വാരഞ്ചിടും കുളുര്‍വരക്കുറിയിട്ടണഞ്ഞൊ-
രാ, രമ്യസന്ധ്യയുടെ ഫാലമലങ്കരിക്കും,
താരത്തനിക്കനകചിത്രകമേ, നിനക്കു-
ള്ളോരപ്രഭാവലയമൂഴിയലങ്കരിപ്പൂ!
വാടിത്തളര്‍ന്ന പകലിന് വളര്മേനിതാങ്ങാ-
നോടിക്കിതച്ചു രജനീമണിയെത്തിടുമ്പോള്‍,
മോടിക്കു ചേര്‍ന്നപടി നീ മൃദുഹാസലേശ-
മോടിക്ഷമാംബികയെ നോക്കിരസിച്ചിടുന്നു!
പോകാണ് തുനിഞ്ഞു ദിനനായക;നംബരത്തി-
ലേകാധിപത്യമിനിയിന്ദുവിനാണുതാനും,
ആകാം തനിക്കിവിടെ നിശ്ചലനൃത്ത,മാര്‍ക്കു-
മാകാ വിലക്കുവതിനീവിധമോര്ക്കയോ നീ?
മന്ദാകിനീമൃതുതരംഗമെടുത്തു തുള്ളും
മന്ദാഭയാര്ന്ന കനകക്കതിരേ, നിനക്കായ്
മന്ദാരമഞ്ജരികള്തോറുമണഞ്ഞലഞ്ഞ
മന്ദാനിലന്‍ സുമസുഗന്ധമെടുത്തുനില്പൂ!"
ആനന്ദക്കുളുര്കന്ദമേ, രജനിതന്‍ വാര്കുന്തളക്കെട്ടിലെ-
ക്കാനപ്പൂങ്കണികേ, കലങ്ങിമറിയും കണ്ണിന്നു കര്‍പ്പൂരമേ!
വാന,ല്ലിന്നു വസുന്ധരാവലയവും വര്‍ഷിച്ചു വര്ത്തിച്ചിടു-
ന്നാ,നല്ശാന്തിയെഴുന്ന മന്ദഹസിതം നിന്മേന്മ വാഴ്ത്തുന്നിതോ!