മയൂഖമാല - കാമുകന്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

കാമുകന്‍(ഒരു ജര്‍മ്മന്‍കവിതㅡഹീനോ)

അഴലുമാനന്ദവുമേകിയേകി-
യണ‌യുന്നു പോകുന്നു വത്സരങ്ങള്‍;
അടിയുന്നു പട്ടടക്കാടുതോറു-
മനുദിനമായിരം മാനസങ്ങള്‍.
അതുവിധം നശ്വരമല്ലയെന്നാ-
ലനഘാനുരാഗമതൊന്നുമാത്രം!

ഒരുദിനം മാത്രംㅡഒരിക്കല്‍മാത്രം
ഭവതിയെക്കാണാന്‍ തഴിഞ്ഞുവെങ്കില്‍ㅡ
തവഹസിതാര്‍ദ്രമാമാനനം ക-
ണ്ടിവനു മരിക്കാന്‍ കഴിഞ്ഞുവെങ്കില്‍ㅡ
അമലേ, ഞാനാനന്ദതുന്ദിലനാ-
യരുളീടും നിന്നോടന്നിപ്രകാരം:
"അവനിയിലിന്നോളം നിന്നെ മാത്ര-
മനുരാഗാരാധനചെയ്തു, നാഥേ!"

--ജൂലൈ 1934