ചുറ്റും കനത്തോരിരുമ്പഴി!- ജീവിത-
പ്പുറ്റില്‍ ത്രസിപ്പൂ വികാരച്ചിതലുകള്!
നീയാരു?- നീ വെറും ഭ്രാന്തന്, നിനക്കു നിന്-
നീറും മനസ്സില്‍ നിലാവുദിക്കുന്നുവോ?
വൈദ്യശാസ്ത്രത്തിന് മുനകള്‍, ശമനങ്ങള്‍
കുത്തിവെയ്ക്കുന്നു നിന്ഹസ്തസിരകളില്.
ശോധനാബദ്ധമണയുന്നു നൈപുണ്യ-
ബോധഗര്വ്വം നിന് സമീപത്തു നിത്യവും
നീ വഴങ്ങാഞ്ഞാലതിന്റെ മൌഢ്യങ്ങള്ക്കു
നീതമാകുന്നൂ, ഹാ, നിന്മുന്നില് മര്‍ദ്ദനം.
തജ്ജന്യഭീതിയാല്, നല്കപ്പെടും മരു-
ന്നച്ചടക്കത്തോടെടുത്തു മോന്തുന്നു നീ.
നീലച്ചു, പച്ചച്ചു, മഞ്ഞച്ചു, നിന്മ്മുന്നില്
നീളേ നിരക്കുന്നിതൌഷധ ഭ്രാന്തുകള്‍!
എന്നിട്ടു, മക്രമം നീയാണു നില്പതീ
മന്നിന്റെ ദൃഷ്ടിയില് ഭ്രാന്തനായിപ്പൊഴും!! ...
എന്നേ, ഞാന്‍ നിങ്ങളെന്നല്ല, നീയെന്നാണു
ചൊന്ന, താകട്ടെ, യെന്നോമനയല്ലി ഞാന്‍?
ഞാനെന്നോടോതുന്നിതോരോ പരാതികള്‍
സാനുകമ്പം സാന്ത്വനിപ്പിപ്പതെന്നെ ഞാന്‍.
ഞാനെന്റെ മുമ്പില്‍ കരഞ്ഞിടുമ്പോ, ളെന്റെ
ഞാ, നെന്റെ ജീവ, നൊപ്പുന്നിതെന് കണ്ണുകള്‍!
എന്നെ ഞാന്‍ കിക്കിളികൂട്ടിച്ചിരിപ്പിക്കു-
മന്നേരമെന്നെ ഞാന്‍ കെട്ടിപ്പിടിച്ചിടും!
എന്തൊരാനന്ദമീയെന്നിലെ ഞങ്ങള്‍ക്കു
ചിന്തേ, ചിറകു വിരിക്കു, വിരിക്കു നീ!!
ചുറ്റും കനത്തോരിരുമ്പഴി!- കൂരിരുള്‍
മുറ്റുന്നു! - പിന്നെയും നോവുന്നു മന്മനം!
ആരെയും കാത്താണിരിപ്പതൊറ്റയ്ക്കു നീ-
യാരാലിവിടെയെന് വെള്ളിനക്ഷത്രമേ?
അല്ലി, ന്നുമാകാരമാളാത്തൊരെന്പ്രാണ-
വല്ലഭന് കൊച്ചുചന്ദനപ്പൊട്ടു നീ!
എങ്ങവ, ളെങ്ങവ, ളെങ്ങവ, ളെന്കീര്ത്തി-
യെങ്ങു?- പോകൊല്ലേ, വരുന്നു ഞാനും പ്രിയേ ....
അയ്യോ, കനത്തോരിരുമ്പഴി! - നീങ്ങുവാന്‍
വയ്യെനി, ക്കെന്നെറ്റി പൊട്ടി, യോര്ത്തില്ല ഞാന്‍!
എന്തീജലസ്പര്ശ? - മയേ്യാ കടും ചോര!
നൊന്തിടുന്നീലെനിക്കെന്നിട്ടു, മത്ഭുതം!
നെറ്റിപിളര്പ്പില്നിന്നൂറി, യിരുകവിള്-
ത്തട്ടിലും കൂടിയൊലിപ്പൂ, ഹാ, ചെന്നിണം!
ചെന്നിണം, മെന്നഭ്യുദയേച്ഛപോലുള്ള
ചെന്നിണം! രോമാഞ്ചമേകുന്ന ചെന്നിണം.
ഓമനേ, നീയിപ്പൊഴുണ്ടായിരുന്നെങ്കി-
ലീ മന്ദഭാഗ്യന്നരികില്, നിന്നെറ്റിയില്,
എന്നാത്മരാഗസ്മരണ, യ്ക്കൊരിക്കലും
മങ്ങാത്തൊരുജ്ജ്വലകാശ്മീരചിത്രകം,
ചിത്രീകരിച്ചേനെ, ലോകം മറന്നിരു-
ന്നച്ചന്ദനപ്പൊട്ടു മാച്ചുകളഞ്ഞു ഞാന്‍!
ആശിപ്പതെന്തി, നിഭ്രാന്തിനെപ്പോലും, മൊ-
ന്നാശീര്വ്വദിക്കാന് വരില്ല വരില്ല നീ11 ....
ഓര്ത്താല്ക്കരഞ്ഞുപോം!- കേള്‍പ്പൂ ഞാനിപ്പൊഴും
നേര്‍ത്തുനേര്‍ത്തുള്ള നിന് കാല്‍ച്ചിലമ്പൊച്ചകള്‍!
കഷ്ടം, യശസ്സേ, പിടികൊടുക്കാതെന്നെ-
യിട്ടുവേവിക്കും മരീചികയാണു നീ!
നിന്നെടുവീര്പ്പിന് സുഗന്ധലഹരിയില്
നിര്മ്മഗ്നനായ്, സ്വയം മൂര്ച്ഛിച്ചുവീഴ്വു ഞാന്‍!
പെട്ടെന്നു, മെയ്യില്‍, നിന്മായികപിഞ്ഛിക
മൂട്ടി, പ്പിടഞ്ഞാഞ്ഞുണര്ന്നെഴുന്നേറ്റു ഞാന്‍!
മിന്നല്പോല് പാഞ്ഞുപോം നിന്തുകില്ത്തുമ്പിലെ
പ്പൊന്നിന്‍ കസവൊളിമാത്രമീക്ഷിപ്പു ഞാന്‍!
ദൂരത്തു ദൂരത്തദൃശ്യമായ് മിത്ഥ്യയായ്
ചേരുന്നു നീ മാഞ്ഞലിഞ്ഞലിഞ്ഞെന്തിലോ!
പാദം തളര്‍ന്നു പതിപ്പു ഞാന്‍ പിന്നെയും,
പാണിയില്‍ താങ്ങുന്നിതെന്നെ നീ പിന്നെയും
ആവര്ത്തനങ്ങളിതായിരമായിര-
മായി, തെന്നി, ട്ടിന്നു, മപ്രാപ്യതന്നെ നീ!
മത്കലാസൃഷ്ടിയില്, നീയൊന്നിലെങ്കിലു-
മുള്ക്കൊള്ളുമോ, മന്മൃതിക്കു പിന്പെങ്കിലും?
ഉത്കടക്ഷുത്തിന്റെ ഞെക്കലില്‍, സാത്വിക-
സത്കലാധര്മ്മങ്ങള് വിറ്റവനല്ല ഞാന്‍.
ഭോഗാസ്പദമാമഭിരുചിക്കൊത്തമ-
ട്ടേകുവാനുള്ളതല്ലുള്ളതെങ്കൈവശം!
ആയിരുന്നെങ്കി, ലിന്നൈശ്വര്യശൃംഗത്തി-
ലാടിക്കളിച്ചേനെ മദ്വൈജയന്തികള്!
ഇന്നു ഞാനുന്മാദി, ദീനന്, ദരിദ്ര, നി-
ല്ലെന്നിലഭിനന്ദാര്ഹമായൊന്നുമേ.
ഭ്രാന്തന്- ജഗത്തിന്റെ ദൃഷ്ടിയില് ഞാന്‍ വെറും
ഭ്രാന്തന്- പതിതന്‍, പരിഹാസപാത്രവാന്,
മാനിപ്പൂ ഞാന്‍ സ്വയമെങ്കിലും ലോകമേ,
താണില്ല നിന് കലാഭാസത്തിലേയ്ക്കു ഞാന്‍!
നില്ക്കും കലാലോകരാജ്ഞിയായ് വാടാത്ത
പൊന്കതിര്വീശിയെന്നെന്നുമെന് 'മേനക!'
രാവും പകലുമനേകദിനങ്ങളാ-
ദ്ദേവിതന്‍ മുന്നില്ത്തപസ്സെത്ര ചെയ്തു ഞാന്‍!
ആ 'രവിവര്‍മ്മ' യെപ്പോലെ, ബാഹ്യാകാര
ചാരിമയാണു ഞാന്‍ പൂജിച്ചതെങ്കിലോ,
മോടിപ്പകിട്ടിനാല് വിറ്റേനേ നിത്യവും
കോടിക്കണക്കിനെന് ചിത്രങ്ങളൊക്കെ ഞാന്‍!
പന്തടിപ്പീലെന്റെ മേനക, കാര്കുഴല്
ചിന്തി; യച്ചെന്തളിരാടയൂര്ന്നങ്ങനെ;
ശൃംഗാരസാന്ദ്രമദാലസയായ്, സ്മിത-
ഭംഗിയില്‍, വിശ്വം മയക്കുന്നുമില്ലവള്
പാപസഞ്ജാതോത്കടാതങ്കഗര്ത്തത്തി-
ലാപതിച്ചാഞ്ഞു പിടയ്ക്കുമാത്മാക്കളെ,
ഉദ്ധരിച്ചാ സ്വര്ഗ്ഗമേഖലയിങ്കലേ-
യ്ക്കെത്തിച്ചിടും മുക്തിയാണെന്റെ മേനക!
ശന്തിതന് പീയൂഷകുംഭമദൃശ്യമാ-
യേന്തിവന്നെത്തുന്നനുഭവമാണവള്!
മന്നിന് കദനാന്ധകാരത്തിലംശുക്കള്
ചിന്നും സജീവമാം സാന്ത്വനമാണവള്‍!
എന്നിട്ടു, മാഴക്കരിക്കുള്ള കാശു ത-
ന്നിന്നതു വാങ്ങുവാനില്ലൊരാളെങ്കിലും!
ശുദ്ധോപവാസമായ് നിര്‍മ്മിച്ചതാ, ണൊരു
സിദ്ധിയായ് ഞാനിന്നുമെണ്ണും 'ശകുന്തള'
കാളിദാസന്റെ ഹൃദയം, ജഗത്തിനെ-
ക്കാണിച്ചതാണതു, ചായത്തിലൂടെ ഞാന്‍!
ആടയഴിഞ്ഞു, മക്കഞ്ചുകം നീങ്ങിയു-
മാടിക്കുഴയും ചലച്ചിത്രതാരകള്,
കണ്ണാടിയിട്ടുവെച്ചാലയഭിത്തികള്
ക്രമീകരിക്കുവാന്‍ വെമ്പുന്നിതാളുകള്
ആരും തിനിഞ്ഞുനോക്കാതൊരു മൂലയില്‍
മാറാമ്പല്‍ മൂടി ദ്രവിപ്പൂ ശകുന്തള!
കാമത്തഴപ്പിന്റെ കാളകാകോളമേ
കാലം മറഞ്ഞു, കലയായ്ക്കഴിഞ്ഞു നീ!
നീറുന്നു മന്മനം!- ഞാനവസാനമാ-
യാറുമാസം പണിപ്പെട്ടൊര 'സ്വപ്ന' മോ?
ഇന്നുമപൂര്ണ്ണം!- അപൂര്ണ്ണമാണെങ്കിലെ-
ന്തന്യമില്ലൊന്നുമാച്ചിത്രത്തെ വെല്ലുവാന്‍!
മജ്ജീവിതത്തിന് വിജയപതാകയാ-
ണച്ചെറുചിത്രം, കലാലോകവിസ്മയം!
പശ്ചാത്തലത്തില്‍ മുഴുക്കെ, ക്കരിമുകില്‍
മുടിയവാനും തമോമയഭൂമിയും,
അന്തരീക്ഷാങ്കത്തിലന്ധകാരക്കരി-
ങ്കമ്പിളി മൂടിക്കിടക്കുന്ന മൌനവും;
മുന്നില്‍ മരച്ചോട്ടി, ലെല്ലും തൊലിയുമായ്
മണ്ണില്‍ മരവിച്ചുവീണൊരു ഭിക്ഷുവും;
തന്മീലിതക്ഷിപുടങ്ങളെ, വിണ്ണില്‍നി-
ന്നുമ്മവെയ്ക്കാനായ് വരുമൊരു രശ്മിയും;
ഇല്ലമറ്റൊന്നും!- മരിക്കിലും ഞാന്‍, മരി-
ക്കില്ല, മല്സ്വപ്നം!- വിശപ്പില്‍ വേവുന്നു ഞാന്‍!
ചുറ്റുമിപ്പൊഴും മിരുമ്പഴി!- പിന്നെയും
കട്ടിവെയ്ക്കുന്നുണ്ടിരുട്ടിന്നു മേല്ക്കുമേല്!
ആസന്നമാണെനിക്കന്ത്യം- ജഗത്തിന്റെ
ഹാസം പതിക്കു, മടയുമെന് കണ്‍കളില്‍!
എന്നാലതിന്മുന്പൊരിക്ക, ലാ നിന് മുഖ-
മൊന്നുകാണാ, നെനിക്കൊത്തെങ്കി, ലോമനേ!
ഈ നാരകീയോഗദു:ഖങ്ങള്‍ സര്‍വ്വവും-
മാനന്ദമാണെനിക്കാഗതയാകില് നീ!
എന്മൃതഗാത്രത്തില് വീഴും വിടര്‍ന്ന നിന്-
കണ്ണില്നിന്നിറ്റിറ്റു കണ്ണീര്ക്കണികകള്!
മല്ച്ചിതയിങ്കലെത്തിജ്ജ്വാലകള്ക്കുള്ളി-
ലിട്ടു ഹോമിക്കുമെന്മാലിന്യമൊക്കെ നീ!
മന്നിലെന്‍ നാമമുയര്ത്തി, നീ മേല്ക്കുമേല്
മിന്നിക്കുമുജ്ജ്വലസ്വര്ണ്ണലിപികളില്
വിശ്വാഭിനന്ദനം നീയാനയിച്ചിടും
ശശ്വല്പ്രതിഷ്ഠനാമെന്കലാവേദിയില്
എങ്കിലു, മെങ്കിലു, മപ്രാപ്തയായ് നില്പ-
തെന്തെന്യശസ്സേ, മുഖപടം ചാര്‍ത്തി നീ!
നാളെ- സമസ്തവും നാളെ- നിരാശതന്‍
കാളിമ കണ്ടു നടുങ്ങുന്നതിന്നു ഞാന്‍!
എന്തലയ്ക്കുള്ളില് തളരുന്ന മത്സിരാ-
തന്തുക്കള്‍! മന്ദമടയുന്നു കണ്ണുകള്‍!
ചാരത്തു ചാരത്തണവതായ്ത്തോന്നുന്നു
നേരിയോരേതോ ചിറകടിയൊച്ചകള്‍!
മിന്നാമിനുങ്ങിന് തിളക്കങ്ങള്‍, ദൂരത്തു
മിന്നുന്നു പൊന്നിന്കസവൊളിവീചികള്!
ചന്ദ്രിക!- മദൃശസ്സിന്റെ മനോഹര-
മന്ദസ്മിതമ്പോല് വിടരുന്നു ചന്ദ്രിക!
കല്പകസൌരഭം!- സ്വപ്നം!- തളര്‍ച്ച, യി-
ത്തല്പത്തിലൊന്നു തലചായ്ച്ചിടട്ടെ ഞാന്‍!
-21-6-1942