ഞാന്‍ ഈ കവിതയെഴുതിയത് നിയമ പഠനത്തിനായി മദിരാശിയില്‍ താമസിക്കുന്നകാലത്താണ് . . . . . .ചില കാരണങ്ങളാല്‍ ഞാന്‍ ഒട്ടേറെ മനക്ലേശം അനുഭവിച്ചിരുന്ന ഒരു സന്ദര്‍ഭത്തിലാണ് ഏതാണ്ട് ആത്മകഥാ രൂപമായ ഈ കൃതി എഴുതിയത്. ഇതില്‍ ഞാന്‍ ആക്രമിച്ചിട്ടുള്ള വ്യക്തികളോട് വ്യക്തിപരമായ യാതൊരു വിദ്വേഷവും എനിക്കില്ലതന്നെ. ഈ കൃതിയില്‍ അക്കാലത്തെ എന്റെ മനോവ്യാപാരങ്ങള്‍ അതേപടി കാണാവുന്നതാണ്.
ചങ്ങമ്പുഴ കൃഷ്ണപിള്ള.
അജിതാനിലയം, കാനാട്ടൂകര, തൃശൂര്‍, 25-6-1121.
ഒന്ന്
നീളവേ ചില്ലൊളിപ്പുള്ളികള്‍ മിന്നു, മാ
നീലിച്ചപീലി നിവര്‍ത്തി നിര്‍ത്തി;
കണ്ണഞ്ചിടും സപ്തവര്‍ണ്ണങ്ങളൊത്തു ചേര്
ന്നെണ്ണയൊലിക്കും കഴുത്തു നീട്ടി,
പത്തിവലിച്ചുവിരിച്ചു വാലിട്ടടി-
ച്ചത്രയ്ക്കവശമായ് വാപിളര്‍ത്തി,
മിന്നല്‍ക്കൊടിപോല്‍ പിടയുമാ നാവുകള്‍
മുന്നോട്ടു മുന്നോട്ടു ചീറ്റി നീട്ടി,
ഉല്‍ക്കടപ്രാണദണ്ഡത്താല്‍പ്പുളയു,മൊ-
രുഗസര്‍പ്പത്തെയും കൊക്കിലേന്തി;
തഞ്ചത്തില്‍ തഞ്ചത്തില്‍ തത്തി,ജ്ജ്വലിക്കുന്ന
മഞ്ചാടിച്ചെങ്കനല്‍ക്കണ്ണുരുട്ടി;
ആരാലെന്മുന്നി,ലൊരാണ്‍മയിലായി വ-
ന്നാടി നില്ക്കുന്നു, ഹാ, പാപമേ, നീ!
ഒട്ടല്ല കൌതുകം മാറോടു ചേര്‍ത്തൊന്നു-
കെട്ടിപ്പിടിക്കാനെനിക്കു നിന്നെ.
രക്തമൊലിക്കട്ടെ, കൂര്‍ത്തൊരക്കൊക്കിനാല്‍
കൊത്തുക കൊത്തുകെന്‍ മാനസം നീ!
വീട്ടിലില്ലാനന്ദം, നാട്ടിലില്ലാനന്ദം
വീര്‍പ്പുമുട്ടീടുന്നിതെന്‍ ഹൃദന്തം.
കൊത്തിവലിക്കുകതില്‍നിന്നുമാ ജീവ-
രക്തം മുഴുവനും ചോര്‍ന്നുപോട്ടെ.
എങ്കില്‍, ക്കനിഞ്ഞതു ചെയ്കില്‍ നീ, യിന്നെനി
യ്ക്കെന്തെന്തൊരാശ്വാസമായിരിക്കും!
എല്ലാരുമെന്നെ വെറുക്കുന്നു-ഞാനുമി-
ന്നെല്ലാറ്റിനേയും വെറുത്തിടുന്നു.
എന്മനോഭാവത്തോടൈക്യത നേടുവാന്‍
സമ്മതമുള്ളവരാരുമില്ല
എന്നപോല്‍, മറ്റുള്ളോര് കൊട്ടിടുംപോലാടി
നിന്നിടാന് ഞാനുമൊരുക്കമില്ല.
ഭീകരമാമീപ്പൊരുത്തമില്ലായ്മയാല്‍
ലോകമെനിക്കു നരകമായി.
ഭീകരമാമീപ്പൊരുത്തമില്ലായ്മയാല്‍
ലോകത്തിനു ഞാന്‍ ചതുര്‍ത്ഥിയായി.
തെല്ലുനാളല്ലാതെ കൂടിക്കഴിഞ്ഞീടു-
കില്ലെന്നോടൊത്താരുമെന്നുമെന്നും!
നീ മാത്രമുണ്ടെനിക്കെന്നടുത്തെപ്പൊഴും
നീരസം തോന്നാതെ തങ്ങിനില്ക്കാന്.
ഇല്ലെനിക്കാരു;മീ ലോകത്തില്‍ നീയല്ലാ-
തില്ലെനിക്കാരും, ഞാന്‍ നിസ്സഹായന്!
ഇന്നതുകാരണ,മെന്തിലും മീതെയായ്
മന്നില്‍ ഞാനിഷ്ടപ്പെടുന്നു നിന്നെ!
ഉത്തമമിത്രമേ, സങ്കോചമെന്തിനു
കോത്തിക്കുടിച്ചുകൊള്കെന്മനം നീ!!..
രണ്ട്
ആദികാലങ്ങളി,ലാദര്‍ശരശ്മികള്‍-
ക്കാതിത്ഥ്യമേകി ഞാനെന്മനസ്സില്‍,
ആ നവയൌവനരംഗത്തില്‍ സര്‍വ്വവു
മാനന്ദസാന്ദ്രങ്ങളായിരുന്നു.
ഉന്നതമാകുമാ മാമകലക്ഷ്യത്തില്‍
മിന്നിത്തിളങ്ങിയ താരകങ്ങള്‍
ഓമല്‍ക്കരങ്ങളലെന്നെത്തഴുകവേ
കോള്‍മയിര്‍ക്കൊണ്ടു ഞാന്‍ പാട്ടു പാടി,
അന്നെന്റെ സങ്കല്പം കാണിച്ചലോക,മീ
മന്നിലും കാണാന്‍ ഞാന്‍ വെമ്പിനോക്കി.
എന്തൊരു കാഴ്ചയാണെന്മുന്നില്‍ ഞാന്‍ കണ്ട-
തെന്തൊരത്യുഗമാം വൈപരീതം!
തോല്‍വിയിലെന്നെപ്പരിഹസിച്ചാരന്നു
തോളോടുതോള്‍ചേര്‍ന്ന തോഴര്‍ പോലും.
ദാരിദ്ര്യകൂപത്തിലാണെന്നിരിക്കിലും
സൂരാഭ ചൂടുമെന്നന്തരംഗം,
സ്വര്‍ഗ്ഗീയസ്നേഹത്തില്‍ക്കെട്ടിപ്പടുത്തൊരാ-
സ്വപ്നസൌധങ്ങളടിതകര്ന്നു.
എന്തു പരാജയം, ഹന്ത, ഞാനെമ്മട്ടെന്‍
സന്താപബാഷ്പമടക്കിനിര്‍ത്തും?
എന്നല്ലൊരാദര്ശലോലനായാവിധ-
മെന്മുന്നില് നിന്നൊരെന്നുറ്റതോഴന്‍,
ചാടിമറയുന്നു കാലപ്രവാഹത്തി-
ലാടലിയന്നു ഞാന്‍ നോക്കിനില്‍ക്കെ!
മായാമരീചികയായ് സ്വയം മാറുന്നു
മാനസമോഹനശ്രീമയൂഖം.
കമ്പിതഗാത്രനായ് സ്തംഭിതചിത്തനാ-
യമ്പരന്നാവിധം നില്ക്കുമെന്നെ,
തോളില്‍ക്കുലുക്കി പ്രസന്നനാം മറ്റൊരു
തോഴന് പറകയാണിപ്രകാരംഃ-
"എതിനാണീ മന്നിലാദര്‍ശസ്വപ്നങ്ങള്‍
ചിന്തിച്ചു നോക്കൂ നീ മത്സുഹൃത്തേ!
തങ്കക്കിനാക്കളെപ്പൂവിട്ടു പൂജിച്ച
നിന്‍കളിത്തോഴനിന്നെങ്ങുപോയി?
നീയുമമ്മട്ടില്‍ 'മരീചിക' തന് പിമ്പേ
പായുകയാണയ്യേ, മാന്‍കിടാവേ!
ഈ മട്ടിലാണെങ്കില്‍ നീയുമൊരിക്കല്‍ നി-
ന്നോമനത്തോഴനെപ്പിന്തുടരും.
ഗാനത്തില്ക്കാണുന്നതല്ല നാം കണ്മുന്നില്-
ക്കാണുമീ ലോകമെന്നോര്‍മ്മവേണം.
അങ്ങോട്ടു നോക്കുകക്കാനനപ്പച്ചകള്‍
തിങ്ങുന്ന ശൈലത്തിന്‍ശൃംഗകത്തില്‍,
വല്ലികള്‍ പൂത്തുതളിര്‍ത്തിടതൂര്‍ന്നുല-
ഞ്ഞുല്ലസിക്കുന്ന നികുഞ്ജമൊന്നില്‍,
മാണിക്യവീണയും മീട്ടിയിരിക്കുന്ന
മാനസമോഹിനിയുണ്ടൊരുത്തി.
ഉല്‍ക്കര്‍ഷദേവതയാണവ,ളുണ്ടുള്ളി-
ലുല്‍ക്കടപ്രേമമവള്‍ക്കു നിന്നില്‍!
സ്വപ്നവും കണ്ടിങ്ങിരുന്നാല്‍, നീയെമ്മട്ട-
സ്വര്‍ഗ്ഗീയരംഗത്തില്‍ ചെന്നുചേരും?
ആകര്‍ഷകങ്ങളാമായിരം സിദ്ധിക-
ളേകിയിട്ടുണ്ടു നിനക്കു ദൈവം.
നീയവ പാഴില്‍ നശിപ്പിക്കയാ,ണോരോ
മായികസ്വപ്നത്തിന്‍ കൂട്ടുകൂടി.
പാടിയാല്‍മാത്രം മതിയോ പരഭൃതം
തേടണ്ടേ മാകന്ദപല്ലവങ്ങള്?
ഉല്‍ക്കര്‍ഷം നിന്നെ വിളിക്കുന്നു കൈകാട്ടി-
യുള്‍ക്കിതപ്പാര്‍ന്നു നീയിങ്ങു നില്പൂ!
സ്വല്പവും ക്ഷുത്തടങ്ങീടുകില്ലാര്ക്കു, മാ-
സ്വപ്നാമൃതംകൊണ്ടെന്നോര്‍മ്മവേണം.
പ്രായോഗികത്വത്തിന് പാത പറ്റിച്ചേര്‍ന്നു
നീയവിടേയ്ക്കു കുതിച്ചുചെല്ലൂ.
കല്ലുണ്ടു, മുള്ളുണ്ടു, കാനനവീഥിയാ-
ണെല്ലാം സഹിക്കാനൊരുങ്ങണം നീ.
പാതിവഴി കഴിഞ്ഞെത്തിയാല്‍,പ്പിന്നത്തെ-
പ്പാതയില്‍പ്പുഷ്പിതപാദപങ്ങള്‍,
ഞെട്ടറ്റുതിര്‍ന്നിടും പൂക്കളാല്‍, നീളെ, നല്-
പ്പട്ടുപാവാടവിരിച്ചിരിക്കും!
വന്നെതിരേറ്റിടും നിന്നെയാ മോഹിനി
പൊന്നിന് പൂന്താലവും കയ്യിലേന്തി
ഒട്ടും മടിക്കേണ്ട, നീ നിന്മിനുത്തൊരീ-
പ്പട്ടാടയെല്ലാമഴിച്ചു മാറ്റൂ!
പൊട്ടാത്തിരുമ്പിനാല്‍ത്തീര്‍ത്തൊരീയെന്‍പട-
ച്ചട്ട നീ വാങ്ങിച്ചെടുത്തു ചാര്‍ത്തൂ!
തെല്ലുനാള്ക്കുള്ളില് നീ സൌഭാഗ്യശൃംഗത്തി-
ലുല്ലസിക്കും, നീ യശസ്വിയാകും.
ഇന്നേവം നിന്നെയവഗണിച്ചീടുവോ-
രന്നു നിന്നെക്കാണ്‍കെ കൈകള്‍ കൂപ്പും!
യുക്തിയും ബുദ്ധിയും യോജിച്ചൊരത്ഭുത-
ശക്തി നിനക്കുണ്ടധീനമായി.
പാരില്‍, നീ, യീവെറുമാലസ്യമൊന്നിനാല്‍
പാഴിലതയ്യോ കളയരുതേ!
നന്മവരട്ടെ നിനക്കിനി വൈകേണ്ട
നര്‍മ്മസഖാവേ പുറപ്പെടൂ നീ! ...'
മൂന്ന്
സ്വന്തമായ് ചിന്തിക്കുവാനുള്ള ശക്തി,യെ-
ന്നന്തരംഗത്തില്‍ ക്ഷയിച്ചിരുന്നു
അപ്പടച്ചട്ട ഞാന്‍ വാങ്ങിയിട്ടക്ഷണ-
മത്ഭുതവേഗത്തിലാഞ്ഞു പാഞ്ഞു.
അക്കൊടും പാച്ചിലില്‍ മല്‍പാദപാതത്താല്‍
പുല്‍ക്കൊടിയേറെച്ചതഞ്ഞരഞ്ഞു.
മുള്ളുകള്‍പോലുമൊടിഞ്ഞു, വിലങ്ങിട്ട
വള്ളികള്‍ ചിന്നിത്തെറിച്ചടിഞ്ഞു.
പേമാരി പെയ്തു-ഞാന്‍ നില്‍ക്കാത്ത മട്ടുക-
ണ്ടാമട്ടു വന്നപോല്‍ പോയ് മറഞ്ഞു.
കര്ക്കശവാതമടിച്ചു-ഞാന്‍ കാല്ക്ഷണം
നില്ക്കുകില്ലെന്നായറിഞ്ഞൊഴിഞ്ഞു.
തീവെയില്‍ വന്നെന്നെ വാട്ടി-ഞാനെന്നിട്ടും
പോവതു കണ്ടുടന് പിന്‍വലിഞ്ഞു.
നിന്നില്ലൊരേടവും വീര്‍പ്പിടാന്‍കൂടി ഞാന്‍
മുന്നോട്ടു മുന്നോട്ടിരച്ചു പാഞ്ഞു.
അത്ഭുത,മെമ്മട്ടൊരേണാങ്കരശ്മി,യൊ-
രഗ്നിശിഖയായെരിഞ്ഞു മാറി?
ഇഷ്ടമായില്ലത,ന്നാളുമസൂയയാല്‍
കഷ്ട,മെല്ലാവരും പല്ലിറുമ്മി.
എന്നല്ലഖിലരുമാവുന്ന മട്ടൊക്കെ-
യെന്നെ വീഴിക്കാനൊരുങ്ങിനോക്കി
പാവങ്ങള്‍ പാവങ്ങളായിക്കഴിയണം
പാടില്ലവര്‍ക്കാര്‍ക്കുമഭ്യുദയം.
വിത്തവാന്മാരുടെ പൈതൃകമാണുപോല്‍
വിത്തവിഖ്യാതി വിദ്യാദിയെല്ലാം!
അല്ലില്സ്സഹജയെജ്ജായമാക്കിത്തീര്ത്തു
നിര്ല്ലജ്ജനിര്വൃതിയാസ്വദിപ്പോന്
സൂരപ്രഭയില്‍ യതീശ്വരനായ് സ്വയം
മാറി, വേദാന്തം വിളിച്ചു ചൊല്വൂ.
വിത്തമാണത്രേ കുലമഹിമയ്ക്കുള്ള
വിത്ത,തു പൊട്ടിക്കിളര്‍ന്നു പൂത്താല്‍,
ചാരുസൌരഭ്യമായന്തസ്ഥദുര്ഗന്ധ-
മാരുമറിയുകയില്ല പോലും
എല്‍നാട്ടിലെന്‍ ചുറ്റും കാണുന്ന കാഴ്ച ഞാന്‍
ചൊന്നതാ, ണേകുവിന്‍ മാപ്പു നിങ്ങള്‍!
സത്യം വിളിച്ചു പറഞ്ഞാലീ ലോകത്തില്‍
ശത്രുക്കള്‍ മാത്രമേ ബാക്കിയാകൂ.
ആവിധമന്നയ്യോ, ശത്രുസമ്പന്നനായ്
ഭൂവി,ലനാഗതശ്മശ്രുവാം ഞാന്‍.
ഇന്നുമതിനു കുറവില്ലൊരല്പവും
മന്നിലിന്നും ഞാന്‍ രിപുകുബേരന്‍!
എന്നഭ്യുദയമത്രയ്ക്കസഹ്യമായ്
വന്നൂ പലര്ക്കു,മവരുടനേ,
കണ്ടകമുള്ളിലായ് പാകി, മീതേ മലര്-
ച്ചെണ്ടിട്ട കുണ്ടുകളെന്‍വഴിയില്‍
ഒട്ടേറെ നിര്‍മ്മിച്ചു, നാലുപാടും വല-
ക്കെട്ടുവിരിച്ചൂ കുരുക്കുവെച്ചൂ.
ഉല്‍ക്കര്‍ഷസക്തനായ്പ്പാഞ്ഞുപോം ഞാനവ-
യൊക്കെയും മുന്‍കൂട്ടി ക്കണ്ടറിഞ്ഞു.
എങ്കിലും കാണാത്തഭാവം നടിക്കയാല്‍
ശങ്കയുണ്ടായില്ലവര്‍ക്കു തെല്ലും.
തുഷ്ടരായങ്ങിങ്ങു മല്‍പതനം കണ്ടു
പൊട്ടിച്ചിരിക്കാനൊളിച്ചിരുന്നു.
ഞാനും പഠിച്ചു നയങ്ങള്‍ കപടങ്ങള്‍
ഞാനും പഠിച്ചു കൊലച്ചതികള്
എന്നല്ലവരിലും ബുദ്ധിമാനാണു ഞാന്‍
നന്നായെനിക്കവ കയ്യഴിക്കാം.
ആനന്ദമായവര്‍ക്കാദ്യമേകീടുവാ-
നാണെനിക്കാശ ജനിച്ചതപ്പോള്‍.
മറ്റുവഴികള്‍ കിടക്കവേ, മുള്ളുകള്‍
മുറ്റും വഴിയില്‍ ഞാനാദ്യമെത്തി!
പാതകള്‍വേഠെകിടക്കെ, ക്കുരുക്കുകള്‍,
പാകിയേടത്തു ഞാനാദ്യമെത്തി.
വീണിടും ഞാനപ്പൊഴെന്നോര്‍ത്തൊളിച്ചങ്ങു
വാണിടുന്നോര്‍ക്കെന്തു ഹര്‍ഷഭാരം
പ്രീതനായ് കയ്യിലെടുത്തു, ഗര്‍ത്തങ്ങള്‍തന്‍
മീതെയുള്ളാ മലര്‍ച്ചെണ്ടുകള്‍ ഞാന്‍.
മര്‍ത്യനു കണ് കുളിര്‍ത്തീടുവാനായ് മാത്ര-
മത്ര മനോജ്ഞമാം മഞ്ജരികള്‍,
നീളവേ വാരിവിതറിയോരീശന്റെ
നീടുറ്റ കാരുണ്യം ഞാന്‍ പുകഴ്ത്തി;
എന്നി,ട്ടടിയില്‍ക്കിടക്കുമാ മുള്ളുകള്‍
മന്ദസ്മിതം തൂകി വാരിയേന്തി,
"എല്ലം ചെകുത്താന്റെ ദംഷ്ട്രക"ളെന്നു ഞാന്‍
ചൊല്ലി ദൂരത്തു വലിച്ചെറിഞ്ഞു.
പാത്തിരിക്കുന്നോര്‍തന്‍ മെയ്യിലെല്ലാം മുന-
കൂര്‍ത്തോരാ മുള്ളുകള്‍ ചെന്നറഞ്ഞു.
വേദനമൂലം പിടഞ്ഞെഴുന്നേറ്റവര്‍
വേഗമുഴന്നോടി നാലുപാടും;
എന്നെ വീഴിക്കാന്‍ വിരിച്ച വലകളില്‍
ത്തന്നെയോര്‍ക്കാതവര്‍ ചെന്നുചാടി
ഒന്നുമറിയാത്ത ഭാവത്തില്‍, മുന്നോട്ടു
ചെന്നങ്ങവരെ ഞാനുറ്റുനോക്കി.
പെട്ടാവലയില്‍ക്കിടപ്പവര്‍ മിക്കതും
കഷ്ട,മെന്‍ കൂട്ടുകാരായിരുന്നു.
ഒന്നിച്ചു ജീവനായ്ക്കൂടിക്കഴിയുന്നൊ
രെന്നാത്മമിത്രങ്ങളയിരുന്നു.
കണ്ടാല്‍ക്കൊതിക്കുമവര്‍തന്‍ മുഖത്തിലു
മുണ്ടു തീജ്ജ്വാലയെന്നാരറിഞ്ഞു!
തണ്ടാരിനൊത്തോരവര്‍തന്മനസ്സിലു
മുണ്ടു കരിന്തേളെന്നാരറിഞ്ഞു!
സൌഹൃദം, സൌഹൃദം, ജീവിതപ്പൂവിന്റെ
സൌരഭം-കഷ്ടം, ഞാനെന്തുമൂഢന്‍!
ഇത്രയുംകാലം തഴുകിയതാണെന്റെ
ചിത്തത്തിനോടു ഞാന്‍ ചേര്‍ത്തതിനെ.
പ്രേമത്തെ വിശ്വസിക്കായ്കയെന്നനുഭവ-
സ്തോമമെന്നെപ്പഠിപ്പിച്ചു പണ്ടേ.
ആകയാല്സൌഹൃദത്തോടു ഞാനത്രമേ-
ലാകൃഷ്ടനായിച്ചമഞ്ഞിരുന്നു.
പാവനമെന്നോര്‍ത്തൊരപ്പാരിജാതവും
പാഷാണപാദപമായിരുന്നോ!
ഞെട്ടി ഞാന്‍-സ്വപ്നങ്ങള്കൈവി,ട്ടിരുമ്പു-
പോര്‍ച്ചട്ട ഞാനിട്ടതു ഭാഗ്യമായി.
അല്ലായിരുന്നെങ്കിലക്ഷണം ഞാന്‍ തല-
തല്ലി മരിച്ചീടുമായിരുന്നു.
ശത്രുക്കളാണസൂയാലുക്കളെന്നു ഞാ-
നിത്രയും കാലം ധരിച്ചു, പക്ഷേ,
മിത്രങ്ങളാണവരേക്കാള്‍ ഭയങ്കര-
രിത്തരുണത്തില്‍ ഞാനെന്തു ചെയ്യും?
ജീവച്ഛവമാ, യൊരക്ഷരം മിണ്ടാതെ-
യാവലക്കെട്ടൊട്ടറുത്തു നീക്കി,
പ്രാണനാശത്തില്‍ച്ചിരിക്കാനിരുന്നൊരെന്‍
പ്രാണസഖാക്കള്‍ക്കു രക്ഷയേകി.
എന്നാലതുമുതല്‍,ക്കത്ഭുത,മായവര്‍-
ക്കൊന്നുപോല്‍ ഞാന്‍ ബദ്ധ ശത്രുവായി.
സല്‍ബുദ്ധി നന്നല്ല ലോകത്തിലിന്നെനി-
ക്കപ്പോള്മുതല്ക്കുള്ളില് ബോധ്യമായി!
നിന്നില്ലവിടെഞാന് പിന്നെ,ക്കുതിച്ചുപോയ്
മുന്നോട്ടു ഞാനെന്റെ പാടുനോക്കി.
ഹന്ത, സാധുക്കളവര്‍ക്കു ഞാനേകിയ-
തെന്തൊരിച്ഛാഭംഗമായിരുന്നു.
ജീവനെപ്പോലെ ഞാന്‍ സ്നേഹിച്ചിരുന്നവര്‍
കേവലം നിര്‍ദ്ദയഘാതകന്മാര്‍.
ഹന്ത, യിമ്മട്ടിലാണെങ്കി,ലീ ലോകത്തി-
ലെന്തിനെ യൊന്നിനി വിശ്വസിക്കാം?
എല്ലാം ചപലങ്ങളെല്ലാം കപടങ്ങ-
ളില്ലേ യഥാര്‍ത്ഥങ്ങള്‍, ശാശ്വതങ്ങള്‍?
സര്‍വ്വവും നാട്യമോ, ജീവിക്കണമെങ്കില്‍
ദുര്‍വാരമാണോ കപടവേഷം?
എങ്കില്‍ ഞാനിത്രയും കാലമീ ലോകത്തി-
ലെന്തു വിഡ്ഢിയായിരുന്നു!
പാടില്ല, പാടില്ലെനിക്കും പറത്തണം
പാടേ ജയത്തിന് പതാക പാരില്‍.
അന്യ ഹൃദ്രക്തത്തില്‍ ഞാനെന്‍ പതാകകള്‍
വര്‍ണ്ണം പിടിപ്പിക്കും തീര്‍ച്ചതന്നെ!
വന്നിതുല്‍ക്കര്‍ഷം കുണുങ്ങിയെന്മുന്നില്‍, ഞാന്‍
കണ്ണെറിഞ്ഞില്ലൊന്നും മിണ്ടിയില്ല.
നെഞ്ചിടിപ്പാര്‍ന്നീ,ലവളുടെ നേര്‍ക്കൊരു
പുഞ്ചിരിയെങ്കിലും തൂകിയില്ല.
പിന്നിട്ട പാതയില്‍ ഞാന്‍ കണ്ട കാഴ്ചയില്‍-
ത്തന്നെയെന്‍ ചിത്തം ലയിച്ചിരുന്നു.
മാറണിപ്പൂഞ്ചേല നേര്‍ക്കി,ട്ടുലഞ്ഞ പൊന്‍-
മാലകള്‍ മീതേ ശരിക്കിണക്കി,
താനേ സമീപത്തു ചേര്‍ന്നുനി,ന്നോമന-
ത്താമരത്താരെതിര്‍ കൈകള്‍ പൊക്കി,
തങ്കവളകളിളകിക്കിലുങ്ങുമാ-
റെന്‍ കണ്ഠനാളത്തില്‍ കോര്‍ത്തിണക്കി,
നീലാളകങ്ങളുലഞ്ഞൂര്‍ന്നു നെറ്റിയില്‍
നീളെച്ചുരുളിട്ടു വീണു ചിന്നി,
ലജ്ജയാല്‍, പൂങ്കവിള്‍ക്കൂമ്പി,ലിരട്ടിച്ചൊ-
രുജ്ജ്വലശോണിമ മിന്നി മിന്നി,
രാജസോല്ലാസദവൈഭവദ്യോതക-
തേജസ്സണിഞ്ഞ മുഖമുയര്‍ത്തി,
"വല്ലാത്ത പുള്ളി" യെന്നോമനത്തം വഴി-
ഞ്ഞുല്ലസല്സ്മേരയായ് ക്കൊഞ്ചിയോതി,
അര്‍പ്പിക്കയായവളെന്മുഖത്തായിരം
സ്വപ്നാത്മകങ്ങളാം ചുംബനങ്ങള്‍!-
മാനസത്തിന്നു ലഹരിപിടിക്കുന്ന
മായികമംഗളചുംബനങ്ങള്‍!
ഞാനഭിമാനിച്ചു ജീവിതലക്ഷ്യമി-
താണെന്നതില്‍ ഞാനഹങ്കരിച്ചു.
നാല്
രണ്ടല്ല നാലല്ല നാനൂറു കയ്യുക-
ളുണ്ടെനിക്കുഗ നഖങ്ങളുമായ്!
പല്ലുകളല്ലുഗ ദംഷ്ട്രകള്‍, കണ്ണുനീ-
രല്ലെന്‍ മിഴികളില്‍ തീപ്പൊരികള്‍!
ചെണ്ടല്ല വജ്ര ശിലയാണകം, മെയ്യില്‍-
കാണ്ടാമൃഗത്തിന് കടുത്ത ചര്‍മ്മം.
ഓടക്കുഴലൊരു കയ്യില്‍,ക്കൊടും തല-
യോടു മറ്റൊന്നി,ലൊന്നില്‍ക്കുഠാരം,
വേറൊന്നില്‍ മദ്യചഷകം, സ്ഫുലിംഗങ്ങള്‍
പാറും ഗരളമൊരു കരത്തില്‍,
രക്തമിറ്റിറ്റു വീഴും കുടല് മാലകള്‍
തത്തിക്കളിക്കുന്ന ഹസ്തമേകം,
ശ്രീല സൌരഭ്യമെഴും മലര്‍മാലകള്‍
ചേലഞ്ചി മിന്നുന്ന ഹസ്തമന്ന്യം,
ഹസ്തമൊന്നില്‍ ഗീത; മറ്റൊന്നില്‍ കാമാഗ്നി-
കത്തുന്ന പൂരപ്രബന്ധ കാവ്യം-
എന്തു വൈരുദ്ധ്യം!- ഹാ, മാറിപ്പോ, മാറിപ്പോ
ചെന്തീ വമിക്കും കൊലപ്പിശാചേ!....
അഞ്ച്
എന്തൊരു മാറ്റമാ, ണയ്യോ, ഞാന്‍ പണ്ടൊരു
ഗന്ധര്‍വ ബാലകനായിരുന്നു.
മഞ്ഞുമ്മവെച്ചൊര ച്ചെമ്പനീര്‍പ്പൂപോലെ
മന്ദഹസിക്കും മനസ്സുമായി,
അല്ലലെന്താണെന്നറിയാതൊരു കൊച്ചു-
പുല്ലാങ്കുഴലുമെന് കയ്യിലേന്തി,
മേയുവാനാടുകള്‍ പൂകുന്നകാടുകള്‍
മേളിച്ച താഴ്വരപ്പച്ചകളില്‍,
കണ്ണഞ്ചും പൂ ചൂടിക്കാനനവല്ലികള്
കണ്ണാടിനോക്കുന്നൊരാറ്റുവക്കില്‍
ഉച്ചവെയിലരിച്ചൂര്‍ന്നിറങ്ങാത്തൊര-
പ്പച്ചമരങ്ങള്‍ തന് പൂന്തണലില്,
സ്വര്‍ഗ്ഗമാണീ ലോകമന്നമ, ട്ടെപ്പൊഴും
സ്വപ്നവും കണ്ടു കഴിച്ചുകൂട്ടി !
കാപട്യമെന്തന്നറിയാതെ സര്‍വ്വവും
കാണുന്നമട്ടില്‍ ഞാന്‍ വിശ്വസിച്ചു.
മാനസത്തിങ്കലിടവിടാതന്നോരോ
ഗാനം തുളുമ്പി ത്രസിച്ചിരുന്നു.
ചിത്രശലഭം പോലോരോ സുഷമയില്‍
ചിത്തം മദിച്ചു പറന്നിരുന്നു.
ഉത്സുകനായിരുന്നില്ല ഞാനൊട്ടുമ-
ന്നുല്‍ക്കര്‍ഷലക്ഷ്മിക്കതിഥിയാകാന്‍.
ആവശ്യമെന്നെ ച്ചുഴന്നിരുന്നില്ല, ഞാ-
നാഡംബരത്തില്‍ മുഴുകിയില്ല.
ഓലക്കുടിലിലെപ്പായ്ത്തുണ്ടി,ലന്നല്ലി-
ലോമല്‍ക്കിനാക്കള്‍ കുണുങ്ങിയെത്തി
എന്നെപ്പുണര്‍ന്നു; ഞാന്‍ കോള്മയിര്‍ക്കൊണ്ടുകൊ-
ണ്ടെന്നെയും കൂടി മറന്നിരുന്നു.
വിത്തമി,ല്ലുല്കൃഷ്ടവിദ്യയി,ല്ലുജ്ജ്വല-
വിഖ്യാതിയില്ല, വിഭവമില്ല.
പാരിലുണ്ടിമ്മട്ടൊരാളെന്നു പോലുമ-
ന്നാരുമൊരാളുമറിഞ്ഞതില്ല.
ഏവമഗണ്യനാ, യജ്ഞാതനായ്ത്തന്നെ-
ജീവിച്ചിരുന്നെങ്കിലൂഴിയില്‍ ഞാന്‍!
ഒന്നുമില്ലാത്തവ, നൊന്നുമിലാത്തവന്‍
മന്നിലവനാണു ഭാഗ്യശാലി!
നൊന്തിടുന്നെന്മനം-മാറിപ്പോയ് കാല,മി-
ന്നെന്തുഫലമീയനുശയത്താല്‍?
ഉല്‍കര്‍ഷലക്ഷ്മിതന്‍ സല്ക്കാരശാലയില്
നില്‍ക്കയാണിന്നണഞ്ഞുദ്ധതന്‍ ഞാന്‍.
പേരും പെരുമയും നേടി,യെന്‍ ജീവിത-
പ്പോരാട്ടമേവം വിജയമായി.
ചിന്തിച്ചിരിക്കാതൊരായിരം ഭാഗ്യങ്ങള്‍
ചെന്തളിര്‍ പാകുന്നിതെന്‍ വഴിയില്‍.
എങ്കിലു,മയ്യോ,മരവിച്ചുപോയി മല്-
സ്സങ്കല്‍പം-ഞാനൊരു യന്ത്രമായി.
സ്പന്ദിപ്പതില്ലെന് മനമിന്നകൃത്രിമ-
സൌന്ദര്യ പൂജതന്‍ നിര്‍വൃതിയില്‍.
ഓമല്‍ക്കിനാക്കളി,ല്ലെന്നല്ലണവതി-
ല്ലീ മലര്മെത്തയില് നിദ്രപോലും!
ചന്ദ്രികയിങ്കല്‍ കുളുര്‍മ്മയി,ല്ലിന്നത്തെ
മന്ദാനിലനില്പുളകമില്ല.
ഈ വട്ടമേശമേല്‍സ്ഫടികക്കുപ്പിയി-
ലാവതും ഭംഗിയില്‍ച്ചേര്‍ത്തിണക്കി,
കേവലമാഡമ്പരാര്‍ത്ഥമായ് വെച്ചൊരി-
പ്പൂവണിച്ചെണ്ടില്പ്പുതുമയില്ല.
വീറോടീ യന്ത്രം വമിക്കുന്ന സംഗീത-
വീചികള്‍ക്കൊന്നിനും ജീവനില്ല.
സ്പന്ദമി,ല്ലില്ല ചൂ,ടില്ല ചൈതന്യ,മി-
ന്നെന്തും ജഡം, ഹിമശീതകൂടം !
ഇത്ര നാളയ്യോ പണിപ്പെട്ടു ഞാന്‍ പാഞ്ഞ-
തിപ്രേതലോകത്തിലെത്തുവാനോ?
അയ്യോ, മതി, മതി; പോകട്ടെനിക്കിനി
വയ്യ, വയ്യിങ്ങനെ വീര്‍പ്പുമുട്ടാന്‍!
അന്നെന്റെ മുന്നില്‍, നിന്നുത്തേജനവുമായ്
വന്നതെന്തിന്നു നീ മല്‍സുഹൃത്തേ?
സ്വപ്നവിഹാരിയാണെങ്കിലു, മന്നു ഞാന്‍
സ്വച്ഛാര്‍ദ്രമാനസനായിരുന്നു.
നിത്യപരാജിതനാകിലു,മന്നെന്നില്‍
നിഷ്കളങ്കത്വം നിറഞ്ഞുനിന്നു.
നീയന്നു നല്കിയ പോര്‍ച്ചട്ടയുമിട്ടു
പായുകമൂലം പുരോഗതിയെ
ഏവം പുണരാന്‍ കഴിഞ്ഞുവെന്നാകിലും
ജീവിതമിന്നെനിക്കുഗ ഭാരം!
ഹന്ത, ഞാനോരോരോ വഞ്ചന ചെയ്തു ചെ-
യ്തെന്തിനു ചൂടിയിപ്പൊന് കിരീടം?
സത്യത്തില്‍നിന്നുമകന്നകന്നെന്തിന്നു
പൊത്തിപ്പിടിപ്പതീപ്പുഷ്പതല്‍പം?
ജീവിതവീഥിയില്‍ ച്ചിന്തിയാതാവിധം
നീ വന്നു ചേര്ന്നിരുന്നില്ലയെങ്കില്,
ഹാ,പിശാചായി ഞാന്‍ മാറാതിരുന്നേനേ
പാപത്തെപ്പേടിച്ചു മേവിയേനേ!
കാടും മലകളും കുന്നും പുഴകളും,
കാണിച്ച ലോകത്തില്‍ ത്തൃപ്തനായി,
ശത്രുക്കളില്ലാതെ, ശത്രുവായ്ത്തീരാതെ,
നിത്യ ശാന്തിക്കു വിധേയനായി,
ആരുമറിയാതെ ജീവിത നാടക-
മാടി,യണിയറ പൂകിയേനേ!
നാണയത്തുട്ടെടുത്തമ്മാനമാടുന്ന-
താണുപോലുല്‍കര്‍ഷമാനദണ്ഡം,!
ലജ്ജിപ്പൂ ഭൌതികോല്‍കര്‍ഷമേ, നിന്മുന്നില്
മജ്ജീവിതാര്‍പ്പണം ചെയ്കയാല്‍ ഞാന്‍.
മദ്യം പകര്‍ന്നു തന്നെന്നെ, നീ
മത്തുപിടിപ്പിക്കയല്ലി മേന്മേല്?
തുപ്പുന്നു ഞാനിന്നതു നിന്മുഖ,ത്തുഗ-
ദര്‍പ്പമുള്‍ക്കൊള്ളും കൊലപ്പിശാചേ.
കാന്തികലര്‍ന്ന മത്സ്വപ്നങ്ങളൊന്നോടെ
മാന്തിപ്പൊളിച്ച ഭയങ്കരി നീ!
മോഹിനിവേഷത്തിലാറാത്തൊരാ രക്ത-
ദാഹമാര്‍ന്നെത്തിടും സിംഹിക നീ!
കാര്‍മുകിലൊത്ത നിന്‍കൂന്തലില്‍ ചീറ്റുന്ന
കാളസര്‍പ്പങ്ങളൊളിച്ചിരിപ്പൂ!
ഉഗദംഷ്ട്രങ്ങള് മറച്ചു, നീ വര്‍ഷിപ്പി-
തുല്ഫുല്ലസുന്ദര സുസ്മിതങ്ങള്‍!
പോക നീ, പോക നീ, ദൂരെപ്പിശാചികേ,
പോരേ കുടിച്ചതെന്‍ ജീവരക്തം?
ആറു
മുള്ളുമുരുക്കില്‍പ്പടര്‍ന്നിടും തൈമുല്ല-
വല്ലരിതന്കഥയെന്തു ചൊല്ലാന്‍?
വിണ്ണിലെത്താരാകുമാരികള്‍ മാത്രമാ-
ക്കണ്ണീര്‍ക്കണങ്ങള്‍ക്കു സാക്ഷിനില്‍ക്കേ,
നിര്‍ദ്ദയ ചിത്തമേ, ലജ്ജയില്ലേ നിന-
ക്കെത്തിനോക്കാനത്തപോവനത്തില്‍?
നോവല്ല, വേവാണിതാമൃദു ചിത്തത്തി-
നീ വിധിയീശന്‍ വിധിച്ചതെന്തേ?
നിര്‍ദ്ദയന്‍ തന്നെയോ ദൈവവും? സദ്ഗുണ-
മത്തലിന്‍ മറ്റൊരു നാമമാണോ?
പുഞ്ചിരിപ്പൂക്കളും രോമഹര്‍ഷങ്ങളും
വഞ്ചനയ്ക്കുള്ള സമ്മാനമാണോ?
എന്തിനല്ലെങ്കിലാപ്പൂനിലാക്കാലതി-
ച്ചെന്തീയിനോടു ചേര്‍ന്നൊട്ടി നിന്നൂ?
പൊള്ളണം, പൊള്ളണം-നിന് വിധിയാണു;ഞാ-
നള്ളിയള്ളിപ്പിടിക്കട്ടെ നിന്നെ!....
*** *** ***
ഏഴ്
പാതിരയോളം പണിത്തിരക്കില്‍പ്പെട്ടു
പാരം തളര്‍ന്നു തളര്‍ന്നൊടുവില്‍
താനേ ലയിച്ചുപോയ് ഗാഢസുഷുപ്തിയില്‍
ചേണഞ്ചിടുമീ മഹാനഗരം. (മദിരാശി)
എത്രയോ തീവ്രമായ് സ്പന്ദിച്ചിരുന്നതാ-
ണിത്രയും നേരമിതിന്‍ ഹൃദന്തം.
വിസ്മയമാണോര്‍ക്കിലിത്ര പെട്ടെന്നിതിന്‍-
വിക്രമഗര്‍വ്വങ്ങളെങ്ങു പോയി?
കണ്ണീര്‍പൊഴിച്ചിതിന്‍ കോണിലൊന്നില്‍ സ്വയം
നിര്‍ന്നിദ്രനായിതാ ഞാനിരിപ്പൂ!
ഞാനുമുറങ്ങും-തളര്‍ന്നു തളര്‍ന്നേവം
താനേയെന്‍ കണ്ണൂമടഞ്ഞു പോകും.
എല്ലാമൊടുവി,ലിതാ,ണീയുറക്കമാ-
ണില്ലീ നിയമത്തിനില്ല ഭേദം.
വീണടിയേണമൊരിക്കലതിങ്ക,ലീ-
ക്കാണുന്ന സര്‍വ്വ ചരാചരവും!
ആദ്യമധ്യാന്തമറ്റുള്ളോരതിലണ-
ഞ്ഞാദിത്യന്‍പോലും പൊലിഞ്ഞുപോകും.
ഞാനാ,രൊരു വെറും പുല്‍ക്കൊടി,യെന്നഭി-
മാനഗര്‍വ്വത്തിനെന്തര്‍ത്ഥമാവോ?
നില്ക്കുന്നു ദൂരെച്ചിരിച്ചുകൊ,ണ്ടങ്ങതാ
നിത്യപ്രദീപ്തനഭശ്ചരങ്ങള്‍!
അബ്ദായുതങ്ങളായ് ക്കാണ്മവരാണവര്
മര്‍ത്യപ്പുഴുക്കള്‍തന്‍ മത്സരങ്ങള്‍
എന്നുമതിനില്ല മാറ്റ,മാ മത്സരം
തന്നെയാണിന്നും ജഗത്തിലെങ്ങും.
വ്യക്തിയില്‍ നിന്നും കിളര്‍ന്നു, കുടുംബത്തി-
ലെത്തി,പ്പതുക്കെപ്പടര്‍ന്നുകേറി,
പിന്നെ സ്സമുദായം പ്രാപിച്ചു രാഷ്ട്രത്തി-
ലൊന്നോടണഞ്ഞെരിഞ്ഞാളിയാളി,
ഇദ്ധരാചക്രം മുഴുവനും വ്യാപിപ്പി-
തിദ്ധപ്രഭാവോഗയുദ്ധവഹ്നി!
ശക്തിതന്‍ ലക്ഷ്യ,മൊരിക്കലും വറ്റാത്ത
രക്തപ്പുഴക്കളാണെന്നിരിക്കില്‍,
മര്‍ക്കടം ഭേദ,മതിങ്കല്‍ നിന്നുള്ളൊരീ
മര്‍ത്ത്യപ്രയാണമിന്നെങ്ങു ചെല്ലും?
അയ്യോ, മതി, മതി, വേണ്ടിപ്പുരോഗതി;
വയ്യ വയ്യിക്കൊടും രക്തപാനം!
പിന്നോട്ടു പോയ് നാമിരുകാല്‍പ്പശുവായി
നിന്നാക്കിരാതനില്‍ വിശ്രമിക്കാം.
ഒന്നോടെ തീവെച്ചെരിക്കനാമാദ്യമായ്
മന്നിതില്‍ വിദ്യാലയങ്ങളെല്ലാം.
ഇന്ധനമാക്കാം നമുക്കഗ്നികുണ്ഡത്തില്‍
ഗന്ഥങ്ങളീ മന്നിലുള്ളതെല്ലാം
സംഗീത, സാഹിത്യ, ശാസ്ത്രാദി സംഘങ്ങള്‍
സര്‍വ്വവുമൊന്നോടെ സംഹരിക്കാം.
മന്നിതി,ലയ്യോ, മനുഷ്യന് മനുഷ്യനെ-
ത്തിന്നേണമെങ്കി,ലിതൊക്കെ വേണോ?
ഏകമഹാഗ്നേയപിണ്ഡപാതത്തി,ലീ
ലോകമൊന്നോടെ നശിച്ചിതെങ്കില്‍!
വേണ്ടാ പരീക്ഷണം, വേണ്ടാ ഗവേഷണം,
വേണ്ട വിജ്ഞാനം, പുരോഗമനം;
ആഴിക്കടിയില്‍ നമുക്കെത്തി നീന്തിടേ-
ണ്ടാകാശത്തിങ്കല്‍ പറന്നിടേണ്ട.
എന്തിനു?-നന്മയ്ക്കോ?-നാശത്തിനാണു, പി
ന്നെന്തുകൊണ്ടൊന്നായ് നശിച്ചുകൂടാ?
എട്ട്
പാടും പിശാചിനെപ്പൂമാല ചാര്‍ത്തുന്നു
മൂഢപ്രപഞ്ചമേ, സാദരം നീ.
"ഗന്ധര്വന്, ഗന്ധര്വന്"-കീര്‍ത്തിയാണുഃനി-
ന്നന്ധതയ്ക്കിന്നുമറുതിയില്ലേ?
എന്മുഖത്തേയ്ക്കൊന്നു സൂക്ഷിച്ചു നോക്കിടു-
കെന്നെക്കുറിച്ചു നീയെന്തറിഞ്ഞു?
കണ്ടോ വളഞ്ഞുകൂര്ത്തുള്ളൊരിദ്ദംഷ്ട്രകള്
കണ്ടോ നീ കണ്ണിലെത്തീപ്പൊരികള്‍?
രക്തം കുടിച്ചു മദിച്ചു പുളയ്ക്കുമീ-
യത്യന്തരൂക്ഷമാം നാക്കുനോക്കൂ!
ഞാനാണോ ഗന്ധര്വ്വന്-സൂക്ഷിച്ചുനോക്കു,കീ
ഞാനൊരത്യുഗ വേതാളമല്ലേ?
പാടി ഞാന്‍ നിന്നെയുറക്കു,മെന്നിട്ടു,നിന്-
ചൂടുള്ള രക്തമൂറ്റിക്കുടിക്കും;
ആദ്യം ചിരിക്കും, തലോടു, മനന്തരം
കൂര്‍ത്ത നഖം കൊണ്ടു പയ്യെ നുള്ളും;
ഒന്നു നീ ഞെട്ടും, നയത്തില്‍ ച്ചിരിച്ചു ഞാന്‍
പിന്നെയും പുല്കു,മിടയ്ക്കു നുള്ളും;
അന്പില് ഞാന്‍ സ്നേഹം നടിക്കും, ചിരിച്ചിടും,
ചുമ്പിക്കു, മപ്പൊഴും പ യ്യെ നുള്ളും;
അങ്ങനെ, യങ്ങനെ നുള്ളി, നുള്ളി, പ്പെട്ടെ-
ന്നങ്ങട്ടഹാസത്തോടേറ്റു തുള്ളി,
തല്ലി, നഖങ്ങളത്യുഗമായൊന്നോടെ
തള്ളി, നിന് പള്ളപൊളിച്ചു ചീന്തും!
കാലും കരങ്ങളും തല്ലിപ്പിടച്ചു നീ
കാതരമായിക്കരഞ്ഞിടുമ്പോള്‍,
ചുട്ട രക്തം കോരിക്കോരിക്കുടിച്ചിടും,
പൊട്ടിച്ചിരിച്ചു, മലറിയും ഞാന്‍!
എന്നിട്ടു നിങ്കുടല്‍ മാലയും ചാര്‍ത്തി, ഞാന്‍
നിന്നു, നിന്‍ചുറ്റുമായ് നൃത്തമാടും.
ഒന്നു നോക്കീടുകിനിയുമെന്‍ നേര്‍ക്കു നീ-
യെന്നെ നിനക്കു മനസ്സിലായോ?
ഓടിക്കോ, ജീവനിലാശയുണ്ടെങ്കില്‍, നീ-
യോടിക്കോ-ഗന്ധര്‍വനല്ല മുന്നില്‍!!...
ഒമ്പത്
ആരാണെന് ജീവിത വീഥിയില്‍ നില്പവ-
ളാരു നീ, യാരു നീ, യത്ഭുതാംഗി?
സ്നേഹസ്വരൂപിണി, നീ വന്നതെന്തിനി-
സ്സാഹസികോഗന്റെ സന്നിധിയില്‍?
തത്തിക്കളിപ്പൂ പരിവേഷരശ്മിക-
ളുത്ത്മേ, നിന്മുഖത്തിന്നു ചുറ്റും!
എന്തിനെനിക്കയ്യോ, കാഴ്ചവെയ്ക്കുന്നതീ-
ച്ചെന്താരിനൊത്ത നിന്മാനസം നീ?
കാലു ഞാന്‍ പൊക്കിച്ചവിട്ടി ഞെരിക്കുകി-
ല്ലീ ലോലപുഷ്പമെന്നാരുകണ്ടു?
പുഞ്ചിരിക്കൊണ്ടു നീ നില്പിതോ മുന്നി,ലെന്-
നെഞ്ചിടിപ്പിന്നേവമൂക്കുകൂട്ടി?
ഉണ്ടെനിക്കുഗ നഖങ്ങ,ളതേറ്റെത്ര
ചെണ്ടുകള്‍ വാടി വിളര്‍ത്തുപോയി!
എന്നിട്ടുമാ മനസ്സൂനമെനിക്കു നീ
തന്നിടുന്നോ കനിഞ്ഞോമനിക്കാന്‍?
പൊള്ളിക്കയാണു നിന് വിശ്വാസമെന്നെ, ഞാ-
നുള്ളലിഞ്ഞയ്യോ, ലയിപ്പു നിന്നില്‍!
സ്നേഹമെന്താണെന്നറിഞ്ഞിരുന്നില്ല ഞാന്‍
മോഹനേ, നീ മുന്നിലെത്തുവോളം.
സ്നേഹിക്കുവാനായ്പ്പഠിപ്പിപ്പു നീ നിന്റെ
സാഹചര്യത്താല്‍ പിശാചിനേയും.
പാടും പിശാചിനെ പ്രാണനായ് പ്പൂജിപ്പു
പാവനസ്നേഹാര്‍ദ്ര ദേവതകള്‍!
മിത്ഥ്യാഭ്രമത്തിനധീനനായ് ക്കേവല-
മിത്രയും നാള് ഞാനഹങ്കരിച്ചു.
ഇന്നെന്നിലേയ്ക്കെന്നെ നോക്കിക്കയാണുനീ
നിന്നുജ്ജ്വല സ്നേഹദീപ്തിയിങ്കല്‍
ലജ്ജിപ്പതിന്നുഞാ,നെന്നിലും ക്ഷുദ്രമാ-
യിജ്ജഗത്തിങ്കലില്ലന്യകീടം.
ലോകത്തെയൊട്ടുക്കു തെറ്റിദ്ധരിപ്പിച്ചു
ഹാ, കഷ്ട,മെന്‍ഗാനധാരയാല്‍ ഞാന്‍!
ലോകോത്തരങ്ങളാമാദര്‍ശരശ്മികള്‍
പാകി ഞാനെന്റെ പാഴ്പ്പാട്ടുകളില്‍.
എന്നിട്ടിരുട്ടില്‍ മദിച്ചു പുളച്ചു ഞാന്‍
മന്നില്‍ മൃഗത്തിലും നീചമായി.
ഭാവസാന്ദ്രങ്ങളെന്‍ ഗാനങ്ങളി,ലെന്നെ
ദേവനായ്ക്കാണുകയാണു ലോകം.
ഞാനോ, വെറും പിശാ,ചിലല്‍പമെങ്കിലും
മാനവത്വത്തിന്‍ മഹത്വമെന്നില്‍!
"ഹാ, വിഷാദാത്മകന്‍, ശാന്തന്, വിനീതാര്‍ദ്ര-
ഭാവന്"-പലരും പറഞ്ഞിതെന്നെ.
കുന്നുകൂടിക്കിടന്നീടുകയാണഭി-
നന്ദനാലേഖ്യങ്ങളെന്റെ മുമ്പില്‍.
അയ്യോമടുത്തു, മടുത്തു!- വഞ്ചിക്കുവാന്‍
വ യ്യെനി.ക്കീ മേന്മ വേണ്ട മേലില്‍.
എന്‍ ചിറകിന്മേലെനിക്കെന്റെയല്ലാത്ത
പൊന്തൂവലൊന്നുമാവശ്യമില്ല!
പാട്ടില്‍ ക്കരഞ്ഞ ഞാന്‍, ജീവിതപ്പൂമര-
ച്ചോട്ടിലിരുന്നു പൊട്ടിച്ചിരിച്ചു.
നിസ്തുല ഭോഗവിലാസ ലഹരിയില്‍
നിത്യമിന്നോളവും മത്തടിച്ചു.
പാടി ഞാന്‍ നിര്‍മ്മലപ്രേമം മധുരമായ്
തേടി നിര്‍ലജ്ജമക്കാമവും ഞാന്‍.
ആദര്‍ശശാലിഞാ, നാദര്‍ശശാലി ഞാ-
നോതുന്നിതന്ധരാരാധകന്മാര്‍!
വസ്തുസ്ഥിതികള്‍ മറച്ചുവച്ചുള്ളതാ-
മിസ്തുതിഗീതങ്ങളാര്‍ക്കുവേണം?
പങ്കിലന്‍ ഞാന്‍ സ്വയം വഞ്ചിച്ചു നേടിയ
തങ്കക്കിരീടം തെറിച്ചുപോണം!
വന്ദിച്ചിടേണ്ടെന്നെയാരും, യശസ്സിന്റെ
ചന്ദ്രികച്ചാറുമെനിക്കു വേണ്ട
ഉള്ളുപൊട്ടി,ക്കണ്ണുനീര് പയ്തൊടുങ്ങണം
തള്ളിവിണ്ണേറിയ കാളമേഘം.
തൂമ വഴിഞ്ഞതവതരിപ്പിക്കുന്നൊ-
രാ മഴവില്ലും മറഞ്ഞു പോണം!
എന്നേകമോഹമിതാണിന്നു ശേഷിപ്പ-
തൊന്നായ് വെറുക്കണം ലോകമെന്നെ!
വേണ്ടെനിക്കാരും, ജഗത്തിലെന്നെക്കൂടി
വേണ്ടെനി,ക്കെല്ലാമകന്നിടട്ടെ!
മജ്ജഡമ്പോലുമെടുത്തു ചിതാഗ്നിയില്‍
സംസ്കരിച്ചീടുവാനാളു വേണ്ട.
ചത്തടിഞ്ഞാല്‍ ഞാന്‍, സഹോദരസ്നേഹമാ-
ര്‍ന്നെത്തും കഴുകുകളെന്നരികില്‍.
നിശ്ച്യിക്കാന്‍ മേ,ലവജ്ഞ തോന്നാമെന്നൊ-
ടത്രയ്ക്കുമേലന്നവയ്ക്കു പോലും!
രക്ത ബന്ധംപെടും മിത്രങ്ങളോള, മുള്
ക്കട്ടിയെന്നാലവയ്ക്കില്ലതന്നെ!
സ്വന്തം സഹോദരനെക്കാള്‍ കരുണയും
നന്ദിയുമുണ്ടാക്കഴുകുകളില്‍!
കൊത്തുമെന്നാലും മരിച്ചിട്ടുമാത്രമേ
കൊത്താനവ വന്നു കൊക്കു നീട്ടൂ!
രാഗപരവശേ, മജ്ജീവിതത്തില്‍ നീ-
യാഗമിച്ചില്ലായിരുന്നു വെങ്കില്‍,
കാണാതെയെന്‍ കണ്ണടഞ്ഞേനെയെന്നിലീ
വീണവായിക്കും പിശാചിനെ ഞാന്‍!
എന്നെ നീ കാണിച്ചുതന്നു, നിന്‍പ്രേമത്തിന്‍
മിന്നിജ്വലിക്കുമപ്പൊന്നൊളിയില്‍.
ഇന്നോളം വഞ്ചിച്ചു ലോകത്തെയൊന്നായ് ഞാന്‍
മുന്നില്‍ നീയെത്തി, ഞാനാളുമാറി.
താനേ കുനിഞ്ഞുപോകുന്നു നിന്മുന്നിലെ-
ന്നാനനം-ശക്തിസ്വരൂപിണി നീ!
ഇത്രയും നാളെന്‍വിജയം പരാജയ-
മിത്തോല്‍വിയാണെന്‍ജയാഭിഷേകം.
നീയടുക്കുംതോറുമെന്നില്‍ നിന്നങ്ങനെ
പായുകയാണാപ്പിശാചു ദൂരെ.
വീണവായിക്കുമഗ്ഗന്ധര്‍വ്വനെത്തന്നെ
കാണും നീയെന്നില്‍ മരിക്കുവോളം!
വേണ്ടെനിക്കുല്‍ക്കര്‍ഷം, പോവുകയാണു ഞാന്‍
വീണ്ടുമെന്നാദര്‍ശമേഖലയില്‍,
സ്വര്‍ഗ്ഗീയകാന്തിയില്‍ മുങ്ങി സ്സുരഭില-
സ്വപ്നങ്ങള്‍ പൂക്കുമാ നല്ല നാട്ടില്‍.
കിന്നരനായിജ്ജനിച്ചവനാണു ഞാ-
നെന്നെപ്പിശാചാക്കി മാറ്റി കാലം.
അന്നതിനുള്ളോരുപാധി,യെന്‍ ചാരത്തു
നിന്നൊരെന്‍ സ്നേഹിതനായിരുന്നു.
കിന്നരനാക്കാന്‍ തുനിയുകയാണിതാ
പിന്നെയുമെന്നെയെടുത്തു കാലം.
നീതയായ് മാമകജീവിതപന്ഥാവില്‍
നീയതിനിന്നൊരു പാധിയായി.
എന്നാല്‍പ്പണ്ടത്തെ സ്വതന്ത്രവായുക്കള-
ല്ലിന്നു പുല്‍കുതെന്നന്തരീക്ഷം
ഭീതനല്ലെങ്കിലും ഞാനിന്നിതാ, മര്‍ത്ത്യ-
നീതിതന്‍ മുന്നില്‍ത്തടവുകാരന്‍!
ചങ്ങലയ്ക്കെന്നാല്‍ മുഴുപ്പി,ല്ലിരുമ്പല്ല,
സംഗീതമാണതിന്‍ കണ്ണിയെല്ലാം.
പ്രാണനിലാണീ വില, ങ്ങിതു പൊട്ടിക്കാന്‍
ത്രാണിയി,ല്ലെന്നല്ല പൊട്ടുകില്ല.
പോരെങ്കില്‍, താക്കോലുമെന്‍ കയ്യിലാണു ഞാന്‍
പോവതെ,ങ്ങില്ല, ഞാന്‍ പോവുകില്ല.
ഞാനിത്തടവിലിരുന്നുകൊണ്ടിങ്ങനെ
മാനസം കൊണ്ടു സ്വതന്ത്രനാകും.
കിന്നരന്, ഹാ, ഞാന്‍ മരിപ്പോളവും നിന്നെ
വര്‍ണ്ണിച്ചു വര്‍ണ്ണിച്ചു പാട്ടുപാടും.
സ്നേഹത്തിനായി ഞാന്‍ സ്നേഹിപ്പുനിന്നെ-ഞാന്‍
മോഹിപ്പതില്ലതിന്മീതെയൊന്നും.
എല്ലാരുമുണ്ടെനി,ക്കാരുമ,ല്ലേവം ഞാ-
നെല്ലാറ്റിലുംനിന്നകന്നു നില്ക്കും.
സ്വപ്നങ്ങള്‍, സര്‍വ്വവും ഭാവനമോഹന-
സ്വപ്നങ്ങള്‍,ഹേമാങ്കിതോജ്ജ്വലങ്ങള്‍!
സ്വപ്നങ്ങളാണുസുഖം, മനം പൊള്ളിക്കു-
മിപ്രപഞ്ചത്തിലെ വാസ്തവങ്ങള്‍.
മിത്ഥ്യകളാണോര്‍ക്കില്‍ സ്സര്‍വ്വയാഥാര്‍ത്ഥ്യവും
സ്വപ്നങ്ങള്മാത്രമേ സത്യമുള്ളൂ.
വ്യര്‍ത്ഥമാം ഭൌതികോല്‍കര്‍ഷമേ, ഞനെന്റെ
സ്വപ്നലോകത്തേയ്ക്കുതന്നെ പോട്ടെ!
ഞാനെന്റെ ദേവിയെ ധ്യാനിച്ചും പൂജിച്ചും
ഗാനാത്മകനായ്ക്കഴിഞ്ഞിടട്ടെ!
പൊന്നിന് ചിറകാഞ്ഞടിച്ചടിച്ചെന്മുന്നില്‍
വന്നിടുകെന്‍ പ്രിയസ്വപ്നങ്ങളേ!....
പത്ത്
ഭദ്രേ, വെറുമൊരുദുസ്വപ്നംപോലെയീ
ക്ഷുദ്രകീടത്തെ നീ വിസ്മരിക്കൂ!
നോവിച്ചു നിര്‍ദ്ദയമിത്രയും കാലമീ-
പ്പൂവുപോലുള്ള നിന്മാനസം ഞാന്‍.
ഇത്രയ്ക്കഴകും സുഗന്ധവുമൊത്തെഴും
ചിത്തം നിനക്കല്ലാതാര്ക്കുകിട്ടും?
എന്നിട്ടും ഞാനതില്‍ സൌന്ദര്യം കണ്ടിട്ടും,
വന്നില്ലെടുത്തതൊന്നോമനിക്കാന്;
എന്നല്ല, ഞാനതിന്‍പിഞ്ചിതളോരോന്നു-
മെന്‍ നഖാഗത്താല്‍ മുറിപ്പെടുത്തി!
ദുഃഖം സഹിക്കുവാനാകാതെ നിങ്കരള്‍
പൊട്ടി, നീ തേങ്ങിക്കരഞ്ഞീടുമ്പോള്‍,
ദൂരെ ഞാനോരോരോ തങ്കക്കിനാക്കളെ
വാരിപ്പുണരുകയായിരുന്നു.
ചേലില് നവനവോല്ലാസപുഷ്പങ്ങളില്
മൂളിപ്പറക്കുകയായിരുന്നു.
നീയതറിഞ്ഞിട്ടും, നിന്മനമത്രമേല്‍
നീറിപ്പുകഞ്ഞിട്ടു, മെന്നരികില്‍
നിന്നെ സ്വയം ഞാന്‍ പിരിഞ്ഞുപോകുംവരെ
നിന്നതെമ്മട്ടു നീ നിഷ്കളങ്കേ?
പ്രേമസാന്ദ്രങ്ങളാമാ നിന്‍സപര്യകള്‍
കോള്‍മയിര്‍ക്കൊള്ളിപ്പതായിരുന്നു.
എന്നാലതിനൊരു നന്ദിവാക്കെങ്കിലും
ചൊന്നതായോര്‍പ്പീലൊരിക്കലും ഞാന്‍.
എന്നല്ല, കേവലം നിസ്സാരഭാവത്തില്‍
നിന്ദിച്ചതൊക്കെ ഞാന്‍ ധിക്കരിച്ചൂ!
ആ മുഖത്തെന്നിട്ടും കണ്ടീല ഞാനൊരു
കാര്‍മുകില്‍തന്‍ നിഴല്‍പാടുപോലും.
അത്ഭുത, മിപ്പിഞ്ചുഹൃത്തിലെമ്മട്ടി,ലൊ-
രഗ്നിശൈലം നീയടക്കിനിര്‍ത്തി?
മാന്‍ പേടയെപോലൊതുക്കവു,മുള്ളിനു
മാന്തളിര്‍പോലുള്ള മാര്‍ദ്ദവവും
മിന്നിസ്ഫുരിക്കും കുലീനതാദീപ്തിയു-
മൊന്നിച്ചിണങ്ങി ലസിച്ച നിന്നെ,
ഹാ, കഷ്ട,മെന്തുകൊ,ണ്ടെന്തിനാ,യേവമി-
ശ്ശോകഗര്ത്തത്തിലടിച്ചു വീഴ്ത്തി?
ആ മുഖം കണ്ടാല്‍, മൃഗീയമായീവിധ-
മാചരിച്ചീടുവാനാര്‍ക്കു തോന്നും?
ദുഷ്ടനാ, ണയ്യോ, പിശാചാണു ഞാ,നെന്നെ
വിട്ടകന്നീടുകെന്‍ദേവതേ, നീ!
ആതുരേ, നിന്നടുത്തെത്തി നിന്നുറ്റവ-
രോതാം പഴികള്‍ പലതുമെന്നെ.
വേതാളമാണു ഞാന്‍, ദേവകളാണവ-
രോതുന്നതൊക്കെയും സത്യമാകാം.
ചൊല്ലിയിട്ടില്ലല്ലോ നിന്നോടിന്നോളവും
നല്ലവനാണെന്നൊരിക്കലും ഞാന്‍.
മന്നിന്റെ കണ്ണില്‍പ്പൊടിയിട്ടു,മായിക
സ്വര്‍ണ്ണരേണുക്കളെടുത്തു പൂശി,
എന്നില്‍നിന്നാമട്ടകന്നു, ഞാനല്ലാത്തൊ-
രെന്നെ ഞാന്‍ കാണിച്ചിട്ടെന്തുകാര്യം?
ഇല്ലെനിക്കാഗഹം ലോകപ്രശംസതന്‍-
മുല്ലപ്പൂമാലയും ചാര്‍ത്തിനില്‍ക്കാന്‍!-
ഇന്നതിനുണ്ടായിരിക്കാം കുളുര്മയും,
വെണ്മയും, ശ്രീയും, സുഗന്ധവായ്പും;
മായികമാണവയൊക്കെയുമൊന്നുപോല്‍
മായു,മൊടുവില്‍ വിളര്‍ത്തുവാടും.
നാളായ്ക്കു ചീഞ്ഞതു നാറു, മുടന്‍തന്നെ
നാമതെടുത്തു വലിച്ചെറിയും.
എന്തിന്നു കേവലമൊറ്റ ദിനത്തിലേ-
യ്ക്കെന്തിനു പിന്നെയാ സ്വപ്നഭാഗ്യം?
അല്‍പമനങ്ങിയാലാകെത്തകര്‍ന്നുപോം
ബുദ്ബുദസൌധമതാര്ക്കു വേണം?
ആവശ്യമില്ലെനിക്കന്യനില്നിന്നെന്റെ
തൂവലില്‍ ചായപ്പണികളൊന്നും.
കണ്ണടച്ചേകാന്തയോഗിപോല്‍ പാടത്തു
ചെന്നിരിക്കുന്ന വെണ്‍കൊറ്റിയേക്കാള്‍
കാടും മലകളും വര്‍ണ്ണിച്ചു പാടുന്ന
കാര്‍കുയിലാണെനിക്കേറെയിഷ്ടം !
വേദനാപൂര്‍ണ്ണമാമെന്മൊഴി കേവലം
വേതാളവേദാന്തമായിരിക്കാം.
പങ്കിലഹൃദയത്തിന്‍പുകപ്പടര്‍പ്പായിടാ-
മെങ്കിലു,മെന്മതമാണിതാര്യേ!
എന്മനം നോവുന്നതെന്തിനോ, ഹാ, കഷ്ട-
മൊന്നോര്‍ത്ത്താലന്യന്മാരാണു ഭേദം.
ഉറ്റവരെപ്പോലൊരുള്ളലിവില്ലാത്തൊ-
രുഗസര്‍പ്പങ്ങള്‍ മറ്റില്ലുലകില്!
ഒന്നെങ്ങാന്‍ കേറിച്ചവിട്ടിടാ,തങ്ങോട്ടു
ചെന്നു കടിക്കാറില്ലന്യ സര്‍പ്പം
എങ്ങാ,നഥവാ, കടിക്കുകില്പ്പോലു,മ-
തൊന്നു കടിച്ചിട്ടിഴഞ്ഞുമാറും.
ഉറ്റവരാകട്ടെ, മാറാതെ, കാലിന്മേല്
ചുറ്റിപ്പിണഞ്ഞു കടിച്ചുകീറും!-
ചത്തടിഞ്ഞാലു,മപ്പട്ടടച്ചാരവും
പത്തിവിടുര്‍ത്തിച്ചികഞ്ഞുകൊത്തും!
മിത്രങ്ങള്‍, മിത്രങ്ങള്‍, പാഷാണപാത്രങ്ങള്‍
മിത്ഥ്യാഭ്രമങ്ങള്‍ക്കധീനനായ് ഞാന്‍!
ശപ്ത ശാസ്ത്രീയ ഗവേഷണമേ, നിന്റെ
സിദ്ധൌഷധങ്ങള്‍തന്‍ സിദ്ധിയാല്‍, നീ
കെട്ടിപ്പിടിച്ചിരുന്നോരക്കഷണ്ടിയെ-
ത്തട്ടിയെടുത്തു കടന്നതിനാല്‍
ഒറ്റതിരിഞ്ഞോ,'രസൂയ'യ്ക്കിതാ, വീര്‍പ്പു-
മുട്ടുന്നു, കൈകാല്‍ വിറച്ചിടുന്നു!
തെല്ലൊരുപശാന്തിയൊന്നതിനുംകൂടി
വല്ലതും കണ്ടുപിടിയ്ക്കുമോ നീ?
ദേവനായ്ത്തെറ്റിദ്ധരിച്ചു പിശാചിനെ
ജ്ജീവേശനായ് വേട്ടു, ദേവതേ, നീ!
അപ്സരസ്സെത്തിപ്പിശാചുമായ്ച്ചേരുന്നൊ-
രത്ഭുതരംഗമാണിപ്രപഞ്ചം!
യക്ഷികളോടൊത്തു ദേവന്മാര് കൂടുന്ന
ശിക്ഷാനികേതമാണിപ്രപഞ്ചം!
ക്ഷുത്തടങ്ങാതെത്ര കാലമാ മാന്തോലില്
അത്തലമണ്ടയിലാണഹോ സാഹിത്യ-
ചക്രം കറങ്ങുന്നതെന്നുതോന്നും!
ക്ഷേത്രപ്രവേശനം പാടില്ലയെന്നവ-
നാര്‍ത്തു പുലമ്പും- കൊടുത്തശേഷം
കീര്‍ത്തിയ്ക്കും, കീര്‍ത്തിതന്‍കാലില്‍പിടിച്ചവന്‍
പ്രാര്‍ത്ഥിയ്ക്കും, നക്കിടും നായിനെപ്പോല്‍!
വൃക്ഷച്ചുവട്ടില്‍ ക്കമിഴ്ന്നുകിടന്നവ-
നക്ഷരലക്ഷം പെരുക്കിവെയ്ക്കും.
മറ്റുള്ള പേനകളെല്ലാമൊടിയുവാന്
മുട്ടുകുത്തിദ്ദൈവത്തോടിരക്കും.
ജീവചരിത്രമെഴുതിക്കു,മല്ലാതെ
ചാവാനവനൊരു ധൈര്യമില്ല.
പിന്നെയതിനാരുമില്ലാതെപോയേക്കാ-
മെന്നല്ലഥവാ തുനിയുകിലും,
വല്ലതും ദോഷം പറകിലോ?-പാടില്ല,
നല്ലതുമാത്രമേ ചൊന്നിടാവൂ.
നിന്ദ്യചണ്ഡാളനെപ്പോലുമൊരുമഹാ-
വന്ദ്യയതിയായ് വരച്ചു കാട്ടാന്‍,
ലജ്ജയില്ലാത്ത നപുംസകങ്ങള്‍ക്കുമു-
ണ്ടിജ്ജഗത്തിങ്കലിടം വസിക്കാന്‍.
കാപ്പിക്കു കാശുകൊടുത്താല്‍ മതി,യവര്‍
കാപ്പിരിയെക്കാമദേവനാക്കും.
അത്തരമൊന്നുരണ്ടാളെപ്പിടികൂടി-
യൊപ്പിച്ചിടുമവന്‍ സ്വാര്‍ത്ഥമോഹം!
കാലമൊരൂത്തു കൊടുത്താല്‍ത്തെറിക്കുമ-
പ്പോളകള്‍, നില്ക്കും പരിപ്പുമാത്രം!
കെല്പില്ല, മൂപ്പില്ലുറപ്പില്ലതിനെങ്കി-
ലല്‍പനാള്‍ക്കുള്ളിലതുച്ചുകുത്തും.
കൊള്ളില്ലതു പിന്നെ-ലോകമെടുത്തതു
പള്ളയിലേയ്ക്കു വലിച്ചെറിയും!
പതിനാലു
ചൊല്ലാമെഴുത്തൊന്നു, ജീവിതമൊന്നിവ-
യ്ക്കില്ലാ പൊരുത്തം-അതുണ്ടെങ്കിലേ,
സല്‍കാവ്യമാകൂ, നിജോല്‍പ്പാദകനൊരു
സല്‍കവിയാകൂ, സന്ദേഹമില്ല!
പിന്നെക്കവിപ്പട്ടം കെട്ടി ഞെളിഞ്ഞിടാം,
കുന്നുകൂട്ടാം പണം, കീര്‍ത്തി നേടാം.
ആയിടട്ടെന്നാല്‍,ത്താന് സര്‍വ്വലോകാരാദ്ധ്യ-
നാണെന്നു ഭാവിച്ചാലെന്തു ചെയ്യും?
താനെഴുതുന്നതേ ജീവിക്കുവെന്നഭി-
മാനിപ്പാനര്‍ഹതയുള്ളവനായ്,
ഒറ്റക്കവിയോ, മഹാകവിയോ, വന്നാല്‍
മുട്ടുകുത്താം, ദാസനായിടാം ഞാന്‍!
ഒന്നില്ല-പിന്നെ,പ്പരസ്പരം പുച്ഛിച്ചു
മന്ദഹസിപ്പതിലര്‍ത്ഥമുണ്ടോ?
ആപ്പാഴുല്‍കൃഷ്ടമാം കാവ്യം വിരളമാ-
ണുല്‍പദനങ്ങള്‍ യഥേച്ഛമുണ്ടാം.
പിന്നെപ്പരസ്പരാപേക്ഷികമായൊന്നു
നന്നെന്നു, മറ്റൊന്നുമോശമെന്നും,
നാമൊക്കെയോതും, പതിവാ,ണഭിരുചി-
യാണതിനുള്ളേകമാനദണ്ഡം!
ഇല്ല തണ്ടാരിന്‍ഗുണം പനിനീര്പ്പൊവി-
നില്ലതിന്‍ മേന്മയത്തണ്ടലരില്‍.
തണ്ടാര് കിളരുന്നു ചേറ്റില്‍, പ്പനിനീര്‍പ്പൂവിന്‍-
തണ്ടില്‍നിറച്ചുണ്ടുകണ്ടകങ്ങള്‍.
അക്കാരണത്താല്‍ വെറുത്തിട്ടു കാര്യമെ-
ന്തുള്‍ക്കുളിരേകുമാപ്പൂവുകളെ?
രണ്ടിനുമൊപ്പം വികാസം കൊടുക്കുന്നു
വിണ്ടലത്തിന്റെ നറും വെളിച്ചം.
ചേറില്ല, മുള്ളില്ല, പൂവിന്‍ദളങ്ങളില്‍
പോരേ, പരാതിക്കു കാര്യമുണ്ടോ?
തൂമരന്ദം നുകര്‍ന്നാനന്ദമത്തരായ്
തൂമയില്ച്ചുറ്റിപ്പറന്നാല്പ്പോരേ?
ഭൃംഗങ്ങളേ, കഷ്ടമെന്തിനവയ്ക്കെഴും
പങ്കവും മുള്ളുമോര്‍ക്കുന്നു നിങ്ങള്‍?
നിങ്ങളെബ്ബാധിപ്പതില്ലവ, പൂക്കള്‍ക്കു
ഭംഗിയു,ണ്ടാമഭംഗിയാസ്വദിക്കൂ!
കസ്തൂരിയെന്താ, വെരുകിന്‍പുഴുവെന്തു
വസ്തുക്കളാണതൊന്നോര്‍ത്തു നോക്കൂ!
ഏകുവിനച്ചെകുത്താനവനര്‍ഹിക്കും
ഭാഗ,മതിനെന്തു വൈമനസ്യം?
കുഷ്ഠരോഗം പിടിച്ചുള്ള കലാകാരന്
സ്ര്ഷ്ടിച്ചിടും ചിത്രദര്‍ശനത്തില്‍,
ആരോഗമാക്രമിക്കി,ല്ലവനോടൊത്തു
ചേരേ,ണ്ടകലത്തു നിന്നുകൊള്ളൂ.
അന്ധന്റെ സുന്ദരസംഗീതം കേള്‍ക്കുകി-
ലന്ധരായ്ത്തീരില്ല കേട്ടിടുന്നോര്‍.
ആരാല്‍ ശ്രവിക്കും ബധിരവിലാപത്തി-
ലാരും ബധിരരായ്ത്തീരുകില്ല.
പിന്നെന്തിനുല്‍പാദകസ്വഭാവത്തെയോ-
ര്‍ത്തിന്നീ നിരര്‍ത്ഥവാഗ്വാദഘോഷം?
വസ്തുവുമായുള്ള താദാത്മ്യം, തത്ഭാവ-
നിസ്തുല ചിത്രണ,മെന്നിവയില്‍
ഉത്തെജകത്വമുള്‍ക്കൊള്‍വതാണെങ്കി-
ലതുല്‍കൃഷ്ടമാം കലാസൃഷ്ടിയായി.
ഉല്പാദകന്റെ ശാരീരികചേഷ്ടകള്‍-
ക്കുത്തരവാദിത്വമില്ലതിങ്കല്.
ഉത്തേജകത്വമുള്‍ക്കൊള്ളുന്നവയ്ക്കൊക്കെ-
യുത്ഭവസ്ഥാനമാത്മാവുമാത്രം!
ഉല്‍പാദ്യസത്തയിലുല്‍പാദകസത്ത-
യുള്‍പ്പുക്കവിഭാജ്യമായിടുമ്പോള്‍
തജ്ജന്യശക്തിയാല്‍ താനേ ജനിപ്പതാ
ണുല്‍ക്കൃഷ്ടമാം കലോല്‍പാദനങ്ങള്‍.
'കൊത്തിവെയ്ക്കാം മരപ്പാവകള്‍, ജീവനെ
ക്കുത്തിവെയ്ക്കാനുളി' യ്ക്കൊക്കുകില്ല.
ജീവനുമാത്രമേ ജീവന് കൊളുത്തുവാ
നാവൂ-കലാമര്മ്മമിങ്ങിരിപ്പൂ!
സത്താണു സൃഷ്ടിയെന്നാലതിന്നുത്ഭവ
സത്തയും സാത്വികമായിരിക്കും!
സ്വര്‍ണ്ണവിളക്കിലും മണ്ണുവിളക്കിലും
മിന്നുന്നദീപം വെളിച്ചമേകും.
മണ്ണായ കാരണം ദീപ,മിരുട്ടാണു
ചിന്നുന്നതെന്നു ഭയപ്പെടേണ്ടാ!
ദീപത്തിലില്ല കളങ്കം-ജഗത്തിനി-
ല്ലാപത്തശേഷം വിളക്കുമൂലം,
നന്നാണധികം, വിളക്കുമാ ദീപവു-
മൊന്നുപോലുജ്ജ്വലമായിരുന്നാല്‍!
താനേ തിളങ്ങുന്ന ദീപങ്ങള്‍ കാണുവാന്‍
താരാപഥത്തിലേ സാദ്യമാകൂ!
ഇങ്ങുള്ള ദീപങ്ങള്‍പോലും, പുകകൊണ്ടു
മങ്ങിയിരിക്കുമടുത്തു ചെന്നാല്‍!
താരങ്ങള്‍ക്കില്ല പുകയെന്നതു, പക്ഷേ
ദൂരതകൊണ്ടുള്ള തോന്നലാകാം.
എത്ര മഹാത്മാക്കളാകട്ടെ, കാണുന്ന-
തെപ്പൊഴും ദൂരത്തു നിന്നു വേണം!
കാണാതിരിക്കുന്നതാണേറ്റമുത്തമം
കാഴ്ചയില്‍ കൌതുകം മാഞ്ഞുപോകും.
കണ്ടാ,ലടുക്കായ്ക,ടുത്താല്‍, പലപ്പൊഴു-
മുണ്ടാം നിരാശ-മതിപ്പിടിയും!
കേട്ട സംഗീതം മധുരമാ,ണെന്നാലോ-
ക്കേള്ക്കപ്പെടാത്തതതിമധുരം;
നിസ്തുലമാധുര്യനിര്‍ഭരമാണെന്നാല്‍
നിശ്ശബ്ദതയെന്നതോര്‍മ്മ വേണം.
ദൂരത്തു നില്ക്കുക, കേട്ടാസ്വദിക്കുക,
ചാരത്തു ചെല്ലൊല്ലേ, കാണരുതേ!
ഞാനെന്റെ മൂന്നാലു കൂട്ടുകാരൊന്നിച്ചു
മാനസോല്ലാസത്തിനായൊരിക്കല്,
അക്ഷീണകൌതുകമുള്‍ച്ചേര്‍ന്നുകൊണ്ടൊരു
പക്ഷി നായാട്ടിനായ്പ്പോയി കാട്ടില്‍.
തോക്കിന്നിരയായി വീണ കിളികളെ
നോക്കിഞാനങ്ങനെ നിന്നിടുമ്പോള്‍,
"ഹേ, കവേ, താനെന്നും വര്‍ണ്ണിച്ചിടാറുള്ള
കോകിലത്തിന്നും പിണഞ്ഞു നാശം.
നോക്കൂ"- ചിരിച്ചുച്ചരിച്ചുകൊണ്ടേവ,മെന്‍-
നേര്‍ക്കൊരു പക്ഷിയെ നീട്ടി തോഴന്.
ഞാനതുല്‍കണ്ഠയോടെന്‍കയ്യില്‍ വാങ്ങി, ഹാ!
താനേയെന്‍കണ്ണു നിറഞ്ഞുപോയി.
ആദികവിതന്‍ഹൃദയത്തിലത്രമേ-
ലാടലിയറ്റിയോരാദര്‍ശനം,
ആയിരം പ്രാവശ്യമാവര്‍ത്തിച്ചിട്ടുണ്ടാ-
മീ വിശ്വമോരോ കവിക്കു മുന്നില്‍!
ഇന്നു വെടി കൊണ്ട പക്ഷിയെച്ചിന്തിച്ചു
കണ്ണീരൊഴുക്കും മഹാകവികള്‍
മൂക്കറ്റം മാംസം ഭുജിച്ചു പല്ലിന്നിട-
യ്ക്കീര്‍ക്കിലാല്‍ത്തോണ്ടിക്കൊണ്ടായിരിക്കും,
ശിക്കാരിതന്‍നേര്‍ക്കു ചീറി,യഹിംസയെ-
പ്പൊക്കി,പ്പടപ്പതാക്കാവ്യപിണ്ഡം!
പെട്ടെന്നിച്ചിന്തയെന്നുള്ളിലുദിച്ചു, ഞാ-
നൊട്ടമ്പരന്നൊന്നു നോക്കി വീണ്ടും.
ചെറ്റു പിളര്‍ത്തിയ കൊക്കിലും, മെയ്യിലും
പറ്റിയിട്ടുണ്ടു കൊഴുത്ത രക്തം.
പ്രാണദണ്ഡത്താല്പ്പിടയുന്നു-പെട്ടെന്നു
ഞാനതിന് കണ്ഠം ഞെരിച്ചുകൊന്നു.
"നല്ല കവിയാണു, കൊന്നു കുയിലിനെ"-
യെല്ലാരുമെന്നെപ്പരിഹസിച്ചു.
അപ്രാണവേദന പെട്ടെന്നു തീര്‍ക്കാനാ-
ണപ്രകാരത്തില്‍ ഞാന്‍ ചെയ്തതപ്പോള്‍
പാടും പിശാചു ഞാന്‍, വര്‍ണ്ണിച്ചു വര്‍ണ്ണിച്ചു
പാടിപ്പുകഴ്ത്തുന്ന കോകിലത്തെ
അമ്മട്ടു ഹിംസിച്ചു നിര്‍ദ്ദയം, ലോകമേ,
നിന്മുന്നില് ഞാന്‍ കവിതന്നെയിന്നും!
ഞാനാക്കുയിലിനെ സൂക്ഷിച്ചു നോക്കി;ഹാ,
കാണാനതിനൊരു ഭംഗിയില്ല,
ഉണ്ടൊരു ദുര്‍ഗ്ഗന്ധം, പൂടയും തൂവലും
കണ്ടാലറയ്ക്കും-വെറുപ്പുതോന്നി.
അക്കളകാകളി വാര്‍ന്നൊഴുകീടുന്ന-
തിക്കരിമ്പൂടയ്ക്കകത്തുനിന്നോ!
ദുര്‍ഗ്ഗന്ധപൂര്‍ണ്ണമേ, നിന്നില്നിന്നോ ഹന്ത
നിര്‍ഗ്ഗളിപ്പൂ ഗാനത്തിന്‍സുഗന്ധം!
കോള്‍മയിര്‍ക്കൊള്ളിച്ചു ദൂരെ നിന്നെന്നെ നീ
നീ മുന്നിലെത്തീ മനംമടുത്തു.
ഇപ്പൊഴും പൂങ്കുയില്‍ പാടുന്നകേള്‍ക്കുമ്പോ-
ഴിപ്പൂതിഗന്ധമൊന്നോര്‍ത്തുപോം ഞാന്‍.
കഷ്ട, മസൂയ,ദുര, ചതി, യൊന്നുമേ
തൊട്ടുതേയ്ക്കാത്തൊരപ്പക്ഷിപോലും,
അമ്മട്ടിലാകി, ലതൊക്കെ മുറ്റിച്ചേര്‍ന്നോ-
രമ്മര്‍ത്ത്യനെക്കുറിച്ചെന്തു ചൊല്ലാന്‍?
ദൂരം മതിപ്പിന്റെ നാരായവേരാണു
ദൂരത്തു നില്ക്കുവിന്; കൈകള്‍ കൂപ്പിന്!
അന്നതില്‍പ്പിന്നെ ഞാന്‍ പക്ഷിനായാട്ടിനാ-
യിന്നോളം പോയിട്ടി,ല്ലെന്തുകൊണ്ടോ!
മണ്ണാണു മര്‍ത്ത്യനവന്‍ മഹാനാകിലും
മണ്ണു മണ്ണിന്റെ മണം വമിക്കും.
ചന്ദനച്ചാറെടു ത്തെത്ര ചാര്‍ത്തുന്ന കൊ-
ണ്ടെന്തു, മണ്ണെപ്പൊഴും മണ്ണുതന്നെ!
സത്യം പറഞ്ഞാല്‍ പിടിയ്ക്കി,ല്ലവനുണ്ടു
ചിത്തഭ്രമ,മെന്നപലപിക്കും.
വ്യാജമാണിഷ്ടം മനുഷ്യനെ,ന്നിട്ടു,നിര്-
വ്യാജമാണെന്നു വൃഥാ നടിക്കും.
ഷണ്ഡന്റെ ഭോഗവിരക്തിപോല്‍, സദ്ഗുണ-
മുണ്ടവനി,ല്ലയെന്നാരു ചൊല്ലി?
"വഞ്ചി മറിഞ്ഞാലെന്തുണ്ടിത്ര പേടിക്കാന്‍?"-
ബഞ്ചിലിരുന്നു ഞെളിഞ്ഞു ചൊല്വോന്,
കായലില്‍ വേണ്ട, കുളത്തി,ലെങ്ങാനൊന്നു
കാല്‍തെറ്റി വീഴാനിടവരട്ടെ,
പ്രാണപരാക്രമം കാണേണ്ടതൊന്നപ്പോ-
ഴാ,ണവന്‍ ശൂരനതുവരെയ്ക്കും!
എത്ര സഹസ്രം മനുഷ്യരെക്കണ്ടു ഞാ-
നിത്തര,മല്‍പകാലത്തിനുള്ളില്‍!!
നാടകശാലയാണീ ലോക,മെന്നൊരാള്‍
പാടിയിട്ടുള്ളതെന്തര്‍ത്ഥഗര്‍ഭം!
എല്ലാം വിദൂഷകരാണു, ചിന്തിക്കുകി-
ലില്ലിതിലൊറ്റ നേതാവുപോലും!
അന്ത്യം വരേയ്ക്കും പ്രഹസനം, പെട്ടെന്നൊ-
രന്തരം-ശോകാത്മകാന്ത്യരംഗം!
പാടും, ചിരിക്കും, കരയും, കരങ്ങള്‍കോര്‍-
ത്താടും, പരസ്പരം മല്ലടിക്കും;
കാണിക്കും ഗൌരവം മീശമുറുക്കിക്കൊ-
ണ്ടാ നിമേഷംതന്നെ പല്ലിളിക്കും.
കിട്ടുന്നതൊക്കെക്കടിക്കും, മണപ്പിക്കും
പെട്ടെന്നു ദൂരെ വലിച്ചെറിയും,
ഒച്ചയുണ്ടാക്കും, കുലുക്കു,മെന്തി,ന്നേവ-
മൊട്ടേറെയോരോ ഗാഷ്ടി കാട്ടും.
മര്ത്ത്യന് കുരങ്ങില്‍നിന്നെത്തിയോ, ശാസ്ത്രമേ,
മര്‍ത്ത്യനില്‍നിന്നും കുരങ്ങു പോയോ?
വാലുവന്നപ്പോള്, നരന് പരിഷ്കാരിയായ്
വാ(ല്‍)നരനായിച്ചമഞ്ഞതല്ലേ?
അപ്പരിണാമം പുരോഗമനത്തെയാ-
ണെപ്പൊഴും ലക്ഷീകരിപ്പതെങ്കില്‍
മര്‍ക്കടത്തിന്നാണു, തര്‍ക്കമി,ല്ലൂഴിയില്‍
മര്‍ത്ത്യനെക്കാളും പുരോഗമനം!
വാക്കുകള്‍കൊണ്ടുള്ള ചാപല്യമെങ്കിലും
നീക്കാനതിനു കഴിഞ്ഞുവല്ലോ!
ചാപല്യം കാണുമ്പോള്‍ സംശയം തോന്നുന്നു
കോപിച്ചിടേണ്ട, വിഢ്ഢിത്തമാകാം!!
പതിനഞ്ച്
സത്യസ്ഥിതിയല്‍പം ചിന്തിച്ചുനോക്കിയാല്‍
മര്ത്ത്യന് മൃഗത്തിലും കഷ്ടമല്ലേ?
വീട്ടില്‍ വളര്‍ത്തും മൃഗങ്ങളോ പോകട്ടെ,
കാട്ടുമൃഗത്തിന് കഥയെടുക്കാം.
എന്താണവയ്ക്കുള്ളദോഷം?-അവമറ്റു
ജന്തുജാലങ്ങളെ വേട്ടയാടും.
എന്തിനു?-ജീവിക്കാന്‍, കാളും വയറ്റിലെ-
ച്ചെന്തീ കെടുത്തുവാനായിമാത്രം!
ആവശ്യമാണതു, ജീവിക്കണമെങ്കി-
ലാവശ്യമാണതു, തര്‍ക്കമില്ല!
തിന്നുവാന്‍ കൊന്നിടും, കൊന്നാകില്‍ത്തിന്നിടും,
വന്യജന്തുക്കളെ,തൊന്നിനെന്ന്യേ
കൊല്ലുമാറില്ല സാധാരണയാ,യതി-
നില്ലാ പഠിപ്പു, മാസ്സംസ്കാരവും.
എന്നാ,ലിതല്ലാതൊ,രൊറ്റദോഷം വേറെ-
യിന്നേതു ജന്തുവിനുണ്ടുലകില്‍?
പോകുന്നതില്ലവ തെങ്ങുകേറിക്കുവാന്‍
പോകുന്നതില്ല കൊയ്യിക്കുവാനും.
പാട്ടം പലിശകള്‍ കിട്ടുവാനി,ല്ലില്ല
തോട്ടങ്ങള്‍, മില്ലുടമസ്ഥരല്ല.
ജീവിക്കുവാനാത്മചോദനാധീനമാ-
മാ വേട്ടയാടലവയ്ക്കു വേണം!
മര്‍ത്ത്യനോ?-മര്‍ത്ത്യനു വേട്ടയാടീട്ടു വേ-
ണ്ടുത്തമഭോജ്യങ്ങളാഹരിപ്പാന്‍.
സസ്യസമൃദ്ധപ്രകൃതിയാത്താദരം
സല്‍ക്കരിക്കുന്നുണ്ടവനെയെന്നും!
എന്നിട്ടും പോ,രവനന്യജന്തുക്കളെ-
ക്കൊന്നേ കഴിയൂ സുഖം സ്വദിക്കാന്‍!
ജീവികളെത്തിന്നവസാനം,വേണെങ്കി-
ലാവാമവന്നു ഫലങ്ങളല്‍പം.
ആകട്ടതുകൊണ്ടു തൃപ്തിവന്നോ?-പോര
ലോകം കൊലക്കളമാക്കിടേണം.
അന്യജന്തുക്കള്‍ മടുത്തു മനുഷ്യനു
തിന്നണം മര്‍ത്ത്യനെത്തന്നെയിപ്പോള്‍.
എട്ടുപത്തിന്നു രസമി,ല്ലടിഞ്ഞൊരു
പൊട്ടലിലായിരം വീണിടേണം.
ചോലകള്‍പോലിരച്ചോളമടിച്ചാര്‍ത്തു
ചോരപ്രളയങ്ങള്‍തന്നെ വേണം!
മുക്തശീര്‍ഷങ്ങള്‍, കബന്ധങ്ങ,ളങ്ങനെ
നൃത്തമാടേണമവന്നുമുമ്പില്‍!-
എന്തിനു?-ശക്തി കാണിക്കാന്‍, വിനോദിക്കാന്‍,
മന്ദഹസിക്കാ നഹങ്കരിക്കാന്‍!
കാട്ടുമൃഗങ്ങളേ, നിങ്ങള്‍ക്കു കാറില്ല,
കോട്ടില്ല, ഷര്‍ട്ടില്ല, സഞ്ചിയില്ല.
നിങ്ങള്‍ തിയേറ്ററില്‍ പോകുന്നി, ല്ലെന്നല്ല
നിങ്ങള്‍ക്കുദ്യാനവിരുന്നുമില്ല.
നിങ്ങള്‍ 'താങ്ക്സെ','ക്സ്ക്യൂസ്','പ്ലീസ്','നൊമെന്‍ഷ'നിത്യാദി
ഭംഗിവാക്കൊന്നും പറയാറില്ല.
കണ്ടിടാറില്ലാ ചുരുട്ടോ സിഗററ്റോ
ചുണ്ടില്‍, മുഖം വടിക്കില്ല നിങ്ങള്‍
നിങ്ങല്ക്കു ക്ലബ്ബില്ല,നുമോദനമില്ല,
മംഗളപത്രങ്ങള്‍ കിട്ടാറില്ല,
ഭാഗ്യക്കുറികള്‍ നടത്തില്ലഹോ നിങ്ങള്‍
യോഗ്യരല്ല പണം തട്ടുകില്ല.
റാവുസാഹേബ്ബല്ല, ഖാന്‍ബഹദൂറല്ല,
സേവാനിരതരുമല്ല നിങ്ങള്‍.
നിങ്ങള്തന് പേരു പത്രത്തില്‍ വരാറില്ല,
നിങ്ങള്തന് ചിത്രമെടുക്കാറില്ല.
നിങ്ങള്‍ രക്ഷാധികാരം ചുമക്കാറില്ല,
നിങ്ങളധ്യക്ഷം വഹിക്കാറില്ല.
പച്ചച്ചിരികള്‍ ചിരിക്കില്ല, മാറുമ്പോള്‍
പുച്ഛിക്കയില്ല നികൃഷ്ടര്‍ നിങ്ങള്‍.
"ഇന്‍ക്വിലാബ് സിന്ദാബാദൊ"ന്നും വിളിക്കുകി-
ല്ലിംഗ്ലീഷബദ്ധമായ്ക്കാച്ചുകില്ല.
ഇല്ലാസമാജങ്ങ,ളില്ലാ പ്രമേയങ്ങ-
ളില്ലാ കവുണ്‍സിലസംബ്ലികള്‍ .
ഇല്ലാ നഗരസഭകള്‍ പഞ്ചായത്തു-
മി,ല്ലില്ല നിങ്ങല്ക്കു കോടതികള്‍.
നിങ്ങല്ക്കു പത്രമി,ല്ലില്ല പത്രാധിപര്‍,
നിങ്ങളിലില്ലാ മഹാകവികള്‍.
വക്കാണക്കോമരവക്കീലന്മാരില്ല
കൊക്കിനെപ്പോല്‍ മേവും ജഡ്ജിയില്ല.
രണ്ടു ചെവിയാല്‍ക്കുഴല്‍വഴി രോഗങ്ങള്‍
കണ്ടറിഞ്ഞീടുന്ന ഡോക്ടരില്ല.
നിസ്സാരന്മാര് നിങ്ങള്‍, മോശക്കാര്, നിന്ദ്യന്മാര്,
നിര്ദ്ദയന്മാര്, വെറുംപ്രാകൃതന്മാര്‍!
എങ്കിലും, ഹാ, നിങ്ങള്‍ നിങ്ങളെത്തിന്നില്ല,
വങ്കത്തം കാട്ടി നടക്കുകില്ല.
ഏഷണികൂട്ടാന്‍ വശമില്ല നിങ്ങള്‍ക്കു,
ദോഷൈകദൃക്കുകളല്ല നിങ്ങള്‍.....
സത്യവിരോധം കരുതി, ല്ലുറക്കത്തില്‍-
ക്കത്തിവെയ്ക്കും പതിവൊട്ടുമില്ല.
കള്ളു,കറുപ്പു,കഞ്ചാവുഷാപ്പാവശ്യ-
മില്ല നിങ്ങള്‍ക്കു കഴിഞ്ഞുകൂടാന്‍.
നിങ്ങള്തന് ലോകത്തു തേവിടിശ്ശിത്തെരു-
വെങ്ങുമില്ലില്ലൊരു വൈകൃതവും.
പ്രേമലേഖനങ്ങളെഴുതില്ല, വാങ്ങുകി-
"ല്ലോമനേ" യെന്നു വിളിക്കുകില്ല.
ഹാ,ഗുഹ്യരോഗം പിടിക്കില്ല നിങ്ങള്‍ക്കു,
ഭോഗഭ്രമവുമധികമില്ല.
കാതില്‍ഗ്ഗുളോപ്പിട്ടിടതുഭാഗം തല-
കോതി,മുഖത്തു ചുണ്ണാമ്പു പൂശി,
മുട്ടോളം കൈകളിലൊന്നില്‍ വളയെടു-
ത്തിട്ടൊരു സഞ്ചി ചുമ്മാതെ തൂക്കി,
പൂവണിസ്സാരിയി,ലുര്‍വ്വശിമാരെന്ന
ഭാവത്തില്‍ക്കണ്ണെറിഞ്ഞും, കുഴഞ്ഞും,
നിങ്ങള്‍തന്‍പെണ്ണൂങ്ങള്‍ സ്ലിപ്പറില്‍കേറിനി-
ന്നെങ്ങും നടന്നിടാറില്ല, പക്ഷേ
നിന്ദ്യഗര്‍ഭച്ചിദ്രനിന്ദ്യപരിപാടി
നിങ്ങള്‍ക്കശേഷമറിഞ്ഞുകൂട.
മിസ്മേയോ, മാര്‍ഗററ്റ്, ഡാംഗറിവരാരും
വിഭ്രമം നിങ്ങള്‍ക്കു തന്നിട്ടില്ല.
ഗര്‍ഭനിയന്ത്രണത്തിന്നു നിങ്ങള്‍ക്കാര്‍ക്കും
റബ്ബറിന്‍സൂത്രമറിഞ്ഞുകൂട.
ദുര്‍വ്വാരമല്ല നിങ്ങള്‍ക്കു രോഗങ്ങള്‍ക്കു
സള്‍ഫണമൈഡുമാപ്പെന്‍സുലിനും!
ഇല്ലാ ഡീയെമ്മായ് നടക്കുവോര്‍ നിങ്ങളി-
ലില്ല സ്വവര്‍ഗ്ഗഭോഗപ്രിയന്മാര്‍.
നാലുകാശിന്നായി നിങ്ങളൊരിക്കലും
നാണവും മാനവും വില്ക്കുകില്ല.
നിങ്ങള്‍ക്കു ഫാറത്തിലിട്ടീടുമൊപ്പിന്മേല്‍
തങ്ങിനില്ക്കുന്ന ദാമ്പത്യമില്ല.
ഉദ്യോഗത്തണ്ടില്ല, കൈക്കൂലിഭ്രാന്തില്ല,
മദ്യസല്‍ക്കാരങ്ങള്‍ നിങ്ങള്‍ക്കില്ല.
കാരാഗൃഹമില്ല, നിങ്ങള്‍ക്കു കീര്‍ത്തിതന്‍-
സ്മാരകമില്ല, സമാജമില്ല.
എണ്ണച്ചായത്തില്‍പ്പടമെഴുതിച്ചാരും
ചെന്നനാച്ഛാദനം ചെയ്യാറില്ല!-
നിങ്ങള്‍ക്കു മര്‍ത്യനോടൊപ്പമെത്താന്‍ പിന്നെ-
യെങ്ങനെയൊക്കും?-നികൃഷ്ടര്‍ നിങ്ങള്‍!
ഇല്ലാ പരിഷ്കാര,മില്ലൊട്ടും വിപ്ലവ-
മില്ലാ കലാശാലാവിദ്യാഭ്യാസം!
ഇല്ലാബിരുതം,വിശേഷബുദ്ധ്യംശമ-
തി,ല്ലില്ല തെല്ലും പുരോഗമനം!
മുന്‍ചൊന്ന നേട്ടങ്ങളിന്നുമുതല്‍ക്കിനി
സഞ്ചയിക്കാന്‍ നിങ്ങളുദ്യമിക്കിന്‍!
ശങ്കവേ,ണ്ടായത്തമാക്കാം ശ്രമിച്ചവ-
യെങ്കില്‍, നിങ്ങള്‍ക്കും മനുഷ്യരാകാം!
അമ്പലം, പള്ളി, പുരോഹിതര്‍, നേര്‍ച്ചകള്‍,
കുമ്പസാരങ്ങ,ളാക്കുര്‍ബ്ബാനകള്‍,
ഏകാദശി, ഷഷ്ഠി, പൂജ, പാല്‍ക്കാവടി,
ഹാ, കൂട്ടുപായസം, പുഷ്പാഞ്ജലി-
എന്നിവയൊക്കെയുണ്ടെങ്കിലേ സര്‍വ്വേശന്‍
തന്നിടൂ നിങ്ങള്‍ക്കാ നേട്ടമെല്ലാം!
ഇത്രയും പോ,രിനി നിങ്ങളിലാരാനും
മര്‍ത്ത്യനായ്പ്പെട്ടെന്നു മാറുന്നെങ്കില്‍
കര്‍മ്മം ചിലതു,ണ്ടതുകൂടിയാകിലേ
സമ്മതനാകൂ, യശ്വസ്വയാകൂ.
വീട്ടില്‍ വരുത്തിക്കുടിച്ചിടാം ചാരായം,
റോട്ടില് ഖദറിട്ടുതന്നെ പോണം.
അല്പം പ്രമാണിത്തം വേണമെങ്കില്‍ ഗാന്ധി-
ത്തൊപ്പികൂടുണ്ടെങ്കിലേറ്റം നന്നായ്!
വീട്ടില്‍ വരുന്ന പിച്ചക്കാരെയൊക്കെയു-
മാട്ടിയോടിക്കാം വിരോധമില്ല.
എന്നാല്‍പ്പണക്കാര്‍ക്കിടയ്ക്കിടയ്ക്കേകണം
നന്നായ് വിരുന്നുക, ളാ വിരുന്നില്‍
പത്രറിപ്പോര്‍ട്ടരെയാദ്യം ക്ഷണിക്കണം,
സല്‍ക്കരിച്ചീടണം ഭംഗിയായി
ആരുമറിയരു,തല്ലില്‍ ഗൃഹവേല-
ക്കാരിയെ-ത്തെല്ലും വിരോധമില്ല.
വീറോടെതിര്‍ക്കണം നാലുപേര്‍ കൂടുകില്‍
വീതശങ്കം സദാചാരഭംഗം.
'ഏതിസ'ക്കാരനാകേണമെന്നുള്ളതു
ഭൂതോദയംകൊണ്ടു തോന്നിക്കൊള്ളും.
കമ്യൂണിസത്തിനാണിപ്പോള്‍ വിലക്കേറ്റം,
ചുമ്മാ പറഞ്ഞു നടന്നാല്‍ മതി.
നാലഞ്ചു വാക്കുകള്‍ കാണുവോരോടൊക്കെ
നാലുദിവസം പറയാമെങ്കില്‍,
അത്ഭുത,മഞ്ചാം ദിവസം പുലര്‍ച്ചയ്ക്കു
നിദ്രവിട്ടേറ്റാല്‍ സഖാവുതന്നെ!
റഷ്യ, ബൂര്‍ഷ്വാ, രക്തസേന, തൊഴിലാളി,
കര്ഷകന്,ചൂഷണം, ജീവരക്തം,
ദേശാഭിമാനി, പീപ്പിള്‍ വാര്, ലെനിന്,സ്റ്റാലി-
നീ ശബ്ദവേരുകളാകമാനം,
നാരും മൊരിയും കളയാതെടുത്തൊരു
നാഴിയാവേശത്തിലിട്ടിളക്കി,
ശുണ്ഠിയില്‍ നന്നായ്ത്തിളപ്പിച്ചെടുത്തിട്ടു
ചുണ്ടുവിറയിലരിച്ചശേഷം,
കാറല്‍മാര്‍ക്സ് മേമ്പൊടി ചേര്‍ത്തങ്ങരത്തുടം
കാലത്തും വൈകിട്ടും നാലുനേരം,
കൃത്ത്യമായ്സ്സേവിച്ചാല്‍ പിന്തിരിപ്പന്‍ചൊറി
സത്യമാ,ണയ്യോ, പറപറക്കും.
മുന്‍കുതിപ്പന്‍തൊലിവന്നുചേരും-വേണ്ട
ശങ്ക, പരീക്ഷിച്ചറിഞ്ഞുകൊള്ളൂ.
അല്പമൊരു പത്ഥ്യമുണ്ടതു വിട്ടുപോയ്
എപ്പൊഴുമങ്ങിങ്ങലഞ്ഞിടേണം.
ചക്കാത്തില്‍ ചായകുടിക്കാം ധാരാളമാ-
യൊക്കുമെങ്കില്‍ സിഗററ്റുമാകാം.
വീടി മുറയ്ക്കു വലിക്കാം, മുറുക്കുവാന്‍
പാടി,ല്ലിടയ്ക്കു ചുമ വരണം.
പട്ടിണിയെന്നു പുറമേ നടിക്കണം,
ഷര്‍ട്ടിലും മുണ്ടിലും ചേറു വേണം.
പുച്ഛഭാവത്തിലെതിര്‍ക്കണം ഗാന്ധിതന്‍-
തത്ത്വസിദ്ധാന്തങ്ങളാത്തഗര്‍വ്വം.
ചേതസ്സില്‍, ചുമ്മാതെയല്ല, താനിന്നൊരു
നേതാവാ,ണെന്നുള്ളതോന്നല്‍ വന്നാല്‍,
'യൂജീ'ക്കാലത്തെക്കഥകളാല്‍ മര്‍ത്ത്യരെ-
ത്തേജോവധം ചെയ്യണം യഥേച്ഛം.
ഇല്ലെങ്കിലു, മല്പം വിക്കു തോന്നിപ്പിച്ചാല്‍
നല്ലതാ,ണാവേശമൂറിക്കൊള്ളും!
എപ്പൊഴും റഷ്യാത്മകമാമൊരാരക്ത-
വിപ്ലവപുസ്തകം കയ്യില്‍ വേണം.
ആക്രമിക്കേണമെഴുത്തച്ഛനെ,ക്കാമ
പ്പേക്കൂത്തെന്നോതണം ശാകുന്തളം.
അന്നമ്മതന്‍കണ്ണു വെട്ടിക്കല്‍, പിന്നുല-
ഹന്നാന്റിരുട്ടിലെ വേലിചാട്ടം,
കാമുകസമ്പന്നയായ് വാണൊടുവിലാ-
ക്കോമാളിപ്പെണ്ണിന്റെ രക്തസ്രാവം,
മറ്റുമീമട്ടില്‍ യഥാതഥരീതിയില്‍
തട്ടിമൂളിക്കാം പുരോഗമനം!
മറ്റുള്ളതൊക്കെ തണുത്തുപോയ്, സാഹിത്യ-
മൊട്ടുമുക്കാലും വളിച്ചുപോയി!
മുന്നിലിലവെച്ചു ചൂടുള്ളതിന്നായി
മുഞ്ഞിയുംവീര്‍പ്പിച്ചിരിപ്പു ലോകം!
ചട്ടി കരിയും, ചുടുവിന്‍, ചുടുവി,നാ-
ച്ചട്ടുകമെങ്ങു, മറിച്ചിടുവിന്‍!
ഇങ്ങു വിളമ്പിത്തരുവിന്‍, സഖാക്കളെ
നിങ്ങളേ ഞങ്ങള്‍ക്കു താങ്ങലുള്ളു,
ആവിപറക്കുന്നു, വേഗമാട്ടെ, ചൂട-
താറരുതല്ലൊ തരികവേഗം
നാവുപൊള്ളുന്നു, ഹാ, സാരമില്ലെല്ലാമൊ-
രാവേശമാണയ്യോ, നല്ക വീണ്ടും!!...
കാട്ടുമൃഗങ്ങളേ, കാലം കളയാതെ
നാട്ടിലേയ്ക്കെത്തൂ പടയിളക്കൂ!
എത്രയോകാലമായ് സാധുക്കള്‍ നിങ്ങളെ
മര്ത്ത്യന് കുതിരകയറുന്നു.
ഓക്കുകില്ലിന്നിയിച്ചൂഷണമെന്നണ-
ഞ്ഞൊത്തുചേര്‍ന്നോതുവിന്‍, പല്ലിളിക്കിന്‍!
ദംഷ്ട്രകള്‍ കാട്ടിബ്ഭയപ്പെടുത്തീടുവി-
നട്ടഹസിക്കുവിന്‍ ഘോരമായി!
വജ്രനഖങ്ങളാല്‍ മാന്തിപ്പൊളിക്കുവിന്‍,
മര്‍ത്ത്യന്റെ മാംസളസ്കന്ധപിണ്ഡം
ഈ വിശ്വരംഗമിതൊന്നുപോല്‍,ഹാ, സര്‍വ്വ-
ജീവജാലങ്ങള്‍ക്കുമുള്ളതല്ലേ?
അശ്വങ്ങളേ, നിങ്ങള്‍ വണ്ടി വലിച്ചിടേ-
ണ്ടൊത്താചരിപ്പിന്‍ പണിമുടക്കം.
നിങ്ങളിന്നോളം ചുമന്നു മനുഷ്യനെ
നിങ്ങളെ മേലില്‍ച്ചുമക്കട്ടവന്‍!
കാലികളേ, നിങ്ങള്‍ പെറ്റ പൈതങ്ങള്‍ക്കു
ചേലില്‍ക്കുടിക്കേണ്ട പാലഖിലം
ചൂഷണം ചെയ്യുന്നു മര്‍ത്ത്യ,നുണരുവിന്‍,
ചൂടോടെ ഹാലിളകിക്കുതിപ്പിന്‍!
കാളകളേ, നിങ്ങള്‍തന്റെ മേലാളികള്‍
തോളില്‍നുകം പൂട്ടുവാന്‍ വരുമ്പോള്‍
മുക്കുറയിട്ടു തലകുലുക്കിക്കുതി-
ച്ചക്ഷണം കുത്തി മറിച്ചിടുവിന്‍!
സാരമേയങ്ങളേ, വീടു കാത്തുംകൊണ്ടു
ചാരത്തില്‍ നിങ്ങള്‍ കിടന്നിടുമ്പോള്‍,
ഒന്നോര്‍ത്തുനോക്കിന്‍, യജമാനന്മാരവര്‍
വെണ്മലര്മെത്തയില് നിദ്രചെയ്വൂ.
മാര്‍ജ്ജാരവൃന്ദമേ, കണ്ണുതുറക്കുവിന്‍,
മാത്രനേരം നാം കളഞ്ഞുകൂടാ.
നിങ്ങള്‍ സേവിക്കുന്ന വീട്ടുകാര്‍ ഭോജ്യങ്ങള്‍
ഭംഗ്യാഭുജിച്ചു കഴിഞ്ഞശേഷം
എല്ലുമാ മുള്ളും മുളകുഞെട്ടും മാത്ര-
മല്ലേതരുന്നുള്ളു നിങ്ങള്‍ക്കെന്നും!
ക്ഷുത്തടങ്ങാതിരുട്ടത്തെലിയെത്തേടി-
യെത്ര വിഷമിച്ചിടുന്നു നിങ്ങള്‍?
സമ്മതിക്കാന്‍ മേലീച്ചൂഷണം-ഹാ, നിങ്ങ-
ളുണ്‍മയിലെത്തിയണിനിരക്കിന്‍!
ഓടിന് മദം പൊട്ടിയാനകളേ, നിങ്ങള്‍
ചാടിവരുവിന്‍ കടുവകളേ!
ഒത്തുചേര്‍ന്നീടുവിന്‍ ചീറ്റപ്പുലികളേ!
ഗര്‍ജ്ജിച്ചണവിന്‍ കരടികളേ!
ഒത്തൊരുമിച്ചു ചീറ്റിപ്പുളഞ്ഞുഗമാം
പത്തിവിടര്‍ത്തുവിന്‍ പാമ്പുകളേ!
ജംബുകവൃന്ദമേ, പോരുവിന്‍ പോരുവിന്‍
പൊന്‍പുലര്‍കാലമടുത്തുപോയി!
വിപ്ലവം,വിപ്ലവം, സര്‍വ്വത്ര വിപ്ലവം
വിശ്രമിച്ചീടാനിതല്ല നേരം.
വിപ്ലവം, വിപ്ലവം, മര്‍ത്ത്യന്റെ നേര്‍ക്കുള്ള
വിപ്ലവം, നീണാള്‍ ജയിച്ചിടട്ടെ!...
പതിനാറ്
നിര്‍ത്തുന്നു ഞാനിപ്രചണ്ഡപ്രലപനം
ക്ഷ്യുബ്ധരായ്ത്തീരേണ്ട നിങ്ങളാരും!
പരമാര്‍ത്ഥ്യത്തിന്‍ വെളിച്ചത്തിലേയ്ക്കെന്റെ
പാടും പിശാചിനെ ഞാന്‍ നയിച്ചു.
നിങ്ങള്‍ക്കു നെറ്റിചുളിയാം, ചുളിഞ്ഞിട-
ട്ടിങ്ങുള്ളിലൊട്ടും കുലുക്കമില്ല.
പെട്ടെന്നുയരാം വികാര,മതിലല്ല
തട്ടിച്ചു നോക്കേണ്ടതെന്മൊഴികള്‍.
ആവികാരം ശമിക്കുമ്പോള്‍, പ്രശാന്തത
താവിക്കുളിര്‍ത്തീടുമന്തരംഗം.
ആനല്ല നേരത്തു നിങ്ങളെ നോക്കുവിന്‍
മാനസക്കണ്ണുതുറന്നു നിങ്ങള്‍.
എന്നിട്ടു, സത്യത്തെ മുന്‍നിര്‍ത്തി, യേവം ഞാന്‍
ചൊന്നതില്‍ നിങ്ങള്‍ വിധിയെഴുതിന്‍!
കാറും മഴയുമക്കാറ്റടിയും കണ്ടു
കണിപോലും ഞാന്‍ ഭയപ്പെടില്ല.
വേപിതമാകാം ശിഖരങ്ങ,ളെങ്കിലും
വേരുറപ്പു,ണ്ടുടന്‍ വീഴുകില്ല,
ആപതിപ്പിക്കുവാനാവിര്‍ഭവിപ്പതോ-
ടാകെ,യാവോളമെതിര്‍ത്തു നില്ക്കും.
ഈ വര്‍ഷ കാളിമ തീരും- വെളിച്ചങ്ങള്‍
പൂവിടും-ഞാനതില്‍ വിശ്വസിപ്പൂ!
അല്ലാ, വിധിവശാല്‍ വേരുപൊട്ടുന്നെങ്കി-
ലില്ല മേ കുണ്ഠിതം തെല്ലുപോലും!
ഇന്നടിഞ്ഞങ്കിലടിയട്ടെ, ലോകത്തി-
ലിന്നോളവും, ഹാ,സുഖിച്ചവന് ഞാന്‍!
അല്‍പകാലംക്കൊണ്ടനല്‍പമായ് നേടി ഞാ-
നത്ഭുതപൂര്‍വ്വം സുഖമരന്ദം!
എങ്കിലു,മക്കാഴ്ച കണ്ടു സഹിയാതെന്‍-
സങ്കല്പം തേങ്ങിക്കരഞ്ഞിരുന്നു!
ഒന്നോടഖിലം വെറുക്കാന്‍ ശ്രമിക്കയാ-
ണിന്നു സങ്കല്പവും, ജീവിതവും!-
എന്നാ,ലരുതരുതെന്നു വിലക്കുന്നി-
തെന്നെയൊരുജ്ജ്വലദിവ്യരശ്മി!
എല്ലാം വിധിയില്‍ സമര്‍പ്പിച്ചിടുന്നു ഞാ-
നില്ല ഗത്യന്തരം!-മാപ്പു നല്‍കൂ!!
സമാപ്തം
സ്വന്തം ജീവിതാനുഭവങ്ങളുടെ കടുത്ത വര്‍ണ്ണങ്ങല്‍ കലര്‍ത്തി
ഏറെക്കുറെ ആത്മകഥാരൂപത്തില്‍ രചിയ്ക്കപ്പെട്ട ഒരു നിന്ദ്യാകാവ്യമാണിത്.-
മലയാളത്തിലെ ആദ്യത്തെ "നിഹിലിസ്റ്റിക്" കവിത. ചങ്ങമ്പുഴയുടെ
മറ്റെല്ലാ കൃതികളില്‍നിന്നും ഇതു വേറിട്ടുനില്ക്കുന്നു. സൌന്ദര്യ
സങ്കല്പങ്ങളേക്കാള് കവിയുടെ നാനാമുഖമായ മാനസിക വ്യാപാരങ്ങളാണു
ഇതില്‍ പ്രതിഫലിച്ചു കാണുന്നത്. മാനുഷിക മൂല്യങ്ങളുടെ നിലവാരം
ഇടിഞ്ഞുകഴിഞ്ഞു. കാപട്യം കൊടികുത്തിവാഴുന്നു. മുഖം മൂടികളാണു
ചുറ്റും. വഞ്ചന, ചതി! എന്തൊരു വ്യൈരുദ്ധ്യം! ചങ്ങമ്പുഴ തന്നെ
മറ്റൊരിടത്തു പറഞ്ഞിട്ടുണ്ട്, "ഞങ്ങല്‍ക്കാക്കവിതയൊ'രവളല്ലോ' 'രതു'
മാത്രം-അതു ഞങ്ങള്‍ നിങ്ങള്‍ തന് നേര്‍ക്കു വീശും" എന്ന്. ആ 'അതെ'ടുത്ത്
ആഞ്ഞൊരു വീശുവീശിയിരിയ്കുകയാണു ചങ്ങമ്പുഴ. ആ വീശലില്‍
ഏതൊക്കെ മുഖം മൂടികള്‍ തെറിച്ചിരിക്കുന്നു വെന്ന് ഈ കൃതി വായിച്ചു
തന്നെ അറിയണം. ഒരിക്കലല്ല, ആവര്‍ത്തിച്ചു വായിച്ചു ഹൃദിസ്ഥമാക്കേണ്ടൊരു
വിശിഷ്ട കൃതിയാണിത്. ക യ്യെഴുത്തുപ്രതിയുമായി ഒത്തുനോക്കി വിട്ടുപോയ
വരികള്‍ കൂട്ടിച്ചേര്‍ത്ത് വിപുലപ്പെടുത്തിയ പുതിയ പതിപ്പാണിത്.
പ്രസാധകന്.