ലീലാങ്കണം - മിന്നല്‍പ്പിണര്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

(മഞ്ജരി)

മന്നിനും വിണ്ണിനും മാണിക്യദീപമേ,
മിന്നുക; മിന്നുക, മിന്നലേ നീ!

വാര്‍ഷികശ്രീ വന്നു വാനിനയയ്ക്കുമാ-
കര്‍ഷകാപാംഗകടാക്ഷംപോലെ.

സന്ധ്യാവധൂടിതന്‍ സാരിയില്‍ മിന്നുന്ന
ബന്ധുരപ്പൊന്‍കസവെന്നപോലെ-

ആകാശമേല്‍പ്പാവിലാലോലരമ്യമായ്
പാകുമലുക്കുകളെന്നപോലെ-

വ്യോമനീര്‍പ്പൊയ്കയിലപ്പപ്പോള്‍ജാതമാ-
മോമല്‍തരംഗങ്ങളെന്നപോലെ-

തഞ്ചിടുംകാര്‍മുകില്‍തന്നില്‍ പടര്‍ന്നിടും
കാഞ്ചനവല്ലിപ്പടര്‍പ്പുപോലെ-

ലാവണ്യലേശമേ, നീയുദിച്ചീടുമ്പോള്‍
മേവുന്നൂ മേദിനി മോദപൂര്‍വ്വം!

മന്നിനും വിണ്ണിനും മാണിക്യദീപമേ
മിന്നുക മിന്നുക മിന്നലേ നീ!

ആനന്ദകന്ദമേ! നിന്നെ നോക്കുമ്പോഴെന്‍
മാനസമെന്തേ തുടിച്ചീടുന്നൂ?

ഓമനയാളുടെയാമലര്‍മെയ്യില്‍ നിന്‍
കോമളിമാവല്പം ചേര്‍ന്നിരിക്കാം!

ചാമ്പലായ്ത്തീര്‍ന്നോരച്ചാരുത കാണ്മതും
ചെമ്പൊല്‍പ്രഭയോലും നിന്നില്‍മാത്രം!

മൂലമതൊന്നല്ലോ നീയുദിച്ചീടുമ്പോള്‍
മാലിനെന്‍മാനസം പങ്കുവയ്പാന്‍!

ആരമ്യവിഗഹമോര്‍മ്മവരുത്തിടാ-
നായിരിക്കാം നീയണഞ്ഞതിപ്പോള്‍.

മന്മനോനാഥ മറഞ്ഞുപോ, യിന്നിമേല്‍
നിന്മേനി കണ്ടു ഞാനാശ്വസിക്കാം!

മായായ്ക മിന്നലേ!-മാനത്തിന്‍മാറില്‍ നീ
മായായ്കില്‍ മന്മനം ശാന്തമായീ.