വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്
തേനൊലിക്കുളിര്ച്ചുണ്ടു വിടുര്‍ത്തി നല്-
പ്പൂനിലാവൊളിപ്പുഞ്ചിരി തൂകിയും,
സാരമില്ലാത്തതെങ്കിലുമെത്രയും
സാരസ്യമോലും വാക്കുകള്‍ കൊഞ്ചിയും,
ലാലസിക്കുന്നിതങ്കണത്തിങ്കലായ്
ലീലയിലാണ്ടൊരോമനപ്പൂമ്പൈതല്
കണ്ണിനാനന്ദമേകാനിതില്പ്പരം
നിര്‍ണ്ണയം മന്നിലില്ല മറ്റൊന്നുമേ!
പച്ചിലകള്‍ കടിച്ചു ചാഞ്ചാടിയും
കൊച്ചാട്ടിങ്കുട്ടിയുണ്ടു കൂട്ടാളിയായ്,
മാമരച്ചില്ലതോറും പറക്കുന്ന
കോമളങ്ങളാം മഞ്ഞക്കിളികളെ
ചെന്നു മന്ദം പിടിച്ചെടുത്തീടുവാ-
നുന്നിടുന്നു വിഫലമായിട്ടവന്!
മുന്നില്‍ പാറിക്കളിക്കും പൂമ്പാറ്റതന്‍
പിന്നിലൂടെ പതുങ്ങി നടക്കിലും,
ഒട്ടുനേരം കഴിയവേ തന്‍കൈയില്‍
കിട്ടിടാതവന് പിന്മടങ്ങീടുന്നു.
ശാന്തസുന്ദരം, ദൂരിതപങ്കില
ഹന്ത! ബാല്യത്തിന് മധുരാനന്ദം!
ഏതുനേരത്തുമാനന്ദമല്ലാതെ
ചേതസ്സിലവനില്ലല്ലലല്പവും.
വെല്ക, വെല്ക, നീ ശൈശവകാലമേ!
വെല്ക, വെല്ക, നീയാനന്ദധാമമേ!