മയൂഖമാല - സഖിയോട്
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

സഖിയോട് (ടാഗോര്‍)

അനുദിനമദ്ദേഹമിങ്ങണയു-
മതുപോലെതന്നെ മടങ്ങിപ്പോകും.
അയി, സഖി, നാഥനെന്‍ വേണിയില്‍നി-
ന്നലരൊന്നു കൊണ്ടുപോയ് നല്കുക നീ.
അതു തന്നതാരെന്നു ചോദിച്ചാ,ലെ-
ന്നഭിധാന,മയ്യോ, നീ ചൊല്ലരുതേ!
ഇവിടെ വന്നെത്തും മടങ്ങിപ്പോകു-
മിവയല്ലാതദ്ദേഹം ചെയ്വീലൊന്നും.

തരുവിന്റെ താഴെപ്പൊടിമണലില്‍
തണലിലദ്ദേഹം തനിച്ചിരിപ്പൂ.
അയി, സഖി, നീയങ്ങു ചെന്നനേക-
മണിമലര്‍കൊണ്ടുമിലകള്‍കൊണ്ടും,
ഒരു വിരിപ്പദ്ദേഹത്തിന്നിരിക്കാന്‍
വിരവില്‍ വിരിച്ചുകൊടുത്തിടേണം.
അഴലേന്തിടുന്നതാണാ മിഴിക-
ളവ മമ ചിത്തത്തിലാധിചേര്‍പ്പൂ.
അരുളുന്നീലദ്ദേഹം തന്മനസില്‍
നിറയുന്നതെന്താണെന്നോടിന്നും.
ഇവിടെ വന്നെത്തും മടങ്ങിപ്പോകു-
മിവയല്ലാതദ്ദേഹം ചെയ്വീലൊന്നും!--മാര്‍ച്ച്1932