(സാഹിത്യപഞ്ചാനനന്‍ ശ്രീ പി.കെ.നാരായണപിള്ളയുടെ സ്മാരകമായിരചിച്ചത്.)
ശ്രീമല്പ്രഭാവമേ, വെല്ക, നിന്നോര്‍മ്മയില്‍
താമരമൊട്ടായ് കഴിഞ്ഞിതെന് കൈയുകള്.
രോമാഞ്ചകഞ്ചുകം ചാര്ത്തിക്കയാണിതാ
മാമകസ്വപ്നസമാധിയിലെന്നെ നീ!
സങ്കല്പമുജ്ജ്വലജ്യോതിര്മ്മയസ്വര്ഗ്ഗ-
സങ്കേതമൊന്നിന്നൊരുക്കുന്നു മുന്നില്‍ മേ!
ഇക്കാട്ടുപൂക്കളുംകൊണ്ടര്ച്ചനയ്ക്കുനിന്
തൃക്കാല്ക്കല് നില്പിതിസ്സാഹിതീസേവകന്.
അച്ഛിന്നകൌതുകം ഭക്തനര്പ്പിക്കുമീ-
ത്തുച്ഛോപഹാരമിതംഗീകരിക്കണേ!
നിശ്ചയം കാലമേ, നിന് കൃത്യമോര്ത്തുനീ
പശ്ചാത്തപിപ്പതിലില്ലെനിക്കദ്ഭുതം.
മൃത്യുവിങ്കൈപ്പടം പൊക്കി നീ മാച്ചിത-
ച്ചിത്രം-ചിതാഗ്നിയില്ക്കൂടിച്ചിരിച്ചു നീ!
വെണ്ചാമ്പല് നോക്കി ഞെളിഞ്ഞു നീ, നിങ്ങളെ
വഞ്ചിച്ചുവെന്നേകഗര്വസമ്പോര്ത്തിയാല്;
കഷ്ട, മെന്നിട്ടു തലതിരിച്ചപ്പൊഴോ
ഞെട്ടി,യപ്പഞ്ചാസ്യഗര്ജ്ജനം കേള്‍ക്കവേ,
പായേണ്ടിവന്നു നിനക്കിദം കല്പാന്ത-
മായിടുവോളം പിടികൊടുക്കാതിനി!
വന്നില്ലധൈര്യമടുക്കുവാനങ്ങതന്
മുന്നിലെക്കത്യുഗമൃത്യുവിനും വിഭോ!
ലജ്ജയില്ലാതെപതുങ്ങിപ്പതുങ്ങിവ-
ന്നച്ചേവടിയറുത്തോടി, യെന്നിട്ടവന്.
ഭീരുവിന് ചിത്തത്തുടിപ്പന്നു കണ്ടതു
താരങ്ങള്‍ കാട്ടിത്തരുന്നതുണ്ടിപ്പൊഴും!
കാണാതെ നിര്‍ദ്ദയം ഛേദിച്ചുവെങ്കിലും
കാലുപിടിച്ചവനാണവ, നാകയാല്‍,
പിന്നീടുമാപ്പുകൊടുത്തവനൊന്നിച്ചു
മന്നിതെന്നേക്കും വെടിഞ്ഞുപോയീ ഭവാന്!
വിശ്വഹൃദയം വികസിക്കുമാറങ്ങു
വിട്ടിട്ടുപോയൊരീ വിജ്ഞാനമുദ്രകള്
ആയത്തമാക്കുവാനാരുമാശിക്കുമീ-
യായിരമായിരമുജ്ജ്വലരശ്മികള്;
നിസ്തുലതത്ത്വമുകുളസഹസ്രങ്ങള്
നിത്യം വിടരുമിച്ചിന്താസരിത്തുകള്;
ഭാരതീദേവിതന്ശ്രീകോവിലില് പ്രഭാ-
ധാരവര്ഷിക്കുമീ വാടാവിളക്കുകള്-
നോക്കിനോക്കിക്കരംകൂപ്പിനിന്നങ്ങയെ
മേല്ക്കുമേല് പൂവിട്ടുവാസ്ത്തും പ്രതിഭകള്‍!
ഡംഭാര്ന്നു ഭാഷാവനത്തില് വിമര്‍ശക-
കുംഭീന്ദ്രര്‍ നേരിട്ടണയവേ നിര്‍ഭയം
മസ്തകം തല്ലിപ്പൊളിച്ചു, വെണ്മുത്തുക-
ളെത്ര നീ വാരിയണിഞ്ഞില്ല സിംഹമേ!
ഊല്ക്കിതപ്പാര്ന്നു നിന്നട്ടഹാസങ്ങള് കേ-
ട്ടുത്തുംഗശൃംഗപരമ്പരപോലുമേ!
പ്രാണരക്ഷാര്‍ത്ഥം പറന്നുപലവഴി-
ക്കേണങ്ങ,ളാകെക്കുലുങ്ങീ വനതലം;
ആര്ക്കുസാധിക്കും മായ്ക്കാന്‍, മറക്കുവാ-
നോര്ത്താല് നടുങ്ങുമസ്സംഹാരതാണ്ഡവം!
മൃത്യുവെപ്പോലും വിറപ്പിച്ച സിംഹമേ,
നിത്യസ്തുതിയില് സമുല്ലസിപ്പൂ ഭവാന്!
ഓരോ ശതാബ്ദവും നല്കുമുപഹാര-
ഹാരങ്ങള്‍ മേന്മേലണിഞ്ഞണിഞ്ഞങ്ങനെ
വിശ്വപ്രശംസതന് വിദ്രുമവേദിയില്
വിശ്രമസൌഖ്യം നുകരൂ മഹാമതേ!
സ്വര്‍ഗ്ഗസ്ഥനാം ഭവല്‍ പാദയുഗ്മത്തില് മല്-
സ്സ്വപ്നമര്ച്ചിക്കുമിക്കാട്ടുവെണ്പൂവുകള്
മംഗളാത്മന്‍, ഭവാന്, വാത്സല്യപൂര്വ്വക-
മംഗീകരിച്ചിന്നനുഗഹിക്കേണമേ!
മാര്‍ച്ച് 1939