ശ്മശാനത്തിലെ തുളസി - മറക്കരുത്
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

രാഗവിവശനാമെന്നെപ്പിരിഞ്ഞിന്നു
പോകയാണോ നീ വിഷാദവിലാസിനി?
രാവും പകലും പിരിഞ്ഞിടാതിത്രനാള്‍
മേവി ഞാനൊത്തെന്‍ കളിത്തോഴിയായി നീ-
കണ്ടു രസിച്ചു കൈകോര്‍ത്തിരുന്നെത്രയോ
ചെണ്ടിട്ടു ചെണ്ടിട്ടടര്‍ന്ന ദിനങ്ങള്‍ നാം!
കാലമാം നൂലില്‍ നിന്‍ ചിന്തകളാലെത്ര
മാലകൊരുത്തെനിക്കേകി, നീ, മായികേ?
മാനസമിന്നും നുകരുകയാണതിന്‍
മായാതെനില്‍ക്കും മധുരപരിമളം!

ഏകാന്തതതന്‍ കനകവിപഞ്ചിയില്‍
നീകൈവിരല്‍ത്തുമ്പുരുമ്മിയമാത്രയില്‍,
അന്ധകാരത്തിലും കൂടിയൊരത്ഭുത-
ഗന്ധര്‍വ്വമണ്ഡപമായി മന്മന്ദിരം!
പൂക്കളില്‍ക്കൂടിച്ചിരിച്ചു വിടര്‍ന്നെന്നെ
നോക്കിക്കുണുങ്ങിയെന്‍ മുറ്റത്തു നിന്നു നീ.
പൂമ്പാറ്റകളാല്‍ പുടവയിളകിയെന്‍
പൂങ്കാവനത്തിലലഞ്ഞുനടന്നു നീ.
ഉദ്രസം പൊന്നിന്‍ കിനാവുകളായെന്റെ
നിദ്രയെക്കെട്ടിപ്പിടിച്ചുമ്മവെച്ചു നീ.
എന്തിനിന്നോളമെന്‍ പ്രാണനായ്ത്തന്നെയെ-
ന്നന്തികത്തിങ്കല്‍ നീ വാണു, വിലാസിനി?

നീയറിയാതില്ലൊരൊറ്റ രഹസ്യവും
നീറിപ്പുകയുമെന്‍ ജീവിതവേദിയില്‍
നമ്മളൊന്നിച്ചു നുകര്‍ന്നു ലോകത്തിലെ
നന്മയും തിന്മയും മൌനമായിത്രനാള്‍.
നിന്നിലലിഞ്ഞു ഞാ, നെന്നിലലിഞ്ഞു നീ
നിന്നിതമ്മട്ടൊരു നിര്‍വൃതിയിങ്കല്‍ നാം!

ഒട്ടും കരുതിയിരിക്കാതെ പെട്ടെന്നു
വിട്ടുമാറുന്നുവോ നീയെന്നെ മോഹിനി?
എന്നിനിക്കാണും?-വിദൂരത്തിലെത്തിയാ-
ലെന്നെ നീയക്ഷണം വിസ്മരിക്കില്ലയോ?
പോകാതെയില്ല തരമെങ്കി, ലങ്ങനെ-
യാകട്ടെ-പക്ഷേ, മറക്കരുതെന്നെ നീ!