ചൂഡാമണി - പിന്നത്തെ സന്ധ്യയില്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

വൃദ്ധയാം വാസരമന്തിമസന്ധ്യതന്‍
മുഗ്ദ്ധമുഖം മുകര്‍ന്നെങ്ങോ മറയവേ;
നാണം കുണുങ്ങുന്ന നാലഞ്ചു താരകള്‍
വാനിങ്കലങ്ങിങ്ങൊളിച്ചുനിന്നീടവേ;
അന്തിമാരിത്തുടുമലര്‍ത്തൂമുഖം
പൊന്തിച്ചു ചുംബിച്ചിളങ്കാറ്റു പോകവേ;
കല്യാണകാരന്‍ കലേശന്റെ പാല്‍ക്കതിര്‍-
ക്കല്ലോലമെങ്ങും തുളുമ്പിപ്പരക്കവേ;
പ്രേമവിവശയായ് പാര്‍ശ്വത്തില്‍ മേവുന്ന
മാമകസ്വപ്നത്തൊടാമന്ദമോതി ഞാന്‍:
"മാകന്ദഗന്ധം പരന്നൊരിപ്പൂതോപ്പി-
ലാകമ്രകാന്തി വഴിഞ്ഞൊരിസ്സന്ധ്യയില്‍,
ഏകഹൃദന്തരായ് നില്‍ക്കുന്നിതാ നമ്മള്‍
ലോകരഹസ്യമറിയാത്ത രണ്ടുപേര്‍!
കാനനാന്തത്തിങ്കലങ്ങിങ്ങെവിടെയോ
വാണതാം രണ്ടു വിടര്‍ന്ന വെണ്‍പൂക്കളെ
ചേലിലൊരുദിക്കിലൊന്നിച്ചുചേര്‍ക്കുന്നു
ഖേലനലോലനാം ബാലസമീരണന്‍!
നിര്‍മ്മലപ്രേമോപഹാരമൊരിക്കലും
നിര്‍മ്മാല്യമാല്യമായ്ത്തീരുകില്ലോമനേ!
ഗംഗാജലത്തിനെക്കാളും പവിത്രമീ
മംഗല്യകക്കുറി മിന്നുന്ന ഫാലകം,
നാരിതന്‍ ജന്മം പുലര്‍മഞ്ഞണിഞ്ഞ, ചെ-
ന്താരിനെപ്പോലതിപാവനം, മോഹനം!
നിസ്തുലമാകും നിരഘതാരുണ്യമേ,
നിഷ്ക്കളങ്കത്വമെന്നോതുന്നു നിന്നെ ഞാന്‍!

പത്നീപദത്തെപ്പരിപൂതമാക്കുന്ന
രത്നമേ, നിന്നെ ലഭിച്ചഞാന്‍ ഭാഗ്യവാന്‍!
ലജ്ജാമധുരമാമീ മുഖത്തിങ്കലെന്‍
മുജ്ജന്മപുണ്യം നിഴലിച്ചുകാണ്മു ഞാന്‍!
ദാമ്പത്യവാടി നാം സഞ്ചിതസല്‍പ്രേമ-
സമ്പത്തുകൊണ്ടു സമുല്ലസത്താക്കുകില്‍,
ആയതില്‍മീതെയായില്ലൊരു നാകവു-
മായത്തമാകുവാന്‍ നമ്മള്‍ക്കൊരിക്കലും.

ഇക്കരിങ്കൂവളപ്പൂവെതിര്‍ക്കണ്‍മുന-
യ്ക്കുള്‍ക്കളം മാമകമിന്നലം ദുര്‍ബ്ബലം!
മന്നിലെജ്ജീവിതമന്നും, മധുവിധു-
തന്നെയായ്ത്തീര്‍ക്കാന്‍ കഴിഞ്ഞെങ്കിലോമലേ!
ഇല്ലാത്ത നാകത്തിനായ്ക്കൊണ്ടു, വായുവി-
ലില്ലിനിമേലില്‍ ഞാന്‍ കോട്ടകള്‍ കെട്ടുവാന്‍!
അര്‍ത്ഥമില്ലാത്ത രണ്ടക്ഷരമാണതു.
വ്യര്‍ത്ഥമായുത്തമേ, യുച്ചരിക്കായ്ക നാം
വിണ്ണിനായ് മന്നിനെ സന്ത്യജിച്ചീടാതെ
മന്നില്‍ നമുക്കു വരുത്തിറ്റാമ്മ് വിണ്ണിനെ!
ഇപ്പൂങ്കവിളില്‍ പരക്കും ചുവപ്പല്‍പ-
മൊപ്പിയെടുക്കിലോ മല്‍ത്തളിര്‍ച്ചുണ്ടുകള്‍!...

പൊല്‍ത്താരകങ്ങളെച്ചുംബിപ്പു നിരദ-
മുത്തുംഗശൈലം മുകരുന്നു വാനിനെ!
തമ്മില്‍ത്തഴുകിത്തളര്‍ന്നു തടിനിയില്‍
നര്‍മ്മസലാപം നടത്തുന്നു വീചികള്‍!
മായാത്തതാം രാഗമാഹാത്മ്യമല്ലല്ലി
മായാപ്രപഞ്ചം പഠിപ്പിച്ചു നമ്മളെ?
നിര്‍മ്മലപ്രേമമേ, ഞങ്ങളിരുവരും
നിമ്നരാകാവു നിന്‍ നിര്‍വ്വാണസിന്ധുവില്‍!

                             -ഫെബ്രുവരി 1934.