ശ്രീതിലകം - അഴലിന്റെ നിഴലില്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

അഴലിന്റെ നിഴലില്‍

പൂത്തുനില്‍ക്കുന്ന നിലാവിന്‍ നികുഞ്ജത്തില്‍
രാത്രിവന്നാരെയോ കാത്തു നില്‍പൂ സഖീ!
ആയിരം പ്രേമവചസ്സുമായെത്തുമാ-
റാരായിരിക്കുമവളുടെ കാമുകന്‍?

വാര്‍മണിത്തെന്നല്‍ വന്നുമ്മവെച്ചങ്ങതാ
കോള്‍മയിര്‍ക്കൊള്ളുന്നു ചന്ദനത്തോപ്പുകള്‍.
പ്രേമാര്‍ദ്രയാമൊരു കിന്നരി കാണുന്ന
കോമളസ്വപ്നശകലങ്ങള്മാതിരി.
ശാരദാകാശത്തിലങ്ങിങ്ങതാ കാണ്മൂ
നേരിയ വെള്ളിവലാഹകമാലകള്‍.

അസ്വസ്ഥചിത്ത ഞാ,നെന്നാശ പായുന്ന-
തപ്രാപ്യലക്ഷ്യത്തിലായിരിക്കാം, സഖി!
വേദനിക്കുന്ന മനസ്സിനെ, സ്സാന്ത്വന-
മോതി, സ്വയമൊന്നുറക്കാന്‍ ശ്രമിപ്പൂ ഞാന്‍.
കഷ്ട, മകാരണ, മെന്നിട്ടതിപ്പൊഴും
ഞെട്ടിത്തെറിച്ചു പിടയ്ക്കയാണെന്തിനോ!
വ്ങ്കിലും, മന്ദഹസിക്കുന്നു വിണ്ണില-
ത്തിങ്കള്‍, കണ്‍ചിമ്മിച്ചിരിക്കുന്നു താരകള്‍.
രാവിന്റെ മൊട്ടിട്ട നീലിച്ച പന്തലില്‍-
ദ്ദേവനൃത്തംചെയ്തുനില്‍പൂ മുകിലുകള്‍.
എന്നാത്മദു:ഖം പകുത്തുവാങ്ങിക്കുവാ-
നൊന്നുമില്ലയേ്യാ, പരിത്യക്തയാണു ഞാന്‍!
ആരുമടുത്തെങ്ങുമില്ലാതെ നില്‍ക്കുമ-
ത്താരത്തിനെപ്പോല്‍പ്പരിത്യക്തയാണു ഞാന്‍!
ഇദ്ദേവനാടകം കണ്ടിട്ടുകൂടിയും
ചിത്തമുണരാഞ്ഞ നിര്‍ജ്ജീവയാണു ഞാന്‍!
ലോകപുഷ്പത്തിന്‍ ദളങ്ങളല്ലീശ്വര-
നേകിയ, തെന്നാ, ലെനിക്കതിന്‍ മുള്ളുകള്‍!
ജന്മാന്തരങ്ങള്‍തന്‍ പ്രേമപ്രദക്ഷിണ-
കര്‍മ്മത്തില്‍ നിത്യോപവാസിയാണു ഞാന്‍!
ഇപ്പഞ്ജരംവിട്ടു ഞാനുയരുമ്പൊഴും
മല്‍പാര്‍ശ്വ,മയോ,വിജനമാണെങ്കിലോ! ...

                               -ജനുവരി 1938