ശ്രീതിലകം - ടാഗോര്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

ടാഗാര്‍

(കുമാരനല്ലൂര്‍ 'സാഹിത്യപോഷിണി' സഭയുടെ ആഭിമുഖ്യത്തില്‍ പ്രസ്തുത വിഷയത്തെ അധികരിച്ചു നടത്തിയ കവിതാമത്സരത്തില്‍ പ്രഥമസമ്മാനമായ സുവര്‍ണ്ണമെഡലിനര്‍ഹമായത്.)
 
ലോകസനാതനസാഹിത്യസാരഥേ!
നാകലോകത്തിന്‍ നിരഘനവാതിഥേ!
അര്‍പ്പിപ്പൂ, ഹാ, കൊച്ചുകൂപ്പുകൈമൊട്ടിനാല്‍,
പിച്ചവെച്ചെത്തിയെന്‍ സങ്കല്‍പമങ്ങയെ!
ഉല്ലസിപ്പൂ ഭവാനങ്ങതാ കല്‍പക-
പല്ലവാച്ഛാദീതനന്ദനച്ഛായയില്‍.
ചേലില്‍ത്തവാനതമൌലിയില്‍ക്കൈവെച്ചു
കാളിദാസന്‍ ഭവാനര്‍പ്പിപ്പൂ മംഗളം.
പ്രാര്‍ത്ഥിച്ചു കൈകൂപ്പി നില്‍ക്കുന്നൊരങ്ങയെ-
ത്തീര്‍ത്ഥോദകം തളിക്കുന്നു സപ്തര്‍ഷിമാര്‍!

മന്ദാകിനിയില്‍നിന്നെത്തും മനോഹര-
മന്ദാരസൌരഭസാന്ദ്രമന്ദാനിലന്‍,
ആ നിത്യശാന്തിനികേതത്തിലങ്ങത-
ന്നാഗമനോത്സവപ്പൊല്‍ക്കൊടിക്കൂറകള്‍,
നീളെപ്പറത്തവേ, നില്‍പ്പൂ നവരത്ന-
താലമ്പിടിച്ചുകൊണ്ടപ്സര:കന്യകള്‍.
മുന്നില്‍ നിറപറവെച്ചു, ഹര്‍ഷാശ്രുക്കള്‍
ചിന്നി, ക്കരം കൂപ്പി നില്‍പൂ 'ചിത്രാംഗത'.
ജാതകൌതൂഹലം, പാടുന്നു ഗവകള്‍
'ഗീതാഞ്ജലി' യിലെപ്പാവനഗീതികള്‍!

'ദേവേന്ദ്രനാഥ'പദാബ്ജരജസ്സണി-
ഞ്ഞാവിര്‍ഭവല്‍സ്മിതശ്രീമയാര്‍ദ്രാസ്യനായ്,
കാലാതിവര്‍ത്തിയായ്, വിണ്ണിലേവംഭവാന്‍
ലാലസിപ്പൂദിവ്യവിശ്വമഹാകവേ!
ഇങ്ങിദ്ധരിത്രിയോ തേങ്ങിക്കരകയാ-
ണങ്ങുതന്‍ വേര്‍പാടിലാകുലസ്തബ്ധയായ്!
എത്രകാലത്തെത്തപസ്സിന്‍ മഹാപുണ്യ-
മൊത്തൊരുമിച്ചതാണാ രവീന്ദ്രോദയം;
കഷ്ട, മതിനെയുമെത്തി ഗഹിച്ചിതോ
ദുഷ്ടതമസ്സേ, കനിവിയലാതെ നീ?
ഇല്ല, മരിക്കിലും, നൂനം, ഭവാന്‍ മരി-
ക്കില്ലൊരുനാളും, മഹിതമഹാകവേ!
'ചന്ദ്രകല'യില്‍നിന്നൂറിയൊഴുകുന്നു
സുന്ദരബാല്യസുശീതളസുസ്മിതം.
'ഉദ്യാനപാല'ന്റെ രാഗാര്‍ദ്രഹൃത്തിലൂ-
ടെത്തിനോക്കുന്നൂ ലസദ്യൌവനോന്മദം,
പൂതമാമാദ്ധ്യാത്മികാരാമസീമയില്‍-
പ്പൂവിട്ടു പൂവിട്ടു നില്‍പൂ നിന്‍ ചിന്തകള്‍.
'മൃത്യു'വെപ്പോലും മധുരീകരിച്ചൊര-
സ്സത്യമൊന്നേ ഭവാന്‍ വാഴ്ത്തീ, മഹാമതേ!

നിസ്സാരമാമൊരു നീഹാരബിന്ദുവും
നിസ്സീമതേജോനികേതാര്‍ക്കബിംബവും,
ചിന്തനാതീതമാംമട്ടേകചൈതന്യ-
തന്തുവിലൊന്നിച്ചു കോര്‍ത്തിണക്കീ ഭവാന്‍!
അണ്ഡകടാഹസഹസ്രങ്ങളാല്‍, ക്കാവ്യ-
മണ്ഡലത്തില്‍ബ്ഭവാന്‍ പന്താടിനില്‍ക്കവേ,
തജ്ജന്യസൂക്ഷ്മസനാതനസംഗീത-
നിര്‍ഝരത്തിന്‍ പൊന്‍തിരകളിലങ്ങനെ
സദ്രസം കൈകോര്‍ത്തുനിന്നു നൃത്തംചെയ്തു
മൃത്യുവും, ജന്മവും, ജന്മാന്തരങ്ങളും!

വേദരാജ്യത്തിന്‍ വരിഷ്ഠസന്താനമേ!
വേദാന്തഗംഗയില്‍ ക്രീഡിച്ച ഹംസമേ!
ഗീതാമൃതം നുകര്‍ന്നദൈതസാരസം
ഗീതം ചൊരിഞ്ഞു മറഞ്ഞു നീ, യെങ്കിലും,
മുക്തിയിലേക്കടുപ്പിച്ചു ലോകത്തെ, നിന്‍
ഭക്തിയോഗത്തിന്‍ കുളിര്‍ത്ത കളകളം!
നിത്യസ്മൃതിയി, ലതിന്‍ തരംഗങ്ങളില്‍-
ത്തത്തിക്കളിക്കും ശതവര്‍ഷകോടികള്‍!
വെല്‍ക നീ, വിശ്വൈകസാഹിത്യസാരഥേ!
വെല്‍ക നീ വിണ്ണിന്‍ വിശുദ്ധനവാതിഥേ!

                               -ജനുവരി 1941