രമണന്‍ - ഭാഗം മൂന്ന് - രംഗം നാല്
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

   രംഗം നാല്
(വനത്തിന്റെ ഒരു ഭാഗം. മദനന്‍ ആടുകളേയും തെളിച്ചുകൊണ്ട് പതിവുപോ
ലെ വനത്തിലെത്തി രമണനെ നോക്കുന്നു. കാണുന്നില്ല.അവിചാരിതമായി, അ
കാരണമായി, ഒരാശങ്ക, ഒരു ഭയം മദനന്റെ ഹൃദയത്തില്‍ കടന്നു കൂടുന്നു.
അവന്‍ രമണനെ വിളിച്ചു കൊണ്ട് കാട്ടില്‍ അങ്ങിങ്ങലഞ്ഞു തിരിയുന്നു.)

  • മദനന്‍

 രമണാ, രമണാ, നീയെങ്ങുപോയി?
സമയമിന്നേറെക്കഴിഞ്ഞുപോയി,
പതിവില്ലാതിന്നിത്ര താമസിക്കാന്‍
കഥയെന്ത് ഹാ! നിനക്കെന്തുപറ്റി?
പരിചില്‍ കിഴക്കേ മലമുകളില്‍
പകലോനുദിച്ചൊട്ടുയര്‍ന്നുപൊങ്ങി.
ദിവസവും നീയാണിങ്ങാദ്യമെത്താ-
റെവിടെ നീയിന്നു; നിന്നാടുകളും?
കുളിര്‍കാറ്റുവീശുന്നു,പൂത്തുനില്‍ക്കും
കുറുമൊഴിമുല്ലകളാടിടുന്നു;
കലിതാനുമോദം വനം മുഴുവന്‍
കളകളംപെയ്യുന്നു പൈങ്കിളികള്‍;
മലര്‍മണം വീശുന്നു;പീലിനീര്‍ത്തി
മയില്‍ മരക്കൊമ്പില്‍നിന്നാടിടുന്നു-
ഇവയെ വര്‍ണ്ണിച്ചൊരു പാട്ടുപാടാ-
നെവിടെ, രമണ, നീയെങ്ങുപോയി?

(മദനന്‍ നടന്നു നടന്ന് കാടിന്റെ ഉള്‍ഭാഗത്തേക്കുള്ള ഒരരുവിയുടെ കരയിലെത്തുന്നു. പെട്ടെന്നു മുന്‍പില്‍ അരുവിയിലേക്കു ചാഞ്ഞ മരക്കൊമ്പില്‍ തൂങ്ങിമരിച്ചുകിടക്കുന്ന രമണനെ കാണുന്നു. ശരീരം കിലുകിലാ വിറയ്ക്കുന്നു. തലകറങ്ങി ബോധരഹിതനായി നിലമ്പതിക്കുന്നു. അപ്പൊഴേക്കും മറ്റുചിലഇടയന്മാരും അവിടെ എത്തിച്ചേരുന്നു. എല്ലാവരും ഇടിവെട്ടേറ്റപോലെ സ്തബ്ധരായിത്തീരുന്നു; ഏതാനുംപേര്‍ മദനനെ ശീതോപചാരങ്ങള്‍ ചെയ്യുന്നു. ക്രമേണ അവനു ബോധക്ഷയം വിട്ടുമാറുന്നു. അവന്‍ വീണ്ടും രമണനെ ഉറ്റു
നോക്കുന്നു. കഴുത്തില്‍ ഒരു പൂമാല; നീണ്ടുമരവിച്ച ശരീരം; ഒരു വശത്തേക്കല്‍പം ചരിഞ്ഞു കിടക്കുന്ന ശിരസ്സ്; വസ്ത്രമാകമാനം രക്തമയം. മദനന്റെഹൃദയം ദ്രവിക്കുന്നു. അവന്‍ ഒരു ശിശുവിനെപ്പോലെ വാവിട്ടു കരയുന്നു. മറ്റിടയന്മാര്‍ ആശ്വസിപ്പിക്കുന്നു. അല്‍പനേരം കഴിഞ്ഞ്)

  • മദനന്‍

വിശ്വസിക്കാവതോ, കാണുമിക്കാഴ്ച;-ഹാ
വിശ്വമേ, കഷ്ടം ! ചതിച്ചു,ചതിച്ചു നീ;
സത്യമോ?-സത്യമാണയ്യോ! നടുങ്ങുന്ന
സത്യം;- ഭയങ്കരം! പൈശാചസംഭവം!
അങ്ങതാ തൂങ്ങിക്കിടപ്പൂ മരക്കൊമ്പില്‍,
നിത്യപ്രപഞ്ചമേ, നിന്മഹാപാതകം!
ആഹാ! ദയനീയ, മയ്യോ! ഭയാനകം
സാഹസം!- എന്തു; നീ നിര്‍ജ്ജീവമായിതോ?
സുന്ദരഗാനപ്രചോദനം വിങ്ങുമാ
സ്പന്ദനമെല്ലാം നിലച്ചുകഴിഞ്ഞുവോ?
അക്കണ്ഠനാളത്തില്‍ നിന്നൊരുനേരിയ
ഗദ്ഗദംപോലുമിനിക്കേള്‍ക്കുകില്ലയോ?
ആ നാവിനിമേലനങ്ങുകില്ലേ, കഷ്ട-
മാ മനം മേലില്‌ത്തുടിക്കുകില്ലേ, ലവം?
എല്ലാം കഴിഞ്ഞോ! കഴിഞ്ഞോ-കഴിഞ്ഞുപോ-
യെല്ലാം കഴിഞ്ഞു!-കഴിഞ്ഞു സമസ്തവും!
അയ്യോ! വെറുങ്ങലിച്ചല്ലോ - മമോത്സവം!
വയ്യ മേ, വയ്യ മേ, കണ്ടിതു നില്‍ക്കുവാന്‍!
 * * * *

 നോക്കൂ ജഗത്തേ, ഞെരിച്ചു ഞെക്കിക്കൊന്നു
പേക്കൂത്തില്‍ നീയാക്കളകോകിലത്തിനെ!
തൂങ്ങിക്കിടപ്പൂ മരവിച്ചൊരു കയര്‍-
ത്തുമ്പിലൊരത്യന്തമോഹനജീവിതം!
ചമ്പനീര്‍പ്പൂപോല്‍ വിരിഞ്ഞുവരുന്നോരു
സമ്പൂതസൌമ്യനവയുവജീവിതം!
പുഞ്ചിരിക്കൊള്ളാന്‍ തുടങ്ങുന്നതിന്‍ മുന്‍പു
നെഞ്ചിട പൊട്ടിത്തകര്‍ന്നൊരു ജീവിതം
ഇങ്ങിനിയെത്രകൊതിക്കിലും കിട്ടാത്ത
സംഗീതസാന്ദ്രമൊരോമനജ്ജീവിതം!
ഇന്നിതിനെത്തച്ചുകൊന്നൊരപ്പാതക-
മെന്നിനിത്തീരും പ്രപഞ്ചവേതാളമേ?
അജ്ജീവരക്തമൊരുതുള്ളിയില്ലാതെ-
യൊകെയുമൂറ്റിക്കുടിച്ചുകഴിഞ്ഞു നീ!

 പിന്നെയും മന്ദഹസിക്കയോ നീ?-നിന്റെ
നിന്ദ്യചരിത്രം പരമഭയങ്കരം!
അപ്രാണവാതം വലിച്ചെടുത്തിട്ടു നീ
ജല്പിപ്പു വീണ്ടും നിരര്‍ത്ഥമെന്തൊക്കെയോ!
അസ്ഥികൂടങ്ങളാല്‍ നിന്‍ വിജയോത്സവ-
നര്‍ത്തനമണ്ഡപം സജ്ജീകരിപ്പു നീ!
കഷ്ടമിനിയും തലപൊക്കി നോക്കുവാന്‍
ലജ്ജയാവാത്തതാണദ്ഭുതം, ലോകമേ!
അത്താമരക്കുരുന്നയ്യോ! കരിഞ്ഞുപോയ്
വിത്തപ്രതാപമേ, നിന്നിടിവെട്ടിനാല്‍!
അക്കൊച്ചുഹംസം ചിറകറ്റടിഞ്ഞുപോയ്,
ദുഷ്കുബേരത്വമേ, നിന്‍ കരവാളിനാല്‍!
ഭാസിച്ചിരുന്നൊരപ്പൂമൊട്ടരഞ്ഞുപോയ്
ഹാ! സമുദായമേ, നിന്‍ കാല്‍ച്ചവിട്ടിനാല്‍!

(മദനന്റെ മുന്നം വ്യസനസമ്മിശ്രമായ കോപം
കൊണ്ടുപൂര്‍വ്വാധികം രക്താഭമായിത്തീരുന്നു.)

 അല്ലെങ്കിലെന്തിനവയെപ്പഴിപ്പു ഞാ-
നില്ലില്ല-ദുഷ്ടേ, ഭയങ്കരിയാണു നീ!
ചന്ദ്രികയല്ല, വിഷമയധൂമിക
ചിന്തുന്നൊരദ്ധൂമകേതുവാകുന്നു നീ,
നീയാണു, നിര്‍ദ്ദയേ, ഹാ! രക്തയക്ഷിയാം
നീയാണു, കൊന്നതിഗ്ഗന്ധര്‍വ്വബാലനെ!
ആ മനസ്സിന്‍ ചെങ്കുരുതിയാല്‍, നിന്‍ നിന്ദ്യ-
കാമചിത്രത്തിന്നു ചായം പുരട്ടി നീ!
കത്തുമൊരാത്മാവുകൊണ്ടു നിന്‍ മച്ചിലെ-
കസ്തൂരികത്തിരി കഷ്ടം! കൊളുത്തി നീ!
പൊട്ടിത്തകര്‍ന്നോരിളം മനസ്സാല്‍ നിന്റെ
പട്ടുകിടക്കയില്‍പ്പൂവിട്ടു ദുഷ്ട നീ
കണ്ടാല്‍ നടുങ്ങും!-ഭയാനകേ, നിന്മുഖം
കണ്ടാല്‍ നടുങ്ങും-ജഗത്തിതെന്നുമേ!

 നിങ്കുബേരത്വവും നീയും!-മതി,നിന്റെ
സങ്കല്‍പ്പവും നിന്‍ സുദൃഢശപഥവും
ഹാ! വെറും കാമത്തില്‍നിന്നുമുയര്‍ന്ന നിന്‍-
ഭാവനാമാത്രപ്രണയവും വേഴ്ചയും;
ലജ്ജയില്ലല്ലോ നിനക്കു!-നീ നോക്കുകൊ-
ന്നിജ്ജഡം!-നീയിജ്ജഡത്തെയറിയുമോ?
പണ്ടുനിന്‍ കാമസങ്കല്‍പലതയിലെ-
ച്ചെണ്ടായി നീയോമനിച്ച താണിജ്ജഡം-
ഇന്നലെയോളം നിനക്കുവേണ്ടിച്ചുടു-
കണ്ണീരില്‍ മുങ്ങിക്കുളിച്ചതാണിജ്ജഡം-
നിര്‍മ്മലരാഗവ്രതത്തിലീനാളൊക്കെ
നിന്‍ നാമമന്ത്രം ജപിച്ചതാണിജ്ജഡം-
നിന്നെക്കുറിച്ചുള്ള സംഗീതമിത്രനാള്‍
നിന്നുതുളുമ്പിക്കളിച്ചതാണിജ്ജഡം-
എത്രനാള്‍ ലോകം തപസ്സുചെയ്തീടിലും
കിട്ടാത്തൊരദ്ഭുത സിദ്ധിയാണിജ്ജഡം-
ഹാ! നിന്റെ നിഷ്ഠൂരമാനസം സ്പന്ദിത-
പ്രാണനെപ്പാടേ കവര്‍ന്നതാണിജ്ജഡം-
ചെറ്റുമശൂദ്ധമാക്കാതെ നിന്‍ ജീവിത-
മിത്രനാള്‍ കാത്തുരക്ഷിച്ചതാണിജ്ജഡം-
ലജ്ജയില്ലല്ലോ നിനക്കു!- നീനോക്കുകൊ-
ന്നിജ്ജഡം!-നീയിജ്ജഡത്തെയറിയുമോ?
  (വീണ്ടും വാവിട്ടു കേണുകൊണ്ട്)
 അയ്യോ! രമണ, സഹോദര, പോയി നീ!
വയ്യിനി മേലില്‍ വരില്ല വരില്ല, നീ!
എന്നേക്കുമായ് നിന്‍മൃദുമനസ്പന്ദങ്ങ-
ളോന്നോടെ നിന്നു!-മരവിച്ചുകഴിഞ്ഞു നീ!
ദുസ്സഹം, ദുസ്സഹം!-അയ്യോ!-മമ മനം
മത്സന്ന, നീറുന്നു!-മൂര്‍ച്ഛിച്ചിടുന്നു ഞാന്‍!...

(വേച്ചു വേച്ചു നിലത്തുവീഴുന്നു.-ഒരു
വൃക്ഷത്തിന്മേല്‍ ചാരിയിരുന്നുകൊണ്ട്)
കൂരിരുട്ടത്തുനിന്നേതോ വെളിച്ചത്തെ
വാരിപ്പുണരാന്‍ ചിറകുവിടര്‍ത്തി നീ.
നീയുമഹോ നിന്റെ ദുഃഖ സംഗീതവും
മായാപ്രപഞ്ചത്തില്‍ മാഞ്ഞിതെന്നേക്കുമായ്!
അള്ളിപ്പിടിക്കയാണിന്നെന്‍ മനസ്സിനെ
മുള്ളുകള്‍കൊണ്ടു പൊതിഞ്ഞൊരിസ്സംഭവം!

 അക്കയറിന്റെ കുരുക്കു നിന്‍ കണ്ഠത്തെ
ഞെക്കിഞെക്കി സ്വയം വീര്‍പ്പുമുട്ടിക്കവേ;
ഉല്‍ക്കടപ്രാണദണ്ഡത്തില്‍പ്പിടഞ്ഞു കാ-
ലിട്ടടിച്ചയ്യോ! കിടന്നു പുളയവേ,
ആദ്യം വലിഞ്ഞു നിന്മെയ്, മന്നിനോടൊരു
ചോദ്യചിഹ്നംപോല്‍, സ്വയം ചമഞ്ഞീടവേ!
അന്ത്യമൊരുഗമാമാശ്ചര്യചിഹ്നമായ്
നിന്‍ തനു നീണ്ടു മരവിച്ചു തൂങ്ങവേ;
എമ്മട്ടുപൊട്ടിത്തെറിക്കാതെ നിന്നു, ഹാ!
കര്‍മ്മപ്രപഞ്ചമേ, നീ നിര്‍വ്വികാരമായ്!
തുണ്ടുതുണ്ടായിച്ചിതറിയതില്ലല്ലി
വിണ്ടലമിക്കൊടുംകാഴ്ച കണ്ടിട്ടുമോ?
നിന്നെയതിനു വിലക്കിയതല്ലല്ലി
മുന്നിലായ് നില്‍ക്കുമിക്കാടും മലകളും?

 പണ്ടൊക്കെയോരോ കവനാങ്കുരങ്ങള്‍ നീ
കണ്ടിരുന്നോരീ മരതകക്കാടുകള്‍,
നീയെത്രമാത്രം പ്രിയപ്പെട്ടതായിട്ടു
നീളവേ പാടിപ്പുകഴ്ത്തിയ കാടുകള്‍,
മര്‍മ്മരഗാനംപൊഴിച്ചുനിന്നോ, ഹന്ത!
നിന്നെ ത്യജിച്ചൊരപ്രാണമരുത്തിനാല്‍.
 * * *
കഷ്ടം ! നിണത്തില്‍ കലാശിച്ചു, നീ ചൊന്ന-
മട്ടിലയ്യോ! നിന്നനുരാഗനാടകം !
ദൂരത്തുനിന്ന മരണത്തിനെ സ്വയം
ചാരത്തണച്ചു ചെങ്കുങ്കുമംചാര്‍ത്തിനീ!
സാഹസമായി സഹിക്കുവാനാകാത്ത
സാഹസമായി, നീ ചെയ്തതെന്‍ സോദര!
മന്നിന്‍ മലീമസരംഗത്തിലിന്നിതാ,
നിന്നെച്ചതിച്ചു നിന്നാദര്‍ശജീവിതം!
നിസ്സാരമായൊരു പെണ്ണിനുവേണ്ടി നിന്‍-
നിസ്തുല ജീവിതം ഹോമിച്ചെരിച്ചു നീ!
കഷ്ടമായ്പ്പോയി,സഹോദരാ, നീചെയ്ത-
തെ,ത്രയിനി ഞാന്‍ കരകിലെന്തേ ഫലം?

 നിസ്സ്വാര്‍ത്ഥനാം നീ നിരൂപിച്ചപോ,ലത്ര-
നിസ്സാരമായിരുന്നില്ല നിന്‍ ജീവിതം.
ഹന്ത! നിനക്കല്ല, ജഗത്തിനാണായതിന്‍-
ഹാനി!- ലോകത്തിന്റെ ആവശ്യമാണു നീ!

 കുഞ്ഞുമേഘങ്ങളൊളിച്ചുകളിക്കുമാ
മഞ്ഞണിക്കുന്നിനും കാടിനും പിന്നിലായ്
അന്തിമേഘങ്ങള്‍ നിരന്നു, നീലാംബര-
മന്തരംഗം കവര്‍ന്നുല്ലസിച്ചീടവേ,
എത്രദിനാന്തത്തിലിപ്പുഴവക്കില്‍ വ-
ന്നുദ്രസം തൈത്തെന്നലേറ്റേറ്റിരുന്നു നാം!
അന്നൊക്കെ,യെന്നോടു വര്‍ണ്ണിച്ചു വര്‍ണ്ണിച്ചു
ചൊന്നു നിന്നാത്മരഹസ്യങ്ങളൊക്കെയും
ആയിരം മിന്നല്‍ക്കൊടികളിളക്കി വ-
ന്നാവതെന്തിപ്പോള്‍ ദഹിപ്പിച്ചുമന്മനം!
നിന്നനുരാഗമിതില്‍ക്കലാശിക്കുമെ-
ന്നന്നൊന്നുമല്‍പ്പവും ശങ്കിച്ചതില്ലഞാന്‍!
അസ്ഥാനരാഗങ്ങളെല്ലാമിതുവിധ-
മശ്രുകുടീരം ചമയ്പ്പവയായിടാം;
എന്നല്ലൊടുവിലാത്മാഹുതി കാണാതെ
പിന്മടങ്ങീടാതിരിപ്പവയായിടാം.

 നീ വിചാരിച്ചപോല്‍ പൂവിരിയിട്ടത-
ല്ലീ വിശ്വരംഗത്തു ജീവിതപ്പാതകള്‍;
കാപട്യകണ്ടകം, കര്‍ക്കശത്വക്കൊടും-
കാളാശ്മഖണ്ഡം നിറഞ്ഞതാണിസ്ഥലം!
ഞെട്ടിത്തെറിക്കും വിടരാന്തുടങ്ങുന്ന
മോട്ടുപോലുള്ള മനസ്സിതു കാണുകില്‍
സുസ്ഥിരനിസ്സ്വാര്‍ത്ഥരാഗമില്ലെങ്ങെ,ങ്ങു-
മൊക്കെച്ചപലമാണെല്ലാം കപടവും!
പൊന്നും പണവും പ്രതാപവും മാത്രമാ-
ണെന്നും ഭരിപ്പതീ വിശ്വരംഗത്തിനെ,
ഓടക്കുഴലുകൊണ്ടാവശ്യമില്ലിങ്ങു;
പാടുന്നകൊണ്ടില്ലൊരു ഫലമെങ്കിലും!
നാണയത്തുട്ടിന്‍ കിലുക്കത്തിലേതൊരു
വേണുസംഗീതവും ഗണ്യമല്ലേതുമേ!
ഇപ്പരമാര്‍ത്ഥമറിയാതെ പെട്ടെന്നു
ഞെട്ടറ്റു വീണു നീ പൊല്പ്പനീര്‍പുഷ്പമേ!
നിശ്ചയമാണു, നിന്‍ പട്ടടയെക്കൂടി
നിര്‍ദ്ദയം കുറ്റപ്പെടുത്തും ജഗത്തിനി!
സത്യമറിയേണ്ട ഭാരമതിനില്ല,
കുറ്റപ്പെടുത്തിപ്പുലമ്പുകയെന്നിയേ!

 ചന്ദ്രിക നിന്നെ തിരസ്കരിച്ചെങ്കിലും
മന്നില്‍ നീ യെന്നേക്കുമായ് മറഞ്ഞെങ്കിലും
നിന്‍ നാമമെന്നുമലയടിച്ചാര്‍ത്തിടും
സുന്ദരകാവ്യാന്തരീക്ഷത്തിലെപ്പൊഴും!
കല്‍പ്പാന്തകാലംവരേക്കും ലസിച്ചിടും
ദുഃഖമഗ്നം നിന്‍ മധുരഗാനാമൃതം
കോരിക്കുടിച്ചുജഗത്തതു നിത്യവും
കോള്‍മയിര്‍ക്കൊണ്ടു നിന്‍ നാമം സ്മരിച്ചിടും.
ഹാ! മരിച്ചാലു, മനശ്വരനായ്ഗ്ഗാന-
സീമയില്‍ നില്‍പ്പൊരു ഗന്ധര്‍വ്വനാണു നീ!

 നിന്നന്ത്യവിശ്രമ സ്ഥാനത്തു നമ്മുടെ
നിര്‍മ്മലസൌഹൃദസ്മാരകലക്ഷ്യമായ്,
അക്കല്ലറമേല്‍ ജഗത്തിനു കാണുവാ-
നിത്രയും കൂടിക്കുറിച്ചുകൊള്ളാട്ടെ ഞാന്‍;

 "സ്നേഹദാഹത്താല്‍ പ്പൊരിഞ്ഞുപൊരിഞ്ഞൊരു
മോഹനചിത്തമടിഞ്ഞതാണിസ്ഥലം
ഇങ്ങിതിനുള്ളില്‍ക്കിടക്കുന്നതുണ്ടൊരു
സംഗീതസാന്ദ്രമാം ശോകാപ്ത ജീവിതം-
മന്ദഹസിക്കാന്‍ തുടങ്ങുന്നതിന്‍ മുമ്പു
മന്നില്‍ ചവിട്ടില്‍ ചതഞ്ഞോരു ജീവിതം-
വിത്തപ്രതാപവും നിര്‍ദ്ദയനീതിയും
ഞെക്കിഞെരിച്ചു തകര്‍ത്തോരു ജീവിതം!

 ആദര്‍ശശുദ്ധിതന്‍ നിശ്ശബ്ദഗദ്ഗദം-
ഹാ! തപ്തചിന്തതന്‍ രാഗസംഗീതകം-
എന്നും തുളുമ്പിക്കിടക്കുമിതിന്നുള്ളില്‍
മന്നില്‍ മലിനത തേഞ്ഞു മായുംവരെ!
മാനസം കല്ലുകൊണ്ടല്ലാത്തതയുള്ള
മാനവരാരാനുമുണ്ടെന്നിരിക്കുകില്‍
ഇക്കല്ലറതന്‍ ചവിട്ടുപടിയിലൊ-
രല്പമിരുന്നു കരഞ്ഞേച്ചു പോകണേ!
അസ്സൌഹൃദാശ്രുക്കള്‍ കണ്ടുകൊണ്ടെങ്കിലു-
മാശ്വസിക്കട്ടെയൊന്നിപ്രേമഗായകന്‍..."