തളിത്തൊത്തുകള്‍ - ആനന്ദം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

 
     ആനന്ദം

ആനന്ദ, മാനന്ദം-ഞാനുമതും തമ്മില്‍-
ക്കാണിയും ക്ഷോണിയിലില്ല ബന്ധം.
അഞ്ചാറു മണ്‍കട്ടകൂട്ടിക്കുഴച്ചെന്നെ
യന്‍പില്‍ നിര്‍മ്മിച്ചൊരജ്ഞാതശില്‍പി,
താരകങ്ങള്‍ക്കു കൊടുത്ത വെളിച്ചമോ
താരുകള്‍ക്കേകിയ സൌരഭമോ,
വാനിന്റെ മാറിലെ വാര്‍മഴവില്ലിന്റെ
വാരുറ്റവര്‍ണ്ണവിലാസവായ്പോ,
മിന്നല്‍ക്കൊടികള്‍തന്‍ സന്നസൌന്ദര്യമോ
മഞ്ഞുനീര്‍ത്തുള്ളിതന്‍ മഞ്ജിമയോ,
എന്തുകൊണ്ടെന്തുകൊണ്ടേകിയി?-ല്ലെങ്കിലി-
ന്നെന്തിലും മീതേ ഞാന്‍ മിന്നിയേനേ! ...

ആനന്ദ, മാനന്ദം!-വിണ്മലര്‍ക്കാവിലെ-
സ്സൂനങ്ങളേന്തിടും തൂമരന്ദം!
ആയതില്‍നിന്നൊരു കൊച്ചുകണികയീ
മായാന്ധമര്‍ത്ത്യന്റെ മാനസത്തില്‍,
വീണപ്പൊഴേക്കും, ഹാ, മണ്‍മുന്നിലൊക്കെയും
കാണുന്നതുജ്ജ്വലം കാഞ്ചനാഭം.
എന്നിട്ടുമായതിന്‍ കാന്തിപ്പകിട്ടല്‍പം
പൊന്നൊളിപൂശിയില്ലെന്നില്‍മാത്രം
അര്‍ക്കോദയം മുതല്‍ക്കന്തിയാവോളവും
മല്‍ക്കരള്‍ വായുവില്‍കോട്ടകെട്ടി
നെഞ്ചിലെച്ചെഞ്ചുടുചോരയാല്‍ ഞാനതി-
വഞ്ചിതചിത്രങ്ങളാരചിച്ചേന്‍,
എന്നിട്ടുമല്ലിലെനിക്കു ലഭിച്ചതീ-
ക്കണ്ണീര്‍ക്കണങ്ങളും വീര്‍പ്പുകളും!

ആനന്ദ, മാനന്ദം-മൂന്നക്ഷരമതെന്‍
മാനസഗന്ഥത്തില്‍ മാഞ്ഞുപോയി.
ഇത്രനാളദ്ധ്യായമോരോന്നതില്‍ പഠി-
ച്ചെത്രവേഗത്തില്‍ ഞാനാളുമാറി!
കാണ്മതില്ലിന്നുമാക്കമ്രപദം മാത്രം
കാലച്ചിതല്‍ തിന്നതായിരിക്കാം!
കാരിരുമ്പല്ലെന്‍ കരള്‍ക്കാമ്പു, പിന്നതീ-
ക്കാളുന്ന ചെന്തീയില്‍ നീറിയാലോ! ...

ആനന്ദ, മാനന്ദം!-അല്ലെങ്കി, ലാരിന്ന-
ഗ്ഗാനസുധാമൃതമാസ്വദിപ്പൂ?
പൂങ്കാവനക്കുയില്‍ നിത്യം പുലരിയില്‍
തേങ്കുളിര്‍ക്കാകളി ചെയ്തിടുമ്പോള്‍,
ചെന്തളിര്‍ത്തേങ്കുടിച്ചത്യന്തമത്തരായ്
വണ്ടിണനീളെ മുരണ്ടിടുമ്പോള്‍,
മുറ്റത്തെമുല്ലകള്‍ മൊട്ടിട്ടുചുറ്റിലും
മുറ്റും സുഗന്ധം തളിച്ചിടുമ്പോള്‍,
നാണത്തിന്‍ മൂടുപടമണിഞ്ഞെത്തിത്തന്‍-
നായിക പുഞ്ചിരി തൂകിടുമ്പോള്‍,
മുന്തിരിച്ചാര്‍ത്തിന്‍ ലഹരിയില്‍ മേളിച്ചു
ചിന്തകള്‍ മത്തടിച്ചാര്‍ത്തിടുമ്പോള്‍,
ആനന്ദ, മാനന്ദം!-മാനവമാനസം
വാനോളം വാഴ്ത്തുന്നു വീതബോധം.
എങ്കിലും വേഗം മടുത്തുപോം സര്‍വ്വവും
സങ്കടം മാത്രമേ തങ്ങിനില്‍ക്കൂ.
സങ്കല്‍പം മാത്രമാണാനന്ദം!-ചിത്തത്തില്‍

തങ്കുവതയ്യോ വിഷാദം മാത്രം! ...

                        -29-9-1932.