ശ്മശാനത്തിലെ തുളസി - തിരസ്കാരം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

പൂമരത്തണല്‍ തേടിയിന്നു നിന്‍
പ്രേമലേഖനം നോക്കി ഞാന്‍,
കണ്ടുമുട്ടിനേന്‍ ഞാനതിലൊരു
നൊന്തുകേഴുന്ന മാനസം.
ചുറ്റുപാടും പരന്ന സുന്ദര-
പുഷ്പസൌരഭവീചികള്‍
തൊട്ടുണര്‍ത്തിയെന്നുള്ളിലോരോരോ
നഷ്ടഭാഗ്യസ്മരണകള്‍.
അന്നിമേഷത്തില്‍ ഞാനറിയാതെന്‍-
കണ്ണുരണ്ടും നിറഞ്ഞുപോയ്!
വര്‍ത്തമാനത്തെവിട്ടു, ഭൂതത്തി-
ലെത്തിയെന്‍ ചുറ്റും നോക്കി ഞാന്‍.
എന്തൊരുല്ലാസമെന്തൊരാവേശ-
മെന്തൊരത്ഭുതസൌഹൃദം.
നഷ്ടമായല്ലോ തോഴി, നമ്മള്‍ക്കു
കഷ്ടമാ സ്വര്‍ഗ്ഗമൊക്കെയും.
സ്വപ്നമാത്രമിജ്ജീവിതത്തിലെ-
സുപ്രഭാതമശ്ശൈശവം,
എത്ര ശാന്ത, മതെത്ര കാന്ത, മ-
തെത്ര നിര്‍വാണദായകം!
പോയല്ലോ, മാഞ്ഞുപോയല്ലോ തോഴി
മായികമപ്രഭാങ്കുരം!

ഇപ്രണയത്തെക്കാള്‍ മധുരമാ
ണപ്പരിശുദ്ധസൌഹൃദം.
കണ്ടിടാമിതിലൊക്കെയും ചില
മഞ്ജുളാങ്കിതരേഖകള്‍;
കമ്രമാണെന്നിരിക്കിലും, ചില
കണ്ണുനീരിന്‍ കലര്‍പ്പുകള്‍.
മാനസം മടുപ്പിക്കയാണിതു
തേനിലുപ്പിട്ടമാതിരി!
ഇല്ലതിങ്കലസ്സൌഹൃദത്തിങ്കല്‍-
ത്തെല്ലുപോലുമിതൊന്നുമേ.
സുഭ്രസുന്ദരമാകമാന, മ-
തത്ഭുതപ്രഭാരഞ്ജിതം.
കിട്ടികില്ലിനിക്കിട്ടുകില്ലതിന്‍
നഷ്ടരശ്മിയെന്നാകിലും!
അപ്പരിശുദ്ധ സൌഹൃദത്തിന്റെ
പുഷ്പതല്‍പകച്ഛായയില്‍,
ചിന്തയറ്റു സുഖിച്ചു നാം രണ്ടു
പൊന്‍കിനാവുകള്‍ മാതിരി!
അപ്പരമാര്‍ത്ഥചിത്തബന്ധത്തിന്‍
മുഗ്ദ്ധകല്‍ഹാരവാപിയില്‍,
അന്നു നീന്തിക്കളിച്ചു നാം, രണ്ടു
പൊന്മരാളങ്ങള്‍ മാതിരി!....

കാലമേവം കടന്നുപോയ്, നവ-
ശ്രീലയൌവനമെത്തവേ,
രണ്ടുമാര്‍ഗ്ഗമായന്നൊരന്തിയില്‍-
ക്കണ്ടുമുട്ടിപ്പിരിഞ്ഞു നാം.
ആ ദയനീയരംഗമോര്‍ത്തിന്നും
വേദനിക്കയാണെന്മനം!

എന്തിനയ്യോ, പുതുക്കിടുന്നത-
ബ്ബ്ന്ധമിന്നിയും തോഴി നാം?
ലഭ്യമല്ലല്ലോ നമ്മള്‍ക്കന്നത്തെ-
ശ്ശുദ്ധമാം ഹൃദയോത്സവം!
തന്നിടും മാംസചോദനം നമു-
ക്കിന്നു രക്തവും മാംസവും.
നിന്നെ മന്നില്‍ മറക്കുകില്ല ഞാന്‍
നമ്മളെത്രയ്ക്കകലിലും
സുന്ദരസ്മൃതി തത്തുമന്നന്ത്യ-
സ്പന്ദനങ്ങളില്‍ക്കൂടിയും
മാമകകലാചോദനങ്ങള്‍ക്കൊ-
രോമനസ്വപ്നമായ നീ;
അല്ലിയന്നൊരെന്‍ ചിന്തയി, ലേക-
വെള്ളിനക്ഷത്രമായ നീ;
മാമകാമലഭാവനയിലെ
മാദകപ്രഭയായ നീ;
എന്നുമെന്നും ലസിക്കുമീവിധ-
മെന്മൃദുമനോവേദിയില്‍!

ഇപ്രണയം തിരസ്കരിച്ചതെന്‍-
സ്വപ്നമേ, നീ പൊറുക്കണേ!