കലാകേളി - പ്രതീക്ഷയുടെ മുന്‍പില്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

മല്‍പ്രതീക്ഷേ, മനസ്സു പുണ്ണാക്കുമെന്‍
പ്രേമവ്യഥകളെച്ചുംബിച്ചുറക്കി നീ,
ഏതേതു ഗന്ധര്‍വ്വപത്തനത്തിങ്കല്‍ നീ-
ന്നേതാദൃശം പറന്നെന്നടുത്തെത്തി നീ?
നിത്യം തളമിട്ടു നില്‍ക്കുന്നു നിന്‍ മുന്നി-
ലത്യുജ്ജ്വലങ്ങളാമായിരമാശകള്‍.
പാവകജ്ജ്വാലകള്‍പോലും തണുപ്പിച്ചു
പൂവുപോലുള്ള നിന്നംഗുലിസ്പര്‍ശനം.
സങ്കടാശൃക്കളെപ്പുഞ്ചിരിയാക്കുന്നു;
സംഗീതമാക്കുന്നു നീ വിലാപങ്ങളെ!
എന്നും വെളിച്ചമല്ലാതെ തീണ്ടുന്നില്ല
നിന്നെത്തമസ്സിന്‍ നിഴല്‍പ്പാടൊരിക്കലും!
നീയിരുള്‍ക്കാട്ടില്‍ വിടുര്‍ത്തുന്നു താരകള്‍;
നീറും വെയിലില്‍ വിരിപ്പൂ തണലുകള്‍.
മൂടല്‍ മഞ്ഞിങ്കല്‍ പുലരൊളി പാകി, നല്‍-
പ്പാടലവര്‍ണ്ണപ്പകിട്ടു വീശുന്നു നീ.
ആലിംഗനംചെയ്യു, കാലിംഗനംചെയ്യു,-
കാലോചനാതന്ത്രകാമ്യരൂപമേ!
നീതരും മുന്തിരിച്ചാറില്‍ മുഴുകി, യെന്‍
ചേതന പാട്ടുപാടട്ടെ നിരന്തരം!
മാമക ഭാവി മുഴുവനും നിന്‍ മുന്‍പി-
ലോമല്‍പ്രതീക്ഷ, സമര്‍പ്പണം ചെയ്വു ഞാന്‍!