ !...."

"സ്വയമെത്തുകയാണെന്നു തോന്നുന്നു തോണിയില്‍
പ്രിയതമയെക്കാണുവാന്‍ 'ഹിക്കോബോഷി'.
എന്തെന്നാല്‍,സ്സുരഗംഗയിലുയരുന്നുണ്ടകലെച്ചില
പങ്കായച്ചാലുകള്‍തന്‍ ശീകരങ്ങള്‍.
അവയൊന്നിച്ചൊരു നേരിയ മൂടല്‍മഞ്ഞില്‍ ശൂഭ്ര-
യവനികയായ് നദിനീളെപ്പരിലസിപ്പൂ !
              7
"ഹിമധാരാശിശ്വരിതമിസ്സുരതടിനീതീരത്തില്‍
മമ നാഥനെ ഞാനേവം കാത്തിരിക്കെ;
നനുനനുത്തുള്ളോരെന്നുടയാടത്തളിര്‍വക്കുകള്‍
നനയാനിടയെമ്മട്ടോ വന്നുകൂടി.
              8
"ശ്രാവണണികനിശയി,ലീ വരവാനവവാഹിനിയില്‍
മേവും കടത്തുകടവിലെങ്ങും,
ഓലിയിട്ടിട്ടുച്ചത്തി,ലിളകിമറിഞ്ഞെത്തുകയാ-
ലമാലകളങ്ങനെ മാറി മാറി !
ഒരുപക്ഷേ വന്നേക്കാമിപ്പോള്‍ത്തന്‍ തോണിയില്‍, ഞാന്‍
ചിരനാളായ് കാക്കുമെന്‍ പ്രാണനാഥന്‍ !...."

"നീളമെഴും കൈയുറകള്‍ക്കിയയലുമാച്ചുരുളുകള്‍
നീളേ നിവര്‍ത്തിക്കൈത്തണ്ടു മൂടി;
'ടനബാറ്റ'യുറക്കമാണരുണദ്യുതി വിതറിക്കൊ-
ണ്ടിനി മിന്നിപ്പുലര്‍കാലത്തെത്തുവോളം;
ജലവീഥിയിലലയുമെന്‍ ചക്രവാകങ്ങളേ,
വിലപി,ച്ചവളെ നിങ്ങളുണര്‍ത്തരുതേ !
              9
"ഒരു മൂടല്‍മഞ്ഞെത്തിസ്സുരഗംഗയെ മൂടുന്ന-
തരുമയവള്‍ കാണു,മുടന്‍ കരുതുമേവം;
'ഇന്നു വരു,മിന്നു വരും ചിരനാളായ്ക്കാക്കുമെന്‍-
ഹൃന്നായകനിന്നു വരുമെന്നരികില്‍!..."

"സുരഗംഗയി,ലാ 'യാസു'ക്കടവരികില്‍,ത്തിരകളി-
ലൊരു കൊച്ചുകളിത്തോണി തത്തിനില്‍പൂ !
ഞാനിവിടെക്കാത്തിതാ നില്‍ക്കുകയാണെന്‍-
പ്രാണേശനൊറ്റൊന്നയേ്യാ, പറയണമേ..."

"ഒരു താരകദേവന്‍ ഞാന്‍, കഴിയുമെന്നിഷ്ടമ്പോല്‍-
സ്സുരപഥം മുഴുവനും സഞ്ചരിക്കാന്‍.
എന്നാലു,മൊക്കില്ലിവനോമനേ, നീയെന്നെയീ
വിണ്ണാറു കടന്നക്കരെ വന്നു കാണാന്‍ !

              10
"ശൂലങ്ങളെണ്ണായിരമേന്തുമദ്ദേവന്‍ തന്‍-
കാലംതൊട്ടെന്‍ വധുവാണവ,ളെന്നാലും ;
അറിയാനിടയായിട്ടില്ലാര്‍ക്കുമതാ വൃത്താന്തം
പരമരഹസ്യമായൊളിവില്‍ നിന്നു.
എന്നാ,ലവളോടെനിക്കനിയന്ത്രിതമാം മട്ടി-
ലെന്നാളും തോന്നിടുമീയാശമൂലം,
അറിയാനിടയായേവം മര്‍ത്ത്യനുംകൂടിയി-
ന്നവളോടെനിക്കെഴും ഗൂഡബന്ധം !
              11
"ഭൂവനവും വാനവും വേര്‍പെട്ടകാലംതൊ-
ട്ടവളെന്‍പ്രിയസഹധര്‍മിണിയായിരുന്നു.
എന്നാലും കാക്കണമിലപൊഴിയുംനാളോള-
മെന്നെന്നു,മെനിക്കവളോടൊത്തുചേരാന്‍ !

              12
"ചേണഞ്ചും ശോണിമ കവിളിണയില്‍ തഞ്ചു,മെന്‍-
പ്രാണാധിനായികയോടൊത്തുകൂടി;
തളിരുകളും മലരുകളും വിതറിയതാമൊരു ശിലാ-
തളിമത്തില്‍,സ്സുഖസുപ്തിയിലാണ്ടലിയാന്‍;
ഈ രാത്രിയില്‍, നിശ്ചയം, സുരുചിരസുരഗംഗാ-
തീരത്തിലിറങ്ങി ഞാന്‍ ചെന്നുചേരും !..."

"ഇലപൊഴിയുംകാലത്തെക്കുളുര്‍കാറ്റില്‍, വിണ്ണാറ്റില്‍,
ജലശൈവലവലയാവലിയിളകിടുമ്പോള്‍;
സുരഗംഗയിലുടനകലെകേള്‍ക്കാമൊരു രാത്തോണി
തെരുതെരെത്തുഴയും ചില ശബ്ദഘോഷം !-
അലമാലകള്‍ തുഴ തട്ടിപ്ലാച്ചായിഗ്ഗുളുഗുളുവെ-
ന്നൊലികള്‍ വമിച്ചിളകുമതിന്‍ മാറ്റൊലികള്‍ !...."

"രജനിയിലെന്‍ രമണിയുമൊത്തൊരുമിച്ചന്യോന്യം
രമണീയരത്നോപധാനം മാറി;
നിദ്രചെയ്തീടുമ്പോള്‍പ്പുലര്‍കാലം വന്നാലും
നിര്‍ദ്ദയം കുക്കുടമേ, കൂകരുതേ !

              13
"പരകോടിജന്മങ്ങളഭിമുഖമായന്യോന്യം
കരതളിര്‍ക്കരതളിര്‍കോര്‍ത്തമരുകിലും ;
കരകവിയും ഞങ്ങള്‍തന്‍ മധുമധുരപ്രണയത്തി-
നൊരുനാളുമറുതിവരില്ലൊരുവിധവും !
കരളലിവില്ലാതിസ്സുരലോകം പിന്നെന്തിനു
കരുതുന്നതു ഞങ്ങളെ വേര്‍പെടുത്താന്‍ ?

              14
"മനതാരില്‍ക്കുതുകത്തൊടു, നിജനിലയത്തിങ്കലെന്‍-
'ടനബാറ്റ'നെയ്തൊരാമൃദുലവസ്ത്രം ;
പരിചിലെന്മേനിയിലണിയുവതിനിന്നിപ്പോ-
ളൊരു മഞ്ചുളകഞ്ചുകമായ്ത്തീര്‍ന്നിരിക്കും !...."

              15
"അരുമയവളകലെയാണഞ്ഞൂറു വെണ്മുകില്‍-
ച്ചുരുളുകക്കകലെ മറഞ്ഞവളിരിപ്പൂ !
എന്നാലും, നിത്യം നിശയിങ്കലെന്നനുജയാം
കണ്മണിതന്‍ വസതിയെ ഞാനുറ്റുനോക്കും !...."

"ഇലപൊഴിയുംകാലംവന്നെത്തുമ്പോള്‍,സ്സുരനദിയില്‍-
ക്കുളുര്‍മൂടല്‍മഞ്ഞുകള്‍ പരന്നീടുമ്പോള്‍;
തിരിയുമുടന്‍ തടിനീതടമേഖലയിലേക്കു ഞാന്‍
തിരളുമത്യാശയോടകതളിരില്‍ !
കുറെയൊന്നുമല്ലോര്‍ക്കിലനവധിയാണെന്മോഹം
നിറയിന്നോരത്തരം യാമിനികള്‍ !

              16
"എന്നാലും കൊല്ലത്തിലൊരുനാളി,ലേഴാമതു
വന്നീടും മാസത്തിലേഴാംനാളില്‍;
ചേണഞ്ചിടുമാ രാത്രിയിലല്ലാതെന്‍ രമണനെ-
ക്കാണാനെനിക്കയ്യോ, തരമില്ലല്ലോ !

              17
"ഒരു രാത്രിയില്‍മാത്രം!-ഹാ, ഞങ്ങള്‍ക്കൊന്നന്യോന്യം
പരമപവിത്രമപ്രണയപൂരം,
പകരാനിടയാകില്ല,പരിതൃപ്തിയുമായില്ല
പകലപ്പോഴേക്കുമതാ വന്നുപോയി !

              18
"ഒരു നീണ്ടകൊല്ലത്തെ പ്രണയാഭിലാഷങ്ങ-
ളൊരു നിശകൊണ്ടിന്നൊന്നോടൊത്തൊടുങ്ങി;
ഇനി നാളെമുതല്‍ക്കിങ്ങനെ മമ നാഥനെയോര്‍ത്തയ്യോ,
മനമുരുകിക്കഴിയണമനുദിനം ഞാന്‍ !

              19
"അനുരാഗപരവശയാം 'ടനബാറ്റാത്സ്യൂമേ'യു-
മനുകനാമാ 'ഹിക്കോബിഷി'യുമായ്;
നിയമിതമാം സന്ദര്‍ശനോത്സവം കൊണ്ടാടും
നിശയാണിതു-നിങ്ങളറിഞ്ഞുകൊള്‍വിന്‍ !
അതുമൂലമനുവേലം സുരഗംഗയിലലയുന്നോ-
രലമാലകളേ, നിങ്ങളുയരരുതേ !...."

"ഇലപൊഴിയുംകാലത്തെക്കുളുര്‍കാറ്റിലുലഞ്ഞുല-
ഞ്ഞിവിടേക്കണയുന്നൊരാ വെള്ളിമേഘം ;
സുന്ദരിയെന്‍ 'ടനബാറ്റാത്സ്യൂമേ'തന്‍ സ്വര്‍ഗ്ഗീയ-
സന്ദേശഹരനാകാമാരറിഞ്ഞു ?..."

"പരിചിലിടയ്ക്കിടെക്കാണാന്‍ തരപ്പെടു-
മൊരുവനതല്ലല്ലോ മജ്ജീവനാഥന്‍.
അരുതിനിത്താമസം സുരഗംഗയിലൂടെയ-
ച്ചെറുതോണി തുഴ,ഞ്ഞയ്യോ, വരിക വേഗം !
വെറുതേയമാന്തത്താല്‍ വിലപെടുമീ രാത്രിയില്‍-
ക്കുറെനേരം പാഴായാല്‍ക്കഷ്ടമല്ലേ?...

              20
"നേരം കുറെ വൈകിയിസ്സുരഗംഗയിലിരവിലൊരു
നേരിയ മൂടല്‍മഞ്ഞാപതിപ്പൂ.
പുഴയിലെന്‍പ്രിയ 'ഹിക്കോബോഷി' പങ്കായത്താല്‍-
ത്തുഴയും സ്വരവീചികള്‍ സംക്രമിപ്പൂ.

              21
"തെരുതെരെക്കേള്‍ക്കുന്നൂ സുരഗംഗയിലകലെനി-
ന്നൊരുനിനദ,മനുമാത്രം വ്യക്തമായി.
അതു 'ഹിക്കോബോഷി'യത്തോണി തുഴഞ്ഞീടുമ്പോ-
ളലകള്‍ മുറിഞ്ഞുതിരുന്ന ശബ്ദമല്ലേ?

              22
"ധൃതഗതിയില്‍ മല്‍പ്രിയന്‍ തുഴയുമ്പോള്‍പ്പങ്കായ-
ക്കുതിയില്‍ത്തിരമാലകള്‍ നുറുനുറുങ്ങായ്;
ചിന്നിത്തെറിച്ചുതിരും കുളിര്‍ശീകരധാരയായ്
വന്നിടാമീയന്തിച്ചാറ്റലുകള്‍ !

              23
"നാളെമുതല്‍;ക്കഷ്ടമെന്‍ മണിമെത്ത വിരിച്ചാത്മ-
നായകനെയോര്‍ത്തോര്‍ത്തതിദീനയായി,
കഴിയണം കണ്ണീരും കയ്യുമായ്-സുപ്തിയില്‍
മുഴുകണ,മയ്യോ, ഞാനേകയായി !

              24
"സുരഗംഗയിലുടനീളം കാറ്റടികള്‍ക്കൂക്കേറി-
ത്തിരമാലകളൊട്ടുക്കുയര്‍ന്നുപോയി.
ഒരു കളിത്തോണിയില്‍ക്കയറിയൊന്നിക്കരയില്‍
വരുവാനിനിയങ്ങൊട്ടും വൈകരുതേ !
കരുതരുതേ മടി തെല്ലുമയ്യോ, ഞാനങ്ങതന്‍-
കഴല്‍പ്പിടിച്ചര്‍ത്ഥിപ്പൂ ജീവനാഥ !...."

"സ്വര്‍ലോകതരംഗിണിയിലല്ലല്ലാ, പെട്ടെന്ന-
ക്കല്ലോലമൊട്ടുക്കുയര്‍ന്നുവല്ലോ !
എന്നാലും, തെരുതെരെത്തുഴയേണ,മിരുട്ടും മുന്‍-
പിന്നെനിക്കെത്തീടണമക്കരയില്‍ !...."

"കാലം കുറെയായല്ലോ നെയ്തു ഞാന്‍ തീര്‍ത്തി,ട്ടെന്‍-
കാമുകനു നല്‍കാ, നീ മൃദുലവസ്ത്രം.
ഇന്നന്തിയിലവസാനത്തുന്നല്‍പ്പണികൂടിയും
നന്നായിച്ചെയ്തിതു ഞാന്‍ പൂര്‍ത്തിയാക്കി.
ആനന്ദദായകനാമങ്ങെത്തുന്നീലല്ലോ !-
ഞാനിനിയുമെന്തിനിദം കാത്തിരിപ്പൂ ?....
              25
"അമരാപഗയില്‍നിന്നുയരുവതെ,ന്തുഗമാ-
മലമാലകളലറീടുമിരമ്പമല്ലേ ?
മുന്നോട്ടിരുളില്‍പ്പുതഞ്ഞിരവു നീങ്ങുന്നു;-ഹാ,
വന്നിട്ടില്ലെന്നിട്ടും 'ഹിക്കോബോഷി!'

              26
"ഇലപൊഴിയുംകാലത്തെക്കുളിര്‍ക്കാറ്റു വീശുവാ-
നിടയായോരാദ്യത്തെ ദിവസംതന്നെ;
അതികുതുകമുള്‍ക്കൊണ്ടിറങ്ങിത്തിരിച്ചേ,നീ-
യമരസരിത്തീരത്തേക്കേകയായ് ഞാന്‍ !
നില്‍ക്കുകയാണിപ്പോഴും കാത്തിവിടെ ഞാ,നെന്നൊ-
ന്നുള്‍ക്കനിവാര്‍ന്നെന്‍പ്രിയനോടോതണമേ !...."

"കരുതുന്നു ഞാനിപ്പോള്‍ 'ടനബാറ്റ'യിങ്ങോട്ടു
വരികയാണവള്‍തന്‍ തോണിയിങ്കല്‍:
എന്തെന്നാല്‍ നീങ്ങുന്നുണ്ടൊരു മേഘം, കുറുകെയ-
ച്ചന്ദ്രന്തന്‍ ലളിതാസ്യമദൃശ്യമാക്കി !...."

"http://ml.wikisource.org/wiki/%E0%B4%86%E0%B4%95%E0%B4%BE%E0%B4%B6%E0%B4%97%E0%B4%82%E0%B4%97" എന്ന താളില്‍നിന്നു ശേഖരിച്ചത്