രമണന്‍ - ഭാഗം മൂന്ന് - രംഗം മൂന്ന്
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

  രംഗം മൂന്ന്
(വനത്തിന്റെ ഹൃദയം. അര്‍ദ്ധരാത്രി. ഇരുട്ടും മങ്ങിയ നിലാവും. ചുറ്റും ആവല്‍ച്ചിറകടികള്‍. കിടുകിടുപ്പിക്കുന്ന എന്തോ ഒരു ഭയങ്കരത. പരുപരുത്ത ഒരു കാറ്റ്. മുളങ്കാടിന്റെ അസുഖപ്രദമായ ഒരുവക കുഴല്‍ വിളി. നേരിയ മര്‍മ്മരം. തണുപ്പ്. കാട്ടരുവിയുടെ കളകള ശബ്ദം. രമണന്‍ ഒരു പിശാചിനെപ്പൊലെ പ്രവേശിക്കുന്നു. വിക്കൃതമായ മുഖഭാവം. പാറിപ്പറന്ന തലമുടി. ജ്വലിക്കുന്ന കണ്ണൂകള്‍. രൂക്ഷമായ നോട്ടം. ഇടയ്ക്കിടെ പൈശാചികമായ ഒരുവക പൊട്ടിച്ചിരി. വേച്ചുവേച്ചു ഭ്രാന്തനെപ്പോലുള്ള നടപ്പ്. കൈയില്‍ പിരിച്ചുമുറുക്കിയ ഒരുമാറു കയര്‍. വന്നുവന്ന് അരുവിയുടെ വക്കത്ത് ഉള്ളിലേക്കുന്തിനില്‍ക്കുന്ന പാറക്കല്ലിന്മേല്‍ കയറി നില്‍ക്കുന്നു. അരുവിയിലേക്കു ചാഞ്ഞു കിടക്കുന്ന ഒരു മരത്തിന്റെ കൊമ്പിന്മേല്‍ പിടിച്ചു ബലം പരീക്ഷിച്ചിട്ട്, 'ഹാ,ഹാ' എന്നു വികൃതമായി ഒരു പൊട്ടിച്ചിരി.)

  • രമണന്‍

ഹൃദയരക്തം കുടിച്ചു തടിച്ചിട്ടും
ഹൃദയശൂന്യപ്രപഞ്ചമേ, ഘോരമേ
കുടിലസര്‍പ്പമേ കാളകാകോളമേ,
കുടലുമാലയണിഞ്ഞ കങ്കാളമേ,
മതി,മതി,നിന്റെ ഗര്‍ജ്ജന-മെന്മനം
ചിതറിടുന്നു, ദഹിച്ചുവീഴുന്നു ഞാന്‍!
എവിടെ?-എന്താണൊരുക്കുന്നതിന്നു നീ-
യവിടെ? എന്തെന്‍ ചുടലക്കിടക്കയോ?
കഴുകര്‍വന്നു ചിറകടിച്ചാര്‍ത്തിടും
കഴുമരങ്ങളോ കാണുന്നുമുന്നില്‍ ഞാന്‍?
ഇവിടെയെന്തു തീ,യെന്തുചൂടോ,ന്നിനി-
യെവിടെയോടേണ്ടു?-പൊള്ളുന്നു ജീവിതം!
അരുതൊരായിരം സര്‍പ്പങ്ങളൊന്നുചേര്‍-
ന്നഹഹ! കെട്ടുപിണയുന്നു ജീവനില്‍!
സിരകളൊക്കെയും ഞെക്കിപ്പിഴികയാ-
ണൊരു ഭയങ്കരഹസ്തമദൃശ്യമായ്.

(ഒന്നു ഞെട്ടി പുറകോട്ടൊഴിഞ്ഞ് ചുറ്റും നോക്കിയിട്ട്)

 മണിമുഴക്കം-മരണം വരുന്നൊരാ-
മണിമുഴക്കം-മുഴങ്ങുന്നു മേല്‍ക്കുമേല്‍!
ഉയിരുപൊള്ളിക്കുമെന്തു തീച്ചൂളയാ-
ണുയരുവതനുമാത്രമെന്‍ ചുറ്റുമായ്!
മരണമേ, നീശമിപ്പിക്കുകൊന്നുനിന്‍-
മഴ ചൊരിഞ്ഞതില്‍ ധൂളികാപാളികള്‍
അരുതരുതെ,നിക്കീവിഷവായുവേ-
റ്റരനിമിഷമിവിടെക്കഴിയുവാന്‍!
ധരയിതില്‍, കഷ്ട,മെന്തെങ്കളേബരം
വെറുമൊരുശുഷ്കപാഷാണപഞ്ജരം!
പരസഹസ്രം കൃമികീടരാശിതന്‍-
വെറുമൊരാഹാരകേദാരശേന്നരം!
വെറുതെയെന്തിനതും ചുമന്നിങ്ങനെ
പൊരിവെയിലത്തലഞ്ഞു നടപ്പുഞാന്‍?
അതു മണലിലടിയട്ടെ; ശാന്തിതന്‍-
മൃദുലശയ്യയില്‍ വിശ്രമിക്കട്ടെ ഞാന്‍!
വിലപെടുമിപ്രപഞ്ചത്തിനില്ലൊരു
ഫലവുമെന്നെപ്പുലര്‍ത്തിയകൊണ്ടിനി!
മറവില്‍ ഞാനടിയട്ടെ!-മജ്ജടം
മണലിലാണ്ടു ലയിക്കട്ടെ നിഷ്ഫലം.

(പാറപ്പുറത്ത് പൊടുന്നനെ ഇരിക്കുന്നു. ആകാശത്തിലേക്കുറ്റു
നോക്കി ഒരു വികൃതമായ രോദനത്തോടെ ഒന്നു ചൂളിക്കൊണ്ട്)

 മഹിയില്‍ മാമക ജീവിതമിത്രനാള്‍
മധുരമാക്കിയ വെള്ളിനക്ഷത്രമേ,
പിരിയുകയാണു നീയുമനന്തമാ-
മിരുളിലെന്നെ വെടിഞ്ഞിദ,മോമലേ!
ഇവിടെയിത്തമോമണ്ഡലവീഥിയി-
ലവശജീവി ഞാനെന്തു ചെയ്തീടുവാന്‍?
അനുപമഭോഗശൃംഗകത്തിങ്കലേ-
യ്ക്കഴകിലേവം കുതിച്ചുയരുന്നു നീ;
അതുപൊഴുതിതാ, ഞാനോ?-വെറുങ്ങലി-
ച്ചടിവുനൈരാശ്യപാതാളവീഥിയില്‍!
(കൊടുംകൈകുത്തി ഒരു വശത്തേക്ക് ചരിഞ്ഞ് ശിരസ്സു താങ്ങിക്കൊണ്ട്)
ശരിയിതുതന്നെ ലോകഗതി;-യതേ,
സ്ഥിരതയില്ലിപ്രപഞ്ചത്തിലൊന്നിനും,
കപടതയ്ക്കേ കഴിഞ്ഞിടൂ കാഞ്ചന-
ജയപതാകയിവിടെപ്പറത്തുവാന്‍!
ഹൃദയശൂന്യതമാത്രമാണേതൊരു
വിജയലബ്ധികുമേകാവലംബനം!
ഇവിടെയാദര്‍ശമെല്ലാമനാഥമാ,-
ണിവിടെയാത്മാര്‍ത്ഥതയ്ക്കില്ലോരര്‍ത്ഥവും
   (ചാടി എഴുന്നേല്‍ക്കുന്നു)
രജതതാരകേ,നിന്മുന്നില്‍ നിര്‍മ്മല-
ഭജനലോലുപം നിന്നു ഹാ! മന്മനം!
കരുതിയില്ല കിനാവിലുംകൂടിഞാന്‍
കരിപുരട്ടുവാന്‍ നിന്‍ ശുദ്ധചര്യയില്‍!
കരഗതമായെനിക്കതിനായിര-
മിരുള്‍പുരണ്ട നിമിഷങ്ങളെങ്കിലും,
ചിലപൊഴുതെന്റെ മാനവമാനസം
നിലയുറയ്ക്കാതഴിഞ്ഞുപോയെങ്കിലും,
അവയില്‍നിന്നൊക്കെ മുക്തനായ് നിന്നു ഞാ-
നടിയുറച്ചൊരെന്നാദര്‍ശനിഷ്ഠയില്‍
നിയതമെന്‍ ചിത്തസംയമനത്തിനാല്‍
സ്വയമിരുമ്പിന്‍ കവചം ധരിച്ചുഞാന്‍
അതിചപലവിചാരശതങ്ങളോ-
ടമിതധീരമെതിര്‍ത്തുനിന്നീടിനേന്‍!
ഒരുതരത്തിലും സാധിച്ചതില്ലവ-
യ്ക്കൊളിവിലെന്നെയടിമപ്പെടുത്തുവാന്‍!
അതുവിധം നീയപങ്കിലയാകുമാ-
റനവരതം പ്രയത്നിച്ചതല്ലയോ,
ഇതുവിധം നീയൊടുവിലെന്നെക്കൊടു
മിരുളിലേക്കുന്തിനീക്കുവാന്‍ കാരണം?
ക്ഷിതിയിതിങ്കല്‍ മറ്റേവനെപ്പോലെയും
മുതിരുവോനായിരുന്നു ഞാനെങ്കിലോ,
അടിയുമായിരുന്നില്ലേ ദുരന്തമാ-
മവമതിതന്നഗാധഗര്‍ത്തത്തില്‍ നീ?
അതിനിടയാക്കിടാഞ്ഞതിനുള്ളൊരെന്‍-
പ്രതിഫലമോ തരുന്നതെനിക്കു നീ?
ശരി;-യതുമൊരു ലേശം പരിഭവം
കരുതിടാതിതാ സ്വീകരിക്കുന്നു ഞാന്‍!
പരിഗണിച്ചിടേണ്ടെന്നെ നീയല്‍പവും;
പരമതുച്ഛനാം ഞാനൊരധഃകൃതന്‍
പരിണതാനന്ദലോലയായ് മേല്‍ക്കുമേല്‍
പരിലസിക്ക നീ വെള്ളിനക്ഷത്രമേ!
ഇരുളുമുഗനിരാശയും മന്നിലെന്‍
മരണശയ്യ വിരിക്കുന്നു-പോട്ടെ ഞാന്‍!

(കുറച്ചുനേരം ഒരു പ്രതിമയെപ്പോലെ അനങ്ങാതെയിരിക്കുന്നു. പെട്ടെന്നു
ചാടിയെഴുന്നേറ്റു കയറിന്റെ ഒരു തുമ്പില്‍ ഒരു കുരുക്കുണ്ടാക്കുന്നു.
അനന്തരം മറ്റേത്തുമ്പ് വൃക്ഷശാഖയില്‍ ദൃഢമായി ബന്ധിക്കുന്നു.
വീണ്ടും അനങ്ങാതെ ഇതികര്‍ത്തവ്യതാമൂഢനായി കുറേനേരം നില്‍ക്കുന്നു.
ശരീരം കിലുകിലാ വിറയ്ക്കുന്നു. കണ്ണുകളില്‍ ജലം നിറഞ്ഞു ധാരധാര
യായി ഇരുകവിളിലൂടെയും ഒഴുകുന്നു. ചുറ്റുപാടും പരിഭ്രമത്തോടും ഭയ
ത്തോടുംകൂടി പകച്ചുനോക്കുന്നു. വീണ്ടും പൂര്‍വ്വാധികം വേദനയോടെ
മാറത്തു രണ്ടുകൈയും ചേര്‍ത്ത് ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട്)

 പ്രിയകരങ്ങളേ, നീലമലകളേ,
കുയിലുകള്‍ സദാ കൂകും വനങ്ങളേ,
അമിതസൌരഭധാരയില്‍ മുങ്ങിടും
സുമിതസുന്ദരകുഞ്ജാന്തരങ്ങളേ,
കുതുകദങ്ങളേ, കഷ്ട,മെമ്മട്ടു ഞാന്‍
ക്ഷിതിയില്‍ വിട്ടേച്ചു പോകുന്നു നിങ്ങളെ?....

 കുളിര്‍തരംഗതരളിതനിര്‍മ്മല-
സലിലപൂരിതസ്രോതസ്വിനികളേ,
ലളിതനീലലസത്തൃണകംബള-
മിളിതശീതളച്ഛായാതലങ്ങളേ
അനുപമങ്ങളേ, കഷ്ടമെമ്മട്ടുഞാന്‍
തനിയെ വിട്ടേച്ചു പോകുന്നു നിങ്ങളെ?...

 ക്ഷിതിയിലെന്തിലും മീതെ ഞാന്‍ വാഴ്ത്തിടും
ഹൃദയഹാരിയാം ഹേമന്ത ചന്ദ്രികേ,
സുരുചിരോജ്ജ്വലശാരദാകാശമേ,
സുകൃതിനികളേ, താരാമണികളേ,
മദകരങ്ങളേ,കഷ്ട,മെമ്മട്ടു ഞാന്‍
മഹിയില്‍ വിട്ടേച്ചുപോകുന്നു നിങ്ങളെ?

 സസുഖമെന്നൊടൊത്തിത്രയും കാലവും
സഹവസിച്ചോരജകിശോരങ്ങളേ,
സദയമെന്നെപ്പിരിഞ്ഞിടാതിത്രനാള്‍
സഹകരിച്ചൊരെന്നോമന്മുരളികേ.
കവിതകാണിച്ച മല്‍പ്രകൃത്യംബികേ,
കരള്‍കവര്‍ന്നൊരെന്‍ കൊച്ചുപുഴകളേ,
അഭയദങ്ങളേ,കഷ്ട,മെമ്മട്ടു ഞാ-
നവനിയില്‍ വിട്ടുപോകുന്നു നിങ്ങളെ?...
   (ഒരു ഞടുക്കത്തോടുകൂടി)
 മണിമുഴക്കം!-സമയമായ്-മാരണ-
മണിമുഴക്കം!-വിടതരൂ, പോട്ടെ ഞാന്‍
മദന, മല്‍പ്രാണസോദരാ, സൌഹൃദം
മഹിയിലെന്തെന്നു കാണിച്ച മത്സഖ,
പ്രണയനാടകം മാമകം ഘോരമാം
നിണമണിയലില്‍ത്തന്നെ കഴിയണം
ഇനിയൊരിക്കലും കാണുകയില്ല നാം-
അനുജ, മാപ്പുതരൂ, യാത്രചൊല്‍വു ഞാന്‍!
ഇതുവരെയ്ക്കെന്‍ സുഖദുഃഖമൊന്നുപോല്‍
പ്രതിദിനം പങ്കുകൊണ്ടവനാണു നീ!
ഹൃദയമയ്യോ! ദഹിക്കുന്നു നിന്നെയി-
ക്ഷിതിയില്‍,വിട്ടുപിരിവതോര്‍ക്കുമ്പോള്‍ മേ!
കഠിനമാണെന്റെ സാഹസമെങ്കിലും
കരുണയാര്‍ന്നതു നീ പൊറുക്കേണമേ!
അനുജ, മല്‍പ്രാണതുല്യനാമെന്റെപൊ-
ന്നനുജ, നിന്നൊടും,യാത്രചോദിപ്പു ഞാന്‍!
കരയരുതു നീ നാളെയെന്‍ ഘോരമാം
മരണവാര്‍ത്ത കേട്ടി,ന്നു പോകട്ടെ ഞാന്‍!

 മമ ഹൃദയരക്തം കുടിച്ചെങ്കിലും
മലിനലോകമേ, യാശ്വസിച്ചീടു നീ!
വികൃതജീവിതപ്പുല്ലുമാടം സ്വയം
വിരവിലിന്നിത, തീവെച്ചെരിപ്പു ഞാന്‍!
മമ ശവകുടീരത്തില്‍ നീയെന്നെയോര്‍-
ത്തൊരു വെറും കണ്ണുനീര്‍ത്തുള്ളിയെങ്കിലും
പൊഴിയരുതേ, നമോവാകമോതി ഞാ-
നൊഴികയായിതാ വെള്ളിനക്ഷത്രമേ!

(അത്യന്തം ഭയപാരവശ്യത്തോടെ ഞെട്ടി പിന്മാറി
ചുറ്റും പകച്ചുനോക്കി കയറില്‍ കടന്നു പിടിക്കുന്നു.)

 മണിമുഴക്കം!...സമയമായ്...മാരണ-
മണിമുഴക്കം!...വരുന്നു...വരുന്നു ഞാന്‍
പ്രിയകരമാം...പ്രപഞ്ചമേ...ഹാ!...
പ്രിയ...വെ...ള്ളി...ന...ക്ഷ..ത്ര..മേ!
........................................................